മലാഖി 3:13-17
മലാഖി 3:13-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളുടെ വാക്കുകൾ എന്റെ നേരേ അതികഠിനമായിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ നിങ്ങൾ: ഞങ്ങൾ നിന്റെ നേരേ എന്തു സംസാരിക്കുന്നു എന്നു ചോദിക്കുന്നു. യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്നതു വ്യർഥം; ഞങ്ങൾ അവന്റെ കാര്യം നോക്കുന്നതിനാലും സൈന്യങ്ങളുടെ യഹോവയുടെ മുമ്പാകെ കറുപ്പുടുത്തു നടന്നതിനാലും എന്തു പ്രയോജനമുള്ളൂ? ആകയാൽ ഞങ്ങൾ അഹങ്കാരികളെ ഭാഗ്യവാന്മാർ എന്നു പറയുന്നു; ദുഷ്പ്രവൃത്തിക്കാർ അഭ്യുദയം പ്രാപിക്കുന്നു; ദൈവത്തെ പരീക്ഷിക്കുന്നവർ ശിക്ഷ ഒഴിഞ്ഞുപോകുന്നു എന്നു നിങ്ങൾ പറയുന്നു. യഹോവാഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവച്ചു കേട്ടു; യഹോവാഭക്തന്മാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കുംവേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവച്ചിരിക്കുന്നു. ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ അവർ എനിക്ക് ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാൻ അവരെ ആദരിക്കും.
മലാഖി 3:13-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“എന്റെ നേരെയുള്ള നിങ്ങളുടെ വാക്കുകൾ പരുഷമായിരിക്കുന്നു” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. എന്നിട്ടും നിങ്ങൾ ചോദിക്കുന്നു: “അങ്ങേക്കെതിരെ ഞങ്ങൾ എന്താണു സംസാരിച്ചത്?” ദൈവത്തെ സേവിക്കുന്നതു വ്യർഥം. ഞങ്ങൾ അവിടുത്തെ കല്പന അനുസരിക്കുന്നതുകൊണ്ടും സർവശക്തനായ അവിടുത്തെ മുമ്പിൽ വിലാപം ആചരിക്കുന്നവരെപ്പോലെ നടക്കുന്നതുകൊണ്ടും എന്തു പ്രയോജനം? ഇനിമേൽ അഹങ്കാരികളാണ് അനുഗൃഹീതർ എന്നു ഞങ്ങൾ കരുതും. ദുഷ്പ്രവൃത്തി ചെയ്യുന്നവർ തഴച്ചു വളരുക മാത്രമല്ല ദൈവത്തെ പരീക്ഷിച്ചിട്ടും അവർ ശിക്ഷയിൽനിന്നു രക്ഷപെടുന്നു. സർവേശ്വരനോടു ഭക്തിയുള്ളവർ അന്യോന്യം സംസാരിച്ചു. അവിടുന്ന് അതു ശ്രദ്ധിച്ചു കേട്ടു. സർവേശ്വരന്റെ ഭക്തന്മാരെയും അവിടുത്തെ നാമം ആദരിക്കുന്നവരെയും കുറിച്ച് എഴുതിയിട്ടുള്ള ഒരു അനുസ്മരണഗ്രന്ഥം തിരുസന്നിധാനത്തിൽ വച്ചിട്ടുണ്ട്. ഞാൻ പ്രവർത്തിക്കുന്ന ദിവസം അവർ എന്റെ പ്രത്യേകനിക്ഷേപം ആയിരിക്കുമെന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. പിതാവ് തന്നെ ശുശ്രൂഷിക്കുന്ന മകനോടു കാരുണ്യം കാട്ടുന്നതുപോലെ ഞാൻ അവരോടു കാരുണ്യപൂർവം വർത്തിക്കും.
മലാഖി 3:13-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“നിങ്ങളുടെ വാക്കുകൾ എന്‍റെ നേരെ അതികഠിനമായിരിക്കുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു. “എന്നാൽ നിങ്ങൾ: ‘ഞങ്ങൾ നിന്റെ നേരെ എന്ത് സംസാരിക്കുന്നു?’ എന്നു ചോദിക്കുന്നു. ‘യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്നതു വ്യർത്ഥം; ഞങ്ങൾ അവന്റെ കാര്യം നോക്കുന്നതിനാലും സൈന്യങ്ങളുടെ യഹോവയുടെ മുമ്പാകെ കറുപ്പുടുത്തു നടന്നതിനാലും എന്ത് പ്രയോജനമുള്ളു? ആകയാൽ ഞങ്ങൾ അഹങ്കാരികളെ ഭാഗ്യവാന്മാർ എന്നു പറയുന്നു; ദുഷ്പ്രവൃത്തിക്കാർ അഭിവൃദ്ധി പ്രാപിക്കുന്നു; ദൈവത്തെ പരീക്ഷിക്കുന്നവർ ശിക്ഷ ഒഴിഞ്ഞുപോകുന്നു’ എന്നു നിങ്ങൾ പറയുന്നു.” യഹോവാഭക്തന്മാർ അന്ന് തമ്മിൽതമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവച്ചു കേട്ടു; യഹോവാഭക്തന്മാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവച്ചിരിക്കുന്നു. “ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ അവർ എനിക്ക് ഒരു നിക്ഷേപം ആയിരിക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാൻ അവരെ ആദരിക്കും.
