ലൂക്കൊസ് 23:1-43
ലൂക്കൊസ് 23:1-43 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം അവർ എല്ലാവരും കൂട്ടമേ എഴുന്നേറ്റ് അവനെ പീലാത്തൊസിന്റെ അടുക്കൽ കൊണ്ടുപോയി: ഇവൻ ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ട് കൈസർക്കു കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി. പീലാത്തൊസ് അവനോട്: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്: ഞാൻ ആകുന്നു എന്ന് അവനോട് ഉത്തരം പറഞ്ഞു. പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും: ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു. അതിന് അവർ: അവൻ ഗലീലയിൽതുടങ്ങി യെഹൂദ്യയിൽ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു എന്നു നിഷ്കർഷിച്ചുപറഞ്ഞു. ഇതു കേട്ടിട്ട് ഈ മനുഷ്യൻ ഗലീലക്കാരനോ എന്നു പീലാത്തൊസ് ചോദിച്ചു; ഹെരോദാവിന്റെ അധികാരത്തിൽ ഉൾപ്പെട്ടവൻ എന്നറിഞ്ഞിട്ട്, അന്നു യെരൂശലേമിൽ വന്നുപാർക്കുന്ന ഹെരോദാവിന്റെ അടുക്കൽ അവനെ അയച്ചു. ഹെരോദാവ് യേശുവിനെ കണ്ടിട്ട് അത്യന്തം സന്തോഷിച്ചു; അവനെക്കുറിച്ചു കേട്ടിരുന്നതുകൊണ്ട് അവനെ കാൺമാൻ വളരെക്കാലമായി ഇച്ഛിച്ചു, അവൻ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്ന് ആശിച്ചിരുന്നു. ഏറിയോന്നു ചോദിച്ചിട്ടും അവൻ അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ടു നിന്നു. ഹെരോദാവ് തന്റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്രവസ്ത്രം ധരിപ്പിച്ചു പീലാത്തൊസിന്റെ അടുക്കൽ മടക്കി അയച്ചു. അന്നു ഹെരോദാവും പീലാത്തൊസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പേ അവർ തമ്മിൽ വൈരമായിരുന്നു. പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചുകൂട്ടി. അവരോട്: ഈ മനുഷ്യൻ ജനത്തെ മത്സരിപ്പിക്കുന്നു എന്നു പറഞ്ഞു നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ കുറ്റം ഒന്നും ഇവനിൽ കണ്ടില്ല; ഹെരോദാവും കണ്ടില്ല; അവൻ അവനെ നമ്മുടെ അടുക്കൽ മടക്കി അയച്ചുവല്ലോ; ഇവൻ മരണയോഗ്യമായത് ഒന്നും പ്രവർത്തിച്ചിട്ടില്ല സ്പഷ്ടം; അതുകൊണ്ടു ഞാൻ അവനെ അടിപ്പിച്ചു വിട്ടയയ്ക്കും എന്നു പറഞ്ഞു. ഇവനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടുതരിക എന്ന് എല്ലാവരുംകൂടെ നിലവിളിച്ചു; [ഉത്സവന്തോറും ഒരുത്തനെ വിട്ടുകൊടുക്ക പതിവായിരുന്നു]. അവനോ നഗരത്തിൽ ഉണ്ടായ ഒരു കലഹവും കൊലയും ഹേതുവായി തടവിലായവൻ ആയിരുന്നു. പീലാത്തൊസ് യേശുവിനെ വിടുവിപ്പാൻ ഇച്ഛിച്ചിട്ടു പിന്നെയും അവരോടു വിളിച്ചുപറഞ്ഞു. അവരോ: