മലാഖി 3:1-10

മലാഖി 3:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എനിക്കു മുമ്പായി വഴി നിരത്തേണ്ടതിനു ഞാൻ എന്റെ ദൂതനെ അയയ്ക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ അവൻ വരുന്ന ദിവസത്തെ ആർക്കു സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആർ നിലനില്ക്കും? അവൻ ഊതിക്കഴിക്കുന്നവന്റെ തീപോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും. അവൻ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ച് പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും; അങ്ങനെ അവർ നീതിയിൽ യഹോവയ്ക്കു വഴിപാട് അർപ്പിക്കും. അന്ന് യെഹൂദായുടെയും യെരൂശലേമിന്റെയും വഴിപാട് പുരാതനകാലത്തെന്നപോലെയും പണ്ടത്തെ ആണ്ടുകളിലെന്നപോലെയും യഹോവയ്ക്ക് പ്രസാദകരമായിരിക്കും. ഞാൻ ന്യായവിധിക്കായി നിങ്ങളോട് അടുത്തുവരും; ഞാൻ ക്ഷുദ്രക്കാർക്കും വ്യഭിചാരികൾക്കും കള്ളസ്സത്യം ചെയ്യുന്നവർക്കും കൂലിയുടെ കാര്യത്തിൽ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവർക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവർക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപോകാതിരിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതൽ നിങ്ങൾ എന്റെ ചട്ടങ്ങളെ പ്രമാണിക്കാതെ തെറ്റിനടന്നിരിക്കുന്നു; എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ നിങ്ങൾ: ഏതിൽ ഞങ്ങൾ മടങ്ങിവരേണ്ടൂ എന്നു ചോദിക്കുന്നു. മനുഷ്യനു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങൾ എന്നെ തോല്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിൽ ഞങ്ങൾ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നെ. നിങ്ങൾ, ഈ ജാതി മുഴുവനും തന്നെ, എന്നെ തോല്പിക്കുന്നതുകൊണ്ടു നിങ്ങൾ ശാപഗ്രസ്തരാകുന്നു. എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന് നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്ക് ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

