മത്തായി 10:18-20
മത്തായി 10:18-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പിൽ കൊണ്ടുപോകയും ചെയ്യും; അത് അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും. എന്നാൽ നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങനെയോ എന്തോ പറയേണ്ടൂ എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളത് ആ നാഴികയിൽ തന്നെ നിങ്ങൾക്കു ലഭിക്കും. പറയുന്നത് നിങ്ങൾ അല്ല, നിങ്ങളിൽ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.
മത്തായി 10:18-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനുഷ്യർ നിങ്ങളെ ന്യായാധിപസംഘത്തിന് ഏല്പിച്ചുകൊടുക്കും; സുനഗോഗുകളിൽവച്ച് ചാട്ടവാറുകൊണ്ടു നിങ്ങളെ അടിക്കും; ഞാൻ നിമിത്തം ഗവർണർമാരുടെയും രാജാക്കന്മാരുടെയും അടുക്കലേക്കു നിങ്ങളെ വലിച്ചിഴച്ചുകൊണ്ടു പോകുകയും ചെയ്യും. അങ്ങനെ നിങ്ങൾ അവരുടെയും വിജാതീയരുടെയും മുമ്പിൽ സാക്ഷ്യം വഹിക്കും. അവർ നിങ്ങളെ ഏല്പിച്ചുകൊടുക്കുമ്പോൾ എന്തു പറയണമെന്നോ എങ്ങനെ പറയണമെന്നോ ഓർത്തു വ്യാകുലപ്പെടേണ്ടാ. പറയാനുള്ളതു തത്സമയം നിങ്ങൾക്കു ലഭിക്കും. എന്തെന്നാൽ സംസാരിക്കുന്നതു നിങ്ങളായിരിക്കുകയില്ല; നിങ്ങളിൽകൂടി നിങ്ങളുടെ പിതാവിന്റെ ആത്മാവായിരിക്കും സംസാരിക്കുക.
മത്തായി 10:18-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ നിമിത്തം നാടുവാഴികളുടേയും, രാജാക്കന്മാരുടേയും മുമ്പാകെ കൊണ്ടുപോകും; അത് അവർക്കും ജനതകൾക്കും ഒരു സാക്ഷ്യം ആയിരിക്കും. എന്നാൽ, നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറയുവാനുള്ളത് ആ സമയത്തുതന്നെ നിങ്ങൾക്ക് ലഭിക്കും. പറയുന്നത് നിങ്ങൾ അല്ല, നിങ്ങളിൽ ഉള്ള നിങ്ങളുടെ പിതാവിന്റെ പരിശുദ്ധാത്മാവത്രേ പറയുന്നത്.
മത്തായി 10:18-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പിൽ കൊണ്ടുപോകയും ചെയ്യും; അതു അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും. എന്നാൽ നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളതു ആ നാഴികയിൽ തന്നേ നിങ്ങൾക്കു ലഭിക്കും. പറയുന്നതു നിങ്ങൾ അല്ല, നിങ്ങളിൽ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.
മത്തായി 10:18-20 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ അനുയായികളായതിനാൽ, നിങ്ങളെ അധികാരികളുടെയും രാജാക്കന്മാരുടെയും മുമ്പിൽ കൊണ്ടുപോകും. ഇങ്ങനെ അവർക്കും യെഹൂദേതരർക്കും മുമ്പിൽ നിങ്ങൾ എന്റെ സാക്ഷ്യംവഹിക്കും. അവർ നിങ്ങളെ അധികാരികൾക്ക് ഏൽപ്പിക്കുമ്പോൾ എന്തു പറയണമെന്നോ എങ്ങനെ പറയണമെന്നോ ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല, നിങ്ങൾക്ക് പറയാനുള്ളത് തക്കസമയത്തുതന്നെ നിങ്ങളുടെ നാവിൽ തന്നിരിക്കും. അപ്പോൾ നിങ്ങളല്ല സംസാരിക്കുന്നത്, നിങ്ങളുടെ പിതാവിന്റെ ആത്മാവായിരിക്കും നിങ്ങളിലൂടെ സംസാരിക്കുക.