ലൂക്കൊസ് 3:1-20

ലൂക്കൊസ് 3:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

തിബെര്യാസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോൾ, ഹെരോദാവ് ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇതൂര്യ, ത്രഖോനിത്തി ദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും ഇടപ്രഭുക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കുംകാലം സെഖര്യാവിന്റെ മകനായ യോഹന്നാന് മരുഭൂമിയിൽവച്ചു ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായി. അവൻ യോർദ്ദാനരികെയുള്ള നാട്ടിലൊക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു. “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിത്: കർത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നിരപ്പാക്കുവിൻ. എല്ലാ താഴ്‌വരയും നികന്നുവരും; എല്ലാ മലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുർഘടമായതു നിരന്ന വഴിയായും തീരും; സകല ജഡവും ദൈവത്തിന്റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെതന്നെ. അവനാൽ സ്നാനം ഏല്പാൻ വന്ന പുരുഷാരത്തോട് അവൻ പറഞ്ഞത്: സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാൻ നിങ്ങൾക്ക് ഉപദേശിച്ചുതന്നത് ആർ? മാനസാന്തരത്തിനു യോഗ്യമായ ഫലം കായിപ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ട്; എന്ന് ഉള്ളംകൊണ്ടു പറവാൻ തുനിയരുത്; അബ്രാഹാമിന് ഈ കല്ലുകളിൽനിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിനു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ ചുവട്ടിനു കോടാലി വച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു. എന്നാൽ ഞങ്ങൾ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു. അതിന് അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെതന്നെ ചെയ്യട്ടെ എന്ന് ഉത്തരം പറഞ്ഞു. ചുങ്കക്കാരും സ്നാനം ഏല്പാൻ വന്നു: ഗുരോ, ഞങ്ങൾ എന്തു ചെയ്യേണം എന്ന് അവനോട് ചോദിച്ചു. നിങ്ങളോടു കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുത് എന്ന് അവൻ പറഞ്ഞു. പടജ്ജനവും അവനോട്: ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചതിന്: ആരെയും ബലാൽക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വയ്പിൻ എന്ന് അവരോടു പറഞ്ഞു. ജനം കാത്തുനിന്നു; അവൻ ക്രിസ്തുവോ എന്ന് എല്ലാവരും ഹൃദയത്തിൽ യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞത്: ഞാൻ നിങ്ങളെ വെള്ളംകൊണ്ട് സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറ് അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും. അവനു വീശുമുറം കൈയിൽ ഉണ്ട്; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പ് കളപ്പുരയിൽ കൂട്ടിവയ്ക്കയും പതിർ കെടാത്തതീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും. മറ്റു പലതും അവൻ പ്രബോധിപ്പിച്ചുകൊണ്ട് ജനത്തോടു സുവിശേഷം അറിയിച്ചു. എന്നാൽ ഇടപ്രഭുവായ ഹെരോദാവ് സഹോദരന്റെ ഭാര്യ ഹെരോദ്യനിമിത്തവും ഹെരോദാവ് ചെയ്ത സകല ദോഷങ്ങൾ നിമിത്തവും യോഹന്നാൻ അവനെ ആക്ഷേപിക്കയാൽ അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവിൽ ആക്കുകയും ചെയ്തു.