പങ്ക് വെക്കു
മലാഖി 3 വായിക്കുക

മലാഖി 3:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇതാ എനിക്കു മുമ്പായി വഴിയൊരുക്കുവാൻ ഞാൻ എന്റെ ദൂതനെ അയയ്‍ക്കുന്നു; നിങ്ങൾ അന്വേഷിക്കുന്ന സർവേശ്വരൻ തന്റെ ആലയത്തിലേക്ക് ഉടൻ വരും; നിങ്ങൾക്കു പ്രിയങ്കരനായ ഉടമ്പടിയുടെ ദൂതൻ, ഇതാ വരുന്നു എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. എന്നാൽ അവിടുന്ന് ആഗതനാകുന്ന ദിനത്തെ അതിജീവിക്കാൻ ആർക്കു കഴിയും? അവിടുന്നു പ്രത്യക്ഷനാകുമ്പോൾ ആർക്കു നിലനില്‌ക്കാൻ കഴിയും. അവിടുന്ന് ഉലയിലെ ശുദ്ധീകരിക്കുന്ന തീപോലെയും അലക്കുകാരൻ ഉപയോഗിക്കുന്ന കാരംപോലെയും ആണ്. ഉലയിൽ വെള്ളി ശുദ്ധീകരിക്കുന്നവനെപ്പോലെ അവിടുന്ന് ലേവിയുടെ പുത്രന്മാരെ ശുദ്ധീകരിക്കും. അവർ കുറ്റമറ്റ വഴിപാടർപ്പിക്കുംവരെ പൊന്നും വെള്ളിയുമെന്നപോലെ അവിടുന്ന് അവരെ ശുദ്ധിചെയ്തുകൊണ്ടിരിക്കും. അന്നു യെഹൂദായുടെയും യെരൂശലേമിന്റെയും വഴിപാട് മുൻകാലങ്ങളിലെന്നപോലെ സർവേശ്വരനു പ്രസാദകരമായിരിക്കും. “അപ്പോൾ ന്യായവിധിക്കായി ഞാൻ നിങ്ങളുടെ അടുക്കൽ വരും; മന്ത്രവാദികൾക്കും വ്യഭിചാരികൾക്കും കള്ളസ്സത്യം ചെയ്യുന്നവർക്കും വേലക്കാരനെ കൂലിയിൽ വഞ്ചിക്കുന്നവർക്കും വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവർക്കും പരദേശികളോട് അന്യായം കാട്ടുന്നവർക്കും എന്നെ ഭയപ്പെടാത്തവർക്കും എതിരെ സാക്ഷ്യം വഹിക്കാൻ ഞാൻ ഉടനെ വരും.” ഇതു സർവശക്തനായ സർവേശ്വരന്റെ വചനം. സർവേശ്വരനായ ഞാൻ മാറ്റമില്ലാത്തവനാണ്; യാക്കോബിന്റെ പുത്രന്മാരേ, അതുകൊണ്ടാണ് നിങ്ങൾ നശിച്ചുപോകാതിരിക്കുന്നത്. നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതൽ നിങ്ങൾ എന്റെ ചട്ടങ്ങൾ ലംഘിച്ചു വഴിതെറ്റി നടന്നു. നിങ്ങൾ എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ, ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിച്ചുവരും എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. എന്നാൽ “എങ്ങനെയാണു ഞങ്ങൾ മടങ്ങിവരേണ്ടത്?” എന്നു നിങ്ങൾ ചോദിക്കുന്നു. മനുഷ്യൻ ദൈവത്തെ കൊള്ള ചെയ്യുമോ? എന്നിട്ടും നിങ്ങൾ എന്നെ കൊള്ള ചെയ്യുന്നു. “എങ്ങനെയാണു ഞങ്ങൾ അങ്ങയെ കൊള്ള ചെയ്യുന്നത്” എന്നു നിങ്ങൾ ചോദിക്കുന്നു. ദശാംശം നല്‌കുന്നതിലും വഴിപാടുകൾ അർപ്പിക്കുന്നതിലും തന്നെ. എന്നെ കൊള്ള ചെയ്യുന്നതിനാൽ, നിങ്ങൾ, അതേ ഈ ജനത മുഴുവൻ ശാപഗ്രസ്തരാകുന്നു. സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ ആലയത്തിൽ ആഹാരം ഉണ്ടായിരിക്കാൻ ദശാംശം മുഴുവൻ കലവറയിലേക്കു കൊണ്ടുവരുവിൻ. അങ്ങനെ എന്നെയൊന്നു പരീക്ഷിച്ചു നോക്കുക. ഞാൻ ആകാശത്തിന്റെ കിളിവാതിലുകൾ തുറന്ന് അനുഗ്രഹവർഷം സമൃദ്ധമായി ചൊരിയുകയില്ലേ?”

