മത്തായി 12:22-28

മത്തായി 12:22-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം ചിലർ കുരുടനും ഊമനുമായൊരു ഭൂതഗ്രസ്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കയും കാൺകയും ചെയ്‍വാൻ തക്കവണ്ണം അവൻ അവനെ സൗഖ്യമാക്കി. പുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവൻ ദാവീദുപുത്രൻ തന്നെയോ എന്നു പറഞ്ഞു. അതു കേട്ടിട്ടു പരീശന്മാർ: ഇവൻ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു. അവൻ അവരുടെ നിരൂപണം അറിഞ്ഞ് അവരോടു പറഞ്ഞത്: ഒരു രാജ്യം തന്നിൽത്തന്നെ ഛിദ്രിച്ചു എങ്കിൽ ശൂന്യമാകും; ഒരു പട്ടണമോ ഗൃഹമോ തന്നിൽത്തന്നെ ഛിദ്രിച്ചു എങ്കിൽ നിലനില്ക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽത്തന്നെ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ഞാൻ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ, നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു? അതുകൊണ്ട് അവർ നിങ്ങൾക്കു ന്യായാധിപന്മാർ ആകും. ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.

മത്തായി 12:22-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അനന്തരം അന്ധനും മൂകനുമായ ഒരു ഭൂതാവിഷ്ടനെ യേശുവിന്റെ അടുക്കൽ ചിലർ കൊണ്ടുവന്നു. യേശു അയാളെ സുഖപ്പെടുത്തി; അയാൾ സംസാരിക്കുകയും കാണുകയും ചെയ്തു. ജനസമൂഹം വിസ്മയഭരിതരായി, “ഇദ്ദേഹമായിരിക്കുമോ ദാവീദിന്റെ പുത്രൻ?” എന്നു പറഞ്ഞു. പരീശന്മാർ ഇതു കേട്ടപ്പോൾ “ഭൂതങ്ങളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ട് മാത്രമാണ് ഈ മനുഷ്യൻ ഭൂതങ്ങളെ പുറത്താക്കുന്നത്” എന്നു പറഞ്ഞു. യേശു അവരുടെ അന്തർഗതം മനസ്സിലാക്കിക്കൊണ്ട് അവരോട് ഇങ്ങനെ പറഞ്ഞു: അന്തഃഛിദ്രമുള്ള ഏതു രാജ്യവും ശൂന്യമാകും. അന്തഃഛിദ്രമുണ്ടായാൽ ഒരു നഗരമോ ഭവനമോ നിലനില്‌ക്കുകയില്ല. സാത്താൻ സാത്താനെ ഉച്ചാടനം ചെയ്യുകയാണെങ്കിൽ അവൻ സ്വയം ഭിന്നിച്ചു നശിക്കും. അപ്പോൾ അവന്റെ രാജ്യം എങ്ങനെ നിലനില്‌ക്കും? ഞാൻ ബേൽസെബൂലിനെക്കൊണ്ടാണു ഭൂതങ്ങളെ ഒഴിച്ചുവിടുന്നതെങ്കിൽ നിങ്ങളുടെ അനുയായികൾ ആരെക്കൊണ്ടാണ് അവയെ ഉച്ചാടനം ചെയ്യുന്നത്? അതുകൊണ്ടു നിങ്ങൾ പറയുന്നതു തെറ്റാണെന്നു നിങ്ങളുടെ അനുയായികൾ തന്നെ വിധിക്കുന്നു. എന്നാൽ ബേൽസെബൂലല്ല ദൈവത്തിന്റെ ആത്മാവാണു ഭൂതങ്ങളെ പുറത്താക്കുവാൻ എനിക്കു ശക്തി നല്‌കുന്നത്; ദൈവരാജ്യം നിങ്ങളുടെ മധ്യേ വന്നു കഴിഞ്ഞിരിക്കുന്നു എന്ന് അതു തെളിയിക്കുകയും ചെയ്യുന്നു.

