ലൂക്കൊസ് 4:14-21

ലൂക്കൊസ് 4:14-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിലൊക്കെയും പരന്നു. അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു. അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു. യെശയ്യാപ്രവാചകന്റെ പുസ്തകം അവനു കൊടുത്തു; അവൻ പുസ്തകം വിടർത്തി: “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവ് എന്റെമേൽ ഉണ്ട്; ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരനു തിരികെ കൊടുത്തിട്ട് ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണ് അവങ്കൽ പതിഞ്ഞിരുന്നു. അവൻ അവരോട് : ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിനു നിവൃത്തിവന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.

ലൂക്കൊസ് 4:14-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു പരിശുദ്ധാത്മാവിന്റെ ചൈതന്യത്തോടുകൂടി ഗലീലയിൽ തിരിച്ചെത്തി. ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം അവിടുത്തെപ്പറ്റിയുള്ള ശ്രുതി പരന്നു. അവിടുന്ന് അവരുടെ സുനഗോഗുകളിൽ പോയി പഠിപ്പിച്ചു. എല്ലാവരും അവിടുത്തെ പ്രകീർത്തിച്ചു. അങ്ങനെ യേശു വളർന്ന നസറെത്തിൽ ചെന്ന്, പതിവുപോലെ ശബത്തുദിവസം സുനഗോഗിൽ പോയി. വേദപാരായണത്തിനായി എഴുന്നേറ്റു നിന്നപ്പോൾ യെശയ്യാപ്രവാചകന്റെ ഗ്രന്ഥച്ചുരുൾ അവിടുത്തെ കൈയിൽ കൊടുത്തു. ചുരുൾ തുറന്നപ്പോൾ താഴെപ്പറയുന്ന ഭാഗം കണ്ടു: “ദരിദ്രരോടു സദ്‍വാർത്ത ഘോഷിക്കുവാൻ ദൈവം എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ അവിടുത്തെ ആത്മാവ് എന്റെമേൽ ആവസിക്കുന്നു; തടവുകാർക്ക് വിടുതൽ പ്രഖ്യാപനം ചെയ്യുവാനും, അന്ധന്മാർക്കു കാഴ്ച നല്‌കുവാനും, പീഡിതരെ സ്വതന്ത്രരാക്കുവാനും, ദൈവം തന്റെ ജനത്തെ വീണ്ടെടുക്കുന്ന വർഷം വിളംബരം ചെയ്യുവാനും, അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.” അനന്തരം യേശു ഗ്രന്ഥം ചുരുട്ടി ശുശ്രൂഷകനെ തിരിച്ചേല്പിച്ചശേഷം ഇരുന്നു; അവിടെ കൂടിയിരുന്ന എല്ലാവരുടെയും കണ്ണുകൾ അവിടുത്തെ നോക്കിയിരുന്നു. അവിടുന്ന് അവരോട് ഇപ്രകാരം പ്രസ്താവിച്ചു: “ഞാൻ വായിച്ച ഈ വേദഭാഗം നിങ്ങൾ കേട്ടപ്പോൾത്തന്നെ അതു സംഭവിച്ചിരിക്കുന്നു.”