ലൂക്കൊസ് 3:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സഖറിയായുടെ പുത്രനായ യോഹന്നാനു വിജനസ്ഥലത്തുവച്ച് ദൈവത്തിന്റെ അരുളപ്പാടുണ്ടായി. അത് തിബര്യോസ് കൈസറുടെ ഭരണത്തിന്റെ പതിനഞ്ചാം വർഷം ആയിരുന്നു; പൊന്തിയോസ് പീലാത്തോസ് ആയിരുന്നു യെഹൂദ്യയിലെ ഗവർണർ; ഹേരോദാ അന്തിപ്പാസ് ഗലീലയിലെയും അദ്ദേഹത്തിന്റെ സഹോദരൻ ഫീലിപ്പോസ് ഇതൂര്യ ത്രഖോനിത്തിയിലെയും ലൂസാന്യാസ് അബിലേനയിലെയും സാമന്തരാജാക്കന്മാരും ആയിരുന്നു. അന്നത്തെ മഹാപുരോഹിതന്മാർ ഹന്നാസും കയ്യഫാസുമായിരുന്നു. യോഹന്നാൻ യോർദ്ദാൻനദിയുടെ പരിസരപ്രദേശങ്ങളിലെല്ലാം സഞ്ചരിച്ച് “നിങ്ങളുടെ പാപങ്ങളിൽനിന്നു പിന്തിരിയുക, സ്നാപനം സ്വീകരിക്കുക; അപ്പോൾ ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കും” എന്നു പ്രഖ്യാപനം ചെയ്തു. വിജനപ്രദേശത്ത് ഒരാൾ വിളിച്ചുപറയുന്നു: ‘ദൈവത്തിനുവേണ്ടി വഴി ഒരുക്കുക; അവിടുത്തെ പാത നേരെയാക്കുക. എല്ലാ താഴ്‌വരകളും നികത്തപ്പെടണം; എല്ലാ കുന്നുകളും മലകളും നിരത്തുകയും, വളഞ്ഞ വഴികളെല്ലാം നേരെയാക്കുകയും, പരുക്കൻ പാതകളെല്ലാം സുഗമമാക്കിത്തീർക്കുകയും വേണം. അങ്ങനെ ദൈവത്തിന്റെ രക്ഷ മനുഷ്യവർഗം മുഴുവനും ദർശിക്കും’ എന്ന് യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ടല്ലോ. തന്നിൽനിന്നു സ്നാപനം സ്വീകരിക്കുവാൻ വന്ന ജനസഞ്ചയത്തോട് അദ്ദേഹം പറഞ്ഞു: “സർപ്പസന്തതികളേ, വരുവാനുള്ള ശിക്ഷാവിധിയിൽനിന്ന് ഓടി രക്ഷപെടുവാൻ നിങ്ങൾക്ക് ബുദ്ധി ഉപദേശിച്ചത് ആരാണ്? അബ്രഹാം ഞങ്ങളുടെ പൂർവപിതാവാണ് എന്നു സ്വയം അഭിമാനിക്കാതെ പാപത്തിൽനിന്നു പിന്തിരിഞ്ഞു എന്നു തെളിയിക്കുന്ന പ്രവൃത്തികൾ ചെയ്യുക. ഈ കല്ലുകളിൽനിന്നുപോലും അബ്രഹാമിനുവേണ്ടി സന്തതികളെ ഉത്പാദിപ്പിക്കുവാൻ ദൈവത്തിനു കഴിയും. ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ ചുവട്ടിൽ കോടാലി വച്ചുകഴിഞ്ഞിരിക്കുന്നു. നല്ല ഫലം കായ്‍ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലിട്ടു കളയും.” അപ്പോൾ ജനം അദ്ദേഹത്തോട്: “ഞങ്ങൾ എന്തു ചെയ്യണം?” എന്നു ചോദിച്ചു. യോഹന്നാൻ പ്രതിവചിച്ചു: “രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവനു പങ്കുവയ്‍ക്കുക. ആഹാരസാധനങ്ങളുള്ളവരും അങ്ങനെതന്നെ ചെയ്യണം.” ചുങ്കം പിരിക്കുന്നവരിൽ ചിലരും സ്നാപനം ഏല്‌ക്കുവാൻ വന്നു. അവർ ചോദിച്ചു: “ഞങ്ങൾ ചെയ്യേണ്ടത് എന്താണ്?” യോഹന്നാൻ പറഞ്ഞു: “നിങ്ങൾ നിശ്ചിത നിരക്കിൽ കൂടുതൽ നികുതി ഈടാക്കരുത്.” പടയാളികളും