മത്തായി 12:22-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതിനുശേഷം കുരുടനും ഊമനുമായൊരു ഭൂതഗ്രസ്തനെ ചിലർ യേശുവിന്‍റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കുകയും കാണുകയും ചെയ്‌വാൻ തക്കവണ്ണം അവൻ അവനെ സൗഖ്യമാക്കി. പുരുഷാരം ഒക്കെയും വിസ്മയിച്ചു: “ഇവൻ ദാവീദുപുത്രൻ തന്നെയോ“ എന്നു പറഞ്ഞു. അത് കേട്ടിട്ടു പരീശന്മാർ: “ഇവൻ ഭൂതങ്ങളുടെ പ്രഭുവായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല“ എന്നു പറഞ്ഞു. യേശു അവരുടെ നിരൂപണം അറിഞ്ഞ് അവരോട് പറഞ്ഞത്: തന്നിൽ തന്നെ ഭിന്നിക്കുന്ന ഏത് രാജ്യവും ശൂന്യമാകും; ഒരു പട്ടണമോ ഗൃഹമോ തന്നിൽതന്നേ ഭിന്നിക്കുന്നു എങ്കിൽ നിലനില്ക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽതന്നേ ഭിന്നിച്ചു പോയല്ലോ; പിന്നെ അവന്‍റെ രാജ്യം എങ്ങനെ നിലനില്ക്കും? ഞാൻ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ, നിങ്ങളുടെ അനുഗാമികൾ ആരെക്കൊണ്ട് പുറത്താക്കുന്നു? അതുകൊണ്ട് അവർ നിങ്ങൾക്ക് ന്യായാധിപന്മാർ ആകും. ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു.

മത്തായി 12:22-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം ചിലർ കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കയും കാൺകയും ചെയ്‌വാൻ തക്കവണ്ണം അവൻ അവനെ സൗഖ്യമാക്കി. പുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവൻ ദാവീദ്പുത്രൻ തന്നേയോ എന്നു പറഞ്ഞു. അതു കേട്ടിട്ടു പരീശന്മാർ: ഇവൻ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു. അവൻ അവരുടെ നിരൂപണം അറിഞ്ഞു അവരോടു പറഞ്ഞതു: ഒരു രാജ്യം തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ശൂന്യമാകും; ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ നിലനില്ക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽ തന്നേ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ഞാൻ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ, നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു? അതുകൊണ്ടു അവർ നിങ്ങൾക്കു ന്യായാധിപന്മാർ ആകും. ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.

മത്തായി 12:22-28 സമകാലിക മലയാളവിവർത്തനം (MCV)

പിന്നെ അവർ അന്ധനും മൂകനുമായ ഒരു ഭൂതബാധിതനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. അദ്ദേഹം ഭൂതബാധിതനെ സൗഖ്യമാക്കി; അയാൾക്ക് സംസാരശേഷിയും കാഴ്ചശക്തിയും ലഭിച്ചു. അപ്പോൾ ജനസഞ്ചയം ആശ്ചര്യപ്പെട്ട്, “ഇദ്ദേഹം ആയിരിക്കുമോ ദാവീദുപുത്രൻ?” എന്നു പറഞ്ഞു. എന്നാൽ പരീശന്മാർ ഇതു കേട്ടിട്ട്, “ഈ മനുഷ്യൻ ഭൂതങ്ങളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടുതന്നെയാണ് ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്നു പറഞ്ഞു. യേശു അവരുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയിട്ട് അവരോടു പറഞ്ഞു, “ആഭ്യന്തരഭിന്നതയുള്ള എല്ലാരാജ്യവും നശിച്ചുപോകും; അന്തഃഛിദ്രം ബാധിച്ച പട്ടണമായാലും ഭവനമായാലും അവയും നിലനിൽക്കുകയില്ല. സാത്താൻതന്നെ സാത്താനെ ഉച്ചാടനം ചെയ്യുന്നെങ്കിൽ അയാൾ തനിക്കെതിരേ തിരിഞ്ഞിരിക്കുകയല്ലേ; അങ്ങനെയെങ്കിൽ അയാളുടെ രാജ്യത്തിന്റെ നിലനിൽപ്പ് സാധ്യമാകുമോ? ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ബേൽസെബൂലിനെ ഉപയോഗിച്ചാണെങ്കിൽ, നിങ്ങളുടെ അനുയായികൾ അവയെ ഉച്ചാടനം ചെയ്യുന്നത് ആരെക്കൊണ്ടാണ്? അങ്ങനെയെങ്കിൽ, നിങ്ങളുടെ അനുയായികൾതന്നെ നിങ്ങൾക്ക് വിധികർത്താക്കൾ ആയിരിക്കട്ടെ. എന്നാൽ, ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ദൈവാത്മാവിനാൽ ആണെങ്കിൽ ദൈവരാജ്യം നിങ്ങളുടെ മധ്യേ വന്നിരിക്കുന്നു, നിശ്ചയം.