മത്തായി 12:38-45

മത്തായി 12:38-45 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോട്: ഗുരോ, നീ ഒരു അടയാളം ചെയ്തു കാൺമാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോട് ഉത്തരം പറഞ്ഞത്: ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കയില്ല. യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും. നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനായുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനായിലും വലിയവൻ. തെക്കേ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ. അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം നീരില്ലാത്ത സ്ഥലങ്ങളിൽക്കൂടി തണുപ്പ് അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും. ഞാൻ പുറപ്പെട്ടുപോന്ന എന്റെ വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്ന് അവൻ പറയുന്നു; ഉടനെ വന്ന്, അത് ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു. പിന്നെ അവൻ പുറപ്പെട്ട്, തന്നിലും ദുഷ്ടതയേറിയ വേറേ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാർക്കുന്നു; ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും; ഈ ദുഷ്ടതലമുറയ്ക്കും അങ്ങനെ ഭവിക്കും.

മത്തായി 12:38-45 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അപ്പോൾ ചില മതപണ്ഡിതന്മാരും പരീശന്മാരും യേശുവിനോട്, “ഗുരോ, അങ്ങ് ഒരടയാളം കാണിച്ചാൽ കൊള്ളാം” എന്നു പറഞ്ഞു. യേശു പ്രതിവചിച്ചു: “ദുഷ്ടതയും അവിശ്വസ്തതയും നിറഞ്ഞ ഈ തലമുറയാണ് അടയാളം അന്വേഷിക്കുന്നത്. യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊന്നും നിങ്ങൾക്കു ലഭിക്കുകയില്ല. യോനാ മൂന്നു പകലും മൂന്നു രാത്രിയും തിമിംഗലത്തിന്റെ വയറ്റിലായിരുന്നു. അതുപോലെ മനുഷ്യപുത്രനും മൂന്നു പകലും മൂന്നു രാവും ഭൂഗർഭത്തിലായിരിക്കും. നിനെവേയിലെ ജനങ്ങൾ ന്യായവിധിനാളിൽ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിർത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും. എന്തുകൊണ്ടെന്നാൽ നിനെവേക്കാർ യോനായുടെ പ്രസംഗംകേട്ട് അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിഞ്ഞു. ഇതാ യോനായെക്കാൾ മഹത്തരമായ ഒന്ന് ഇവിടെയുണ്ട്. ന്യായവിധിദിവസം ദക്ഷിണദേശത്തിലെ രാജ്ഞി ഈ തലമുറയോടൊപ്പം ഉയിർത്തെഴുന്നേറ്റ് അതിനെ കുറ്റംവിധിക്കും. ശലോമോന്റെ ജ്ഞാനവചസ്സുകൾ കേൾക്കാൻ അവർ ഭൂമിയുടെ അങ്ങേ അറ്റത്തുനിന്നു വന്നുവല്ലോ. ഇതാ ശലോമോനെക്കാൾ വലിയവൻ ഇവിടെയുണ്ട്. ഒരു മനുഷ്യനെ വിട്ടുപോകുന്ന അശുദ്ധാത്മാവ് വെള്ളമില്ലാത്ത സ്ഥലങ്ങളിൽ വിശ്രമം തേടി അലയുന്നു. എന്നാൽ അതു വിശ്രമം കണ്ടെത്തുന്നില്ല. അപ്പോൾ താൻ പുറപ്പെട്ടുപോന്ന വീട്ടിലേക്കുതന്നെ തിരിച്ചുപോകും എന്ന് അതു സ്വയം പറയുന്നു. അവിടെ ചെല്ലുമ്പോൾ വീടെല്ലാം അടിച്ചുവാരി അടുക്കിലും ചിട്ടയിലും ഇട്ടിരിക്കുന്നതു കാണുന്നു; അപ്പോൾ അതുപോയി തന്നെക്കാൾ ദുഷ്ടതയേറിയ മറ്റു ഏഴ് ആത്മാക്കളെക്കൂടി കൊണ്ടുവന്ന് അവിടെ വാസമുറപ്പിക്കുന്നു. ആ മനുഷ്യന്റെ അവസാനത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ കഷ്ടതരമായിത്തീരുന്നു. ഈ ദുഷ്ടതലമുറയ്‍ക്കും അതുപോലെയായിരിക്കും സംഭവിക്കുക.”

