മലാഖി 2:1-16
മലാഖി 2:1-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇപ്പോഴോ പുരോഹിതന്മാരേ, ഈ ആജ്ഞ നിങ്ങളോട് ആകുന്നു. നിങ്ങൾ കേട്ടനുസരിക്കയും എന്റെ നാമത്തിനു മഹത്ത്വം കൊടുപ്പാൻ തക്കവണ്ണം മനസ്സുവയ്ക്കുകയും ചെയ്യാഞ്ഞാൽ ഞാൻ നിങ്ങളുടെമേൽ ശാപം അയച്ച് നിങ്ങൾക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതേ, നിങ്ങൾ മനസ്സുവയ്ക്കായ്കകൊണ്ടു ഞാൻ അവയെ ശപിച്ചുമിരിക്കുന്നു. ഞാൻ നിങ്ങൾക്കുള്ള സന്തതിയെ ഭർത്സിക്കയും ചാണകം, നിങ്ങളുടെ ഉത്സവങ്ങളിലെ ചാണകം തന്നെ, നിങ്ങളുടെ മുഖത്തു വിതറുകയും അവർ നിങ്ങളെ അതിനോടുകൂടെ കൊണ്ടുപോകയും ചെയ്യും. ലേവിയോടുള്ള എന്റെ നിയമം നിലനില്പാൻ തക്കവണ്ണം ഞാൻ ഈ ആജ്ഞ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. അവനോടുള്ള എന്റെ നിയമം ജീവനും സമാധാനവുമായിരുന്നു; അവൻ ഭയപ്പെടേണ്ടതിനു ഞാൻ അവന് അവയെ കൊടുത്തു; അവൻ എന്നെ ഭയപ്പെട്ട് എന്റെ നാമം നിമിത്തം വിറയ്ക്കയും ചെയ്തു. നേരുള്ള ഉപദേശം അവന്റെ വായിൽ ഉണ്ടായിരുന്നു; നീതികേട് അവന്റെ അധരങ്ങളിൽ കണ്ടതുമില്ല; സമാധാനമായും പരമാർഥമായും അവൻ എന്നോടുകൂടെ നടന്ന് പലരെയും അകൃത്യം വിട്ടുതിരിയുമാറാക്കി; പുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാൽ അവന്റെ അധരങ്ങൾ പരിജ്ഞാനം സൂക്ഷിച്ചുവയ്ക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ. നിങ്ങളോ വഴി വിട്ടുമാറി പലരെയും ഉപദേശത്താൽ ഇടറുമാറാക്കി ലേവിയുടെ നിയമം നശിപ്പിച്ചിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. അങ്ങനെ നിങ്ങൾ എന്റെ വഴികളെ പ്രമാണിക്കാതെ ന്യായപാലനത്തിൽ പക്ഷഭേദം കാണിച്ചതുകൊണ്ട് ഞാനും നിങ്ങളെ സകല ജനത്തിനും നിന്ദിതരും നീചരുമാക്കിയിരിക്കുന്നു. നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളത്; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചത്; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിനു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്? യെഹൂദാ ദ്രോഹം ചെയ്തു; യിസ്രായേലിലും യെരൂശലേമിലും മ്ലേച്ഛത സംഭവിച്ചിരിക്കുന്നു; യഹോവയ്ക്ക് ഇഷ്ടമായുള്ള അവന്റെ വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി ഒരു അന്യദേവന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നു. അങ്ങനെ ചെയ്യുന്ന മനുഷ്യനു യഹോവ ചോദിക്കുന്നവനെയും ഉത്തരം പറയുന്നവനെയും