തങ്ങൾ എന്തു ചെയ്യണമെന്ന് അദ്ദേഹത്തോടു ചോദിച്ചു. “ബലാൽക്കാരേണയോ, സത്യവിരുദ്ധമായി കുറ്റം ആരോപിച്ചോ, ആരുടെയും മുതൽ അപഹരിക്കരുത്. നിങ്ങളുടെ വേതനംകൊണ്ടു തൃപ്തിപ്പെടുക” എന്ന് അദ്ദേഹം മറുപടി നല്‌കി. വീണ്ടെടുപ്പിനുവേണ്ടി കാത്തിരുന്ന ജനങ്ങൾ യോഹന്നാനെക്കുറിച്ച് “ഒരുവേള ഇദ്ദേഹം ക്രിസ്തു ആയിരിക്കുമോ?” എന്നു സ്വയം ചോദിച്ചു. യോഹന്നാനാകട്ടെ ഇങ്ങനെ പറഞ്ഞു: “ഞാൻ വെള്ളംകൊണ്ടാണു നിങ്ങളെ സ്നാപനം ചെയ്യുന്നത്; എന്നാൽ എന്നെക്കാൾ ബലമേറിയ ഒരുവൻ വന്നു നിങ്ങളെ പരിശുദ്ധാത്മാവിലും അഗ്നിയിലും സ്നാപനം ചെയ്യും. അവിടുത്തെ ചെരുപ്പിന്റെ വാറ് അഴിക്കുന്ന അടിമയുടെ യോഗ്യതപോലും എനിക്കില്ല. അവിടുത്തെ കൈയിൽ വീശുമുറം ഉണ്ട്; കളം വെടിപ്പാക്കി, നല്ല കോതമ്പ് അറപ്പുരയിൽ സംഭരിക്കുകയും പതിര് കെടാത്ത തീയിലിട്ടു ചുട്ടുകളയുകയും ചെയ്യും.” ഇങ്ങനെയുള്ള ഒട്ടേറെ പ്രബോധനങ്ങൾ നല്‌കിക്കൊണ്ടു യോഹന്നാൻ സുവിശേഷം പ്രസംഗിച്ചു. സാമന്തരാജാവായ ഹേരോദാ സഹോദരഭാര്യയായ ഹേരോദ്യയുമായി അവിഹിതബന്ധം പുലർത്തുകയും മറ്റു പല അധർമങ്ങളിലും ഏർപ്പെടുകയും ചെയ്തിരുന്നതുകൊണ്ട് യോഹന്നാൻ അദ്ദേഹത്തെ കഠിനമായി ശാസിച്ചു. ഹേരോദാ എല്ലാ അധർമങ്ങളും ചെയ്തതിനു പുറമേ യോഹന്നാനെ കാരാഗൃഹത്തിലാക്കുകയും ചെയ്തു.

ലൂക്കൊസ് 3:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

തിബര്യാസ് കൈസരുടെ ഭരണത്തിന്‍റെ പതിനഞ്ചാം വർഷത്തിൽ, പൊന്തിയൊസ് പീലാത്തോസ് യെഹൂദ്യയിലെ ഗവർണ്ണർ ആയിരുന്നു. ഹെരോദാവ് ഗലീലയിലും, അവന്‍റെ സഹോദരനായ ഫിലിപ്പൊസ് ഇതുര്യ, ത്രഖോനിത്തി ദേശങ്ങളിലും, ലുസാന്യാസ് അബിലേനയിലും ഇടപ്രഭുക്കന്മാർ ആയിരുന്നു. അന്നത്തെ മഹാപുരോഹിതന്മാരായ ഹന്നാവിൻ്റേയും കയ്യഫാവിൻ്റേയും കാലത്തായിരുന്നു സെഖര്യാവിന്‍റെ മകനായ യോഹന്നാന് മരുഭൂമിയിൽവച്ച് ദൈവത്തിന്‍റെ അരുളപ്പാടു ഉണ്ടായത്. അവൻ യോർദ്ദാനരികെയുള്ള നാട്ടിൽ ഒക്കെയും ചെന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു. “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്‍റെ ശബ്ദമാണിത്: കർത്താവിന്‍റെ വഴി ഒരുക്കുവിൻ; അവന്‍റെ പാത നിരപ്പാക്കുവിൻ. എല്ലാ താഴ്‌വരകളും നികന്നുവരും; എല്ലാ മലയും കുന്നും താഴുകയും നിരപ്പാവുകയും ചെയ്യും; വളഞ്ഞതു നേരെയാവുകയും ദുർഘടമായത് നിരന്ന വഴിയായും തീരും; സകലമനുഷ്യരും ദൈവത്തിന്‍റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്‍റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് പോലെ സംഭവിച്ചു. തന്നിൽ നിന്നു സ്നാനം ഏൽക്കുവാൻ വന്ന പുരുഷാരത്തോട് യോഹന്നാൻ പറഞ്ഞത്: ”സർപ്പസന്തതികളേ, വരുവാനുള്ള കോപത്തിൽ നിന്നു ഒഴിഞ്ഞുപോകുവാൻ നിങ്ങൾക്ക് സാധ്യമല്ല. മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ട് എന്നു അഭിമാനിക്കുന്നതുകൊണ്ട് ഈ ശിക്ഷാവിധിയിൽ നിന്നു ഒഴിഞ്ഞുപോകുവാൻ സാധ്യമല്ല; കാരണം അബ്രാഹാമിന് ഈ കല്ലുകളിൽ നിന്നു മക്കളെ ഉല്പാദിപ്പിക്കുവാൻ ദൈവത്തിന് കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. വൃക്ഷങ്ങളുടെ ചുവട്ടിന് കോടാലി വെച്ചിരിക്കുന്ന ഒരു മനുഷ്യനെ പോലെയാകുന്നു ദൈവം; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.” ”എന്നാൽ ഞങ്ങൾ എന്ത് ചെയ്യേണം?” എന്നു പുരുഷാരം അവനോട് ചോദിച്ചു. അതിന് ഉത്തരമായി അവൻ: ”രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നെ ചെയ്യട്ടെ” എന്നു ഉത്തരം പറഞ്ഞു. ചുങ്കക്കാരും സ്നാനം ഏൽക്കുവാൻ വന്നു: ”ഗുരോ, ഞങ്ങൾ എന്തുചെയ്യേണം?” എന്നു അവനോട് ചോദിച്ചു. ”നിങ്ങളോടു റോമാ ഭരണകൂടം കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുത്” എന്നു അവൻ പറഞ്ഞു. പടയാളികൾ അവനോട്: ”ഞങ്ങളെക്കുറിച്ച് എന്ത് പറയുന്നു? ഞങ്ങൾ എന്ത് ചെയ്യേണം?” എന്നു ചോദിച്ചതിന്: ”ആരെയും നിര്‍ബ്ബന്ധിച്ചു പണം വാങ്ങരുത്. ആരുടെ കയ്യിൽനിന്നും ചതിവായി ഒന്നും വാങ്ങരുത്. നിങ്ങളുടെ ശമ്പളം കൊണ്ടു തൃപ്തിപ്പെടുക” എന്നു അവരോട് പറഞ്ഞു. എന്നാൽ ജനമെല്ലാം ക്രിസ്തു വരുമെന്നു പ്രതീക്ഷിച്ചിരുന്നു; അതുകൊണ്ട് അവൻ ക്രിസ്തുവോ എന്നു എല്ലാവരും ഹൃദയത്തിൽ യോഹന്നാനെക്കുറിച്ച് വിചാരിച്ചു. യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞത്: ”ഞാൻ നിങ്ങളെ വെള്ളംകൊണ്ട് സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്‍റെ ചെരിപ്പിന്‍റെ വാറ് അഴിക്കുവാൻ പോലും എനിക്ക് യോഗ്യതയില്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും. അവന്‍റെ കയ്യിൽ വീശുമുറം ഉണ്ട്; അവൻ കളത്തെ മുഴുവനും വൃത്തിയാക്കി ഗോതമ്പു കളപ്പുരയിൽ ശേഖരിച്ചുവെക്കുകയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.” ഇതുപോലെ മറ്റുപല ഉപദേശങ്ങളാൽ അവൻ ജനത്തോടു സുവിശേഷം അറിയിച്ചു. എന്നാൽ ഇടപ്രഭുവായ ഹെരോദാവ് സഹോദരന്‍റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതിനാലും മറ്റുപല ദോഷങ്ങൾ ചെയ്തതിനാലും യോഹന്നാൻ അവനെ കുറ്റപ്പെടുത്തി. അതിനാൽ ഹെരോദാവ് അവനെ തടവിൽ ആക്കി.

