മത്തായി 12:1-8

മത്തായി 12:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആ കാലത്ത് യേശു ശബ്ബത്തിൽ വിളഭൂമിയിൽക്കൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ട് കതിർ പറിച്ച് തിന്നുതുടങ്ങി. പരീശർ അതു കണ്ടിട്ട്: ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്ന് അവനോടു പറഞ്ഞു. അവൻ അവരോട് പറഞ്ഞത്: ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തത് എന്ത്? അവൻ ദൈവാലയത്തിൽ ചെന്ന് പുരോഹിതന്മാർക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ? അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽവച്ച് ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ? എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ട് എന്നു ഞാൻ നിങ്ങളോടു പറയുന്നു. യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു. മനുഷ്യപുത്രനോ ശബ്ബത്തിനു കർത്താവാകുന്നു.

മത്തായി 12:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അക്കാലത്ത് ഒരു ശബത്തുദിവസം യേശു ഒരു വിളഭൂമിയിലൂടെ കടന്നുപോകുകയായിരുന്നു. അപ്പോൾ അവിടുത്തെ ശിഷ്യന്മാർക്കു വിശന്നു. അവർ കതിർ പറിച്ചെടുത്തു തിന്നുതുടങ്ങി. ഇതു കണ്ടിട്ടു പരീശന്മാർ യേശുവിനോടു പറഞ്ഞു: “നോക്കൂ, അങ്ങയുടെ ശിഷ്യന്മാർ ശബത്തിൽ ചെയ്തുകൂടാത്തതു ചെയ്യുന്നു.” അവിടുന്ന് അവരോട് ഇങ്ങനെ പറഞ്ഞു: “ദാവീദും സഹചരന്മാരും വിശന്നപ്പോൾ ചെയ്തത് എന്താണെന്നു നിങ്ങൾ വായിച്ചിട്ടില്ലേ? ദാവീദ് ദേവാലയത്തിൽ പ്രവേശിച്ചു കാഴ്ചയപ്പം എടുത്തു ഭക്ഷിച്ചത് എങ്ങനെ? നിയമപ്രകാരം പുരോഹിതന്മാർക്കല്ലാതെ അദ്ദേഹത്തിനോ കൂടെയുള്ളവർക്കോ ഭക്ഷിക്കുവാൻ പാടില്ലാത്തതായിരുന്നല്ലോ അത്. മാത്രമല്ല ശബത്തു ദിവസങ്ങളിൽ ദേവാലയത്തിൽവച്ചു പുരോഹിതന്മാർ ശബത്തു ലംഘിക്കുന്നു എങ്കിലും അവർ കുറ്റക്കാരല്ലെന്നു ധർമശാസ്ത്രത്തിൽ പറയുന്നത് നിങ്ങൾ വായിച്ചിട്ടില്ലേ? ഞാൻ നിങ്ങളോട് പറയുന്നു: ദേവാലയത്തെക്കാൾ വലിയവൻ ഇവിടെയുണ്ട്; യാഗമല്ല കാരുണ്യമാണു ഞാൻ ആഗ്രഹിക്കുന്നത് എന്ന തിരുവെഴുത്തിന്റെ അർഥം നിങ്ങൾ ഗ്രഹിച്ചിരുന്നെങ്കിൽ നിർദോഷികളെ കുറ്റവാളികളെന്നു നിങ്ങൾ വിധിക്കുകയില്ലായിരുന്നു. എന്നാൽ മനുഷ്യപുത്രൻ ശബത്തിന്റെയും കർത്താവാണ്.”

മത്തായി 12:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ആ കാലത്ത് യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്‍റെ ശിഷ്യന്മാർ വിശന്നിട്ട് ധാന്യത്തിൻ്റെ കതിർ പറിച്ചു തിന്നുതുടങ്ങി പരീശന്മാർ അത് കണ്ടിട്ട്: “നോക്കൂ, ശബ്ബത്തിൽ നിയമവിരുദ്ധമായത് നിന്‍റെ ശിഷ്യന്മാർ ചെയ്യുന്നു“ എന്നു യേശുവിനോടു പറഞ്ഞു. എന്നാൽ യേശു അവരോട് പറഞ്ഞത്: ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തത് എന്ത് എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ? അവൻ ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽ വച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ? എന്നാൽ ദൈവാലയത്തേക്കാൾ വലിയവൻ ഇവിടെ ഉണ്ട് എന്നു ഞാൻ നിങ്ങളോടു പറയുന്നു. യാഗത്തിലല്ല കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കുകയില്ലായിരുന്നു. മനുഷ്യപുത്രനോ ശബ്ബത്തിന് കർത്താവാകുന്നു.

മത്തായി 12:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആ കാലത്തു യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ടു കതിർ പറിച്ചു തിന്നുതുടങ്ങി പരീശർ അതു കണ്ടിട്ടു: ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തതു എന്തു? അവൻ ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ? അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽവെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ? എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ടു എന്നു ഞാൻ നിങ്ങളോടു പറയുന്നു. യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു. മനുഷ്യപുത്രനോ ശബ്ബത്തിന്നു കർത്താവാകുന്നു.

മത്തായി 12:1-8 സമകാലിക മലയാളവിവർത്തനം (MCV)

അന്നൊരിക്കൽ യേശു, ശബ്ബത്തുനാളിൽ ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർക്ക് വിശന്നതിനാൽ അവർ കതിർ പറിച്ചുതിന്നാൻ തുടങ്ങി. പരീശന്മാർ അതുകണ്ടിട്ട്, യേശുവിനോട്, “നോക്കൂ! അങ്ങയുടെ ശിഷ്യന്മാർ ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തതു ചെയ്യുന്നു” എന്നു പറഞ്ഞു. അതിനുത്തരമായി യേശു: “ദാവീദും സഹയാത്രികരും തങ്ങൾക്കു വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ വായിച്ചിട്ടില്ലേ? ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ, തനിക്കോ സഹയാത്രികർക്കോ ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിച്ചു. ശബ്ബത്തുനാളിൽ വേലചെയ്യുന്നത് നിഷിദ്ധമെങ്കിലും, ദൈവാലയത്തിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാർ ശബ്ബത്തുനാളിൽ വേലചെയ്താലും കുറ്റമില്ലാത്തവരായിരിക്കുന്നു എന്നു നിങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലേ? എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ദൈവാലയത്തെക്കാൾ ശ്രേഷ്ഠൻ ഇതാ ഇവിടെ. ‘യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്,’ എന്നതിന്റെ അർഥം മനസ്സിലാക്കിയിരുന്നെങ്കിൽ നിരപരാധികൾക്കുമേൽ നിങ്ങൾ കുറ്റം ആരോപിക്കുകയില്ലായിരുന്നു. കാരണം, മനുഷ്യപുത്രൻ ശബ്ബത്തിന്റെ അധിപതിയാണ്.”