മത്തായി 11:20-24

മത്തായി 11:20-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിന്നെ അവൻ തന്റെ വീര്യപ്രവൃത്തികൾ മിക്കതും നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടായ്കയാൽ അവയെ ശാസിച്ചുതുടങ്ങി: കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടു തന്നെ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു. എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളെക്കാൾ സോരിനും സീദോനും സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നീയോ കഫർന്നഹൂമേ, സ്വർഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അത് ഇന്നുവരെ നില്ക്കുമായിരുന്നു. എന്നാൽ ന്യായവിധിദിവസത്തിൽ നിന്നെക്കാൾ സൊദോമ്യരുടെ നാട്ടിനു സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

മത്തായി 11:20-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പിന്നീട്, തന്റെ മിക്ക അദ്ഭുതപ്രവൃത്തികൾക്കും സാക്ഷ്യം വഹിച്ച നഗരങ്ങൾ അനുതപിച്ചു ദൈവത്തിങ്കലേക്ക് തിരിയാഞ്ഞതിനാൽ യേശു അവയെ ശാസിച്ചു: “കോരസീനേ, നിനക്ക് ഹാ കഷ്ടം! ബെത്‍സെയ്ദയേ, നിനക്കു ഹാ കഷ്ടം! നിങ്ങളിൽ നടന്ന അദ്ഭുതപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവ എത്രയോ മുമ്പ് അനുതാപസൂചകമായി ചാക്കുടുത്തും ചാരം പൂശിയും അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിയുമായിരുന്നു! എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ന്യായവിധി ദിവസത്തിൽ സോരിന്റെയും സീദോന്റെയും അവസ്ഥ നിങ്ങളുടേതിനെക്കാൾ സഹിക്കാവുന്നതായിരിക്കും. കഫർന്നഹൂമേ! നീ സ്വർഗത്തോളം ഉയർത്തപ്പെടുമെന്നോ? നീ അധോലോകത്തോളം താഴ്ത്തപ്പെടും. എന്തെന്നാൽ നിന്നിൽ നടന്ന അദ്ഭുതപ്രവൃത്തികൾ സോദോമിൽ നടന്നിരുന്നെങ്കിൽ അത് ഇന്നും നിലനില്‌ക്കുമായിരുന്നു. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ന്യായവിധി ദിവസത്തിൽ സോദോമിന്റെ സ്ഥിതി നിൻറേതിലും സഹിക്കാവുന്നതായിരിക്കും!”

മത്തായി 11:20-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പിന്നെ അവൻ തന്‍റെ വീര്യപ്രവൃത്തികൾ മിക്കതും നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടാഞ്ഞതിനാൽ അവയെ ശാസിച്ചുതുടങ്ങി: കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നെ ചാക്ക്ശീലയുടുത്തും ചാരത്തിലിരുന്നും മാനസാന്തരപ്പെടുമായിരുന്നു. എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളേക്കാൾ സോരിനും സീദോനും സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കും എന്നുചിന്തിക്കുന്നുവോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അത് ഇന്നുവരെ നിലനില്ക്കുമായിരുന്നു. എന്നാൽ ന്യായവിധിദിവസത്തിൽ നിന്നേക്കാൾ സൊദോമ്യരുടെ നാട്ടിന് സഹിക്കാവുന്നതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

മത്തായി 11:20-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിന്നെ അവൻ തന്റെ വീര്യപ്രവൃത്തികൾ മിക്കതും നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടായ്കയാൽ അവയെ ശാസിച്ചുതുടങ്ങി: കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു. എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളെക്കാൾ സോരിന്നും സീദോന്നും സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അതു ഇന്നുവരെ നില്ക്കുമായിരുന്നു. എന്നാൽ ന്യായവിധിദിവസത്തിൽ നിന്നെക്കാൾ സൊദോമ്യരുടെ നാട്ടിന്നു സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

മത്തായി 11:20-24 സമകാലിക മലയാളവിവർത്തനം (MCV)

തുടർന്ന്, യേശു തന്റെ അത്ഭുതങ്ങളിൽ അധികവും പ്രവർത്തിച്ച പട്ടണങ്ങൾ മാനസാന്തരപ്പെടാതിരുന്നതുകൊണ്ട് അവയെ ശാസിക്കാൻ തുടങ്ങി: “ഹേ കോരസീൻ, നിനക്കു ഹാ കഷ്ടം! ബേത്ത്സയിദയേ, നിനക്കു ഹാ കഷ്ടം! നിങ്ങളിൽ ഞാൻ ചെയ്ത അത്ഭുതങ്ങൾ സോർ, സീദോൻ എന്നീ പട്ടണങ്ങളിൽ ചെയ്തിരുന്നെങ്കിൽ അവർ പണ്ടുതന്നെ ചാക്കുശീല ഉടുത്തും ചാരത്തിൽ ഇരുന്നും വിലപിച്ചു മാനസാന്തരപ്പെടുമായിരുന്നു. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ന്യായവിധിദിവസത്തിൽ സോർ, സീദോൻ നിവാസികൾക്കുണ്ടാകുന്ന അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും. കഫാർനഹൂമേ, നീ ആകാശംവരെ ഉയർന്നിരിക്കുമോ? ഇല്ല, നീ പാതാളംവരെ താഴ്ത്തപ്പെടും. നിന്നിൽ നടന്ന അത്ഭുതങ്ങൾ സൊദോമിൽ ആയിരുന്നെങ്കിൽ അത് ഇന്നും നിലനിൽക്കുമായിരുന്നു. ന്യായവിധിദിവസത്തിൽ സൊദോം നിവാസികൾക്കുണ്ടായ അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”