മത്തായി 1:12-23

മത്തായി 1:12-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ബാബേൽപ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവ് ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേൽ സെരുബ്ബാബേലിനെ ജനിപ്പിച്ചു; സെരുബ്ബാബേൽ അബീഹൂദിനെ ജനിപ്പിച്ചു; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു. ആസോർ സാദോക്കിനെ ജനിപ്പിച്ചു; സാദോക് ആഖീമിനെ ജനിപ്പിച്ചു; ആഖീം എലീഹൂദിനെ ജനിപ്പിച്ചു; എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസർ മത്ഥാനെ ജനിപ്പിച്ചു; മത്ഥാൻ യാക്കോബിനെ ജനിപ്പിച്ചു. യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽനിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു. ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാംമുതൽ ദാവീദുവരെ പതിന്നാലും ദാവീദ്മുതൽ ബാബേൽപ്രവാസത്തോളം പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു. എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഇവ്വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിനു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പേ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു. അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവനു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു. ഇങ്ങനെ നിനച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉൽപാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവനു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവനു ദൈവം നമ്മോടുകൂടെ എന്നർഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” എന്നു കർത്താവ് പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു.

പങ്ക് വെക്കു
മത്തായി 1 വായിക്കുക

മത്തായി 1:12-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ബാബേൽപ്രവാസത്തിനുശേഷം യഖൊന്യയായ്‍ക്കു ശെയല്തിയേൽ എന്ന പുത്രൻ ജനിച്ചു; ശെയല്തിയേലിന്റെ പുത്രൻ സെരൂബ്ബാബേൽ; സെരൂബ്ബാബേലിന്റെ പുത്രൻ അബീഹൂദ്; അബീഹൂദിന്റെ പുത്രൻ എല്യാക്കീം; എല്യാക്കീമിന്റെ പുത്രൻ ആസോർ; ആസോരിന്റെ പുത്രൻ സാദോക്ക്; സാദോക്കിന്റെ പുത്രൻ ആഖീം; ആഖീമിന്റെ പുത്രൻ എലിഹൂദ്; എലിഹൂദിന്റെ പുത്രൻ എലിയാസർ; എലിയാസരുടെ പുത്രൻ മത്ഥാൻ; മത്ഥാന്റെ പുത്രൻ യാക്കോബ്; യാക്കോബിന്റെ പുത്രൻ യോസേഫ്; യോസേഫ് മറിയമിന്റെ ഭർത്താവായിരുന്നു; മറിയമിൽനിന്ന് ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു. ഇങ്ങനെ അബ്രഹാം മുതൽ ദാവീദുവരെ തലമുറകൾ ആകെ പതിനാലും ദാവീദു മുതൽ ബാബേൽ പ്രവാസംവരെ പതിനാലും ബാബേൽ പ്രവാസം മുതൽ ക്രിസ്തുവരെ പതിനാലും ആണ്. യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു. യേശുവിന്റെ മാതാവായ മറിയവും യോസേഫും തമ്മിൽ വിവാഹനിശ്ചയം ചെയ്തിരുന്നു. അവർ ഒരുമിച്ചു ചേരുന്നതിനു മുമ്പ് മറിയം പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചിരിക്കുന്നതായി കാണപ്പെട്ടു. മറിയമിന്റെ ഭർത്താവായ യോസേഫ് ഒരു ഉത്തമ മനുഷ്യനായിരുന്നതുകൊണ്ട് മറിയം അപമാനിതയാകുന്നതിൽ അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട് രഹസ്യമായി മറിയമിനെ ഉപേക്ഷിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. എന്നാൽ ഇതേപ്പറ്റി അദ്ദേഹം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ദൈവദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി ഇപ്രകാരം പ്രസ്താവിച്ചു: “ദാവീദിന്റെ പുത്രനായ യോസേഫേ, നിന്റെ ഭാര്യയായ മറിയമിനെ സ്വീകരിക്കുന്നതിനു ശങ്കിക്കേണ്ടാ; അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും; ആ ശിശുവിന് യേശു എന്നു പേര് വിളിക്കണം. തന്റെ ജനങ്ങളെ അവരുടെ പാപങ്ങളിൽനിന്ന് അവിടുന്നു രക്ഷിക്കും.” “ഇതാ കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവൻ ദൈവം നമ്മോടുകൂടി എന്നർഥമുള്ള ‘ഇമ്മാനുവേൽ’ എന്നു വിളിക്കപ്പെടും” എന്നു പ്രവാചകൻ മുഖാന്തരം ദൈവം അരുളിച്ചെയ്തതു നിറവേറുന്നതിന് ഇവയെല്ലാം സംഭവിച്ചു.