ലൂക്കൊസ് 3:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

തീബെര്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോൾ, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇതുര്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും ഇടപ്രഭുക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി. അവൻ യോർദ്ദാന്നരികെയുള്ള നാട്ടിൽ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു. “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നിരപ്പാക്കുവിൻ. എല്ലാതാഴ്‌വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുർഘടമായതു നിരന്ന വഴിയായും തീരും; സകലജഡവും ദൈവത്തിന്റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നേ. അവനാൽ സ്നാനം ഏല്പാൻ വന്ന പുരുഷാരത്തോടു അവൻ പറഞ്ഞതു: സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ? മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായിപ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ടു എന്നു ഉള്ളംകൊണ്ടു പറവാൻ തുനിയരുതു; അബ്രാഹാമിന്നു ഈ കല്ലുകളിൽ നിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിന്നു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു. എന്നാൽ ഞങ്ങൾ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു. അതിന്നു അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു. ചുങ്കക്കാരും സ്നാനം ഏല്പാൻ വന്നു: ഗുരോ, ഞങ്ങൾ എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു. നിങ്ങളോടു കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുതു എന്നു അവൻ പറഞ്ഞു. പടജ്ജനവും അവനോടു: ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചതിന്നു: ആരെയും ബലാല്ക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിൻ എന്നു അവരോടു പറഞ്ഞു. ജനം കാത്തുനിന്നു; അവൻ ക്രിസ്തുവോ എന്നു എല്ലാവരും ഹൃദയത്തിൽ യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും. അവന്നു വീശുമുറം കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും. മറ്റു പലതും അവൻ പ്രബോധിപ്പിച്ചുകൊണ്ടു ജനത്തോടു സുവിശേഷം അറിയിച്ചു. എന്നാൽ ഇടപ്രഭുവായ ഹെരോദാവു സഹോദരന്റെ ഭാര്യ ഹെരോദ്യനിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങൾ നിമിത്തവും യോഹന്നാൻ അവനെ ആക്ഷേപിക്കയാൽ അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവിൽ ആക്കുകയും ചെയ്തു.

ലൂക്കൊസ് 3:1-20 സമകാലിക മലയാളവിവർത്തനം (MCV)

റോമാ ചക്രവർത്തി, തീബെര്യൊസ് കൈസറുടെ ഭരണത്തിന്റെ പതിനഞ്ചാംവർഷത്തിൽ, പൊന്തിയോസ് പീലാത്തോസ് യെഹൂദ്യപ്രവിശ്യയിലെ ഭരണാധികാരിയും ഹെരോദാവ് ഗലീലാപ്രവിശ്യയിലും അദ്ദേഹത്തിന്റെ സഹോദരൻ ഫിലിപ്പൊസ് ഇതൂര്യ, ത്രഖോനിത്തി എന്നീ പ്രദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും ഭരിച്ചുകൊണ്ടിരുന്നു. ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായിരുന്ന ഈ സമയത്ത്, സെഖര്യാവിന്റെ മകനായ യോഹന്നാന് മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടുണ്ടായി. അദ്ദേഹം യോർദാൻനദിക്ക് അടുത്തുള്ള ഗ്രാമങ്ങളിലെല്ലാം ചെന്ന്, ഗ്രാമവാസികൾ അവരുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ച് അവയുടെ മോചനത്തിനായി ദൈവത്തിലേക്കു തിരിയണം എന്നും; ഇതിന്റെ തെളിവിനായി സ്നാനം സ്വീകരിക്കണം എന്നും പ്രസംഗിച്ചു: “മരുഭൂമിയിൽ വിളംബരംചെയ്യുന്നവന്റെ ശബ്ദം! ‘കർത്താവിന്റെ വഴിയൊരുക്കുക; അവിടത്തേക്കുവേണ്ടി പാത നേരേയാക്കുക! എല്ലാ താഴ്വരകളും നികത്തപ്പെടും. എല്ലാ പർവതങ്ങളും കുന്നുകളും താഴ്ത്തപ്പെടും. വളഞ്ഞവഴികൾ നേരേയാക്കുകയും ദുർഘടപാതകൾ സുഗമമാക്കുകയും ചെയ്യും. എല്ലാ മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും’ ” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെതന്നെ. തന്നിൽനിന്ന് സ്നാനം സ്വീകരിക്കാൻ വന്ന ജനസഞ്ചയത്തോട് യോഹന്നാൻ വിളിച്ചുപറഞ്ഞു, “അണലിക്കുഞ്ഞുങ്ങളേ! വരാൻപോകുന്ന ക്രോധത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ നിങ്ങൾക്കു മുന്നറിയിപ്പു തന്നതാരാണ്? മാനസാന്തരത്തിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുക. ‘ഞങ്ങൾക്കു പിതാവായി അബ്രാഹാം ഉണ്ട്’ എന്നു സ്വയം പുകഴാമെന്നു കരുതേണ്ട. കാരണം ഞാൻ നിങ്ങളോടു പറയുന്നു: ഈ കല്ലുകളിൽനിന്ന് അബ്രാഹാമിനുവേണ്ടി മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും. ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ തായ്‌വേരിൽ കോടാലി വെച്ചിരിക്കുന്നു; സത്ഫലം പുറപ്പെടുവിക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിഞ്ഞുകളയും.” അപ്പോൾ ജനമെല്ലാം ഏകസ്വരത്തിൽ, “ഞങ്ങൾ എന്താണു ചെയ്യേണ്ടത്?” എന്നു ചോദിച്ചു. അതിനു യോഹന്നാൻ, “രണ്ട് ഉടുപ്പുള്ളയാൾ ഉടുപ്പൊന്നും ഇല്ലാത്തയാൾക്ക് ഒരുടുപ്പ് കൊടുക്കട്ടെ; ഭക്ഷണമുള്ള വ്യക്തിയും അങ്ങനെതന്നെ ചെയ്യട്ടെ” എന്ന് ഉത്തരം പറഞ്ഞു. നികുതിപിരിവുകാരും സ്നാനം സ്വീകരിക്കാൻ വന്നു. “ഗുരോ, ഞങ്ങൾ എന്തു ചെയ്യണം?” എന്ന് അവർ ചോദിച്ചു. “നിങ്ങൾക്കു കൽപ്പന കിട്ടിയിട്ടുള്ളതിൽ അധികമായ നികുതി നിങ്ങൾ ചുമത്തരുത്,” എന്ന് അദ്ദേഹം അവരോടു പ്രതിവചിച്ചു. അപ്പോൾ ചില സൈനികർ അദ്ദേഹത്തോട്, “എന്താണ് ഞങ്ങൾ ചെയ്യേണ്ടത്?” എന്നു ചോദിച്ചു. “ബലം പ്രയോഗിച്ചു പണം വാങ്ങുകയോ ജനങ്ങളുടെമേൽ വ്യാജമായി കുറ്റം ചുമത്തുകയോ ചെയ്യരുത്; നിങ്ങളുടെ ശമ്പളംകൊണ്ടു തൃപ്തിപ്പെടുക,” എന്ന് ഉത്തരം പറഞ്ഞു. തങ്ങൾ ഉൽക്കടവാഞ്ഛയോടെ കാത്തിരുന്ന ക്രിസ്തു ഈ യോഹന്നാൻതന്നെ ആയിരിക്കുകയില്ലേ? എന്ന് ജനം ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു. അവർക്കെല്ലാവർക്കും മറുപടിയായി യോഹന്നാൻ പറഞ്ഞത്: “ഞാൻ നിങ്ങൾക്ക് ജലസ്നാനം നൽകുന്നു. എന്നാൽ എന്നെക്കാൾ ശ്രേഷ്ഠനായ ഒരാൾ എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല. അദ്ദേഹം നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ടും അഗ്നികൊണ്ടും സ്നാനം നൽകും. വീശുമുറം അദ്ദേഹത്തിന്റെ കൈയിൽ ഉണ്ട്; അദ്ദേഹം തന്റെ മെതിക്കളം പൂർണമായി വെടിപ്പാക്കിയശേഷം ഗോതമ്പും പതിരും വേർതിരിച്ച് ഗോതമ്പ് കളപ്പുരയിൽ ശേഖരിക്കുകയും പതിർ കെടാത്ത തീയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും.” ഇങ്ങനെയുള്ള പല വചനങ്ങൾകൊണ്ട് യോഹന്നാൻ ജനത്തെ പ്രബോധിപ്പിച്ച് അവരോടു സുവിശേഷം അറിയിച്ചു. എന്നാൽ, ഗലീലയിലെ ഭരണാധികാരിയായ ഹെരോദാവ്, അദ്ദേഹത്തിന്റെ സഹോദരന്റെ ഭാര്യയായ ഹെരോദ്യയെ സ്വന്തമാക്കി. ഇതിനുപുറമേ മറ്റനേകം ദോഷങ്ങളും അദ്ദേഹം ചെയ്തു. ഇതെല്ലാം നിമിത്തവും യോഹന്നാൻ ഹെരോദാവിനെ പരസ്യമായി ശാസിച്ചു. അതിനാൽ യോഹന്നാനെ കാരാഗൃഹത്തിൽ അടച്ചുകൊണ്ട് ഹെരോദാവ് താൻ ചെയ്തുവന്ന സകലപാതകങ്ങൾക്കും മകുടം ചാർത്തി.