മത്തായി 11:1-11

മത്തായി 11:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടു കല്പിച്ചുതീർന്നശേഷം അതതു പട്ടണങ്ങളിൽ ഉപദേശിപ്പാനും പ്രസംഗിപ്പാനും അവിടെനിന്നു പുറപ്പെട്ടുപോയി. യോഹന്നാൻ കാരാഗൃഹത്തിൽവച്ച്, ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്റെ ശിഷ്യന്മാരെ അയച്ചു: വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ എന്ന് അവർ മുഖാന്തരം അവനോടു ചോദിച്ചു. യേശു അവരോട്: കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോട് സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നത് യോഹന്നാനെ ചെന്ന് അറിയിപ്പിൻ. എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ എല്ലാം ഭാഗ്യവാൻ എന്നുത്തരം പറഞ്ഞു. അവർ പോയശേഷം യേശു യോഹന്നാനെക്കുറിച്ചു പുരുഷാരത്തോടു പറഞ്ഞുതുടങ്ങിയത്: നിങ്ങൾ എന്തു കാൺമാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ? അല്ല, എന്തു കാൺമാൻ പോയി? മാർദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മാർദവവസ്ത്രം ധരിക്കുന്നവർ രാജഗൃഹങ്ങളിലല്ലോ. അല്ല, എന്തിനു പോയി? ഒരു പ്രവാചകനെ കാൺമാനോ? അതേ, പ്രവാചകനിലും മികച്ചവനെത്തന്നെ എന്നു ഞാൻ നിങ്ങളോടു പറയുന്നു. “ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്ന് എഴുതപ്പെട്ടിരിക്കുന്നവൻ അവൻതന്നെ. സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

മത്തായി 11:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാർക്ക് ഈ പ്രബോധനങ്ങൾ നല്‌കിയശേഷം അടുത്തുള്ള പട്ടണങ്ങളിൽ ഉപദേശിക്കുവാനും പ്രസംഗിക്കുവാനും അവിടെനിന്നു പോയി. കാരാഗൃഹത്തിൽ അടയ്‍ക്കപ്പെട്ടിരുന്ന യോഹന്നാൻ ക്രിസ്തുവിന്റെ പ്രവൃത്തികളെപ്പറ്റി കേട്ടു; അദ്ദേഹം തന്റെ ശിഷ്യന്മാരെ ക്രിസ്തുവിന്റെ അടുക്കൽ അയച്ച് “വരുവാനുള്ളവൻ അങ്ങുതന്നെയോ അതോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണമോ?” എന്നു ചോദിപ്പിച്ചു. യേശു ഇങ്ങനെ മറുപടി പറഞ്ഞു: “നിങ്ങൾ കേൾക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങൾ യോഹന്നാനെ ചെന്ന് അറിയിക്കുക: അന്ധന്മാർ കാഴ്ചപ്രാപിക്കുന്നു; മുടന്തന്മാർ നടക്കുന്നു; കുഷ്ഠരോഗികൾ സൗഖ്യം പ്രാപിച്ചു ശുദ്ധരാകുന്നു; ബധിരർക്കു കേൾവി ലഭിക്കുന്നു; മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു; എളിയവരെ സദ്‍വാർത്ത അറിയിക്കുന്നു; എന്നിലുള്ള വിശ്വാസത്തിൽനിന്ന് ഇടറി വീഴാത്തവൻ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.” അവർ മടങ്ങിപ്പോകുമ്പോൾ യേശു യോഹന്നാനെക്കുറിച്ചു ജനങ്ങളോടു പറഞ്ഞു: “എന്തിനാണു നിങ്ങൾ മരുഭൂമിയിലേക്കു പോയത്? കാറ്റിൽ ഉലയുന്ന ഞാങ്ങണ കാണാനോ? അല്ലെങ്കിൽ പിന്നെ നിങ്ങൾ എന്തു കാണാൻ പോയി? മൃദുലവസ്ത്രം ധരിച്ച മനുഷ്യനെയോ? മൃദുലവസ്ത്രം ധരിക്കുന്നവർ രാജകൊട്ടാരങ്ങളിലാണല്ലോ ഉള്ളത്. അല്ലെങ്കിൽ പിന്നെ നിങ്ങളെന്തു കാണാൻ പോയി? ഒരു പ്രവാചകനെയോ? അതേ ഞാൻ നിങ്ങളോടു പറയുന്നു: പ്രവാചകനിലും ശ്രേഷ്ഠനായ ഒരുവനെത്തന്നെ. ‘ഇതാ നിനക്കു മുമ്പായി എന്റെ ദൂതനെ ഞാനയയ്‍ക്കുന്നു; അവൻ മുമ്പേ പോയി നിനക്കു വഴിയൊരുക്കും’ എന്ന് എഴുതപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തെക്കുറിച്ചാണ്. ഞാൻ നിങ്ങളോടു പറയുന്നു: സ്‍ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ ശ്രേഷ്ഠനായി ആരും ഉണ്ടായിട്ടില്ല സത്യം. എങ്കിലും സ്വർഗരാജ്യത്തിലുള്ള ഏറ്റവും ചെറിയവൻപോലും അദ്ദേഹത്തെക്കാൾ വലിയവനാണ്.

