ലൂക്കൊസ് 3:8-11

ലൂക്കൊസ് 3:8-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മാനസാന്തരത്തിനു യോഗ്യമായ ഫലം കായിപ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ട്; എന്ന് ഉള്ളംകൊണ്ടു പറവാൻ തുനിയരുത്; അബ്രാഹാമിന് ഈ കല്ലുകളിൽനിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിനു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ ചുവട്ടിനു കോടാലി വച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു. എന്നാൽ ഞങ്ങൾ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു. അതിന് അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെതന്നെ ചെയ്യട്ടെ എന്ന് ഉത്തരം പറഞ്ഞു.

ലൂക്കൊസ് 3:8-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അബ്രഹാം ഞങ്ങളുടെ പൂർവപിതാവാണ് എന്നു സ്വയം അഭിമാനിക്കാതെ പാപത്തിൽനിന്നു പിന്തിരിഞ്ഞു എന്നു തെളിയിക്കുന്ന പ്രവൃത്തികൾ ചെയ്യുക. ഈ കല്ലുകളിൽനിന്നുപോലും അബ്രഹാമിനുവേണ്ടി സന്തതികളെ ഉത്പാദിപ്പിക്കുവാൻ ദൈവത്തിനു കഴിയും. ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ ചുവട്ടിൽ കോടാലി വച്ചുകഴിഞ്ഞിരിക്കുന്നു. നല്ല ഫലം കായ്‍ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലിട്ടു കളയും.” അപ്പോൾ ജനം അദ്ദേഹത്തോട്: “ഞങ്ങൾ എന്തു ചെയ്യണം?” എന്നു ചോദിച്ചു. യോഹന്നാൻ പ്രതിവചിച്ചു: “രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവനു പങ്കുവയ്‍ക്കുക. ആഹാരസാധനങ്ങളുള്ളവരും അങ്ങനെതന്നെ ചെയ്യണം.”

ലൂക്കൊസ് 3:8-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ട് എന്നു അഭിമാനിക്കുന്നതുകൊണ്ട് ഈ ശിക്ഷാവിധിയിൽ നിന്നു ഒഴിഞ്ഞുപോകുവാൻ സാധ്യമല്ല; കാരണം അബ്രാഹാമിന് ഈ കല്ലുകളിൽ നിന്നു മക്കളെ ഉല്പാദിപ്പിക്കുവാൻ ദൈവത്തിന് കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. വൃക്ഷങ്ങളുടെ ചുവട്ടിന് കോടാലി വെച്ചിരിക്കുന്ന ഒരു മനുഷ്യനെ പോലെയാകുന്നു ദൈവം; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.” ”എന്നാൽ ഞങ്ങൾ എന്ത് ചെയ്യേണം?” എന്നു പുരുഷാരം അവനോട് ചോദിച്ചു. അതിന് ഉത്തരമായി അവൻ: ”രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നെ ചെയ്യട്ടെ” എന്നു ഉത്തരം പറഞ്ഞു.

ലൂക്കൊസ് 3:8-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായിപ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ടു എന്നു ഉള്ളംകൊണ്ടു പറവാൻ തുനിയരുതു; അബ്രാഹാമിന്നു ഈ കല്ലുകളിൽ നിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിന്നു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു. എന്നാൽ ഞങ്ങൾ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു. അതിന്നു അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.

ലൂക്കൊസ് 3:8-11 സമകാലിക മലയാളവിവർത്തനം (MCV)

മാനസാന്തരത്തിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുക. ‘ഞങ്ങൾക്കു പിതാവായി അബ്രാഹാം ഉണ്ട്’ എന്നു സ്വയം പുകഴാമെന്നു കരുതേണ്ട. കാരണം ഞാൻ നിങ്ങളോടു പറയുന്നു: ഈ കല്ലുകളിൽനിന്ന് അബ്രാഹാമിനുവേണ്ടി മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും. ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ തായ്‌വേരിൽ കോടാലി വെച്ചിരിക്കുന്നു; സത്ഫലം പുറപ്പെടുവിക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിഞ്ഞുകളയും.” അപ്പോൾ ജനമെല്ലാം ഏകസ്വരത്തിൽ, “ഞങ്ങൾ എന്താണു ചെയ്യേണ്ടത്?” എന്നു ചോദിച്ചു. അതിനു യോഹന്നാൻ, “രണ്ട് ഉടുപ്പുള്ളയാൾ ഉടുപ്പൊന്നും ഇല്ലാത്തയാൾക്ക് ഒരുടുപ്പ് കൊടുക്കട്ടെ; ഭക്ഷണമുള്ള വ്യക്തിയും അങ്ങനെതന്നെ ചെയ്യട്ടെ” എന്ന് ഉത്തരം പറഞ്ഞു.