ലൂക്കൊസ് 6:12-16
ലൂക്കൊസ് 6:12-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആ കാലത്ത് അവൻ പ്രാർഥിക്കേണ്ടതിന് ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാർഥനയിൽ രാത്രി കഴിച്ചു. നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരിൽ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു, അവർക്ക് അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു. അവർ ആരെന്നാൽ: പത്രൊസ് എന്ന് അവൻ പേർ വിളിച്ച ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ, ഫീലിപ്പൊസ്, ബർത്തൊലോമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായിത്തീർന്ന ഈസ്കര്യോത്ത് യൂദാ എന്നിവർതന്നെ.
ലൂക്കൊസ് 6:12-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്നൊരിക്കൽ യേശു പ്രാർഥിക്കുവാൻ ഒരു മലയിലേക്കു പോയി. രാത്രിമുഴുവൻ അവിടുന്നു പ്രാർഥിച്ചുകൊണ്ടിരുന്നു. പ്രഭാതമായപ്പോൾ അവിടുന്നു തന്റെ അനുയായികളെ വിളിച്ചുകൂട്ടി; താഴെപ്പറയുന്ന പന്ത്രണ്ടുപേരെ അവരിൽനിന്നു തിരഞ്ഞെടുത്ത് അപ്പോസ്തോലന്മാർ എന്നു നാമകരണം ചെയ്തു: ശിമോൻ (ഇദ്ദേഹത്തെ പത്രോസ് എന്നു യേശു വിളിച്ചു), അദ്ദേഹത്തിന്റെ സഹോദരൻ അന്ത്രയാസ്, യാക്കോബ്, യോഹന്നാൻ, ഫീലിപ്പോസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അല്ഫായിയുടെ മകൻ യാക്കോബ്, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമോൻ, യാക്കോബിന്റെ മകൻ യൂദാസ്, ഒറ്റുകാരനായിത്തീർന്ന യൂദാസ് ഈസ്കരിയോത്ത്.
ലൂക്കൊസ് 6:12-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മറ്റൊരു ദിവസം അവൻ പ്രാർത്ഥിക്കുവാനായി ഒരു മലയിൽ ചെന്നു. അവൻ ദൈവത്തോട് രാത്രി മുഴുവൻ പ്രാർത്ഥിച്ചു. രാവിലെ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തെരഞ്ഞെടുത്തു, അവർക്ക് അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു. അവരുടെ പേരുകൾ: പത്രൊസ് എന്നു അവൻ പേർ വിളിച്ച ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അൽഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്റെ മകനായ യൂദാ, ദ്രോഹിയായ്തീർന്ന ഈസ്കര്യോത്ത് യൂദാ എന്നിവർ തന്നെ.
ലൂക്കൊസ് 6:12-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആ കാലത്തു അവൻ പ്രാർത്ഥിക്കേണ്ടതിന്നു ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാർത്ഥനയിൽ രാത്രി കഴിച്ചു. നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവർക്കു അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു. അവർ ആരെന്നാൽ: പത്രൊസ് എന്നു അവൻ പേർവിളിച്ച ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായ്തീർന്ന ഈസ്കായ്യോർത്ത് യൂദാ എന്നിവർ തന്നേ.
ലൂക്കൊസ് 6:12-16 സമകാലിക മലയാളവിവർത്തനം (MCV)
അന്നൊരിക്കൽ യേശു പ്രാർഥിക്കാൻ മലയിലേക്കു കയറിപ്പോയി; ദൈവത്തോട് പ്രാർഥിച്ചുകൊണ്ട് രാത്രിമുഴുവനും ചെലവഴിച്ചു. പ്രഭാതമായപ്പോൾ അദ്ദേഹം ശിഷ്യന്മാരെ അടുക്കൽവിളിച്ചു; അവരിൽനിന്ന് പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് അവർക്ക് അപ്പൊസ്തലന്മാർ എന്നു നാമകരണംചെയ്തു. അവരുടെ പേരുകൾ ഇവയാണ്: പത്രോസ് എന്ന് യേശു വിളിച്ച ശിമോൻ, അയാളുടെ സഹോദരൻ അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അല്‌ഫായിയുടെ മകനായ യാക്കോബ്, ദേശീയവാദിയായിരുന്ന ശിമോൻ, യാക്കോബിന്റെ മകനായ യൂദാ, വഞ്ചകനായിത്തീർന്ന ഈസ്കര്യോത്ത് യൂദാ.