മത്തായി 11:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യേശു തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരോടും നിർദ്ദേശിച്ചു തീർന്നശേഷം അവരുടെ പട്ടണങ്ങളിൽ ഉപദേശിക്കുവാനും പ്രസംഗിക്കുവാനും അവിടെനിന്നു പുറപ്പെട്ടുപോയി. യോഹന്നാൻ കാരാഗൃഹത്തിൽവച്ച് ക്രിസ്തുവിന്‍റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്‍റെ ശിഷ്യന്മാരെ അയച്ചു: “വരുവാനുള്ളവൻ നീയോ, അതോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണമോ?“ എന്നു അവർ മുഖാന്തരം അവനോട് ചോദിച്ചു. യേശു അവരോട്: കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായ് തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ജീവനിലേക്ക് ഉയിർക്കുന്നു; ദരിദ്രരോട് സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിക്കുവിൻ. എന്നാൽ എന്നിൽ ഇടറിപ്പോകുവാൻ ഒരവസരവും ലഭിക്കാതിരിക്കുന്നവനെല്ലാം ഭാഗ്യവാൻ എന്നുത്തരം പറഞ്ഞു. അവർ പോയശേഷം യേശു യോഹന്നാനെക്കുറിച്ച് പുരുഷാരത്തോട് പറഞ്ഞു തുടങ്ങിയത്: നിങ്ങൾ എന്ത് കാണ്മാൻ മരുഭൂമിയിലേക്ക് പോയി? കാറ്റിനാൽ ഉലയുന്ന ഞാങ്ങണയോ? അല്ല, എന്തുകാണ്മാൻ പോയി? മൃദുവായവസ്ത്രം ധരിച്ച മനുഷ്യനെയോ? വാസ്തവത്തിൽ മൃദുവായവസ്ത്രം ധരിക്കുന്നവർ രാജഗൃഹങ്ങളിലല്ലോ. അല്ല, എന്ത് കാണുവാൻ പോയി? ഒരു പ്രവാചകനെയോ? അതെ, പ്രവാചകനിലും മികച്ചവനെ തന്നെ എന്നു ഞാൻ നിങ്ങളോടു പറയുന്നു. “ഞാൻ എന്‍റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു; അവൻ നിന്‍റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്നു എഴുതപ്പെട്ടിരിക്കുന്നവൻ ഇവൻ തന്നെ. സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; എങ്കിലും സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.

