മത്തായി 12:9-14
മത്തായി 12:9-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ അവിടം വിട്ട് അവരുടെ പള്ളിയിൽ ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു. അവർ അവനിൽ കുറ്റം ചുമത്തേണ്ടതിനു ശബ്ബത്തിൽ സൗഖ്യമാക്കുന്നത് വിഹിതമോ എന്ന് അവനോടു ചോദിച്ചു. അവൻ അവരോട്: നിങ്ങളിൽ ഒരുത്തന് ഒരു ആടുണ്ട് എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ? എന്നാൽ മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു വിഹിതം തന്നെ എന്നു പറഞ്ഞു. പിന്നെ ആ മനുഷ്യനോട്: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അതു മറ്റേതുപോലെ സൗഖ്യമായി. പരീശന്മാരോ പുറപ്പെട്ട് അവനെ നശിപ്പിപ്പാൻവേണ്ടി അവനു വിരോധമായി തമ്മിൽ ആലോചിച്ചു.
മത്തായി 12:9-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അനന്തരം യേശു അവിടെനിന്നു പുറപ്പെട്ട് അവരുടെ സുനഗോഗിലെത്തി. അവിടെ കൈ ശോഷിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. യേശുവിൽ കുറ്റമാരോപിക്കുന്നതിനുവേണ്ടി “ശബത്തിൽ രോഗം സുഖപ്പെടുത്തുന്നതു നിയമാനുസൃതമാണോ?” എന്ന് അവർ ചോദിച്ചു. യേശു പ്രതിവചിച്ചു: “ശബത്തുദിവസം നിങ്ങളിൽ ആരുടെയെങ്കിലും ഒരു ആട് കുഴിയിൽ വീണു എന്നിരിക്കട്ടെ; നിങ്ങൾ അതിനെ കരയ്‍ക്കു കയറ്റാതിരിക്കുമോ? മനുഷ്യൻ ആടിനെക്കാൾ എത്രയോ വിലയുള്ളവനാണ്! അതുകൊണ്ട് ശബത്തുദിവസം നന്മ ചെയ്യുന്നതു നിയമാനുസൃതമാണ്. പിന്നീട് യേശു ആ മനുഷ്യനോടു “കൈ നീട്ടുക” എന്നു പറഞ്ഞു. അയാൾ കൈ നീട്ടി. ഉടനെ അതു സുഖപ്പെട്ട് മറ്റേ കൈ പോലെ ആയി. പരീശന്മാരാകട്ടെ പുറത്തുപോയി എങ്ങനെ യേശുവിനെ നശിപ്പിക്കാമെന്നു ഗൂഢാലോചന നടത്തി.
മത്തായി 12:9-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ അവിടം വിട്ടു അവരുടെ പള്ളിയിൽ ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു. അവർ അവനിൽ കുറ്റം ചുമത്തേണ്ടതിന് ശബ്ബത്തിൽ സൗഖ്യമാക്കുന്നത് വിഹിതമോ? എന്നു അവനോട് ചോദിച്ചു. അവൻ അവരോട്: നിങ്ങളിൽ ഒരുവന് ഒരേയൊരു ആടുണ്ട് എന്നിരിക്കട്ടെ; അത് ശബ്ബത്തിൽ ആഴമുള്ളകുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ച് കയറ്റുകയില്ലയോ? എന്നാൽ മനുഷ്യൻ ആടിനേക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു നിയമാനുസൃതം തന്നെ എന്നു പറഞ്ഞു. പിന്നെ യേശു ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അത് മറ്റേ കൈപോലെ സൗഖ്യമായി. പരീശന്മാരോ പുറപ്പെട്ടു അവനെ എങ്ങനെ കൊല്ലുവാൻ കഴിയും എന്നു അന്വേഷിച്ച് അവനു വിരോധമായി ഉപായം ചമച്ചു.
മത്തായി 12:9-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ അവിടം വിട്ടു അവരുടെ പള്ളിയിൽ ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു. അവർ അവനിൽ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ സൗഖ്യമാക്കുന്നതു വിഹിതമോ എന്നു അവനോടു ചോദിച്ചു. അവൻ അവരോടു: നിങ്ങളിൽ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ? എന്നാൽ മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു വിഹിതം തന്നേ എന്നു പറഞ്ഞു. പിന്നെ ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അതു മറ്റേതുപോലെ സൗഖ്യമായി. പരീശന്മാരോ പുറപ്പെട്ടു അവനെ നശിപ്പിപ്പാൻ വേണ്ടി അവന്നു വിരോധമായി തമ്മിൽ ആലോചിച്ചു.
മത്തായി 12:9-14 സമകാലിക മലയാളവിവർത്തനം (MCV)
ആ സ്ഥലത്തുനിന്നു പുറപ്പെട്ട് അദ്ദേഹം യെഹൂദപ്പള്ളിയിൽ ചെന്നു. കൈ ശോഷിച്ച ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു. യേശുവിൽ കുറ്റം ആരോപിക്കാൻ പഴുതുതേടിക്കൊണ്ട് അവർ അദ്ദേഹത്തോട്, “ശബ്ബത്തുനാളിൽ സൗഖ്യമാക്കുന്നത് അനുവദനീയമോ?” എന്നു ചോദിച്ചു. യേശു അവരോട്, “നിങ്ങളിൽ ആരുടെയെങ്കിലും ഒരു ആട് ശബ്ബത്തുനാളിൽ കുഴിയിൽ വീണുപോയി എന്നിരിക്കട്ടെ; അങ്ങനെ സംഭവിച്ചാൽ നിങ്ങൾ അതിനെ അവിടെനിന്നു കയറ്റുകയില്ലേ? ആടിനെക്കാൾ മനുഷ്യൻ എത്രയോ മൂല്യവാൻ! അതുകൊണ്ട്, ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതാണ് നിയമവിധേയം” എന്നു പറഞ്ഞു. അതിനുശേഷം യേശു കൈ ശോഷിച്ച മനുഷ്യനോട്, “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ കൈനീട്ടി; ഉടനെ അതു മറ്റേ കൈപോലെ പൂർണ ആരോഗ്യമുള്ളതായി. അപ്പോൾ പരീശന്മാർ അവിടെനിന്ന് പുറപ്പെട്ട് യേശുവിനെ എങ്ങനെ വധിക്കാൻ കഴിയും എന്ന് ഗൂഢാലോചന നടത്തി.