മലാഖി 3:13-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങളുടെ വാക്കുകൾ എന്റെനേരെ അതികഠിനമായിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ നിങ്ങൾ: ഞങ്ങൾ നിന്റെ നേരെ എന്തു സംസാരിക്കുന്നു എന്നു ചോദിക്കുന്നു. യഹോവെക്കു ശുശ്രൂഷ ചെയ്യുന്നതു വ്യർത്ഥം; ഞങ്ങൾ അവന്റെ കാര്യം നോക്കുന്നതിനാലും സൈന്യങ്ങളുടെ യഹോവയുടെ മുമ്പാകെ കറുപ്പുടുത്തു നടന്നതിനാലും എന്തു പ്രയോജനമുള്ളു? ആകയാൽ ഞങ്ങൾ അഹങ്കാരികളെ ഭാഗ്യവാന്മാർ എന്നു പറയുന്നു; ദുഷ്പ്രവൃത്തിക്കാർ അഭ്യുദയം പ്രാപിക്കുന്നു; ദൈവത്തെ പരീക്ഷിക്കുന്നവർ ശിക്ഷ ഒഴിഞ്ഞുപോകുന്നു എന്നു നിങ്ങൾ പറയുന്നു. യഹോവാഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തന്മാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു. ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ അവർ എനിക്കു ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാൻ അവരെ ആദരിക്കും.
മലാഖി 3:13-17 സമകാലിക മലയാളവിവർത്തനം (MCV)
“നിങ്ങൾ എനിക്കെതിരേ മോശമായ കാര്യങ്ങൾ സംസാരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “എന്നിട്ടും നിങ്ങൾ, ‘എന്താണ് ഞങ്ങൾ അങ്ങേക്കെതിരേ പറഞ്ഞത്?’ എന്നു ചോദിക്കുന്നു. “ ‘ദൈവത്തെ സേവിക്കുന്നത് വ്യർഥമാണ്. സൈന്യങ്ങളുടെ യഹോവയുടെ കാര്യം അന്വേഷിച്ച്, അവിടത്തെ മുമ്പാകെ ദുഃഖാചരണം നടത്തുന്നവരെപ്പോലെ നടക്കുന്നതുകൊണ്ട് എന്തു പ്രയോജനം?’ എന്നു നിങ്ങൾ പറഞ്ഞു. ‘എന്നാൽ ഇപ്പോൾ അഹങ്കാരികളെ ഞങ്ങൾ അനുഗൃഹീതർ എന്നു വിളിക്കുന്നു. ദുഷ്കർമികൾ അഭിവൃദ്ധിപ്രാപിക്കുന്നു; മാത്രമല്ല, അവർ ദൈവത്തെ വെല്ലുവിളിച്ചാലും ശിക്ഷിക്കപ്പെടാതെ പോകുകയും ചെയ്യുന്നു,’ എന്നു നിങ്ങൾ പറയുന്നു.” എന്നാൽ, യഹോവാഭക്തർ പരസ്പരം സംസാരിച്ചു, യഹോവ ശ്രദ്ധയോടെ കേട്ടു. യഹോവയെ ഭയപ്പെടുന്നവർക്കും അവിടത്തെ നാമം ബഹുമാനിക്കുന്നവർക്കുംവേണ്ടി അവിടത്തെ സന്നിധിയിൽ ഒരു സ്മരണയുടെ ചുരുൾ എഴുതിവെച്ചിരിക്കുന്നു. സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ ഉണ്ടാക്കാനുള്ള ദിവസത്തിൽ അവർ എനിക്ക് ഒരു അവകാശനിക്ഷേപമായിരിക്കും. പിതാവ് തനിക്കു ശുശ്രൂഷചെയ്യുന്ന പുത്രനെ കരുണയോടെ സംരക്ഷിക്കുന്നതുപോലെ ഞാൻ അവരെ സംരക്ഷിക്കും.