പങ്ക് വെക്കു
മലാഖി 3 വായിക്കുക

മലാഖി 3:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“എനിക്ക് മുമ്പായി വഴി നിരത്തേണ്ടതിനു ഞാൻ എന്‍റെ ദൂതനെ അയയ്ക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്ന് തന്‍റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ അവൻ വരുന്ന ദിവസത്തെ ആർക്ക് സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആര്‍ നിലനില്ക്കും? അവൻ ഊതിക്കഴിക്കുന്നവന്‍റെ തീപോലെയും അലക്കുന്നവരുടെ കാരംപോലെയും ആയിരിക്കും. അവൻ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ട് ലേവിപുത്രന്മാരെ ശുദ്ധീകരിച്ച് പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും; അങ്ങനെ അവർ നീതിയുടെ വഴിപാട് യഹോവയ്ക്കു അർപ്പിക്കും. അന്ന് യെഹൂദയുടെയും യെരൂശലേമിന്‍റെയും വഴിപാട് പുരാതനകാലത്തെന്നപോലെയും പണ്ടത്തെ വർഷങ്ങളിലെന്നപോലെയും യഹോവയ്ക്ക് പ്രസാദകരമായിരിക്കും. “ഞാൻ ന്യായവിധിക്കായി നിങ്ങളോട് അടുത്തുവരും; ഞാൻ ക്ഷുദ്രക്കാർക്കും വ്യഭിചാരികൾക്കും കള്ളസ്സത്യം ചെയ്യുന്നവർക്കും കൂലിയുടെ കാര്യത്തിൽ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവർക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവർക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ട് യാക്കോബിന്‍റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപേകാതിരിക്കുന്നു. “നിങ്ങളുടെ പിതാക്കന്മാരുടെ കാലം മുതൽ നിങ്ങൾ എന്‍റെ ചട്ടങ്ങളെ പ്രമാണിക്കാതെ തെറ്റിനടന്നിരിക്കുന്നു; എന്‍റെ അടുക്കലേക്ക് മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “എന്നാൽ നിങ്ങൾ: ‘ഏതിൽ ഞങ്ങൾ മടങ്ങിവരേണ്ടു?’ എന്നു ചോദിക്കുന്നു.” “മനുഷ്യന് ദൈവത്തെ തോല്പ്പിക്കാമോ? എങ്കിലും നിങ്ങൾ എന്നെ തോൽപിക്കുന്നു. എന്നാൽ നിങ്ങൾ: ‘ഏതിൽ ഞങ്ങൾ നിന്നെ തോൽപിക്കുന്നു’ എന്നു ചോദിക്കുന്നു.” “ദശാംശത്തിലും വഴിപാടിലും തന്നെ. നിങ്ങൾ, ഈ ജനത മുഴുവനും തന്നെ, എന്നെ തോൽപിക്കുന്നതുകൊണ്ടു നിങ്ങൾ ശാപഗ്രസ്തരാകുന്നു. എന്‍റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന് നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്ക് ആകാശത്തിന്‍റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിക്കുവിൻ” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

പങ്ക് വെക്കു
മലാഖി 3 വായിക്കുക

മലാഖി 3:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ അവൻ വരുന്ന ദിവസത്തെ ആർക്കു സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആർ നിലനില്ക്കും? അവൻ ഊതിക്കഴിക്കുന്നവന്റെ തീപോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും. അവൻ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ചു പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും; അങ്ങനെ അവർ നീതിയിൽ യഹോവെക്കു വഴിപാടു അർപ്പിക്കും. അന്നു യെഹൂദയുടെയും യെരൂശലേമിന്റെയും വഴിപാടു പുരാതനകാലത്തെന്നപോലെയും പണ്ടത്തെ ആണ്ടുകളിലെന്നപോലെയും യഹോവെക്കു പ്രസാദകരമായിരിക്കും. ഞാൻ ന്യായവിധിക്കായി നിങ്ങളോടു അടുത്തുവരും; ഞാൻ ക്ഷുദ്രക്കാർക്കും വ്യഭിചാരികൾക്കും കള്ളസ്സത്യം ചെയ്യുന്നവർക്കും കൂലിയുടെ കാര്യത്തിൽ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവർക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവർക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപേകാതിരിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതൽ നിങ്ങൾ എന്റെ ചട്ടങ്ങളെ പ്രമാണിക്കാതെ തെറ്റിനടന്നിരിക്കുന്നു; എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ നിങ്ങൾ: ഏതിൽ ഞങ്ങൾ മടങ്ങിവരേണ്ടു എന്നു ചോദിക്കുന്നു. മനുഷ്യന്നു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങൾ എന്നെ തോല്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിൽ ഞങ്ങൾ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നേ. നിങ്ങൾ, ഈ ജാതി മുഴുവനും തന്നേ, എന്നെ തോല്പിക്കുന്നതുകൊണ്ടു നിങ്ങൾ ശാപഗ്രസ്തരാകുന്നു. എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

പങ്ക് വെക്കു
മലാഖി 3 വായിക്കുക

മലാഖി 3:1-10 സമകാലിക മലയാളവിവർത്തനം (MCV)

