ലൂക്കൊസ് 24:17-27

ലൂക്കൊസ് 24:17-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ അവരോട്: നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാര്യം എന്ത് എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു. ക്ലെയൊപ്പാവ് എന്നു പേരുള്ളവൻ: യെരൂശലേമിലെ പരദേശികളിൽ നീ മാത്രം ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്ന് ഉത്തരം പറഞ്ഞു. ഏത് എന്ന് അവൻ അവരോടു ചോദിച്ചതിന് അവർ അവനോട് പറഞ്ഞത്: ദൈവത്തിനും സകല ജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നെ. നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്ക് ഏല്പിച്ചു ക്രൂശിച്ചു. ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്ന് ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ട് ഇന്നു മൂന്നാംനാൾ ആകുന്നു. ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറയ്ക്കൽ പോയി അവന്റെ ശരീരം കാണാതെ മടങ്ങിവന്ന് അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു. ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറയ്ക്കൽ ചെന്നു സ്ത്രീകൾ പറഞ്ഞതുപോലെതന്നെ കണ്ടു; അവനെ കണ്ടില്ലതാനും. അവൻ അവരോട്: അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നത് എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ, ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്ത്വത്തിൽ കടക്കേണ്ടതല്ലയോ എന്നു പറഞ്ഞു. മോശെ തുടങ്ങി സകല പ്രവാചകന്മാരിൽനിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.

ലൂക്കൊസ് 24:17-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശു അവരോടു ചോദിച്ചു: “നിങ്ങൾ നടക്കുന്നതിനിടയിൽ പരസ്പരം പറയുന്ന കാര്യങ്ങൾ എന്താണ്?” അവർ വിഷാദത്തിൽ മുഴുകി നിശ്ചലരായി നിന്നു. അവരിൽ ക്ലെയോപ്പാവ് എന്നയാൾ അവിടുത്തോടു ചോദിച്ചു: “ഇക്കഴിഞ്ഞ ദിവസങ്ങളിൽ യെരൂശലേമിൽ നടന്ന സംഭവങ്ങളെക്കുറിച്ച് അവിടെ നിവസിക്കുന്നവരിൽ താങ്കൾക്കുമാത്രം അറിവില്ലെന്നോ?” “എന്തു സംഭവങ്ങൾ?” യേശു വീണ്ടും ചോദിച്ചു. അവർ ഉത്തരം നല്‌കി: “നസറായനായ യേശുവിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ തന്നെ. ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പിൽ വാക്കിലും പ്രവൃത്തിയിലും അസാമാന്യമായ ശക്തിയുള്ള പ്രവാചകനായിരുന്നു യേശു. നമ്മുടെ പുരോഹിതമുഖ്യന്മാരും ജനപ്രമാണിമാരും അവിടുത്തെ വധശിക്ഷയ്‍ക്ക് ഏല്പിച്ചു കൊടുക്കുകയും കുരിശിൽ തറച്ചുകൊല്ലുകയും ചെയ്തു. ഇസ്രായേൽജനതയെ വീണ്ടെടുക്കുവാനുള്ളവൻ അദ്ദേഹം ആണെന്നത്രേ ഞങ്ങൾ പ്രത്യാശിച്ചിരുന്നത്. മാത്രമല്ല, ഇതു സംഭവിച്ചിട്ട് ഇന്നു മൂന്നാം ദിവസമാണ്. ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്‍ത്രീകൾ ഇന്ന് അതിരാവിലെ കല്ലറയുടെ അടുത്തു പോയിരുന്നു. അവിടുത്തെ ശരീരം അവർ അവിടെ കണ്ടില്ല. യേശു ജീവിച്ചിരിക്കുന്നു എന്ന് ദൈവദൂതന്മാർ പ്രത്യക്ഷപ്പെട്ടു തങ്ങളെ അറിയിച്ചതായി ആ സ്‍ത്രീകൾ പറഞ്ഞു. ഇതുകേട്ടപ്പോൾ ഞങ്ങൾ അമ്പരന്നുപോയി. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ചിലർ കല്ലറയുടെ അടുക്കൽ പോയി നോക്കി. ആ സ്‍ത്രീകൾ പറഞ്ഞതുപോലെ യേശുവിനെ അവരും കണ്ടില്ല.” അവിടുന്ന് അവരോടു പറഞ്ഞു: “ഹാ, നിങ്ങൾ ഇത്ര ബുദ്ധിശൂന്യരോ! പ്രവാചകന്മാർ പറഞ്ഞിട്ടുള്ളതെല്ലാം വിശ്വസിക്കുവാൻ കഴിയാതെവണ്ണം നിങ്ങൾ മന്ദബുദ്ധികളായിപ്പോയല്ലോ. ക്രിസ്തു ഇതെല്ലാം സഹിച്ചിട്ട് തന്റെ മഹത്ത്വത്തിൽ പ്രവേശിക്കേണ്ടതല്ലേ?” പിന്നീടു മോശയും സകല പ്രവാചകന്മാരും എഴുതിയിട്ടുള്ള രേഖകൾ ആരംഭംമുതൽ വ്യാഖാനിച്ച് തന്നെപ്പറ്റിയുള്ള വേദലിഖിതങ്ങൾ അവിടുന്ന് അവരെ ബോധ്യപ്പെടുത്തി.