ലൂക്കൊസ് 4:14-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യേശു ആത്മാവിന്‍റെ ശക്തിയോടെ ഗലീലയ്ക്കു തിരികെ പോയി; അവനെക്കുറിച്ചുള്ള വാർത്ത ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പ്രസിദ്ധമായി. അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു. അങ്ങനെ അവൻ വളർന്ന നസറെത്തിൽ വന്നു. ശബ്ബത്തിൽ തന്‍റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിക്കുവാൻ എഴുന്നേറ്റുനിന്നു. യെശയ്യാപ്രവാചകന്‍റെ പുസ്തകച്ചുരുൾ അവനു കൊടുത്തു; അവൻ പുസ്തകച്ചുരുൾ തുറന്നു: ദരിദ്രരോട് സുവിശേഷം അറിയിക്കുവാൻ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കയാൽ അവന്‍റെ ആത്മാവ് എന്‍റെ മേൽ ഉണ്ട്; തടവുകാ‍ർക്ക് വിടുതലും, അന്ധർക്ക് കാഴ്ചയും നൽകുമെന്ന് പ്രസംഗിക്കുവാനും, മർദ്ദിതരെ വിടുവിച്ചയയ്ക്കുവാനും, ജനങ്ങളോട് കാരുണ്യം കാട്ടുവാൻ കർത്താവിന്‍റെ വർഷം എത്തിയിരിക്കുന്നു എന്നു പ്രസംഗിക്കുവാനും എന്നെ അയച്ചിരിക്കുന്നു എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. പിന്നെ അവൻ പുസ്തകച്ചുരുൾ മടക്കി ശുശ്രൂഷക്കാരന് തിരികെ കൊടുത്തിട്ട് ഇരുന്നു; പള്ളിയിലുള്ള എല്ലാവരും യേശുവിനെ ശ്രദ്ധിച്ചു നോക്കിക്കൊണ്ടിരുന്നു. അവൻ അവരോട്: ഇന്ന് നിങ്ങൾ എന്‍റെ വചനം കേൾക്കുന്നത് കൊണ്ടു ഈ തിരുവെഴുത്തിൽ എഴുതിയിരിക്കുന്നത് പോലെ സംഭവിച്ചു എന്നു പറഞ്ഞുതുടങ്ങി.

ലൂക്കൊസ് 4:14-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു. അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു. അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു. യെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു; അവൻ പുസ്തകം വിടർത്തി: “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരന്നു തിരികെ കൊടുത്തിട്ടു ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണു അവങ്കൽ പതിഞ്ഞിരുന്നു. അവൻ അവരോടു: ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.

ലൂക്കൊസ് 4:14-21 സമകാലിക മലയാളവിവർത്തനം (MCV)

യേശു ദൈവാത്മശക്തിയിൽ ഗലീലയ്ക്കു മടങ്ങി; അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത ഗലീലാപ്രവിശ്യയിലെല്ലായിടത്തും പ്രചരിച്ചു. അദ്ദേഹം യെഹൂദരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അദ്ദേഹത്തെ പ്രശംസിച്ചു. യേശു, അദ്ദേഹം വളർന്ന സ്വന്തം പട്ടണമായ നസറെത്തിലേക്കു യാത്രയായി. അദ്ദേഹം ശബ്ബത്തുദിവസത്തിൽ പതിവനുസരിച്ച് പള്ളിയിൽ ചെന്ന് വായിക്കാൻ എഴുന്നേറ്റുനിന്നു. യെശയ്യാപ്രവാചകന്റെ പുസ്തകച്ചുരുൾ അദ്ദേഹത്തിനു നൽകി. ചുരുൾ നിവർത്തി ഇങ്ങനെ എഴുതപ്പെട്ട ഭാഗം അദ്ദേഹം എടുത്തു. “ദരിദ്രരോടു സുവിശേഷം അറിയിക്കാൻ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ അവിടത്തെ ആത്മാവ് എന്റെമേലുണ്ട്. തടവുകാർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും അന്ധർക്കു കാഴ്ചയും മർദിതർക്കു മോചനവും നൽകാനും, കർത്താവിന്റെ പ്രസാദവർഷം പ്രസംഗിക്കാനും, എന്നെ അയച്ചിരിക്കുന്നു.” പിന്നെ യേശു പുസ്തകച്ചുരുൾ ചുരുട്ടി ശുശ്രൂഷകനു തിരികെ കൊടുത്തിട്ട് ഇരുന്നു. പള്ളിയിലുണ്ടായിരുന്ന എല്ലാവരും അദ്ദേഹത്തെ ശ്രദ്ധിച്ചുനോക്കി. അദ്ദേഹം അവരോട്, “നിങ്ങൾ കേട്ട ഈ തിരുവെഴുത്ത് ഇന്ന് നിവൃത്തിയായിരിക്കുകയാണ്” എന്നു പറഞ്ഞു.