മത്തായി 10:5-10 - Compare All Versions
മത്തായി 10:5-10 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഈ പന്ത്രണ്ടു പേരെയും യേശു അയയ്ക്കുമ്പോൾ അവരോട് ആജ്ഞാപിച്ചതെന്തെന്നാൽ: ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽതന്നെ ചെല്ലുവിൻ. നിങ്ങൾ പോകുമ്പോൾ: സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ. രോഗികളെ സൗഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൗജന്യമായി നിങ്ങൾക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിൻ. മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും വഴിക്കു പൊക്കണവും രണ്ടുടുപ്പും ചെരിപ്പും വടിയും കരുതരുത്; വേലക്കാരൻ തന്റെ ആഹാരത്തിനു യോഗ്യനല്ലോ.
മത്തായി 10:5-10 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഈ പന്ത്രണ്ടുപേരെയും താഴെപ്പറയുന്ന അനുശാസനങ്ങളോടുകൂടി യേശു അയച്ചു: “നിങ്ങൾ വിജാതീയരുടെ ഏതെങ്കിലും പ്രദേശത്തോ ശമര്യരുടെ പട്ടണങ്ങളിലോ പോകരുത്. പ്രത്യുത ഇസ്രായേൽഗൃഹത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുക്കലേക്കു പോകുക. നിങ്ങൾ പോകുമ്പോൾ സ്വർഗരാജ്യം സമാഗതമായിരിക്കുന്നു എന്ന് അവരോടു പ്രസംഗിക്കുക. രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിർപ്പിക്കുക, കുഷ്ഠരോഗികളെ ശുദ്ധരാക്കുക, ഭൂതങ്ങളെ പുറത്താക്കുക. സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായി കൊടുക്കുക. നിങ്ങൾ സ്വർണനാണയമോ, വെള്ളിനാണയമോ, ചെമ്പുനാണയമോ കൊണ്ടുപോകരുത്. യാത്രയ്‍ക്കുള്ള ഭാണ്ഡമോ, രണ്ട് ഉടുപ്പോ, ചെരുപ്പോ, വടിയോ നിങ്ങൾക്ക് ആവശ്യമില്ല; വേലക്കാരൻ തന്റെ ആഹാരത്തിന് അർഹനാണല്ലോ.
മത്തായി 10:5-10 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ഈ പന്ത്രണ്ടുപേരെയും യേശു അയയ്ക്കുമ്പോൾ അവരോട് നിർദ്ദേശിച്ചതെന്തെന്നാൽ: ജനതകളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കൽ തന്നെ ചെല്ലുവിൻ. നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിച്ചു പറയുവിൻ. രോഗികളെ സൗഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിക്കുവിൻ; കുഷ്ഠരോഗികളെ ശുദ്ധരാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൗജന്യമായി നിങ്ങൾക്ക് ലഭിച്ചു, സൗജന്യമായി കൊടുക്കുവിൻ. പൊന്നും, വെള്ളിയും, ചെമ്പും, പണസഞ്ചിയും, വഴിക്ക് യാത്രാസഞ്ചിയോ രണ്ടു ഉടുപ്പോ ചെരിപ്പോ വടിയോ ഒന്നും കരുതരുത്; വേലക്കാരൻ തന്റെ ആഹാരത്തിന് യോഗ്യനത്രെ.
മത്തായി 10:5-10 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോൾ അവരോടു ആജ്ഞാപിച്ചതെന്തെന്നാൽ: ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ. നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ. രോഗികളെ സൗഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൗജന്യമായി നിങ്ങൾക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിൻ. മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരൻ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ
മത്തായി 10:5-10 MCV (സമകാലിക മലയാളവിവർത്തനം)
യേശു ഈ നിർദേശങ്ങൾ നൽകി പന്ത്രണ്ട് അപ്പൊസ്തലന്മാരെ അയച്ചു: “നിങ്ങൾ യെഹൂദേതരരുടെ മധ്യത്തിലേക്കു പോകുകയോ ശമര്യരുടെ ഏതെങ്കിലും പട്ടണത്തിൽ പ്രവേശിക്കയോ ചെയ്യരുത്. പിന്നെയോ, ഇസ്രായേലിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കുതന്നെ ചെല്ലുക. ‘സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു,’ എന്ന സന്ദേശം നിങ്ങൾ പോയി വിളംബരംചെയ്യുക. രോഗികളെ സൗഖ്യമാക്കുക, മരിച്ചവരെ ഉയിർപ്പിക്കുക, കുഷ്ഠരോഗികളെ ശുദ്ധരാക്കുക, ഭൂതങ്ങളെ പുറത്താക്കുക. സൗജന്യമായി നിങ്ങൾക്കു ലഭിച്ചിരിക്കുന്നു; സൗജന്യമായിത്തന്നെ നൽകുക. “നിങ്ങളുടെ മടിശ്ശീലയിൽ സ്വർണം, വെള്ളി, ചെമ്പ് ഇവകൊണ്ടുള്ള നാണയങ്ങൾ കരുതിവെക്കരുത്; സഞ്ചിയോ രണ്ട് വസ്ത്രമോ ചെരിപ്പോ വടിയോ കൊണ്ടുപോകരുത്; ജോലിക്കാരൻ തന്റെ കൂലിക്ക് അർഹനല്ലോ.