ലൂക്കൊസ് 4:22-30
ലൂക്കൊസ് 4:22-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യവാക്കുകൾ നിമിത്തം ആശ്ചര്യപ്പെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു. അവൻ അവരോട്: വൈദ്യാ, നിന്നെത്തന്നെ സൗഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ലും കഫർന്നഹൂമിൽ ഉണ്ടായി കേട്ടത് എല്ലാം ഈ നിന്റെ പിതൃനഗരത്തിലും ചെയ്ക എന്നും നിങ്ങൾ എന്നോടു പറയും നിശ്ചയം. ഒരു പ്രവാചകനും തന്റെ പിതൃനഗരത്തിൽ സമ്മതനല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ഏലീയാവിന്റെ കാലത്ത് ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്ത് എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാർഥമായി നിങ്ങളോടു പറയുന്നു. എന്നാൽ സീദോനിലെ സരെപ്തയിൽ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്ക് ഏലീയാവിനെ അയച്ചില്ല. അവ്വണ്ണം എലീശാപ്രവാചകന്റെ കാലത്ത് യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. സുറിയാക്കാരനായ നയമാൻ അല്ലാതെ അവരാരും ശുദ്ധമായില്ല എന്നും അവൻ പറഞ്ഞു. പള്ളിയിലുള്ളവർ ഇതു കേട്ടിട്ട് എല്ലാവരും കോപം നിറഞ്ഞവരായി എഴുന്നേറ്റു. അവനെ പട്ടണത്തിനു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാൻ ഭാവിച്ചു. അവനോ അവരുടെ നടുവിൽക്കൂടി കടന്നുപോയി.
ലൂക്കൊസ് 4:22-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാവരും അവിടുത്തെ പ്രശംസിച്ചു സംസാരിച്ചു. അവിടുത്തെ അധരങ്ങളിൽനിന്നു നിർഗമിച്ച ഹൃദ്യമായ വാക്കുകൾ അവരെ അദ്ഭുതപ്പെടുത്തി. “ഇയാൾ യോസേഫിന്റെ മകൻ തന്നെ അല്ലേ?” എന്ന് അവർ ചോദിച്ചു. യേശു അവരോടു: “വൈദ്യാ, നീ നിന്നെത്തന്നെ സുഖപ്പെടുത്തുക’ എന്ന പഴമൊഴി ഉദ്ധരിച്ചുകൊണ്ട് ‘കഫർന്നഹൂമിൽ താങ്കൾ ചെയ്തതായി ഞങ്ങൾ കേട്ടിരിക്കുന്നതെല്ലാം താങ്കളുടെ സ്വന്തം നാടായ ഇവിടെയും ചെയ്യുക’ എന്നു നിങ്ങൾ നിശ്ചയമായും എന്നോടാവശ്യപ്പെടും. എന്നാൽ ഒരു പ്രവാചകനും സ്വന്തനാട്ടിൽ സുസമ്മതനായിരിക്കുകയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.” “ഒരു വസ്തുത ഞാൻ പറയട്ടെ: ഏലീയായുടെ കാലത്തു മൂന്നര വർഷം മഴയില്ലാതെ നാട്ടിലെങ്ങും കഠിനമായ ക്ഷാമമുണ്ടായി. അന്ന് ഇസ്രായേലിൽ ധാരാളം വിധവമാർ ഉണ്ടായിരുന്നെങ്കിലും ഏലീയായെ അവരുടെ ആരുടെയും അടുക്കലേക്കയയ്‍ക്കാതെ സീദോനിലെ സരെപ്തയിലുള്ള ഒരു വിധവയുടെ അടുക്കലേക്കു മാത്രമാണു ദൈവം അയച്ചത്. എലിശാപ്രവാചകന്റെ കാലത്ത് ഇസ്രായേലിൽ അനേകം കുഷ്ഠരോഗികളുണ്ടായിരുന്നെങ്കിലും സിറിയക്കാരനായ നയമാൻ മാത്രമേ സുഖം പ്രാപിച്ചുള്ളൂ.” ഇതു കേട്ടപ്പോൾ സുനഗോഗിലുണ്ടായിരുന്നവരെല്ലാം കോപാക്രാന്തരായി. അവർ ചാടി എഴുന്നേറ്റ് അവിടുത്തെ പിടിച്ചു പട്ടണത്തിനു പുറത്താക്കി. ആ പട്ടണം നിർമിച്ചിരുന്നത് ഒരു കുന്നിൻപുറത്തായിരുന്നു. അവിടുത്തെ ആ കുന്നിന്റെ നിറുകയിൽനിന്ന് തള്ളിയിടുവാനായിരുന്നു അവരുടെ ശ്രമം. പക്ഷേ അവിടുന്ന് അവരുടെ ഇടയിൽക്കൂടി കടന്നു തന്റെ വഴിക്കു പോയി.