മത്തായി 12:38-45 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോട്: “ഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു“ എന്നു പറഞ്ഞു. അവൻ അവരോട് ഉത്തരം പറഞ്ഞത്: ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകൻ്റെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കുകയില്ല. യോനാ വലിയ മത്സ്യത്തിന്‍റെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും. നിനവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവൻ. തെക്കേ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവൾ ശലോമോന്‍റെ ജ്ഞാനം കേൾക്കുവാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ. അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം വരണ്ട സ്ഥലങ്ങളിൽക്കൂടി വിശ്രമം അന്വേഷിച്ചുകൊണ്ട് സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും. അപ്പോൾ ഞാൻ പുറപ്പെട്ടുപോന്ന എന്‍റെ വീട്ടിലേക്ക് മടങ്ങിച്ചെല്ലും എന്നു അവൻ പറയുന്നു; മടങ്ങിവന്നപ്പോൾ, അത് ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കണ്ടു. പിന്നെ അത് പുറപ്പെട്ടു, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാർക്കുന്നു; ആ മനുഷ്യന്‍റെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിലും ദുരിതപൂർണ്ണം ആകും; ഈ ദുഷ്ടതലമുറയ്ക്കും അങ്ങനെ ഭവിക്കും.

മത്തായി 12:38-45 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോടു: ഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോടു ഉത്തരം പറഞ്ഞതു: ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല. യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും. നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവൻ. തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു ഉയിർത്തെഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽ നിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ. അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം നീരില്ലാത്ത സ്ഥലങ്ങളിൽ കൂടി തണുപ്പു അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും. ഞാൻ പുറപ്പെട്ടുപോന്ന എന്റെ വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു അവൻ പറയുന്നു; ഉടനെ വന്നു, അതു ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു. പിന്നെ അവൻ പുറപ്പെട്ടു, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാർക്കുന്നു; ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും; ഈ ദുഷ്ടതലമുറെക്കും അങ്ങനെ ഭവിക്കും.

മത്തായി 12:38-45 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ പരീശന്മാരിലും വേദജ്ഞരിലും ചിലർ അദ്ദേഹത്തോട്, “ഗുരോ, അങ്ങ് ഒരു അത്ഭുതചിഹ്നം പ്രവർത്തിച്ചുകാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു. യേശു അതിനുത്തരം പറഞ്ഞത്: “ദുഷ്ടതയും അവിശ്വസ്തതയുമുള്ള തലമുറ ചിഹ്നം അന്വേഷിക്കുന്നു! എന്നാൽ യോനാ പ്രവാചകന്റെ അനുഭവം എന്ന ചിഹ്നമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല. യോനാ മൂന്നുപകലും മൂന്നുരാവും ഒരു മഹാമത്സ്യത്തിന്റെ വയറ്റിലായിരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നുപകലും മൂന്നുരാവും ഭൗമാന്തർഭാഗത്ത് ആയിരിക്കും. ന്യായവിധിദിവസം നിനവേനിവാസികൾ ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവർക്ക് ശിക്ഷവിധിക്കും; നിനവേക്കാർ യോനായുടെ പ്രസംഗം കേട്ട് അനുതപിച്ചല്ലോ; യോനായിലും അതിശ്രേഷ്ഠൻ ഇതാ ഇവിടെ. ന്യായവിധിദിവസത്തിൽ ശേബാ രാജ്ഞിയും ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവരെ ശിക്ഷവിധിക്കും. അവൾ ശലോമോന്റെ ജ്ഞാനം ശ്രവിക്കാനായി വിദൂരത്തുനിന്ന് വന്നല്ലോ; ഇവിടെ ഇതാ ശലോമോനിലും അതിശ്രേഷ്ഠൻ. “ദുരാത്മാവ് ഒരു മനുഷ്യനിൽനിന്ന് പുറത്തുകടന്ന്, വെള്ളമില്ലാത്ത പ്രദേശങ്ങളിൽക്കൂടി ഒരു വിശ്രമസ്ഥാനത്തിനായി അലയുന്നു; കണ്ടെത്തുന്നതുമില്ല. അപ്പോൾ അത്, ‘ഞാൻ ഉപേക്ഷിച്ചുപോന്ന ഭവനത്തിലേക്കുതന്നെ തിരികെച്ചെല്ലും’ എന്നു പറയുന്നു. അങ്ങനെ ചെല്ലുമ്പോൾ ആ വീട് ആളൊഴിഞ്ഞും അടിച്ചുവാരിയും ക്രമീകരിക്കപ്പെട്ടും കാണുന്നു. അപ്പോൾ അതു പോയി തന്നെക്കാൾ ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളുമായിവന്ന് അവിടെ താമസം ആരംഭിക്കുന്നു. ആ മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ അതിദാരുണമാണ്. ഈ ദുഷിച്ച തലമുറയുടെ സ്ഥിതിയും അങ്ങനെതന്നെ ആയിരിക്കും.”