പങ്ക് വെക്കു
മത്തായി 1 വായിക്കുക

മത്തായി 1:12-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ബാബേൽപ്രവാസത്തിനുശേഷം യെഖൊന്യാവ് ശെയല്തീയേലിന്‍റെ പിതാവായിരുന്നു; ശെയല്തീയേൽ സെരുബ്ബാബേലിന്‍റെ പിതാവായിരുന്നു; സെരുബ്ബാബേൽ അബീഹൂദിൻ്റെ പിതാവായിരുന്നു; അബീഹൂദ് എല്യാക്കീമിൻ്റെ പിതാവായിരുന്നു; എല്യാക്കീം ആസോരിൻ്റെ പിതാവായിരുന്നു. ആസോർ സാദോക്കിന്‍റെ പിതാവായിരുന്നു; സാദോക്ക് ആഖീമിൻ്റെ പിതാവായിരുന്നു; ആഖീം എലീഹൂദിൻ്റെ പിതാവായിരുന്നു; എലീഹൂദ് എലീയാസരിൻ്റെ പിതാവായിരുന്നു; എലീയാസർ മത്ഥാൻ്റെ പിതാവായിരുന്നു; മത്ഥാൻ യാക്കോബിന്‍റെ പിതാവായിരുന്നു. യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിന്‍റെ പിതാവായിരുന്നു. മറിയയിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു. ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദ്‌വരെ പതിനാലും ദാവീദുമുതൽ ബാബേൽപ്രവാസത്തോളം പതിനാലും ബാബേൽ പ്രവാസം മുതൽ ക്രിസ്തുവിനോളം പതിനാലും ആകുന്നു. എന്നാൽ യേശുക്രിസ്തുവിന്‍റെ ജനനം ഇപ്രകാരം ആയിരുന്നു. അവന്‍റെ അമ്മയായ മറിയ യോസഫിന് വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടി യോജിക്കും മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭംധരിച്ചു എന്നു മനസ്സിലാക്കി. അവളുടെ ഭർത്താവായ യോസേഫ് നീതിമാനായിരുന്നതുകൊണ്ടും അവളെ പരസ്യമായി കളങ്കപ്പെടുത്തുവാൻ അവനു മനസ്സില്ലാത്തതു കൊണ്ടും അവളുമായുള്ള വിവഹനിശ്ചയം രഹസ്യമായി അവസാനിപ്പിക്കുവാൻ തീരുമാനിച്ചു. ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ കർത്താവിന്‍റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി: “ദാവീദിന്‍റെ മകനായ യോസഫേ, മറിയയെ ഭാര്യയായി സ്വീകരിക്കുന്ന കാര്യത്തിൽ നീ ഭയപ്പെടേണ്ടാ; അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്‍റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കുവാനായി വന്നിരിക്കുന്നതുകൊണ്ട് നീ അവന്‍റെ പേര് യേശു എന്നു വിളിക്കേണം” എന്നു പറഞ്ഞു. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവനു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർ വിളിക്കും” കർത്താവ് പ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത കാര്യങ്ങൾ ഇപ്രകാരം നിവർത്തിയായി.

പങ്ക് വെക്കു
മത്തായി 1 വായിക്കുക

മത്തായി 1:12-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ബാബേൽപ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേൽ സെരുബ്ബാബേലിനെ ജനിപ്പിച്ചു; സെരുബ്ബാബേൽ അബീഹൂദിനെ ജനിപ്പിച്ചു; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു. ആസോർ സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് ആഖീമിനെ ജനിപ്പിച്ചു; ആഖീം എലീഹൂദിനെ ജനിപ്പിച്ചു; എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസർ മത്ഥാനെ ജനിപ്പിച്ചു; മത്ഥാൻ യാക്കോബിനെ ജനിപ്പിച്ചു. യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു. ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദ്‌വരെ പതിന്നാലും ദാവീദ്‌മുതൽ ബാബേൽപ്രവാസത്തോളം പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു. എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈവണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു. അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു. ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു.

