ലൂക്കൊസ് 24:1-12
ലൂക്കൊസ് 24:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ ഒരുക്കിയ സുഗന്ധവർഗം എടുത്ത് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു കല്ലറയ്ക്കൽ എത്തി, കല്ലറയിൽനിന്നു കല്ല് ഉരുട്ടിക്കളഞ്ഞതായി കണ്ടു. അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല. അതിനെക്കുറിച്ച് അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ടു. ഭയപ്പെട്ടു മുഖം കുനിച്ചു നില്ക്കുമ്പോൾ അവർ അവരോട്: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്? അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു; മുമ്പേ ഗലീലയിൽ ഇരിക്കുമ്പോൾതന്നെ അവൻ നിങ്ങളോട്: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കൈയിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേല്ക്കയും വേണം എന്നു പറഞ്ഞത് ഓർത്തുകൊൾവിൻ എന്നു പറഞ്ഞു. അവർ അവന്റെ വാക്ക് ഓർത്തു, കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതൊക്കെയും അറിയിച്ചു. അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നെ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അത് അപ്പൊസ്തലന്മാരോടു പറഞ്ഞു. ഈ വാക്ക് അവർക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല. [എന്നാൽ പത്രൊസ് എഴുന്നേറ്റ് കല്ലറയ്ക്കൽ ഓടിച്ചെന്നു കുനിഞ്ഞുനോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്ന് ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.]
ലൂക്കൊസ് 24:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തങ്ങൾ ഒരുക്കിവച്ച സുഗന്ധദ്രവ്യങ്ങളുമായി ആ സ്‍ത്രീകൾ ഞായറാഴ്ച അതിരാവിലെ കല്ലറയുടെ അടുക്കലെത്തി. കല്ലറയുടെ വാതില്‌ക്കൽ വച്ചിരുന്ന കല്ല് ഉരുട്ടി നീക്കിയിരിക്കുന്നതായി അവർ കണ്ടു. അവർ അകത്തുകടന്നപ്പോൾ കർത്താവായ യേശുവിന്റെ ശരീരം അവിടെ കണ്ടില്ല. അവർ അമ്പരന്നു നില്‌ക്കുമ്പോൾ മിന്നിത്തിളങ്ങുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ സമീപത്തു നില്‌ക്കുന്നതു കണ്ടു. ആ സ്‍ത്രീകൾ ഭയപരവശരായി മുഖം കുനിച്ചുനിന്നു. അപ്പോൾ ആ പുരുഷന്മാർ അവരോടു പറഞ്ഞു: “ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയിൽ നിങ്ങൾ അന്വേഷിക്കുന്നതെന്തിന്? അവിടുന്ന് ഇവിടെയില്ല, ഉയിർത്തെഴുന്നേറ്റിരിക്കുന്നു. മനുഷ്യപുത്രൻ അധർമികളുടെ കൈയിൽ ഏല്പിക്കപ്പെടുമെന്നും അവർ അവിടുത്തെ ക്രൂശിക്കുമെന്നും എന്നാൽ മൂന്നാം ദിവസം ഉയിർത്തെഴുന്നേല്‌ക്കുമെന്നും അവിടുന്ന് ഗലീലയിൽവച്ചു പറഞ്ഞത് നിങ്ങൾ ഓർമിക്കുന്നില്ലേ?” അപ്പോൾ അവിടുത്തെ വാക്കുകൾ അവർ അനുസ്മരിച്ചു. അവർ അവിടെനിന്നു തിരിച്ചുചെന്ന് പതിനൊന്നു ശിഷ്യന്മാരെയും മറ്റുള്ളവരെയും ഈ വിവരം അറിയിച്ചു. മഗ്ദലേനമറിയവും യോഹന്നയും യാക്കോബിന്റെ അമ്മ മറിയവും അവരുടെകൂടെ ഉണ്ടായിരുന്ന ഇതര സ്‍ത്രീകളുമാണ് അപ്പോസ്തോലന്മാരോട് ഈ വിവരങ്ങൾ പറഞ്ഞത്. പക്ഷേ, അവരുടെ വാക്കുകൾ വെറും കെട്ടുകഥയാണന്നേ അവർക്കു തോന്നിയുള്ളൂ. അത് അവർ ഒട്ടും വിശ്വസിച്ചതുമില്ല. പത്രോസ് കല്ലറയുടെ അടുക്കൽ ഓടിച്ചെന്നു കുനിഞ്ഞുനോക്കി; അതിൽ മൃതദേഹം പൊതിഞ്ഞിരുന്ന തുണിയല്ലാതെ മറ്റൊന്നും കണ്ടില്ല. എന്താണു സംഭവിച്ചതെന്നോർത്ത് ആശ്ചര്യഭരിതനായി അദ്ദേഹം തിരിച്ചുപോയി.
ലൂക്കൊസ് 24:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തുകൊണ്ടു ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം അതികാലത്ത് കല്ലറയ്ക്കൽ എത്തി, കല്ലറയിൽ നിന്നു കല്ല് ഉരുട്ടിമാറ്റിയതായി കണ്ടു. അകത്ത് കടന്നപ്പോൾ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല. അതിനെക്കുറിച്ച് അവർ അമ്പരന്നിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ടു. അവർ ഭയപ്പെട്ടു മുഖം കുനിച്ച് നില്ക്കുമ്പോൾ പുരുഷന്മാർ അവരോട്: ”നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്? അവൻ ഇവിടെ ഇല്ല, ഉയിർത്തെഴുന്നേറ്റിരിക്കുന്നു; മുമ്പെ അവൻ ഗലീലയിൽ ആയിരിക്കുമ്പോൾ തന്നെ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുകയും വേണം എന്നു പറഞ്ഞത് ഓർത്തുകൊൾവിൻ” എന്നു പറഞ്ഞു. അപ്പോൾ അവർ അവന്റെ വാക്ക് ഓർത്തു, കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊന്നു ശിഷ്യർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു. മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ, അവരോടുകൂടെയുള്ള മറ്റു സ്ത്രീകൾ എന്നിവരാണ് അത് അപ്പൊസ്തലന്മാരോട് പറഞ്ഞത്. ഈ വാക്ക് അവർക്ക് വെറും കഥപോലെ തോന്നി; അതുകൊണ്ട് അവർ വിശ്വസിച്ചില്ല. എന്നാൽ പത്രൊസ് എഴുന്നേറ്റ് കല്ലറയ്ക്കൽ ഓടിച്ചെന്നു കുനിഞ്ഞുനോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്ന് ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.
ലൂക്കൊസ് 24:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു കല്ലറെക്കൽ എത്തി, കല്ലറയിൽ നിന്നു കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു. അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല. അതിനെക്കുറിച്ചു അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ടു. ഭയപ്പെട്ടു മുഖം കുനിച്ചു നില്ക്കുമ്പോൾ അവർ അവരോടു: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു? അവൻ ഇവിടെ ഇല്ല, ഉയിർത്തെഴുന്നേറ്റിരിക്കുന്നു; മുമ്പെ ഗലീലയിൽ ഇരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു പറഞ്ഞതു ഓർത്തുകൊൾവിൻ എന്നു പറഞ്ഞു അവർ അവന്റെ വാക്കു ഓർത്തു, കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു. അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു. ഈ വാക്കു അവർക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല. [എന്നാൽ പത്രൊസ് എഴുന്നേറ്റു കല്ലറെക്കൽ ഓടിച്ചെന്നു കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.]
ലൂക്കൊസ് 24:1-12 സമകാലിക മലയാളവിവർത്തനം (MCV)
ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ ആ സ്ത്രീകൾ തങ്ങൾ തയ്യാറാക്കിയ സുഗന്ധദ്രവ്യങ്ങൾ എടുത്തുകൊണ്ട് കല്ലറയുടെ അടുത്തെത്തി. കല്ലറയുടെ കവാടത്തിൽനിന്ന് കല്ല് ഉരുട്ടി മാറ്റിയിരുന്നതായി അവർ കണ്ടു. അവർ ഉള്ളിൽ പ്രവേശിച്ചപ്പോൾ കർത്താവായ യേശുവിന്റെ ശരീരം അവിടെ കണ്ടില്ല. അതിനെക്കുറിച്ച് അവർ ആശ്ചര്യചകിതരായിരിക്കുമ്പോൾ, പെട്ടെന്നു മിന്നൽപ്പിണർപോലെ തിളങ്ങുന്ന വസ്ത്രം ധരിച്ച രണ്ട് പുരുഷന്മാർ തൊട്ടരികത്തുനിൽക്കുന്നതു കണ്ടു. ആ സ്ത്രീകൾ ഭയവിഹ്വലരായി, തല ഉയർത്താൻപോലും കഴിയാതെ നിൽക്കുമ്പോൾ ആ പുരുഷന്മാർ അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതെന്തിന്? അദ്ദേഹം ഇവിടെ ഇല്ല! അദ്ദേഹം ഉയിർത്തെഴുന്നേറ്റിരിക്കുന്നു! മുമ്പേ നിങ്ങളോടുകൂടെ ഗലീലയിൽ ആയിരുന്നപ്പോൾ യേശു നിങ്ങളോട്, ‘മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏൽപ്പിക്കപ്പെട്ടു ക്രൂശിക്കപ്പെടുകയും മൂന്നാംനാൾ ഉയിർത്തെഴുന്നേൽക്കുകയും വേണം’ എന്നു പറഞ്ഞത് ഓർക്കുക” എന്നു പറഞ്ഞു. അപ്പോൾ അവർ അദ്ദേഹത്തിന്റെ വാക്കുകൾ ഓർത്തു. കല്ലറയിൽനിന്ന് മടങ്ങിയെത്തിയശേഷം അവർ ഈ കാര്യങ്ങളെല്ലാം പതിനൊന്ന് അപ്പൊസ്തലന്മാരോടും മറ്റു ശിഷ്യരോടും അറിയിച്ചു. മഗ്ദലക്കാരി മറിയ, യോഹന്ന, യാക്കോബിന്റെ അമ്മ മറിയ എന്നിവരും അവരോടുകൂടെ ഉണ്ടായിരുന്ന മറ്റു സ്ത്രീകളുമാണ് ഈ വാർത്ത അപ്പൊസ്തലന്മാരെ ആദ്യം അറിയിക്കുന്നത്. എന്നാൽ, അവരുടെ വാക്കുകൾ വെറും കെട്ടുകഥപോലെ തോന്നുകയാൽ അപ്പൊസ്തലന്മാർ അതു വിശ്വസിച്ചില്ല. എങ്കിലും പത്രോസ് എഴുന്നേറ്റു കല്ലറയുടെ അടുത്തേക്കോടി. അയാൾ കല്ലറയ്ക്കുള്ളിലേക്കു കുനിഞ്ഞു നോക്കിയപ്പോൾ മൃതദേഹം പൊതിഞ്ഞിരുന്ന മൃദുലവസ്ത്രങ്ങൾമാത്രം അവിടെ കിടക്കുന്നതുകണ്ട് സംഭവിച്ചതെന്തായിരിക്കുമെന്ന് ആശ്ചര്യപ്പെട്ടു മടങ്ങിപ്പോയി.