ലൂക്കൊസ് 3:3-6

ലൂക്കൊസ് 3:3-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യോഹന്നാൻ യോർദ്ദാൻനദിയുടെ പരിസരപ്രദേശങ്ങളിലെല്ലാം സഞ്ചരിച്ച് “നിങ്ങളുടെ പാപങ്ങളിൽനിന്നു പിന്തിരിയുക, സ്നാപനം സ്വീകരിക്കുക; അപ്പോൾ ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കും” എന്നു പ്രഖ്യാപനം ചെയ്തു. വിജനപ്രദേശത്ത് ഒരാൾ വിളിച്ചുപറയുന്നു: ‘ദൈവത്തിനുവേണ്ടി വഴി ഒരുക്കുക; അവിടുത്തെ പാത നേരെയാക്കുക. എല്ലാ താഴ്‌വരകളും നികത്തപ്പെടണം; എല്ലാ കുന്നുകളും മലകളും നിരത്തുകയും, വളഞ്ഞ വഴികളെല്ലാം നേരെയാക്കുകയും, പരുക്കൻ പാതകളെല്ലാം സുഗമമാക്കിത്തീർക്കുകയും വേണം. അങ്ങനെ ദൈവത്തിന്റെ രക്ഷ മനുഷ്യവർഗം മുഴുവനും ദർശിക്കും’ എന്ന് യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ടല്ലോ.

ലൂക്കൊസ് 3:3-6 സമകാലിക മലയാളവിവർത്തനം (MCV)

അദ്ദേഹം യോർദാൻനദിക്ക് അടുത്തുള്ള ഗ്രാമങ്ങളിലെല്ലാം ചെന്ന്, ഗ്രാമവാസികൾ അവരുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ച് അവയുടെ മോചനത്തിനായി ദൈവത്തിലേക്കു തിരിയണം എന്നും; ഇതിന്റെ തെളിവിനായി സ്നാനം സ്വീകരിക്കണം എന്നും പ്രസംഗിച്ചു: “മരുഭൂമിയിൽ വിളംബരംചെയ്യുന്നവന്റെ ശബ്ദം! ‘കർത്താവിന്റെ വഴിയൊരുക്കുക; അവിടത്തേക്കുവേണ്ടി പാത നേരേയാക്കുക! എല്ലാ താഴ്വരകളും നികത്തപ്പെടും. എല്ലാ പർവതങ്ങളും കുന്നുകളും താഴ്ത്തപ്പെടും. വളഞ്ഞവഴികൾ നേരേയാക്കുകയും ദുർഘടപാതകൾ സുഗമമാക്കുകയും ചെയ്യും. എല്ലാ മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും’ ” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെതന്നെ.