ലൂക്കൊസ് 24:9-12
ലൂക്കൊസ് 24:9-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതൊക്കെയും അറിയിച്ചു. അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നെ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അത് അപ്പൊസ്തലന്മാരോടു പറഞ്ഞു. ഈ വാക്ക് അവർക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല. [എന്നാൽ പത്രൊസ് എഴുന്നേറ്റ് കല്ലറയ്ക്കൽ ഓടിച്ചെന്നു കുനിഞ്ഞുനോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്ന് ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.]
ലൂക്കൊസ് 24:9-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ അവിടെനിന്നു തിരിച്ചുചെന്ന് പതിനൊന്നു ശിഷ്യന്മാരെയും മറ്റുള്ളവരെയും ഈ വിവരം അറിയിച്ചു. മഗ്ദലേനമറിയവും യോഹന്നയും യാക്കോബിന്റെ അമ്മ മറിയവും അവരുടെകൂടെ ഉണ്ടായിരുന്ന ഇതര സ്‍ത്രീകളുമാണ് അപ്പോസ്തോലന്മാരോട് ഈ വിവരങ്ങൾ പറഞ്ഞത്. പക്ഷേ, അവരുടെ വാക്കുകൾ വെറും കെട്ടുകഥയാണന്നേ അവർക്കു തോന്നിയുള്ളൂ. അത് അവർ ഒട്ടും വിശ്വസിച്ചതുമില്ല. പത്രോസ് കല്ലറയുടെ അടുക്കൽ ഓടിച്ചെന്നു കുനിഞ്ഞുനോക്കി; അതിൽ മൃതദേഹം പൊതിഞ്ഞിരുന്ന തുണിയല്ലാതെ മറ്റൊന്നും കണ്ടില്ല. എന്താണു സംഭവിച്ചതെന്നോർത്ത് ആശ്ചര്യഭരിതനായി അദ്ദേഹം തിരിച്ചുപോയി.
ലൂക്കൊസ് 24:9-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊന്നു ശിഷ്യർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു. മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ, അവരോടുകൂടെയുള്ള മറ്റു സ്ത്രീകൾ എന്നിവരാണ് അത് അപ്പൊസ്തലന്മാരോട് പറഞ്ഞത്. ഈ വാക്ക് അവർക്ക് വെറും കഥപോലെ തോന്നി; അതുകൊണ്ട് അവർ വിശ്വസിച്ചില്ല. എന്നാൽ പത്രൊസ് എഴുന്നേറ്റ് കല്ലറയ്ക്കൽ ഓടിച്ചെന്നു കുനിഞ്ഞുനോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്ന് ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.
ലൂക്കൊസ് 24:9-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു. അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു. ഈ വാക്കു അവർക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല. [എന്നാൽ പത്രൊസ് എഴുന്നേറ്റു കല്ലറെക്കൽ ഓടിച്ചെന്നു കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.]
ലൂക്കൊസ് 24:9-12 സമകാലിക മലയാളവിവർത്തനം (MCV)
കല്ലറയിൽനിന്ന് മടങ്ങിയെത്തിയശേഷം അവർ ഈ കാര്യങ്ങളെല്ലാം പതിനൊന്ന് അപ്പൊസ്തലന്മാരോടും മറ്റു ശിഷ്യരോടും അറിയിച്ചു. മഗ്ദലക്കാരി മറിയ, യോഹന്ന, യാക്കോബിന്റെ അമ്മ മറിയ എന്നിവരും അവരോടുകൂടെ ഉണ്ടായിരുന്ന മറ്റു സ്ത്രീകളുമാണ് ഈ വാർത്ത അപ്പൊസ്തലന്മാരെ ആദ്യം അറിയിക്കുന്നത്. എന്നാൽ, അവരുടെ വാക്കുകൾ വെറും കെട്ടുകഥപോലെ തോന്നുകയാൽ അപ്പൊസ്തലന്മാർ അതു വിശ്വസിച്ചില്ല. എങ്കിലും പത്രോസ് എഴുന്നേറ്റു കല്ലറയുടെ അടുത്തേക്കോടി. അയാൾ കല്ലറയ്ക്കുള്ളിലേക്കു കുനിഞ്ഞു നോക്കിയപ്പോൾ മൃതദേഹം പൊതിഞ്ഞിരുന്ന മൃദുലവസ്ത്രങ്ങൾമാത്രം അവിടെ കിടക്കുന്നതുകണ്ട് സംഭവിച്ചതെന്തായിരിക്കുമെന്ന് ആശ്ചര്യപ്പെട്ടു മടങ്ങിപ്പോയി.