സൈന്യങ്ങളുടെ യഹോവയ്ക്കു വഴിപാട് അർപ്പിക്കുന്നവനെയും യാക്കോബിന്റെ കൂടാരങ്ങളിൽനിന്നു ഛേദിച്ചുകളയും. രണ്ടാമത് നിങ്ങൾ ഇങ്ങനെ ചെയ്യുന്നു: യഹോവ ഇനി വഴിപാടു കടാക്ഷിക്കയോ നിങ്ങളുടെ കൈയിൽനിന്ന് പ്രസാദമുള്ളതു കൈക്കൊൾകയോ ചെയ്യാതവണ്ണം നിങ്ങൾ അവന്റെ യാഗപീഠത്തെ കണ്ണുനീർകൊണ്ടും കരച്ചൽകൊണ്ടും ഞരക്കംകൊണ്ടും മൂടിക്കളയുന്നു. എന്നാൽ നിങ്ങൾ അത് എന്തുകൊണ്ട് എന്നു ചോദിക്കുന്നു. യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്റെ യൗവനത്തിലെ ഭാര്യക്കും മധ്യേ സാക്ഷിയായിരുന്നതുകൊണ്ടു തന്നെ; അവൾ നിന്റെ കൂട്ടാളിയും നിന്റെ ധർമപത്നിയുമല്ലോ. ലേശംപോലും സുബോധം ശേഷിച്ചിരുന്ന ഒരുത്തൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. എന്നാൽ ആ ഒരുത്തൻ എന്തു ചെയ്തു? ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ അവൻ അന്വേഷിച്ചു. നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ; തന്റെ യൗവനത്തിലെ ഭാര്യയോട് ആരും അവിശ്വസ്തത കാണിക്കരുത്. ഞാൻ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: അതു ചെയ്യുന്നവൻ തന്റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ നിങ്ങൾ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിനു നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ.
മലാഖി 2:1-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“പുരോഹിതന്മാരേ, ഇതാ! ഈ കല്പന നിങ്ങളോടാണ്. നിങ്ങൾ ശ്രദ്ധിക്കാതിരിക്കുകയും എന്റെ നാമത്തെ പ്രകീർത്തിക്കുന്നതിൽ മനസ്സുവയ്‍ക്കാതിരിക്കുകയും ചെയ്താൽ ഞാൻ നിങ്ങളുടെമേൽ ശാപം അയയ്‍ക്കും. നിങ്ങളുടെ അനുഗ്രഹങ്ങളെ ശാപമാക്കും.” സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അതേ, നിങ്ങൾ എന്റെ നാമത്തെ പ്രകീർത്തിക്കുന്നതിനു മനസ്സുവയ്‍ക്കാഞ്ഞതിനാൽ ഞാൻ അവയെ ശാപമാക്കിയിരിക്കുന്നു. ഞാൻ നിങ്ങളുടെ സന്തതിയെ ശകാരിക്കും. യാഗമൃഗങ്ങളുടെ ചാണകം നിങ്ങളുടെ മുഖത്തു തേയ്‍ക്കും. എന്റെ സന്നിധിയിൽ നിന്നു ഞാൻ നിങ്ങളെ പുറത്താക്കും. അങ്ങനെ ലേവിയോടുള്ള എന്റെ ഉടമ്പടി നിലനിർത്താനാണ് ഞാൻ ഈ കല്പന അയച്ചിരിക്കുന്നതെന്നു നിങ്ങൾ അറിയും.” ലേവിയോടുള്ള എന്റെ ഉടമ്പടി ജീവന്റെയും സമാധാനത്തിന്റെയും ഉടമ്പടിയായിരുന്നു. അവൻ ഭയഭക്തിയോടെ പെരുമാറാനാണ് ഞാനതു നല്‌കിയത്. അവൻ എന്നെ ഭയപ്പെടുകയും എന്റെ നാമത്തോടുള്ള ഭയഭക്തി അവനിൽ നിറയുകയും ചെയ്തു. യഥാർഥമായ പ്രബോധനം അവന്റെ നാവിൽ ഉണ്ടായിരുന്നു. ഒരു തെറ്റും അവന്റെ അധരങ്ങളിൽ കണ്ടില്ല. സത്യസന്ധമായും സമാധാനമായും അവൻ എന്റെകൂടെ നടന്നു. പലരെയും അകൃത്യത്തിൽനിന്നു പിന്തിരിപ്പിച്ചു. പുരോഹിതൻ സർവശക്തനായ സർവേശ്വരന്റെ ദൂതനാകയാൽ അധരത്തിൽ ജ്ഞാനം സൂക്ഷിക്കണം. ജനം അയാളിൽനിന്നു പ്രബോധനം തേടണം. നിങ്ങളാകട്ടെ നേർവഴി വിട്ടുമാറി; നിങ്ങളുടെ ഉപദേശത്താൽ പലരെയും ഇടറിവീഴുമാറാക്കി. നിങ്ങൾ ലേവിയുമായുള്ള എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു എന്നു സർവശക്തനായ ദൈവം അരുളിച്ചെയ്യുന്നു. അങ്ങനെ നിങ്ങൾ എന്റെ വഴികൾ അനുസരിക്കാതെ പ്രബോധനം നല്‌കിയതിൽ എത്രമാത്രം പക്ഷഭേദം കാണിച്ചുവോ അത്രമാത്രം ഞാൻ നിങ്ങളെ സർവമനുഷ്യരുടെയും മുമ്പിൽ നിന്ദിതരും നികൃഷ്ടരും ആക്കും. നമുക്കെല്ലാവർക്കും ഒരേ പിതാവല്ലേ ഉള്ളത്? ഒരേ ദൈവമല്ലേ നമ്മെയെല്ലാം സൃഷ്‍ടിച്ചത്? പിന്നെയെന്തിനു നാം അന്യോന്യം അവിശ്വസ്തത കാട്ടി നമ്മുടെ പിതാക്കന്മാരോടുള്ള ഉടമ്പടിയുടെ പവിത്രത നശിപ്പിക്കുന്നു? യെഹൂദാ അവിശ്വസ്തത കാട്ടിയിരിക്കുന്നു. മ്ലേച്ഛമായ പ്രവൃത്തികൾ ഇസ്രായേലിലും യെരൂശലേമിലും നടന്നിരിക്കുന്നു. സർവേശ്വരനു പ്രിയപ്പെട്ട അവിടുത്തെ മന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി; അന്യദേവന്റെ പുത്രിയെ അവൻ വിവാഹം ചെയ്തിരിക്കുന്നു. ഇങ്ങനെ ചെയ്യുന്ന മനുഷ്യൻ ആരായാലും, അവൻ സർവശക്തനായ സർവേശ്വരന്റെ മുമ്പിൽ സാക്ഷ്യം പറയുന്നവനോ ഉത്തരം പറയുന്നവനോ വഴിപാടർപ്പിക്കുന്നവനോ ആയാൽപോലും അവനെ യാക്കോബിന്റെ കൂടാരത്തിൽനിന്ന് അവിടുന്നു ഛേദിച്ചുകളയട്ടെ. നിങ്ങൾ ചെയ്യുന്ന മറ്റൊരു കാര്യം ഇതാണ്. സർവേശ്വരൻ നിങ്ങളുടെ വഴിപാടിലേക്കു തിരിഞ്ഞുനോക്കുകയോ, അവ സംപ്രീതിയോടെ കൈക്കൊള്ളുകയോ ചെയ്യാത്തതിനാൽ നിങ്ങൾ തേങ്ങിക്കരഞ്ഞു കണ്ണുനീരുകൊണ്ട് സർവേശ്വരന്റെ യാഗപീഠം മൂടുന്നു. എന്തുകൊണ്ട് അവിടുന്ന് ഇതു കൈക്കൊള്ളുന്നില്ല എന്നു നിങ്ങൾ ചോദിക്കുന്നു. നീയും നിന്റെ യൗവനത്തിലെ ഭാര്യയും തമ്മിലുള്ള ഉടമ്പടിക്കു സർവേശ്വരൻ സാക്ഷി ആയിരിക്കുന്നതുകൊണ്ടു തന്നെ; ഉടമ്പടിപ്രകാരം അവൾ നിന്റെ ജീവിതപങ്കാളിയും ധർമപത്നിയുമാണല്ലോ. എന്നിട്ടും നീയവളോട് അവിശ്വസ്തത കാണിച്ചു. ഏകദൈവമല്ലേ ജീവചൈതന്യം സൃഷ്‍ടിച്ചു നമ്മെ നിലനിർത്തുന്നത്? അവിടുന്ന് എന്താണ് ആഗ്രഹിക്കുന്നത്? ദൈവഭക്തരായ സന്തതികളെത്തന്നെ. അതുകൊണ്ടു നിങ്ങൾ സ്വയം