മത്തായി 11:7-19

മത്തായി 11:7-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവർ പോയശേഷം യേശു യോഹന്നാനെക്കുറിച്ചു പുരുഷാരത്തോടു പറഞ്ഞുതുടങ്ങിയത്: നിങ്ങൾ എന്തു കാൺമാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ? അല്ല, എന്തു കാൺമാൻ പോയി? മാർദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മാർദവവസ്ത്രം ധരിക്കുന്നവർ രാജഗൃഹങ്ങളിലല്ലോ. അല്ല, എന്തിനു പോയി? ഒരു പ്രവാചകനെ കാൺമാനോ? അതേ, പ്രവാചകനിലും മികച്ചവനെത്തന്നെ എന്നു ഞാൻ നിങ്ങളോടു പറയുന്നു. “ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്ന് എഴുതപ്പെട്ടിരിക്കുന്നവൻ അവൻതന്നെ. സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. യോഹന്നാൻസ്നാപകന്റെ നാളുകൾമുതൽ ഇന്നേവരെ സ്വർഗരാജ്യത്തെ ബലാൽക്കാരം ചെയ്യുന്നു; ബലാൽക്കാരികൾ അതിനെ പിടിച്ചടക്കുന്നു. സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻവരെ പ്രവചിച്ചു. നിങ്ങൾക്ക് പരിഗ്രഹിപ്പാൻ മനസ്സുണ്ടെങ്കിൽ വരുവാനുള്ള ഏലീയാവ് അവൻതന്നെ. കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ. എന്നാൽ ഈ തലമുറയെ ഏതിനോട് ഉപമിക്കേണ്ടൂ? ചന്തസ്ഥലങ്ങളിൽ ഇരുന്ന് ചങ്ങാതികളോട്: ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ വിലാപം പാടി, നിങ്ങൾ മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോട് അതു തുല്യം. യോഹന്നാൻ തിന്നുകയും കുടിക്കയും ചെയ്യാത്തവനായി വന്നു; അവനു ഭൂതമുണ്ടെന്ന് അവർ പറയുന്നു. മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്ന് അവർ പറയുന്നു; ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു.

മത്തായി 11:7-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവർ മടങ്ങിപ്പോകുമ്പോൾ യേശു യോഹന്നാനെക്കുറിച്ചു ജനങ്ങളോടു പറഞ്ഞു: “എന്തിനാണു നിങ്ങൾ മരുഭൂമിയിലേക്കു പോയത്? കാറ്റിൽ ഉലയുന്ന ഞാങ്ങണ കാണാനോ? അല്ലെങ്കിൽ പിന്നെ നിങ്ങൾ എന്തു കാണാൻ പോയി? മൃദുലവസ്ത്രം ധരിച്ച മനുഷ്യനെയോ? മൃദുലവസ്ത്രം ധരിക്കുന്നവർ രാജകൊട്ടാരങ്ങളിലാണല്ലോ ഉള്ളത്. അല്ലെങ്കിൽ പിന്നെ നിങ്ങളെന്തു കാണാൻ പോയി? ഒരു പ്രവാചകനെയോ? അതേ ഞാൻ നിങ്ങളോടു പറയുന്നു: പ്രവാചകനിലും ശ്രേഷ്ഠനായ ഒരുവനെത്തന്നെ. ‘ഇതാ നിനക്കു മുമ്പായി എന്റെ ദൂതനെ ഞാനയയ്‍ക്കുന്നു; അവൻ മുമ്പേ പോയി നിനക്കു വഴിയൊരുക്കും’ എന്ന് എഴുതപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തെക്കുറിച്ചാണ്. ഞാൻ നിങ്ങളോടു പറയുന്നു: സ്‍ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ ശ്രേഷ്ഠനായി ആരും ഉണ്ടായിട്ടില്ല സത്യം. എങ്കിലും സ്വർഗരാജ്യത്തിലുള്ള ഏറ്റവും ചെറിയവൻപോലും അദ്ദേഹത്തെക്കാൾ വലിയവനാണ്. സ്നാപകയോഹന്നാന്റെ പ്രസംഗകാലം മുതൽ ഇന്നോളം സ്വർഗരാജ്യം ബലപ്രയോഗത്തിനു വിധേയമായിരുന്നു; അങ്ങനെ അക്രമികൾ അതിനെ കൈയടക്കുവാൻ ഉദ്യമിക്കുന്നു. എല്ലാ പ്രവാചകന്മാരും ധർമശാസ്ത്രവും യോഹന്നാന്റെ കാലം വരെ സ്വർഗരാജ്യത്തെപ്പറ്റി പ്രവചിച്ചിരുന്നു. നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ സ്വീകരിക്കുക; വരുവാനുള്ള ഏലിയാ അദ്ദേഹമാണ്. ചെവിയുള്ളവൻ കേൾക്കട്ടെ. “ഈ തലമുറയെ ഞാൻ ഏതിനോടു തുലനം ചെയ്യും? ചന്തസ്ഥലങ്ങളിലിരുന്നുകൊണ്ടു തങ്ങളുടെ കളിത്തോഴരോട് ‘ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതി, നിങ്ങളാകട്ടെ നൃത്തം ചെയ്തില്ല; ഞങ്ങൾ വിലാപഗാനം പാടി, നിങ്ങൾ മാറത്തടിച്ചു കരഞ്ഞില്ല’ എന്നു പറയുന്ന കുട്ടികളോട് അവർ തുല്യരത്രേ. ഭക്ഷണപാനീയകാര്യങ്ങളിൽ വ്രതനിഷ്ഠയുള്ളവനായി യോഹന്നാൻ വന്നു. ‘അദ്ദേഹത്തിൽ ഒരു ഭൂതമുണ്ട്’ എന്ന് അവർ പറയുന്നു. ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നവനായി മനുഷ്യപുത്രൻ വന്നു. ‘ഇതാ ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും അധർമികളുടെയും സ്നേഹിതനും ആയ ഒരു മനുഷ്യൻ! എന്ന് അവർ പറയുന്നു. ജ്ഞാനമാകട്ടെ പ്രവൃത്തികളാൽ സാധൂകരിക്കപ്പെടുന്നു.”