മത്തായി 11:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടു കല്പിച്ചു തീർന്നശേഷം അതതു പട്ടണങ്ങളിൽ ഉപദേശിപ്പാനും പ്രസംഗിപ്പാനും അവിടെ നിന്നു പുറപ്പെട്ടുപോയി. യോഹന്നാൻ കാരാഗൃഹത്തിൽവെച്ചു ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്റെ ശിഷ്യന്മാരെ അയച്ചു: വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ എന്നു അവർ മുഖാന്തരം അവനോടു ചോദിച്ചു. യേശു അവരോടു: കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ. എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ എല്ലാം ഭാഗ്യവാൻ എന്നുത്തരം പറഞ്ഞു. അവർ പോയ ശേഷം യേശു യോഹന്നാനെക്കുറിച്ചു പുരുഷാരത്തോടു പറഞ്ഞുതുടങ്ങിയതു: നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ? അല്ല, എന്തുകാണ്മാൻ പോയി? മാർദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മാർദ്ദവ വസ്ത്രം ധരിക്കുന്നവർ രാജഗൃഹങ്ങളിലല്ലോ. അല്ല, എന്തിന്നു പോയി? ഒരു പ്രവാചകനെ കാണ്മാനോ? അതെ, പ്രവാചകനിലും മികെച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു. “ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്നു എഴുതപ്പെട്ടിരിക്കുന്നവൻ അവൻ തന്നേ. സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

മത്തായി 11:1-11 സമകാലിക മലയാളവിവർത്തനം (MCV)

യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാർക്ക് ഈ നിർദേശങ്ങൾ നൽകിത്തീർത്തതിനുശേഷം, ഗലീലയിൽത്തന്നെയുള്ള പട്ടണങ്ങളിൽ ഉപദേശിക്കുന്നതിനും പ്രസംഗിക്കുന്നതിനുമായി അവിടെനിന്നു യാത്രയായി. കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്ന യോഹന്നാൻസ്നാപകൻ ക്രിസ്തുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു കേട്ടപ്പോൾ “വരാനുള്ള മശിഹാ അങ്ങുതന്നെയോ? അതോ, ഞങ്ങൾ ഇനിയും മറ്റൊരാളെ കാത്തിരിക്കണമോ?” എന്നു ചോദിക്കാൻ തന്റെ ശിഷ്യന്മാരെ ക്രിസ്തുവിന്റെ അടുക്കൽ അയച്ചു. യേശു അവരോട്, “നിങ്ങൾ കേൾക്കുകയും കാണുകയുംചെയ്യുന്ന ഇക്കാര്യങ്ങൾ മടങ്ങിച്ചെന്ന് യോഹന്നാനെ അറിയിക്കുക: അന്ധർക്കു കാഴ്ച ലഭിക്കുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ സൗഖ്യമാകുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു. എന്നിലുള്ള വിശ്വാസത്തിൽനിന്ന് വ്യതിചലിക്കാതെ നിലനിൽക്കുന്നവർ അനുഗൃഹീതർ!” എന്നു പറഞ്ഞു. യോഹന്നാന്റെ ശിഷ്യന്മാർ അവിടെനിന്നു പോകുമ്പോൾ യേശു യോഹന്നാനെക്കുറിച്ചു ജനക്കൂട്ടത്തോടു സംസാരിക്കാൻ തുടങ്ങി: “നിങ്ങൾ എന്തുകാണാനാണ് മരുഭൂമിയിൽ പോയത്? കാറ്റിൽ ആടിയുലയുന്ന ഞാങ്ങണയോ? അതോ, മൃദുലചണവസ്ത്രം ധരിച്ച ഒരു മനുഷ്യനെ കാണുന്നതിനോ? അല്ല, മൃദുലചണവസ്ത്രം ധരിക്കുന്നവർ രാജകൊട്ടാരങ്ങളിൽ അല്ലയോ ഉള്ളത്? പിന്നെ നിങ്ങൾ എന്തുകാണാനാണു പോയത്? ഒരു പ്രവാചകനെയോ? അതേ, ഒരു പ്രവാചകനെക്കാൾ ശ്രേഷ്ഠനെത്തന്നെ എന്നു ഞാൻ പറയുന്നു. “ ‘ഇതാ, ഞാൻ നിനക്കുമുമ്പാകെ എന്റെ സന്ദേശവാഹകനെ അയയ്ക്കും, നിന്റെ മുമ്പേ അയാൾ നിനക്കു വഴിയൊരുക്കും.’ എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് യോഹന്നാനെക്കുറിച്ചാണ്. ‘സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ മഹാൻ ഉണ്ടായിട്ടില്ല; എന്നാൽ സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവൻപോലും അദ്ദേഹത്തെക്കാൾ മഹാൻ ആകുന്നു’ എന്നു നിശ്ചയമായി ഞാൻ നിങ്ങളോടു പറയുന്നു.