“ഇതാ, എനിക്കുമുമ്പേ വഴിയൊരുക്കേണ്ടതിന് ഞാൻ എന്റെ സന്ദേശവാഹകനെ അയയ്ക്കും. നിങ്ങൾ അന്വേഷിക്കുന്ന കർത്താവ് പെട്ടെന്നുതന്നെ തന്റെ ആലയത്തിലേക്ക് വരും; നിങ്ങൾ ഇഷ്ടപ്പെടുന്നവനായ ഉടമ്പടിയുടെ ദൂതൻ വരും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ അവിടത്തെ വരവിന്റെ ദിവസത്തെ ആർക്ക് അതിജീവിക്കാൻ കഴിയും? അവിടന്നു പ്രത്യക്ഷനാകുമ്പോൾ ആർക്ക് അവിടത്തെ മുമ്പിൽ നിൽക്കാൻ കഴിയും? കാരണം അവിടന്ന് ഉലയിലെ അഗ്നിപോലെയും അലക്കുകാരന്റെ കാരംപോലെയും ആയിരിക്കും. വെള്ളി ഉലയിൽ ശുദ്ധിവരുത്തുന്നവനെപ്പോലെ അവിടന്ന് ലേവിപുത്രന്മാരെ ശുദ്ധീകരിക്കും, സ്വർണംപോലെയും വെള്ളിപോലെയും അവിടന്ന് അവരെ നിർമലീകരിക്കും. അങ്ങനെ അവർ ഒരിക്കൽക്കൂടി യഹോവയ്ക്ക് നീതിയിൽ യാഗങ്ങൾ അർപ്പിക്കുന്നവരായിത്തീരും. അപ്പോൾ യെഹൂദയുടെയും ജെറുശലേമിന്റെയും വഴിപാട് പുരാതനകാലത്തു കഴിഞ്ഞുപോയ ദിവസങ്ങൾപോലെ യഹോവയ്ക്കു പ്രസാദകരമാകും. “ഞാൻ നിന്നെ വിസ്തരിക്കുന്നതിനായി അടുത്തുവരും. ആഭിചാരകർ, വ്യഭിചാരികൾ, കള്ളശപഥംചെയ്യുന്നവർ. വേലക്കാരെ കൂലിയിൽ വഞ്ചിക്കുന്നവർ, വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവർ, എന്നെ ഭയപ്പെടാതെ പ്രവാസികളുടെ ന്യായം മറിച്ചുകളയുന്നവർ എന്നിവർക്കെല്ലാം എതിരേ ഞാൻ ഉടൻതന്നെ സാക്ഷ്യംപറയും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “യഹോവയായ ഞാൻ മാറ്റമില്ലാത്തവൻ. അതുകൊണ്ട് യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപോകാതിരിക്കുന്നു. നിങ്ങളുടെ പൂർവികരുടെ കാലംമുതൽ എന്റെ ഉത്തരവുകളിൽനിന്ന് നിങ്ങൾ വ്യതിചലിച്ചു; അവയെ പ്രമാണിച്ചതുമില്ല. എന്റെ അടുക്കലേക്ക് മടങ്ങിവരുക, അപ്പോൾ ഞാൻ നിങ്ങളുടെ അടുക്കലേക്കു മടങ്ങിവരും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “ ‘എന്നാൽ ഞങ്ങൾ എങ്ങനെയാണ് മടങ്ങിവരേണ്ടത്?’ എന്നു നിങ്ങൾ ചോദിക്കുന്നു. “മനുഷ്യൻ ദൈവത്തെ കൊള്ളയടിക്കുമോ? എന്നാൽ നിങ്ങൾ എന്നെ കൊള്ളചെയ്യുന്നു. “എന്നാൽ നിങ്ങൾ ചോദിക്കുന്നു: എങ്ങനെയാണു ഞങ്ങൾ അങ്ങയെ കൊള്ളചെയ്യുന്നത്? “ദശാംശങ്ങളിലും വഴിപാടുകളിലുംതന്നെ. നിങ്ങൾ മുഴുവൻ ജനതയും എന്നെ കൊള്ളയിടുന്നതുകൊണ്ട് ശാപഗ്രസ്തരാണ്. എന്റെ ആലയത്തിൽ ആഹാരം ഉണ്ടായിരിക്കേണ്ടതിനു നിങ്ങൾ ദശാംശം മുഴുവൻ കലവറയിലേക്കു കൊണ്ടുവരിക. ഞാൻ നിങ്ങൾക്കായി സ്വർഗകവാടങ്ങൾ തുറന്നു സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹങ്ങൾ വർഷിക്കുകയില്ലയോ? എന്നെ ഇതിനാൽ പരീക്ഷിക്കുക,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

പങ്ക് വെക്കു
മലാഖി 3 വായിക്കുക