ലൂക്കൊസ് 4:22-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾനിമിത്തം ആശ്ചര്യപ്പെട്ടു; “ഇവൻ യോസേഫിന്റെ മകൻ അല്ലയോ?“ എന്നു പറഞ്ഞു. യേശു അവരോട്: വൈദ്യാ, നിന്നെത്തന്നെ സൗഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ല് പോലെ കഫർന്നഹൂമിൽ ചെയ്തത് എല്ലാം ഈ നിന്‍റെ പിതാവിന്‍റെ നഗരത്തിലും ചെയ്ക എന്നും നിങ്ങൾ എന്നോട് പറയും നിശ്ചയം. ഒരു പ്രവാചകനെയും തന്‍റെ പിതൃനഗരത്തിൽ സ്വീകരിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ഏലീയാവിന്റെ കാലത്ത് മൂന്നു ആണ്ടും ആറു മാസവും മഴയില്ലാതെ ദേശത്തു എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാർത്ഥമായി നിങ്ങളോടു പറയുന്നു. എന്നാൽ സീദോനിലെ സരെപ്തയിൽ ഉള്ള ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്ക് ഏലിയാവിനെ അയച്ചില്ല. അതുപോലെ എലീശാപ്രവാചകൻ്റെ കാലത്ത് യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. സിറിയക്കാരനായ നയമാൻ അല്ലാതെ വേറെ ആരും ശുദ്ധമായില്ല എന്നും അവൻ പറഞ്ഞു. പള്ളിയിലുള്ളവർ ഇതു കേട്ടിട്ടു എല്ലാവരും കോപിച്ച് എഴുന്നേറ്റ് അവനെ പട്ടണത്തിൽനിന്നു വെളിയിലാക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ അറ്റത്ത് കൊണ്ടുപോയി തലകീഴായി തള്ളിയിടാം എന്നു വിചാരിച്ചു. യേശുവോ അവരുടെ നടുവിൽ കൂടി കടന്നുപോയി.
ലൂക്കൊസ് 4:22-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു. അവൻ അവരോടു: “വൈദ്യാ, നിന്നെത്തന്നേ സൗഖ്യമാക്കുക” എന്നുള്ള പഴഞ്ചൊല്ലും “കഫർന്നഹൂമിൽ ഉണ്ടായി കേട്ടതു എല്ലാം ഈ നിന്റെ പിതൃനഗരത്തിലും ചെയ്ക” എന്നും നിങ്ങൾ എന്നോടു പറയും നിശ്ചയം. ഒരു പ്രവാചകനും തന്റെ പിതൃനഗരത്തിൽ സമ്മതനല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ഏലീയാവിന്റെ കാലത്തു ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്തു എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാർത്ഥമായി നിങ്ങളോടു പറയുന്നു. എന്നാൽ സീദോനിലെ സരെപ്തയിൽ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്കു ഏലീയാവിനെ അയച്ചില്ല. അവ്വണ്ണം എലീശാപ്രവാചകന്റെ കാലത്തു യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. സുറിയക്കാരനായ നയമാൻ അല്ലാതെ അവരാരും ശുദ്ധമായില്ല എന്നും അവൻ പറഞ്ഞു. പള്ളിയിലുള്ളവർ ഇതു കേട്ടിട്ടു എല്ലാവരും കോപം നിറഞ്ഞവരായി എഴുന്നേറ്റു അവനെ പട്ടണത്തിന്നു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാൻ ഭാവിച്ചു. അവനോ അവരുടെ നടുവിൽ കൂടി കടന്നുപോയി.