മത്തായി 11:7-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവർ പോയശേഷം യേശു യോഹന്നാനെക്കുറിച്ച് പുരുഷാരത്തോട് പറഞ്ഞു തുടങ്ങിയത്: നിങ്ങൾ എന്ത് കാണ്മാൻ മരുഭൂമിയിലേക്ക് പോയി? കാറ്റിനാൽ ഉലയുന്ന ഞാങ്ങണയോ? അല്ല, എന്തുകാണ്മാൻ പോയി? മൃദുവായവസ്ത്രം ധരിച്ച മനുഷ്യനെയോ? വാസ്തവത്തിൽ മൃദുവായവസ്ത്രം ധരിക്കുന്നവർ രാജഗൃഹങ്ങളിലല്ലോ. അല്ല, എന്ത് കാണുവാൻ പോയി? ഒരു പ്രവാചകനെയോ? അതെ, പ്രവാചകനിലും മികച്ചവനെ തന്നെ എന്നു ഞാൻ നിങ്ങളോടു പറയുന്നു. “ഞാൻ എന്‍റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു; അവൻ നിന്‍റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്നു എഴുതപ്പെട്ടിരിക്കുന്നവൻ ഇവൻ തന്നെ. സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; എങ്കിലും സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. യോഹന്നാൻ സ്നാപകന്‍റെ നാളുകൾമുതൽ ഇന്നുവരെ സ്വർഗ്ഗരാജ്യം ബലാൽക്കാരം നേരിടുന്നു; ബലാൽക്കാരികൾ അതിനെ ബലത്തോടെ പിടിച്ചെടുക്കുന്നു. സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ വരെ പ്രവചിച്ചു. നിങ്ങൾക്ക് സ്വീകരിക്കുവാൻ മനസ്സുണ്ടെങ്കിൽ വരുവാനുള്ള ഏലിയാവ് അവൻ തന്നെ. കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ഈ തലമുറയെ ഏതിനോട് ഉപമിക്കേണ്ടു? ചന്തസ്ഥലങ്ങളിൽ ഇരുന്നു ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ വിലാപം പാടി, നിങ്ങൾ മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോട് തുല്യം. യോഹന്നാൻ അപ്പം തിന്നുകയും വീഞ്ഞ് കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവനു ഭൂതമുണ്ടെന്ന് അവർ പറയുന്നു. മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു; അവർ പറയുന്നു നോക്കൂ അവൻ ഭക്ഷണപ്രിയനും കുടിയനുമായ മനുഷ്യൻ; നികുതിപിരിവുകാരുടെയും പാപികളുടെയും സ്നേഹിതൻ, എന്നാൽ ജ്ഞാനം തന്‍റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു.”

മത്തായി 11:7-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവർ പോയ ശേഷം യേശു യോഹന്നാനെക്കുറിച്ചു പുരുഷാരത്തോടു പറഞ്ഞുതുടങ്ങിയതു: നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ? അല്ല, എന്തുകാണ്മാൻ പോയി? മാർദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മാർദ്ദവ വസ്ത്രം ധരിക്കുന്നവർ രാജഗൃഹങ്ങളിലല്ലോ. അല്ല, എന്തിന്നു പോയി? ഒരു പ്രവാചകനെ കാണ്മാനോ? അതെ, പ്രവാചകനിലും മികെച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു. “ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്നു എഴുതപ്പെട്ടിരിക്കുന്നവൻ അവൻ തന്നേ. സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. യോഹന്നാൻ സ്നാപകന്റെ നാളുകൾമുതൽ ഇന്നേവരെ സ്വർഗ്ഗരാജ്യത്തെ ബലാൽക്കാരം ചെയ്യുന്നു; ബലാൽക്കാരികൾ അതിനെ പിടിച്ചടക്കുന്നു. സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ വരെ പ്രവചിച്ചു. നിങ്ങൾക്കു പരിഗ്രഹിപ്പാൻ മനസ്സുണ്ടെങ്കിൽ വരുവാനുള്ള ഏലീയാവു അവൻ തന്നേ. കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ. എന്നാൽ ഈ തലമുറയെ ഏതിനോടു ഉപമിക്കേണ്ടു? ചന്തസ്ഥലങ്ങളിൽ ഇരുന്നു ചങ്ങാതികളോടു: ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ വിലാപം പാടി, നിങ്ങൾ മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോടു അതു തുല്യം. യോഹന്നാൻ തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവന്നു ഭൂതമുണ്ടെന്നു അവർ പറയുന്നു. മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു അവർ പറയുന്നു; ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു.

