മലാഖി 1:2-5
മലാഖി 1:2-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാൽ നിങ്ങൾ: നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു എന്നു ചോദിക്കുന്നു. ഏശാവ് യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാൻ യാക്കോബിനെ സ്നേഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്. എന്നാൽ ഏശാവിനെ ഞാൻ ദ്വേഷിച്ച് അവന്റെ പർവതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തിരിക്കുന്നു. ഞങ്ങൾ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും എന്നു എദോം പറയുന്നു എങ്കിൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ പണിയട്ടെ ഞാൻ ഇടിച്ചുകളയും; അവർക്കു ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം ക്രുദ്ധിക്കുന്ന ജാതി എന്നും പേർ പറയും. നിങ്ങൾ സ്വന്ത കണ്ണുകൊണ്ട് അതു കാണുകയും യഹോവ യിസ്രായേലിന്റെ അതിരിന് അപ്പുറത്തോളം വലിയവൻ എന്നു പറകയും ചെയ്യും.
മലാഖി 1:2-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഞാൻ നിങ്ങളെ സ്നേഹിച്ചു” എന്നാൽ നിങ്ങൾ ചോദിക്കുന്നു: “എങ്ങനെയാണ് അവിടുന്നു ഞങ്ങളെ സ്നേഹിച്ചത്?” സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഏശാവ് യാക്കോബിന്റെ സഹോദരനല്ലേ? എന്നിട്ടും യാക്കോബിനെ ഞാൻ സ്നേഹിച്ചു; ഏശാവിനെ വെറുത്തു. അവന്റെ മലമ്പ്രദേശങ്ങൾ ഞാൻ ശൂന്യമാക്കി. അവന്റെ അവകാശം മരുഭൂമിയിലെ കുറുനരികൾക്കു കൊടുക്കുകയും ചെയ്തു.” ഞങ്ങളെ തകർത്തുകളഞ്ഞെങ്കിലും അവശിഷ്ടങ്ങൾ ഞങ്ങൾ പുനരുദ്ധരിക്കുമെന്ന് എദോം പറയുന്നുവെങ്കിൽ സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അവർ പണിയട്ടെ, ഞാൻ ഇടിച്ചുനിരത്തും. അവർ ദുഷ്ടജനമെന്നും സർവേശ്വരന്റെ കോപത്തിന് എന്നും പാത്രമായ ജനമെന്നും വിളിക്കപ്പെടും. നിങ്ങൾ സ്വന്തം കണ്ണുകൊണ്ട് അതു കാണും. ഇസ്രായേലിന്റെ അതിർത്തിക്കപ്പുറത്തും സർവേശ്വരൻ ഉന്നതനെന്നു നിങ്ങൾ പറയും.”
മലാഖി 1:2-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഞാൻ നിങ്ങളെ സ്നേഹിക്കുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ നിങ്ങൾ: “നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു?” എന്നു ചോദിക്കുന്നു. “ഏശാവ് യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാൻ യാക്കോബിനെ സ്നേഹിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാട്. “എന്നാൽ ഏശാവിനെ ഞാൻ വെറുത്തു അവന്‍റെ പർവ്വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തിരിക്കുന്നു.” “ഞങ്ങൾ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും” എന്നു ഏദോമ്യജനം പറയുന്നു. എങ്കിൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ പണിയട്ടെ ഞാൻ ഇടിച്ചുകളയും; അവർക്ക് ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം കോപിക്കുന്ന ജനം എന്നും പേർ പറയും. നിങ്ങൾ സ്വന്ത കണ്ണുകൊണ്ട് അത് കാണുകയും ‘യഹോവ യിസ്രായേലിന്റെ അതിരിന് അപ്പുറത്തോളം വലിയവൻ’ എന്നു പറയുകയും ചെയ്യും.”
മലാഖി 1:2-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാൽ നിങ്ങൾ: നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു എന്നു ചോദിക്കുന്നു. ഏശാവു യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാൻ യാക്കോബിനെ സ്നേഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. എന്നാൽ ഏശാവിനെ ഞാൻ ദ്വേഷിച്ചു അവന്റെ പർവ്വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തിരിക്കുന്നു. ഞങ്ങൾ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും എന്നു എദോം പറയുന്നു എങ്കിൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ പണിയട്ടെ ഞാൻ ഇടിച്ചുകളയും; അവർക്കു ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം ക്രുദ്ധിക്കുന്ന ജാതി എന്നും പേർ പറയും. നിങ്ങൾ സ്വന്തകണ്ണുകൊണ്ടു അതു കാണുകയും യഹോവ യിസ്രായേലിന്റെ അതിരിന്നു അപ്പുറത്തോളം വലിയവൻ എന്നു പറകയും ചെയ്യും.
മലാഖി 1:2-5 സമകാലിക മലയാളവിവർത്തനം (MCV)
“ഞാൻ നിങ്ങളെ സ്നേഹിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “എന്നാൽ നിങ്ങൾ ചോദിക്കുന്നു, ‘എങ്ങനെയാണ് അവിടന്നു ഞങ്ങളെ സ്നേഹിച്ചത്?’ ” യഹോവ ഉത്തരമരുളി: “ഏശാവ് യാക്കോബിന്റെ സഹോദരനായിരുന്നല്ലോ? എന്നിട്ടും ഞാൻ യാക്കോബിനെ സ്നേഹിച്ചു. എന്നാൽ ഏശാവിനെ ഞാൻ വെറുത്തു. ഞാൻ അവന്റെ പർവതങ്ങളെ തരിശുനിലമാക്കി, അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്ക് ഏൽപ്പിച്ചുകൊടുത്തിരിക്കുന്നു.” “ഞങ്ങൾ തകർക്കപ്പെട്ടിരിക്കുന്നു, എങ്കിലും ഞങ്ങളുടെ നഷ്ടശിഷ്ടങ്ങളെ ഞങ്ങൾ പുതുക്കിപ്പണിയും,” എന്ന് ഏദോം പറയുന്നു. എന്നാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ പണിയട്ടെ, ഞാൻ ഇടിച്ചുകളയും; അവർ ദുഷ്ടതയുടെ ദേശമെന്നും യഹോവയുടെ കോപം എന്നേക്കും വഹിക്കുന്ന ജനതയെന്നും പേരുവിളിക്കപ്പെടും. സ്വന്തം കണ്ണുകൊണ്ടുതന്നെ ഇതു കണ്ടിട്ട്, ‘യഹോവ വലിയവൻ, ഇസ്രായേലിന്റെ അതിരിനും അപ്പുറത്തോളംതന്നെ!’ എന്നു നിങ്ങൾ പറയും.