മത്തായി 10:37-42 - Compare All Versions
മത്തായി 10:37-42 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല. തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല. തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും. നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. പ്രവാചകൻ എന്നുവച്ച് പ്രവാചകനെ കൈക്കൊള്ളുന്നവനു പ്രവാചകന്റെ പ്രതിഫലം ലഭിക്കും; നീതിമാൻ എന്നുവച്ച് നീതിമാനെ കൈക്കൊള്ളുന്നവനു നീതിമാന്റെ പ്രതിഫലം ലഭിക്കും. ശിഷ്യൻ എന്നുവച്ച് ഈ ചെറിയവരിൽ ഒരുത്തന് ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവനു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
മത്തായി 10:37-42 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
“എന്നെക്കാൾ അധികം തന്റെ മകനെയോ മകളെയോ സ്നേഹിക്കുന്നവനും എന്റെ ശിഷ്യനായിരിക്കുവാൻ യോഗ്യനല്ല. തന്റെ ക്രൂശെടുത്ത് എന്നെ അനുഗമിക്കാത്തവനും എന്റെ ശിഷ്യനാകാൻ യോഗ്യനല്ല. സ്വന്തം ജീവനെ സുരക്ഷിതമാക്കുവാൻ ശ്രമിക്കുന്നവൻ അതിനെ നഷ്ടപ്പെടുത്തും. എന്നാൽ എനിക്കുവേണ്ടി തന്റെ ജീവനെ നഷ്ടപ്പെടുത്തുന്നവൻ അതു നേടും. “നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു. പ്രവാചകനെന്നു കരുതി ഒരു പ്രവാചകനെ സ്വീകരിക്കുന്നവനു പ്രവാചകന്റെ പ്രതിഫലം ലഭിക്കും. നീതിമാനെന്നു കരുതി ഒരു നീതിമാനെ സ്വീകരിക്കുന്നവനു നീതിമാന്റെ പ്രതിഫലം ലഭിക്കും. ഞാൻ നിങ്ങളോടു പറയുന്നു: ശിഷ്യനെന്നു കരുതി ഈ എളിയവരിൽ ഒരുവന് ഒരു പാത്രം ശുദ്ധജലമെങ്കിലും കൊടുക്കുന്നവൻ ആരായാലും അയാൾക്കു പ്രതിഫലം നിശ്ചയമായും ലഭിക്കും.”
മത്തായി 10:37-42 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
എന്നേക്കാൾ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എനിക്ക് യോഗ്യനല്ല; എന്നേക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്ക് യോഗ്യനല്ല. തന്റെ ക്രൂശ് എടുത്തു എന്നെ അനുഗമിക്കാത്തവൻ എനിക്ക് യോഗ്യനല്ല. തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും. നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെയും കൈക്കൊള്ളുന്നു. പ്രവാചകൻ എന്നുവച്ച് പ്രവാചകനെ കൈക്കൊള്ളുന്നവന് പ്രവാചകന്‍റെ പ്രതിഫലം ലഭിക്കും; നീതിമാൻ എന്നുവച്ച് നീതിമാനെ കൈക്കൊള്ളുന്നവന് നീതിമാന്‍റെ പ്രതിഫലം ലഭിക്കും. ശിഷ്യൻ എന്നു വച്ചു ഈ ചെറിയവരിൽ ഒരുവന് ഒരു പാനപാത്രം തണ്ണീർ മാത്രം കുടിക്കുവാൻ കൊടുക്കുന്നവന് പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
മത്തായി 10:37-42 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നെക്കാൾ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല. തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല. തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും. നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. പ്രവാചകൻ എന്നുവെച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും; നീതിമാൻ എന്നുവെച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും. ശിഷ്യൻ എന്നു വെച്ചു ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
മത്തായി 10:37-42 MCV (സമകാലിക മലയാളവിവർത്തനം)
“എന്നെക്കാളധികം സ്വന്തം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവർ എന്റേതായിരിക്കാൻ യോഗ്യരല്ല. എന്നെക്കാളധികം സ്വന്തം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവരും എനിക്കു യോഗ്യരല്ല. സ്വന്തം ക്രൂശ് വഹിച്ചുകൊണ്ട് എന്നെ അനുഗമിക്കാത്തവരും എനിക്കു യോഗ്യരല്ല. സ്വന്തം ജീവനെ രക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് അതു നഷ്ടമാകും; എന്റെ അനുയായി ആയതുനിമിത്തം സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു നേടുകതന്നെ ചെയ്യും. “നിങ്ങളെ സ്വീകരിക്കുന്നവർ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവരോ എന്നെ അയച്ച പിതാവിനെ സ്വീകരിക്കുന്നു. ഒരു പ്രവാചകനെ, പ്രവാചകൻ എന്ന കാരണത്താൽ സ്വീകരിക്കുന്ന വ്യക്തിക്ക്, ഒരു പ്രവാചകന് ലഭിക്കുന്ന പ്രതിഫലം ലഭിക്കും; ഒരു നീതിനിഷ്ഠനെ നീതിനിഷ്ഠൻ എന്ന കാരണത്താൽ സ്വീകരിക്കുന്ന വ്യക്തിക്ക്, ഒരു നീതിനിഷ്ഠന് ലഭിക്കുന്ന പ്രതിഫലം ലഭിക്കും. എന്റെ ശിഷ്യൻ എന്ന കാരണത്താൽ ഈ ചെറിയവരിൽ ഒരാൾക്ക് ഒരു പാത്രം തണുത്ത വെള്ളമെങ്കിലും കൊടുക്കുന്നയാൾക്ക് തന്റെ പ്രതിഫലം ഒരിക്കലും നഷ്ടമാകുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.”