മത്തായി 11:7-19 സമകാലിക മലയാളവിവർത്തനം (MCV)

യോഹന്നാന്റെ ശിഷ്യന്മാർ അവിടെനിന്നു പോകുമ്പോൾ യേശു യോഹന്നാനെക്കുറിച്ചു ജനക്കൂട്ടത്തോടു സംസാരിക്കാൻ തുടങ്ങി: “നിങ്ങൾ എന്തുകാണാനാണ് മരുഭൂമിയിൽ പോയത്? കാറ്റിൽ ആടിയുലയുന്ന ഞാങ്ങണയോ? അതോ, മൃദുലചണവസ്ത്രം ധരിച്ച ഒരു മനുഷ്യനെ കാണുന്നതിനോ? അല്ല, മൃദുലചണവസ്ത്രം ധരിക്കുന്നവർ രാജകൊട്ടാരങ്ങളിൽ അല്ലയോ ഉള്ളത്? പിന്നെ നിങ്ങൾ എന്തുകാണാനാണു പോയത്? ഒരു പ്രവാചകനെയോ? അതേ, ഒരു പ്രവാചകനെക്കാൾ ശ്രേഷ്ഠനെത്തന്നെ എന്നു ഞാൻ പറയുന്നു. “ ‘ഇതാ, ഞാൻ നിനക്കുമുമ്പാകെ എന്റെ സന്ദേശവാഹകനെ അയയ്ക്കും, നിന്റെ മുമ്പേ അയാൾ നിനക്കു വഴിയൊരുക്കും.’ എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് യോഹന്നാനെക്കുറിച്ചാണ്. ‘സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ മഹാൻ ഉണ്ടായിട്ടില്ല; എന്നാൽ സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവൻപോലും അദ്ദേഹത്തെക്കാൾ മഹാൻ ആകുന്നു’ എന്നു നിശ്ചയമായി ഞാൻ നിങ്ങളോടു പറയുന്നു. യോഹന്നാൻസ്നാപകന്റെ കാലംമുതൽ ഇന്നുവരെയും സ്വർഗരാജ്യം ക്രൂരപീഡനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു, പീഡകർ അതിനെ പിടിച്ചടക്കുകയുംചെയ്യുന്നു; സകലപ്രവചനഗ്രന്ഥങ്ങളും ന്യായപ്രമാണവും യോഹന്നാന്റെ സമയംവരെ പ്രവചിച്ചു. ഇത് അംഗീകരിക്കാൻ നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ, ‘വരാനിരിക്കുന്നവൻ’ എന്ന് അവർ പറഞ്ഞ ഏലിയാവ് ഈ യോഹന്നാൻതന്നെയാണ്. ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ! “ഈ തലമുറയെ ഞാൻ എന്തിനോടു താരതമ്യംചെയ്യും? “ ‘ഞങ്ങൾ നിങ്ങൾക്കായി ആഹ്ലാദരാഗം കുഴലിൽമീട്ടി, നിങ്ങളോ നൃത്തംചെയ്തില്ല; ഞങ്ങൾ ഒരു വിലാപഗീതം ആലപിച്ചു, നിങ്ങളോ വിലപിച്ചില്ല,’ എന്ന് ചന്തസ്ഥലങ്ങളിലിരുന്ന് മറ്റുള്ളവരോടു വിളിച്ചുപറഞ്ഞ് പരിഭവിക്കുന്ന കുട്ടികളെപ്പോലെയാണ് ഈ തലമുറ. ഭക്ഷണപാനീയങ്ങളിൽ വർജനം ആചരിച്ചുകൊണ്ട് യോഹന്നാൻസ്നാപകൻ വന്നപ്പോൾ ‘അയാൾ ഭൂതബാധിതനാണ്,’ എന്ന് അവർ പറയുന്നു. മനുഷ്യപുത്രനാകട്ടെ തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നു; അപ്പോൾ ഇതാ, ‘അമിതഭക്ഷണപ്രിയനും കുടിയനുമായ ഒരുവൻ, നികുതിപിരിവുകാരുടെയും കുപ്രസിദ്ധപാപികളുടെയും ചങ്ങാതി!’ എന്ന് അവർ പറയുന്നു. ദൈവികജ്ഞാനം, അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിലൂടെ പ്രത്യക്ഷമാകുന്നു.”