ലൂക്കൊസ് 24:17-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവൻ അവരോട്: നിങ്ങൾ വഴിനടന്നു തമ്മിൽ തർക്കിക്കുന്ന ഈ കാര്യം എന്ത്? എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു. അവരിൽ ക്ലെയോപ്പാവ് എന്നു പേരുള്ളവൻ: ”യെരൂശലേം നിവാസികളിൽ ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നത് നീ മാത്രം ആകുന്നു” പറഞ്ഞു. ഏത് കാര്യം എന്നു അവൻ അവരോട് ചോദിച്ചതിന് അവർ അവനോട് പറഞ്ഞത്: ”ദൈവത്തിനും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നെ. നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു. ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ട് ഇന്ന് മൂന്നുനാൾ കഴിഞ്ഞു. ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറയ്ക്കൽ പോയി പക്ഷേ അവന്‍റെ ശരീരം കാണാതെ മടങ്ങിവന്നു. അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ടു എന്നു പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറയ്ക്കൽ ചെന്നു സ്ത്രീകൾ പറഞ്ഞതുപോലെ തന്നെ യേശുവിനെ കണ്ടില്ലതാനും.” അവൻ അവരോട്: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നത് എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ, ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ട് തന്‍റെ മഹത്വത്തിൽ പ്രവേശിക്കേണ്ടതല്ലയോ” എന്നു പറഞ്ഞു, മോശെ തുടങ്ങി എല്ലാ പ്രവാചകന്മാരിൽ നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് യേശു അവർക്ക് വ്യക്തമാക്കി കൊടുത്തു.

ലൂക്കൊസ് 24:17-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ അവരോടു:നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാര്യം എന്തു എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു. ക്ലെയൊപ്പാവു എന്നു പേരുള്ളവൻ; യെരൂശലേമിലെ പരദേശികളിൽ നീ മാത്രം ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു. ഏതു എന്നു അവൻ അവരോടു ചോദിച്ചതിന്നു അവർ അവനോടു പറഞ്ഞതു: ദൈവത്തിന്നും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ. നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു. ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു. ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറെക്കൽ പോയി അവന്റെ ശരീരം കാണാതെ മടങ്ങിവന്നു അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു. ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറക്കൽ ചെന്നു സ്ത്രീകൾ പറഞ്ഞതുപോലെ തന്നേ കണ്ടു; അവനെ കണ്ടില്ലതാനും. അവൻ അവരോടു:“അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ, ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയോ” എന്നു പറഞ്ഞു, മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.

ലൂക്കൊസ് 24:17-27 സമകാലിക മലയാളവിവർത്തനം (MCV)

അദ്ദേഹം അവരോട്, “യാത്രയ്ക്കിടയിൽ നിങ്ങൾ ചർച്ചചെയ്യുന്ന കാര്യമെന്താണ്?” എന്നു ചോദിച്ചു. അവർ നിരാശപ്പെട്ട മുഖത്തോടെ നിശ്ചലരായി നിലകൊണ്ടു. അവരിൽ ക്ലെയോപ്പാവ് എന്നു പേരുള്ളയാൾ അദ്ദേഹത്തോട് ചോദിച്ചു, “ജെറുശലേമിലെ സന്ദർശകരിൽ താങ്കൾമാത്രമാണല്ലോ ഈ നാളുകളിൽ അവിടെ ഉണ്ടായ സംഭവങ്ങൾ അറിയാത്തത്?” “എന്തു സംഭവങ്ങൾ?” യേശു ചോദിച്ചു. അവർ അപ്പോൾ ഇങ്ങനെ മറുപടി പറഞ്ഞു: “നസറെത്തുകാരനായ യേശുവിനു സംഭവിച്ച കാര്യങ്ങൾതന്നെ. പ്രവൃത്തിയിലും വാക്കിലും ദൈവത്തിന്റെയും സർവമനുഷ്യരുടെയും ദൃഷ്ടിയിൽ അതിശക്തനായ ഒരു പ്രവാചകൻ ആയിരുന്നു അദ്ദേഹം. ഞങ്ങളുടെ പുരോഹിതമുഖ്യന്മാരും ഭരണാധികാരികളും അദ്ദേഹത്തെ മരണശിക്ഷയ്ക്കായി റോമാക്കാരെ ഏൽപ്പിക്കുകയും അവർ ക്രൂശിക്കുകയും ചെയ്തു. ഞങ്ങളോ, ഇസ്രായേലിനെ വിമോചിപ്പിക്കാൻ പോകുന്നത് അദ്ദേഹമാണെന്ന് ആശിച്ചിരുന്നു. എന്തു പറയേണ്ടൂ? ഇതൊക്കെ സംഭവിച്ചിട്ട് ഇന്ന് മൂന്നാംനാൾ ആകുന്നു. അതുകൊണ്ടും തീർന്നില്ല, ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകൾ ഞങ്ങളെ അമ്പരപ്പിച്ചിരിക്കുന്നു; അവർ ഇന്ന് അതിരാവിലെ കല്ലറയുടെ അടുത്തുചെന്നു; എന്നാൽ, അദ്ദേഹത്തിന്റെ ശരീരം അവർക്കു കാണാൻ കഴിഞ്ഞില്ല. അവർ വന്നു ഞങ്ങളോട്, അദ്ദേഹം ജീവിച്ചിരിക്കുന്നു എന്നറിയിച്ച ദൂതന്മാരെ അവർ ദർശനത്തിൽ കണ്ടതായി പറഞ്ഞു. അപ്പോൾ ഞങ്ങളുടെ കൂട്ടുകാരിൽ ചിലർ കല്ലറയുടെ അടുത്തേക്കുപോയി. അവരും സ്ത്രീകൾ പറഞ്ഞതുപോലെതന്നെ കണ്ടു. എന്നാൽ അവർ യേശുവിനെ കണ്ടില്ല.” അദ്ദേഹം അവരോട്, “ഹാ! നിങ്ങൾ എത്ര ബുദ്ധിശൂന്യർ! പ്രവാചകന്മാർ പ്രസ്താവിച്ചിട്ടുള്ളതെല്ലാം വിശ്വസിക്കാൻ കഴിയാത്ത മന്ദബുദ്ധികളേ! ഇവയെല്ലാം സഹിച്ചതിനുശേഷമല്ലേ ക്രിസ്തു അവിടത്തെ മഹത്ത്വത്തിൽ പ്രവേശിക്കേണ്ടത്?” പിന്നെ അദ്ദേഹം മോശയുടെയും സകലപ്രവാചകന്മാരുടെയും ലിഖിതങ്ങളിലും ശേഷം എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചു പറഞ്ഞിട്ടുള്ളത് അവർക്കു വ്യാഖ്യാനിച്ചു കൊടുത്തു.