ലൂക്കൊസ് 23:33-38
ലൂക്കൊസ് 23:33-38 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തലയോടിടം എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു. എന്നാൽ യേശു: പിതാവേ, ഇവർ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവർ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു. ജനം നോക്കിക്കൊണ്ടു നിന്നു. ഇവൻ മറ്റുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ തന്നെത്താൻ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു. പടയാളികളും അവനെ പരിഹസിച്ച് അടുത്തുവന്ന് അവനു പുളിച്ച വീഞ്ഞു കാണിച്ചു. നീ യെഹൂദന്മാരുടെ രാജാവ് എങ്കിൽ നിന്നെത്തന്നെ രക്ഷിക്ക എന്നു പറഞ്ഞു. ഇവൻ യെഹൂദന്മാരുടെ രാജാവ് എന്ന് ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു.
ലൂക്കൊസ് 23:33-38 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തലയോട് എന്നു പേരുള്ള സ്ഥലത്ത് അവർ എത്തി. അവിടെ യേശുവിനെയും അവിടുത്തെ ഇടത്തും വലത്തും ആ കുറ്റവാളികളെയും അവർ കുരിശിൽ തറച്ചു. യേശു ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, ഇവരോടു ക്ഷമിക്കണമേ; ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ലല്ലോ!” പിന്നീട് യേശുവിന്റെ വസ്ത്രം പങ്കിടുന്നതിനുവേണ്ടി അവർ ചീട്ടിട്ടു. ജനം ഇതെല്ലാം നോക്കിക്കൊണ്ട് അടുത്തുനിന്നു. യെഹൂദന്മാർ അവിടുത്തെ പരിഹസിച്ചുകൊണ്ടു പറഞ്ഞു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു ആണെങ്കിൽ ഇവൻ സ്വയം രക്ഷപെടട്ടെ” പടയാളികളും യേശുവിനെ പരിഹസിച്ചു; അവർ അടുത്ത ചെന്നു പുളിച്ച വീഞ്ഞു നീട്ടിക്കൊടുത്തുകൊണ്ട് “നീ യെഹൂദന്മാരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷപെടുത്തുക” എന്നു പറഞ്ഞു. ‘ഇവൻ യെഹൂദന്മാരുടെ രാജാവ്’ എന്ന് എഴുതി കുരിശിന്റെ മുകളിൽ വച്ചിരുന്നു.
ലൂക്കൊസ് 23:33-38 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
തലയോടിടം എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ അവിടെ അവനെയും കുറ്റവാളികളായ, ഒരുവനെ വലത്തും ഒരുവനെ ഇടത്തുമായി, ക്രൂശിച്ചു. അപ്പോൾ യേശു: പിതാവേ, ഇവർ ചെയ്യുന്നതു എന്താണെന്ന് അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കേണമേ എന്നു പറഞ്ഞു. പിന്നീട് അവർ അവന്റെ വസ്ത്രം പങ്കിടാനായി ചീട്ടിട്ടു. ജനം നോക്കിക്കൊണ്ട് നിന്നു. ”ഇവൻ മറ്റുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ സ്വയം രക്ഷിയ്ക്കട്ടെ” എന്നു ഭരണകർത്താക്കളും പരിഹസിച്ചു പറഞ്ഞു. പടയാളികളും അവനെ പരിഹസിച്ചു അടുത്തുവന്ന് അവനു പുളിച്ച വീഞ്ഞ് കാണിച്ചു. നീ യെഹൂദന്മാരുടെ രാജാവ് എങ്കിൽ നിന്നെത്തന്നെ രക്ഷിക്ക എന്നു പറഞ്ഞു. ഇവൻ യെഹൂദന്മാരുടെ രാജാവ് എന്നു ഒരു തലക്കെട്ട് അവന്‍റെ മീതെ ഉണ്ടായിരുന്നു.
ലൂക്കൊസ് 23:33-38 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു. എന്നാൽ യേശു:പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവർ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു. ജനം നോക്കിക്കൊണ്ടു നിന്നു. ഇവൻ മറുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ തന്നെത്താൻ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു. പടയാളികളും അവനെ പരിഹസിച്ചു അടുത്തു വന്നു അവന്നു പുളിച്ചവീഞ്ഞു കാണിച്ചു. നീ യെഹൂദന്മാരുടെ രാജാവു എങ്കിൽ നിന്നെത്തന്നേ രക്ഷിക്ക എന്നു പറഞ്ഞു. ഇവൻ യെഹൂദന്മാരുടെ രാജാവു എന്നു ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു.
ലൂക്കൊസ് 23:33-38 സമകാലിക മലയാളവിവർത്തനം (MCV)
തലയോട്ടിയുടെ സ്ഥലം എന്നർഥമുള്ള സ്ഥലത്ത് എത്തിയപ്പോൾ അവിടെ അവർ യേശുവിനെ മധ്യത്തിലും കുറ്റവാളികളിൽ ഒരാളെ അദ്ദേഹത്തിന്റെ വലത്തും മറ്റേയാളെ ഇടത്തുമായി ക്രൂശിച്ചു. അപ്പോൾ യേശു, “പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയായ്കയാൽ ഇവരോടു ക്ഷമിക്കണമേ” എന്നു പ്രാർഥിച്ചു. അതിനുശേഷം സൈനികർ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ നറുക്കിട്ട് വീതിച്ചെടുത്തു. ജനങ്ങൾ ഇതെല്ലാം വീക്ഷിച്ചുകൊണ്ടുനിന്നു. അധികാരികൾ ആകട്ടെ, അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട്, “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു; ഇയാൾ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ക്രിസ്തുവെങ്കിൽ സ്വയം രക്ഷിക്കട്ടെ” എന്നു പറഞ്ഞു. സൈനികരും അടുത്തുവന്ന് അദ്ദേഹത്തെ നിന്ദിച്ചു. അവർ അദ്ദേഹത്തിനു പുളിച്ച വീഞ്ഞു കൊടുത്തുകൊണ്ട്, “നീ യെഹൂദന്മാരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക” എന്നു പറഞ്ഞു. ഇദ്ദേഹം യെഹൂദരുടെ രാജാവ്, എന്ന ഒരു കുറ്റപത്രം ക്രൂശിൽ യേശുവിന്റെ ശിരസ്സിനുമീതേ വെച്ചിരുന്നു.