അവനെ ക്രൂശിക്ക, ക്രൂശിക്ക എന്ന് എതിരേ നിലവിളിച്ചു. അവൻ മൂന്നാമതും അവരോട്: അവൻ ചെയ്ത ദോഷം എന്ത്? മരണയോഗ്യമായത് ഒന്നും അവനിൽ കണ്ടില്ല; അതുകൊണ്ട് ഞാൻ അവനെ അടിപ്പിച്ചു വിട്ടയയ്ക്കും എന്നു പറഞ്ഞു. അവരോ അവനെ ക്രൂശിക്കേണ്ടതിന് ഉറക്കെ മുട്ടിച്ചു ചോദിച്ചു; അവരുടെ നിലവിളി ഫലിച്ചു; അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തൊസ് വിധിച്ചു. കലഹവും കൊലയും ഹേതുവായി തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കയും യേശുവിനെ അവരുടെ ഇഷ്ടത്തിന് ഏല്പിക്കയും ചെയ്തു. അവനെ കൊണ്ടുപോകുമ്പോൾ വയലിൽ നിന്നു വരുന്ന ശിമോൻ എന്ന ഒരു കുറേനക്കാരനെ അവർ പിടിച്ചു ക്രൂശ് ചുമപ്പിച്ചു യേശുവിന്റെ പിന്നാലെ നടക്കുമാറാക്കി. ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളും അവന്റെ പിന്നാലെ ചെന്നു. യേശു തിരിഞ്ഞ് അവരെ നോക്കി: യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ. മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു. അന്നു മലകളോട്: ഞങ്ങളുടെമേൽ വീഴുവിൻ എന്നും കുന്നുകളോട്: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞുതുടങ്ങും. പച്ചമരത്തോട് ഇങ്ങനെ ചെയ്താൽ ഉണങ്ങിയതിന് എന്തു ഭവിക്കും എന്നു പറഞ്ഞു. ദുഷ്പ്രവൃത്തിക്കാരായ വേറേ രണ്ടു പേരെയും അവനോടുകൂടെ കൊല്ലേണ്ടതിനു കൊണ്ടുപോയി. തലയോടിടം എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു. എന്നാൽ യേശു: പിതാവേ, ഇവർ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവർ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു. ജനം നോക്കിക്കൊണ്ടു നിന്നു. ഇവൻ മറ്റുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ തന്നെത്താൻ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു. പടയാളികളും അവനെ പരിഹസിച്ച് അടുത്തുവന്ന് അവനു പുളിച്ച വീഞ്ഞു കാണിച്ചു. നീ യെഹൂദന്മാരുടെ രാജാവ് എങ്കിൽ നിന്നെത്തന്നെ രക്ഷിക്ക എന്നു പറഞ്ഞു. ഇവൻ യെഹൂദന്മാരുടെ രാജാവ് എന്ന് ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു. തൂക്കിയ ദുഷ്പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞ് അവനെ ദുഷിച്ചു. മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നെ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിനു യോഗ്യമായതല്ലോ കിട്ടുന്നത്; ഇവനോ അരുതാത്തത് ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു. പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചുവരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു. യേശു അവനോട്: ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.