പങ്ക് വെക്കു
മത്തായി 1 വായിക്കുക

മത്തായി 1:12-23 സമകാലിക മലയാളവിവർത്തനം (MCV)

ബാബേൽ പ്രവാസത്തിനുശേഷം യെഖൊന്യാവിനു ജനിച്ച മകനാണ് ശലഥിയേൽ ശലഥിയേലിൽനിന്ന് സെരൂബ്ബാബേൽ ജനിച്ചു. സെരൂബ്ബാബേലിൽനിന്ന് അബീഹൂദ് ജനിച്ചു അബീഹൂദിൽനിന്ന് എല്യാക്കീമും എല്യാക്കീമിൽനിന്ന് ആസോരും ജനിച്ചു. ആസോരിൽനിന്ന് സാദോക്ക് ജനിച്ചു. സാദോക്കിൽനിന്ന് ആഖീമും ആഖീമിൽനിന്ന് എലീഹൂദും ജനിച്ചു. എലീഹൂദ് എലീയാസറിന്റെ പിതാവായിരുന്നു. എലീയാസറിൽനിന്ന് മത്ഥാനും മത്ഥാനിൽനിന്ന് യാക്കോബും ജനിച്ചു. യാക്കോബിന്റെ മകനായിരുന്നു മറിയയുടെ ഭർത്താവായ യോസേഫ്. ഈ മറിയയാണ് “ക്രിസ്തു” എന്നു വിളിക്കപ്പെട്ട യേശുവിന്റെ മാതാവായിത്തീർന്നത്. ഇങ്ങനെ തലമുറകൾ ആകെ, അബ്രാഹാംമുതൽ ദാവീദുവരെ പതിന്നാലും ദാവീദുമുതൽ ബാബേൽപ്രവാസംവരെ പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവരെ പതിന്നാലും ആകുന്നു. യേശുക്രിസ്തുവിന്റെ ജനനം ഈ വിധമായിരുന്നു: യേശുവിന്റെ അമ്മ മറിയയും യോസേഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അവർ വിവാഹിതരാകുന്നതിനു മുമ്പേതന്നെ മറിയ പരിശുദ്ധാത്മാവിനാൽ ഗർഭവതിയായി. മറിയയുടെ നീതിനിഷ്ഠനായ ഭർത്താവ് യോസേഫ്, അവൾ ഗർഭവതിയായ വിവരം അറിഞ്ഞ്, സമൂഹമധ്യേ അവൾ അപഹാസ്യയാകാതിരിക്കാൻ ആഗ്രഹിച്ചതുകൊണ്ട് അവളെ രഹസ്യമായി ഉപേക്ഷിക്കണമെന്നു തീരുമാനിച്ചു. അദ്ദേഹം ഈ വിഷയത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കെ പെട്ടെന്ന്, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്, അദ്ദേഹത്തോട്, “ദാവീദുവംശജനായ യോസേഫേ, മറിയ ഗർഭവതിയായത് പരിശുദ്ധാത്മാവിൽനിന്നാണ്. ആയതിനാൽ അവളെ നിന്റെ ഭാര്യയായി സ്വീകരിക്കുന്നതിൽ മടിക്കേണ്ടതില്ല. അവൾ ഒരു പുത്രനു ജന്മം നൽകും; ആ പുത്രന് ‘യേശു’ എന്നു നാമകരണം ചെയ്യണം, കാരണം അവിടന്ന് തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കുന്നവനാണ്” എന്നു പറഞ്ഞു. “ഇതാ! കന്യക ഗർഭവതിയായി ഒരു പുത്രനു ജന്മം നൽകും; ആ പുത്രൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും;” ഈ പേരിനു “ദൈവം നമ്മോടുകൂടെ” എന്നാണ് അർഥം. കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുന്നതിനാണ് ഇവയെല്ലാം സംഭവിച്ചത്.

പങ്ക് വെക്കു
മത്തായി 1 വായിക്കുക