ലൂക്കൊസ് 4:22-30 സമകാലിക മലയാളവിവർത്തനം (MCV)
എല്ലാവരും അദ്ദേഹത്തെക്കുറിച്ചു നല്ല അഭിപ്രായം പറഞ്ഞു. അദ്ദേഹത്തിന്റെ അധരങ്ങളിൽനിന്ന് പുറപ്പെട്ട മധുരവചസ്സുകൾ കേട്ട് ജനം അത്ഭുതപ്പെട്ടു. “ഇത് യോസേഫിന്റെ മകനല്ലേ?” ജനം പരസ്പരം ചോദിച്ചു. യേശു അവരോട്, “ ‘വൈദ്യാ, നിന്നെത്തന്നെ സൗഖ്യമാക്കുക’ എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ട്, ‘താങ്കൾ കഫാർനഹൂമിൽ ചെയ്തുവെന്നു ഞങ്ങൾ കേട്ടിരിക്കുന്നതു താങ്കളുടെ ഈ പിതൃനഗരത്തിലും ചെയ്യുക’ എന്നു നിങ്ങൾ എന്നോടു തീർച്ചയായും പറയും” എന്നു പറഞ്ഞു. അദ്ദേഹം ഇങ്ങനെ തുടർന്നു: “ഒരു പ്രവാചകനും സ്വന്തം നഗരത്തിൽ അംഗീകരിക്കപ്പെടുന്നില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ഏലിയാവിന്റെ കാലത്ത്, ആകാശം മൂന്നര വർഷത്തേക്ക് അടഞ്ഞുപോകുകയും ദേശത്തെല്ലായിടത്തും വലിയ ക്ഷാമം ഉണ്ടാകുകയും ചെയ്തു. ആ സമയത്ത് ഇസ്രായേലിൽ അനേകം വിധവകൾ ഉണ്ടായിരുന്നു, നിശ്ചയം. എന്നാൽ, ദൈവം അവരിലാരുടെയും അടുക്കലേക്കല്ല; മറിച്ച് സീദോൻ പ്രദേശത്തെ സരെപ്തയിലെ ഒരു വിധവയുടെ അടുത്തേക്കാണ് ഏലിയാപ്രവാചകനെ അയച്ചത്. അതുപോലെതന്നെ എലീശാപ്രവാചകന്റെ കാലത്ത് ഇസ്രായേലിൽ കുഷ്ഠം ബാധിച്ച അനേകർ ഉണ്ടായിരുന്നെങ്കിലും സുറിയാക്കാരനായ നയമാൻ ഒഴികെ അവരിൽ ആർക്കും സൗഖ്യം ലഭിച്ചില്ല.” ഇതു കേട്ട് പള്ളിയിൽ ഉണ്ടായിരുന്ന എല്ലാവരും ക്രോധാകുലരായിത്തീർന്നു; ഇരിപ്പിടത്തിൽനിന്ന് ചാടിയെഴുന്നേറ്റ് അദ്ദേഹത്തെ പട്ടണത്തിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയി, പട്ടണം പണിതിരുന്ന മലയുടെ വക്കിൽനിന്ന് താഴേക്കു തള്ളിയിടാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം ജനക്കൂട്ടത്തിന്റെ ഇടയിലൂടെ നടന്നു തന്റെ വഴിക്കുപോയി.