സൂക്ഷിക്കുക; നിങ്ങളുടെ യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാട്ടരുത്. വിവാഹമോചനം ഞാൻ വെറുക്കുന്നു; ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവളോട് അക്രമം കാട്ടുന്നു എന്ന് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. അതുകൊണ്ട് നിങ്ങൾ സ്വയം സൂക്ഷിക്കുക; അവിശ്വസ്തത കാട്ടാതിരിക്കുക.
മലാഖി 2:1-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഇപ്പോഴോ പുരോഹിതന്മാരേ, ഈ കല്പന നിങ്ങളോട് ആകുന്നു. നിങ്ങൾ കേട്ടനുസരിക്കുകയും എന്‍റെ നാമത്തിന് മഹത്ത്വം കൊടുക്കുവാൻ തക്കവിധം മനസ്സുവയ്ക്കുകയും ചെയ്യാതിരുന്നാൽ ഞാൻ നിങ്ങളുടെമേൽ ശാപം അയച്ച് നിങ്ങൾക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “അതേ, നിങ്ങൾ മനസ്സു വെക്കായ്കകൊണ്ടു ഞാൻ അവയെ ശപിച്ചുമിരിക്കുന്നു. ഞാൻ നിങ്ങൾക്കുള്ള സന്തതിയെ ശാസിക്കുകയും ചാണകം, നിങ്ങളുടെ ഉത്സവങ്ങളിലെ ചാണകം തന്നെ, നിങ്ങളുടെ മുഖത്തു വിതറുകയും അവർ നിങ്ങളെ അതിനോടുകൂടി കൊണ്ടുപോകുകയും ചെയ്യും. ലേവിയോടുള്ള എന്റെ നിയമം നിലനിൽക്കുവാൻ തക്കവിധം ഞാൻ ഈ കല്പന നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “അവനോടുള്ള എന്റെ നിയമം ജീവനും സമാധാനവുമായിരുന്നു; അവൻ ഭയപ്പെടേണ്ടതിനു ഞാൻ അവന് അവയെ കൊടുത്തു; അവൻ എന്നെ ഭയപ്പെട്ട് എന്‍റെ നാമംനിമിത്തം വിറയ്ക്കുകയും ചെയ്തു. നേരുള്ള ഉപദേശം അവന്റെ വായിൽ ഉണ്ടായിരുന്നു; നീതികേട് അവന്റെ അധരങ്ങളിൽ കണ്ടതുമില്ല; സമാധാനമായും പരമാർത്ഥമായും അവൻ എന്നോടുകൂടി നടന്ന് പലരെയും അകൃത്യം വിട്ടുതിരിയുമാറാക്കി; പുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാൽ അവന്റെ അധരങ്ങൾ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ജനം ഉപദേശം അവനോട് ചോദിച്ചു പഠിക്കേണ്ടതും അല്ലയോ. നിങ്ങളോ വഴി വിട്ടുമാറി പലരെയും ഉപദേശത്താൽ ഇടറുമാറാക്കി ലേവിയുടെ നിയമം നശിപ്പിച്ചിരിക്കുന്നു” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “അങ്ങനെ നിങ്ങൾ എന്റെ വഴികളെ പ്രമാണിക്കാതെ ന്യായപാലനത്തിൽ പക്ഷഭേദം കാണിച്ചതുകൊണ്ട് ഞാനും നിങ്ങളെ സകലജനത്തിനും നിന്ദിതരും നീചരുമാക്കിയിരിക്കുന്നു.” നമുക്കെല്ലാവർക്കും ഒരു പിതാവല്ലയോ ഉള്ളത്; ഒരു ദൈവം തന്നെയല്ലയോ നമ്മെ സൃഷ്ടിച്ചത്; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിനു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്? യെഹൂദാ ദ്രോഹം ചെയ്തു; യിസ്രായേലിലും യെരൂശലേമിലും മ്ലേച്ഛത സംഭവിച്ചിരിക്കുന്നു; യഹോവയ്ക്ക് ഇഷ്ടമായുള്ള അവന്റെ വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി ഒരു അന്യദേവന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നു. ബോധവാനായിരുന്നിട്ടും ഇങ്ങനെ ചെയ്യുന്ന മനുഷ്യനെ, സൈന്യങ്ങളുടെ യഹോവയ്ക്കു വഴിപാട് അർപ്പിക്കുന്നവനെ തന്നെ യഹോവ യാക്കോബിന്‍റെ കൂടാരങ്ങളിൽനിന്നു ഛേദിച്ചുകളയും. രണ്ടാമത് നിങ്ങൾ ഇങ്ങനെ ചെയ്യുന്നു: യഹോവ ഇനി വഴിപാട് കടാക്ഷിക്കുകയോ നിങ്ങളുടെ കൈയിൽനിന്ന് പ്രസാദമുള്ളതു കൈക്കൊള്ളുകയോ ചെയ്യാത്തവിധം നിങ്ങൾ അവന്റെ യാഗപീഠത്തെ കണ്ണുനീർകൊണ്ടും കരച്ചിൽകൊണ്ടും ഞരക്കംകൊണ്ടും മൂടിക്കളയുന്നു. എന്നാൽ നിങ്ങൾ: “അത് എന്തുകൊണ്ട്” എന്നു ചോദിക്കുന്നു. യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്റെ യൗവനത്തിലെ ഭാര്യക്കും മദ്ധ്യത്തിൽ സാക്ഷിയായിരുന്നതുകൊണ്ടുതന്നെ; അവൾ നിന്റെ കൂട്ടാളിയും നിന്‍റെ ഉഭയസമ്മതത്തിന്‍റെ പത്നിയുമല്ലോ. ലേശംപോലും സുബോധം ശേഷിച്ചിരുന്ന ഒരുത്തൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. എന്നാൽ ആ ഒരുത്തൻ എന്ത് ചെയ്തു? ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ അവൻ അന്വേഷിച്ചു. നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊള്ളുവിൻ. ഏകശരീരവും ഏകാത്മാവുമായിട്ടല്ലയോ ദൈവം നിങ്ങളെ സൃഷ്ടിച്ചത്. ദൈവഭക്തരായ സന്തതികളെ അല്ലാതെ എന്താണ് ദൈവം ആഗ്രഹിക്കുന്നത്? അതുകൊണ്ട് യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാണിക്കാതിരിക്കാൻ ശ്രദ്ധിക്കുവിൻ. “ഞാൻ ഉപേക്ഷണം വെറുക്കുന്നു” എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: “അത് ചെയ്യുന്നവൻ തന്റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ നിങ്ങൾ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിനു നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊള്ളുവിൻ.
മലാഖി 2:1-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇപ്പോഴോ പുരോഹിതന്മാരേ, ഈ ആജ്ഞ നിങ്ങളോടു ആകുന്നു. നിങ്ങൾ കേട്ടനുസരിക്കയും എന്റെ നാമത്തിന്നു മഹത്വം കൊടുപ്പാൻ തക്കവണ്ണം മനസ്സുവെക്കുകയും ചെയ്യാഞ്ഞാൽ ഞാൻ നിങ്ങളുടെ മേൽ ശാപം അയച്ചു നിങ്ങൾക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതേ, നിങ്ങൾ മനസ്സു വെക്കായ്കകൊണ്ടു ഞാൻ അവയെ ശപിച്ചുമിരിക്കുന്നു. ഞാൻ നിങ്ങൾക്കുള്ള സന്തതിയെ ഭർത്സിക്കയും ചാണകം, നിങ്ങളുടെ ഉത്സവങ്ങളിലെ ചാണകം തന്നേ, നിങ്ങളുടെ മുഖത്തു വിതറുകയും അവർ നിങ്ങളെ അതിനോടുകൂടെ കൊണ്ടുപോകയും ചെയ്യും. ലേവിയോടുള്ള എന്റെ നിയമം നിലനില്പാൻ തക്കവണ്ണം ഞാൻ ഈ ആജ്ഞ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. അവനോടുള്ള എന്റെ നിയമം ജീവനും സമാധാനവുമായിരുന്നു; അവൻ ഭയപ്പെടേണ്ടതിന്നു ഞാൻ അവന്നു അവയെ കൊടുത്തു; അവൻ എന്നെ ഭയപ്പെട്ടു എന്റെ നാമംനിമിത്തം വിറെക്കയും ചെയ്തു. നേരുള്ള ഉപദേശം അവന്റെ വായിൽ ഉണ്ടായിരുന്നു; നീതികേടു അവന്റെ അധരങ്ങളിൽ കണ്ടതുമില്ല; സമാധാനമായും പരമാർത്ഥമായും അവൻ എന്നോടുകൂടെ നടന്നു പലരെയും അകൃത്യം വിട്ടുതിരിയുമാറാക്കി; പുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാൽ അവന്റെ അധരങ്ങൾ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ. നിങ്ങളോ വഴി വിട്ടുമാറി പലരെയും ഉപദേശത്താൽ ഇടറുമാറാക്കി ലേവിയുടെ നിയമം നശിപ്പിച്ചിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. അങ്ങനെ നിങ്ങൾ എന്റെ വഴികളെ പ്രമാണിക്കാതെ ന്യായപാലനത്തിൽ പക്ഷഭേദം കാണിച്ചതുകൊണ്ടു ഞാനും നിങ്ങളെ സകലജനത്തിന്നും നിന്ദിതരും നീചരുമാക്കിയിരിക്കുന്നു. നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു? യെഹൂദാ ദ്രോഹം ചെയ്തു; യിസ്രായേലിലും യെരൂശലേമിലും മ്ലേച്ഛത സംഭവിച്ചിരിക്കുന്നു; യഹോവെക്കു ഇഷ്ടമായുള്ള അവന്റെ വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി ഒരു അന്യദേവന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നു. അങ്ങനെ ചെയ്യുന്ന മനുഷ്യന്നു യഹോവ ചോദിക്കുന്നവനെയും ഉത്തരം പറയുന്നവനെയും സൈന്യങ്ങളുടെ യഹോവെക്കു വഴിപാടു അർപ്പിക്കുന്നവനെയും യാക്കോബിന്റെ കൂടാരങ്ങളിൽ നിന്നു ഛേദിച്ചുകളയും. രണ്ടാമതു നിങ്ങൾ ഇങ്ങനെ ചെയ്യുന്നു: യഹോവ ഇനി വഴിപാടു കടാക്ഷിക്കയോ നിങ്ങളുടെ കയ്യിൽനിന്നു പ്രസാദമുള്ളതു കൈക്കൊൾകയോ ചെയ്യാതവണ്ണം നിങ്ങൾ അവന്റെ യാഗപീഠത്തെ കണ്ണുനീർകൊണ്ടും കരച്ചൽകൊണ്ടും ഞരക്കംകൊണ്ടും മൂടിക്കളയുന്നു. എന്നാൽ നിങ്ങൾ: അതു എന്തുകൊണ്ടു എന്നു ചോദിക്കുന്നു. യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്റെ യൗവനത്തിലെ ഭാര്യക്കും മദ്ധ്യേ സാക്ഷിയായിരുന്നതുകൊണ്ടു തന്നേ; അവൾ നിന്റെ കൂട്ടാളിയും നിന്റെ ധർമ്മപത്നിയുമല്ലോ. ലേശംപോലും സുബോധം ശേഷിച്ചിരുന്ന ഒരുത്തൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. എന്നാൽ ആ ഒരുത്തൻ എന്തു ചെയ്തു? ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ അവൻ അന്വേഷിച്ചു. നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ; തന്റെ യൗവനത്തിലെ ഭാര്യയോടു ആരും അവിശ്വസ്തത കാണിക്കരുതു. ഞാൻ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: അതു ചെയ്യുന്നവൻ തന്റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ നിങ്ങൾ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിന്നു നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ.
മലാഖി 2:1-16 സമകാലിക മലയാളവിവർത്തനം (MCV)
“ഇപ്പോൾ പുരോഹിതന്മാരേ, ഈ ആജ്ഞ നിങ്ങളോടാകുന്നു. നിങ്ങൾ എന്നെ ശ്രദ്ധിക്കാതെയും എന്റെ നാമത്തിനുതക്ക മഹത്ത്വം നൽകാൻ മനസ്സുവെക്കാതെയുമിരുന്നാൽ, നിങ്ങളുടെമേൽ ശാപം അയച്ചു നിങ്ങളുടെ അനുഗ്രഹങ്ങളെ ഞാൻ ശാപം ആക്കും.” സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു, അതേ, നിങ്ങൾ എന്നെ മഹത്ത്വപ്പെടുത്താൻ മനസ്സുവെക്കാതെ ഇരിക്കുന്നതിനാൽ ഞാൻ ഇപ്പോൾത്തന്നെ ശപിച്ചുമിരിക്കുന്നു. “നിങ്ങൾനിമിത്തം ഞാൻ നിങ്ങളുടെ സന്തതികളെ ശാസിക്കും; നിങ്ങളുടെ ഉത്സവബലികളിലെ ചാണകംതന്നെ നിങ്ങളുടെ മുഖത്തു ഞാൻ വിതറും, നിങ്ങളെ അതിനോടുകൂടെ കൊണ്ടുപോകുകയും ചെയ്യും. ലേവിയോടുള്ള എന്റെ ഉടമ്പടി നിലനിൽക്കേണ്ടതിനാണ് ഈ ആജ്ഞ ഞാൻ നിങ്ങൾക്കു നൽകിയിരിക്കുന്നതെന്ന് അങ്ങനെ നിങ്ങൾ അറിയും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “എന്റെ ഉടമ്പടി അവനോടൊപ്പം ഉണ്ടായിരുന്നു, ജീവന്റെയും സമാധാനത്തിന്റെയും ഉടമ്പടി ആയിരുന്നു; അവൻ ഭയപ്പെടേണ്ടതിന് ഞാൻ അവ അവനു നൽകി. അവൻ എന്നെ ഭയപ്പെടുകയും എന്റെ നാമത്തിൽ വിറയ്ക്കുകയും ചെയ്തു. സത്യമായ ഉപദേശം അവന്റെ വായിൽ ഉണ്ടായിരുന്നു. അവന്റെ അധരത്തിൽ ഒരുതെറ്റും കണ്ടെത്തിയില്ല. സമാധാനത്തിലും പരമാർഥതയിലും അവൻ എന്നോടൊപ്പം നടന്നു. പലരെയും പാപത്തിൽനിന്നു പിന്തിരിപ്പിച്ചു. “പുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകുകയാൽ അദ്ദേഹം തന്റെ അധരത്തിൽ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതാകുന്നു. അദ്ദേഹത്തിന്റെ അധരങ്ങളിൽനിന്ന് ജനം പ്രബോധനം നേടുന്നു. എന്നാൽ നിങ്ങൾ വഴിതെറ്റി, നിങ്ങളുടെ ഉപദേശങ്ങൾ അനേകർക്ക് ഇടർച്ചയായിത്തീർന്നിരിക്കുന്നു; നിങ്ങൾ ലേവിയുമായുള്ള ഉടമ്പടി ലംഘിച്ചിരിക്കുന്നു എന്ന്,” സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “അങ്ങനെ നിങ്ങൾ എന്റെ നിർദേശങ്ങൾ വിട്ടുമാറി ന്യായപാലനത്തിൽ പക്ഷഭേദം കാണിച്ചതുകൊണ്ട് ഞാൻ നിങ്ങളെ സകലജനത്തിന്റെയും മുമ്പിൽ നിന്ദിതരും നികൃഷ്ടരുമാക്കിയിരിക്കുന്നു.” നമുക്കെല്ലാവർക്കും ഒരു പിതാവല്ലേ ഉള്ളത്? ഒരു ദൈവംതന്നെയല്ലേ നമ്മെ സൃഷ്ടിച്ചത്? നാം പരസ്പരം അവിശ്വസ്തരായിരിക്കുന്നതിലൂടെ എന്തിനു നമ്മുടെ പിതാക്കന്മാരുടെ ഉടമ്പടിയെ അശുദ്ധമാക്കുന്നു? യെഹൂദാ അവിശ്വസ്തത കാണിച്ചിരിക്കുന്നു. ജെറുശലേമിലും ഇസ്രായേലിലും മ്ലേച്ഛത പ്രവർത്തിച്ചിരിക്കുന്നു. ഒരു അന്യദേവന്റെ മകളെ വിവാഹംചെയ്തതിലൂടെ യഹോവയ്ക്കു പ്രിയപ്പെട്ട അവിടത്തെ വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കിയിരിക്കുന്നു. ഇങ്ങനെ ചെയ്യുന്ന മനുഷ്യൻ, അയാൾ ആരായിരുന്നാലും, യഹോവയ്ക്ക് യാഗമർപ്പിക്കുന്ന വ്യക്തി ആയിരുന്നാൽപോലും, സൈന്യങ്ങളുടെ യഹോവ അയാളെ യാക്കോബിന്റെ കൂടാരത്തിൽനിന്ന് ഛേദിച്ചുകളയും. നിങ്ങൾ മറ്റൊന്നുകൂടെ ചെയ്യുന്നു: നിങ്ങൾ യഹോവയുടെ യാഗപീഠത്തെ കണ്ണുനീർപ്രളയത്തിൽ മുക്കുന്നു. കാരണം അവിടന്നു നിങ്ങളുടെ വഴിപാടു കടാക്ഷിക്കുകയോ നിങ്ങളുടെ കരങ്ങളിൽനിന്ന് പ്രസാദമുള്ളതു സ്വീകരിക്കുകയോ ചെയ്യുന്നില്ല. “അത് എന്തുകൊണ്ട്,” എന്നു നിങ്ങൾ ചോദിക്കുന്നു. നീയും നിന്റെ യൗവനത്തിലെ ഭാര്യയുംതമ്മിലുള്ള ഉടമ്പടിക്ക് യഹോവ സാക്ഷിയായിരുന്നു എന്നതുകൊണ്ടുതന്നെ. അവൾ നിന്റെ ജീവിതപങ്കാളിയും വിവാഹഉടമ്പടിയിലൂടെ നിന്റെ ഭാര്യയുമായിരുന്നിട്ടും നീ അവളോട് അവിശ്വസ്തത കാണിച്ചു. ഏകദൈവമല്ലേ നിന്നെ സൃഷ്ടിച്ചത്? ശരീരംകൊണ്ടും ആത്മാവുകൊണ്ടും നീ അവിടത്തെ വകയല്ലേ? ഈ ഏകദൈവം എന്താണ് നിന്നിൽ അന്വേഷിക്കുന്നത്? ദൈവഹിതപ്രകാരമുള്ള ഒരു സന്തതിയെത്തന്നെ. അതിനാൽ സൂക്ഷിച്ചുകൊള്ളുക; നിന്റെ യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാണിക്കരുത്. ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ വിവാഹമോചനത്തെ വെറുക്കുന്നു, അതു ചെയ്യുന്നവൻ, മനുഷ്യൻ വസ്ത്രംകൊണ്ടെന്നപോലെ അതിക്രമംകൊണ്ടു തന്നെത്തന്നെ മൂടുന്നു” എന്ന് സൈന്യങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു. അതുകൊണ്ട് ആത്മാവിൽ നിങ്ങളെത്തന്നെ സൂക്ഷിക്കുക: അവിശ്വസ്തത കാണിക്കുകയും അരുത്.