ലൂക്കൊസ് 23:1-43 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അനന്തരം അവരെല്ലാവരുംകൂടി യേശുവിനെ പീലാത്തോസിന്റെ മുമ്പിൽ ഹാജരാക്കി. “ഇയാൾ ഞങ്ങളുടെ ജനങ്ങളെ വഴിതെറ്റിക്കുന്നതായി ഞങ്ങൾക്കു ബോധ്യമായിരിക്കുന്നു; ക്രിസ്തു എന്ന രാജാവ് താനാണെന്നു പറഞ്ഞുകൊണ്ട് കൈസർക്കു കരം കൊടുക്കുന്നത് ഇയാൾ വിലക്കുകയും ചെയ്യുന്നു” എന്നിങ്ങനെയുള്ള ആരോപണങ്ങൾ അവർ യേശുവിനെതിരെ ഉന്നയിക്കുവാൻ തുടങ്ങി. പീലാത്തോസ് യേശുവിനോട്, “താങ്കൾ യെഹൂദന്മാരുടെ രാജാവു തന്നെയോ?” എന്നു ചോദിച്ചു. അതിന് യേശു “അങ്ങ് അങ്ങനെ പറയുന്നു” എന്ന് ഉത്തരം പറഞ്ഞു. പീലാത്തോസ് പുരോഹിതമുഖ്യന്മാരോടും ജനസഞ്ചയത്തോടും പറഞ്ഞു: “ഈ മനുഷ്യനിൽ ഞാൻ കുറ്റമൊന്നും കാണുന്നില്ല.” അപ്പോൾ അവർ തറപ്പിച്ചു പറഞ്ഞു: “ഇയാൾ ഗലീലതൊട്ട് ഇവിടംവരെയും യെഹൂദ്യയിലെല്ലായിടത്തും ജനങ്ങളെ ഉപദേശിച്ചു പ്രക്ഷോഭമുണ്ടാക്കുന്നു.” ഇതുകേട്ടപ്പോൾ “ഇയാൾ ഗലീലക്കാരനാണോ?” എന്നു പീലാത്തോസ് ചോദിച്ചു. ഹേരോദായുടെ അധികാരാതിർത്തിക്കുള്ളിലുള്ള ആളാണെന്നു മനസ്സിലാക്കിയപ്പോൾ പീലാത്തോസ് യേശുവിനെ അദ്ദേഹത്തിന്റെ അടുക്കലേക്കയച്ചു. ഹേരോദാ ആ സമയത്ത് യെരൂശലേമിലുണ്ടായിരുന്നു. യേശുവിനെ കണ്ടപ്പോൾ അദ്ദേഹം അത്യന്തം സന്തോഷിച്ചു. യേശുവിനെക്കുറിച്ചു കേട്ടിരുന്നതിനാൽ നേരിട്ടു കാണാൻ വളരെ നാളുകളായി ഹേരോദാ ആഗ്രഹിച്ചിരിക്കുകയായിരുന്നു. യേശു എന്തെങ്കിലും അദ്ഭുതം പ്രവർത്തിക്കുന്നതു കാണാമെന്നും അദ്ദേഹം ആശിച്ചിരുന്നു. ഹേരോദാ ഒട്ടേറേ കാര്യങ്ങൾ യേശുവിനോടു ചോദിച്ചു. പക്ഷേ, അവിടുന്ന് ഒരു മറുപടിയും പറഞ്ഞില്ല. പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും മുമ്പോട്ടുവന്ന് യേശുവിനെതിരെ ഉഗ്രമായ കുറ്റാരോപണം നടത്തി. ഹേരോദായും പടയാളികളും വളരെ നിന്ദ്യമായി അവിടുത്തോട് പെരുമാറുകയും അവിടുത്തെ പരിഹസിക്കുകയും ചെയ്തു. അനന്തരം അവിടുത്തെ പുച്ഛിച്ച്, പകിട്ടേറിയ വസ്ത്രം ധരിപ്പിച്ച് പീലാത്തോസിന്റെ അടുക്കലേക്കു തിരിച്ചയച്ചു. പീലാത്തോസും ഹേരോദായും അതുവരെ ശത്രുതയിലാണു കഴിഞ്ഞിരുന്നത്. എന്നാൽ അന്നുമുതൽ അവർ മിത്രങ്ങളായിത്തീർന്നു. പീലാത്തോസ് പുരോഹിതമുഖ്യന്മാരെയും ജനപ്രമാണിമാരെയും പൊതുജനങ്ങളെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ജനങ്ങളെ വഴിതെറ്റിക്കുന്നു എന്ന കുറ്റം ആരോപിച്ചുകൊണ്ടാണല്ലോ ഈ മനുഷ്യനെ നിങ്ങൾ എന്റെ അടുക്കൽ കൊണ്ടുവന്നത്; നിങ്ങളുടെ മുമ്പിൽവച്ച് ഞാൻ ഇയാളെ വിസ്തരിക്കുകയും ചെയ്തു. പക്ഷേ, ഈ മനുഷ്യനെതിരെ നിങ്ങളാരോപിച്ച കുറ്റമൊന്നും ഞാൻ കണ്ടില്ല: ഹേരോദായും കണ്ടില്ല. അതുകൊണ്ടാണല്ലോ അദ്ദേഹം ഇയാളെ നമ്മുടെ അടുക്കലേക്കു തിരിച്ചയച്ചത്. വധശിക്ഷയ്‍ക്ക് അർഹമായ യാതൊന്നും ഇയാൾ ചെയ്തിട്ടില്ല. അതുകൊണ്ട് ഇയാളെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ഞാൻ വിട്ടയയ്‍ക്കും.” ഉത്സവസമയത്ത് ഒരു തടവുകാരനെ മോചിപ്പിക്കുക അന്നു പതിവായിരുന്നു. എന്നാൽ ജനം ഒന്നടങ്കം വിളിച്ചു പറഞ്ഞു: “ഇവനെ കൊന്നുകളയുക! ബറബ്ബാസിനെ ഞങ്ങൾക്കു വിട്ടുതരിക!” ബറബ്ബാസാകട്ടെ നഗരത്തിൽ നടന്ന ഒരു കലാപത്തിന്റെയും കൊലപാതകത്തിന്റെയും പേരിൽ തടവിലാക്കപ്പെട്ടിരുന്ന ആളായിരുന്നു. യേശുവിനെ വിട്ടയയ്‍ക്കണമെന്നാഗ്രഹിച്ചുകൊണ്ട് പീലാത്തോസ് വീണ്ടും അവരെ വിളിച്ചു സംസാരിച്ചു. ജനസഞ്ചയമാകട്ടെ, “ക്രൂശിക്കുക! അവനെ ക്രൂശിക്കുക!” എന്ന് അട്ടഹസിച്ചു. മൂന്നാം പ്രാവശ്യം പീലാത്തോസ് അവരോടു ചോദിച്ചു: “എന്തിന്? ഇയാൾ എന്തു തെറ്റാണ് ചെയ്തത്? വധശിക്ഷയ്‍ക്ക് അർഹമായ കുറ്റമൊന്നും ഈ മനുഷ്യനിൽ ഞാൻ കണ്ടില്ല; അതുകൊണ്ട് ഇയാളെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ഞാൻ വിട്ടയയ്‍ക്കും.” എന്നാൽ യേശുവിനെ ക്രൂശിക്കണമെന്ന് അവർ തുടരെ അട്ടഹസിച്ചുകൊണ്ടു നിർബന്ധപൂർവം ആവശ്യപ്പെട്ടു. അവസാനം അവരുടെ അട്ടഹാസം വിജയിച്ചു. അവർ ആവശ്യപ്പെട്ടതുപോലെ തന്നെ പീലാത്തോസ് വിധിച്ചു. കലാപം, കൊലപാതകം എന്നീ കുറ്റങ്ങൾക്കു തുറങ്കിലടയ്‍ക്കപ്പെട്ടിരുന്ന ബറബ്ബാസിനെ അവർ ആവശ്യപ്പെട്ടപ്രകാരം മോചിപ്പിക്കുകയും യേശുവിനെ അവരുടെ ഇഷ്ടത്തിന് ഏല്പിച്ചു കൊടുക്കുകയും ചെയ്തു. യേശുവിനെ ക്രൂശിൽ തറയ്‍ക്കുവാൻ കൊണ്ടുപോകുമ്പോൾ കുറേനക്കാരനായ ശിമോൻ കൃഷിസ്ഥലത്തുനിന്നു വരികയായിരുന്നു. അവർ അയാളെ തടഞ്ഞു നിറുത്തി കുരിശു ചുമന്നുകൊണ്ടു യേശുവിന്റെ പിന്നാലേ പോകുന്നതിന് അത് അയാളുടെ ചുമലിൽ വച്ചുകൊടുത്തു. ഒരു വലിയ ജനാവലി യേശുവിനെ അനുഗമിച്ചിരുന്നു. അവിടുത്തേക്കുറിച്ചു വിലപിക്കുകയും പൊട്ടിക്കരയുകയും ചെയ്യുന്ന സ്‍ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു. യേശു തിരിഞ്ഞ് അവരോടു പറഞ്ഞു: “യെരൂശലേമിലെ വനിതകളേ, എന്നെച്ചൊല്ലി നിങ്ങൾ കരയേണ്ടതില്ല; നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലിക്കരയുക. എന്തെന്നാൽ വന്ധ്യകളും പ്രസവിച്ചിട്ടില്ലാത്ത സ്‍ത്രീകളും പിഞ്ചുകുഞ്ഞുങ്ങളില്ലാത്ത മാതാക്കളും ഭാഗ്യവതികൾ എന്നു പറയേണ്ടിവരുന്ന ദിവസങ്ങൾ വരുന്നു! പർവതങ്ങളോടു ‘ഞങ്ങളുടെമേൽ വീഴുക’ എന്നും മലകളോടു ‘ഞങ്ങളെ മൂടുക’ എന്നും അന്ന് അവർ പറഞ്ഞുതുടങ്ങും. പച്ചമരത്തോട് ഇങ്ങനെ അവർ ചെയ്യുന്നെങ്കിൽ ഉണങ്ങിയതിന് എന്താണു സംഭവിക്കാതിരിക്കുക.” രണ്ടു കുറ്റവാളികളെക്കൂടി യേശുവിനോടൊപ്പം വധിക്കുവാൻ അവർ കൊണ്ടുപോയി. തലയോട് എന്നു പേരുള്ള സ്ഥലത്ത് അവർ എത്തി. അവിടെ യേശുവിനെയും അവിടുത്തെ ഇടത്തും വലത്തും ആ കുറ്റവാളികളെയും അവർ കുരിശിൽ തറച്ചു. യേശു ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, ഇവരോടു ക്ഷമിക്കണമേ; ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ലല്ലോ!” പിന്നീട് യേശുവിന്റെ വസ്ത്രം പങ്കിടുന്നതിനുവേണ്ടി അവർ ചീട്ടിട്ടു. ജനം ഇതെല്ലാം നോക്കിക്കൊണ്ട് അടുത്തുനിന്നു. യെഹൂദന്മാർ അവിടുത്തെ പരിഹസിച്ചുകൊണ്ടു പറഞ്ഞു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു ആണെങ്കിൽ ഇവൻ സ്വയം രക്ഷപെടട്ടെ” പടയാളികളും യേശുവിനെ പരിഹസിച്ചു; അവർ അടുത്ത ചെന്നു പുളിച്ച വീഞ്ഞു നീട്ടിക്കൊടുത്തുകൊണ്ട് “നീ യെഹൂദന്മാരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷപെടുത്തുക” എന്നു പറഞ്ഞു. ‘ഇവൻ യെഹൂദന്മാരുടെ രാജാവ്’ എന്ന് എഴുതി കുരിശിന്റെ മുകളിൽ വച്ചിരുന്നു. കുരിശിൽ തറയ്‍ക്കപ്പെട്ട കുറ്റവാളികളിൽ ഒരാൾ യേശുവിനെ അവഹേളിച്ചുകൊണ്ടു പറഞ്ഞു: “താങ്കൾ ക്രിസ്തുവല്ലേ? താങ്കളെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക.” എന്നാൽ മറ്റേ കുറ്റവാളി അയാളെ ശകാരിച്ചു: “തുല്യശിക്ഷയ്‍ക്കു വിധേയനായിട്ടും നിനക്കു ദൈവത്തെ ഭയമില്ലേ? നമ്മുടെ ശിക്ഷ തികച്ചും ന്യായമായിട്ടുള്ളതത്രേ. നമ്മുടെ പ്രവൃത്തികൾക്കു തക്ക പ്രതിഫലമാണു ലഭിച്ചിരിക്കുന്നത്. ഇദ്ദേഹമാകട്ടെ, ഒരു തെറ്റും ചെയ്തിട്ടില്ല.” പിന്നീട് അയാൾ പറഞ്ഞു: “യേശുവേ, അവിടുന്നു രാജത്വം പ്രാപിക്കുമ്പോൾ എന്നെയും ഓർത്തുകൊള്ളണമേ.” യേശു അയാളോട് “നീ ഇന്ന് എന്നോടുകൂടി പറുദീസയിൽ ഉണ്ടായിരിക്കും എന്നു ഞാൻ നിന്നോടു പറയുന്നു” എന്ന് അരുളിച്ചെയ്തു.
ലൂക്കൊസ് 23:1-43 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നീട് അവർ എല്ലാവരുംകൂടി അവനെ പീലാത്തോസിന്‍റെ അടുക്കൽ കൊണ്ടുപോയി: ഇവൻ ഞങ്ങളുടെ ജനങ്ങളെ വഴി തെറ്റിക്കുകയും, താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ട് കൈസർക്ക് കരം കൊടുക്കുന്നത് തടയുകയും ചെയ്യുന്നതായി ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി. പീലാത്തോസ് യേശുവിനോടു: ”നീ യെഹൂദന്മാരുടെ രാജാവോ?” എന്നു ചോദിച്ചതിന്: ഞാൻ ആകുന്നു എന്നു ഉത്തരം പറഞ്ഞു. പീലാത്തോസ് മഹാപുരോഹിതരോടും പുരുഷാരത്തോടും: ”ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല” എന്നു പറഞ്ഞു. അതിന് അവർ: ”അവൻ ഗലീല മുതൽ യെഹൂദ്യയിൽ ഇവിടെ വരെ പഠിപ്പിച്ച് ജനത്തെ കലഹിപ്പിക്കുന്നു” എന്നു ഉറപ്പിച്ചു പറഞ്ഞു. ഇതു കേട്ടിട്ടു: ”ഈ മനുഷ്യൻ ഗലീലക്കാരനാണോ” എന്നു പീലാത്തോസ് ചോദിച്ചു; യേശു ഹെരോദാവിൻ്റെ അധികാരത്തിൽ ഉൾപ്പെട്ടവൻ ആകുന്നു എന്നറിഞ്ഞിട്ട്, അന്നു യെരൂശലേമിൽ വന്നുപാർക്കുന്ന ഹെരോദാവിൻ്റെ അടുക്കൽ അവനെ അയച്ചു. ഹെരോദാവ് യേശുവിനെ കണ്ടിട്ട് വളരെ അധികം സന്തോഷിച്ചു; അവനെക്കുറിച്ച് കേട്ടിരുന്നതുകൊണ്ട് അവനെ കാണ്മാൻ വളരെക്കാലമായി ആഗ്രഹിച്ചു, അവൻ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്നു ആശിച്ചിരുന്നു. എന്നാൽ ഹെരോദാവ് ചോദ്യങ്ങൾ ചോദിച്ചിട്ടും അവൻ അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ട് നിന്നു. ഹെരോദാവ് തന്റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി വെളുത്ത വസ്ത്രം ധരിപ്പിച്ച് പീലാത്തോസിന്‍റെ അടുക്കൽ മടക്കി അയച്ചു. അന്നു ഹെരോദാവും പീലാത്തോസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പെ അവർ തമ്മിൽ എതിരാളികൾ ആയിരുന്നു. പീലാത്തോസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചുകൂട്ടി. അവരോട്: ”ഈ മനുഷ്യൻ ജനങ്ങളെ വഴി തെറ്റിക്കുന്നു എന്നു പറഞ്ഞു നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ കുറ്റം ഒന്നും ഇവനിൽ കണ്ടില്ല; ഹെരോദാവും കണ്ടില്ല; ഹെരോദാവ് യേശുവിനെ നമ്മുടെ അടുക്കൽ മടക്കി അയച്ചുവല്ലോ; ഇവൻ മരണയോഗ്യമായത് ഒന്നും പ്രവർത്തിച്ചിട്ടില്ല എന്നു ഉറപ്പാണ്; അതുകൊണ്ട് ഞാൻ അവനെ ശിക്ഷ കൊടുത്ത് വിട്ടയയ്ക്കും” എന്നു പറഞ്ഞു. പക്ഷേ ജനങ്ങൾ ഇവനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടുതരിക എന്നു നിലവിളിച്ചു. ഉത്സവസമയത്ത് ഒരു തടവുകാരനെ മോചിപ്പിക്കുന്ന പതിവ് ഉണ്ടായിരുന്നു ബറബ്ബാസ് നഗരത്തിൽ ഉണ്ടായ ഒരു വഴക്കും കൊലപാതകവും കാരണം തടവിലായവൻ ആയിരുന്നു. പീലാത്തോസിന് യേശുവിനെ മോചിപ്പിക്കുവാൻ ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ട് പിന്നെയും അവരോട് സംസാരിച്ചു. അവരോ: ”അവനെ ക്രൂശിയ്ക്ക, ക്രൂശിയ്ക്ക” എന്നു എതിരെ നിലവിളിച്ചു. അവൻ മൂന്നാമതും അവരോട്: ”അവൻ ചെയ്ത ദോഷം എന്ത്? മരണയോഗ്യമായത് ഒന്നും അവനിൽ കണ്ടില്ല; അതുകൊണ്ട് ഞാൻ അവനെ ശിക്ഷ കൊടുത്തു വിട്ടയയ്ക്കും” എന്നു പറഞ്ഞു. അവരോ അവനെ ക്രൂശിക്കേണ്ടതിന് തുടർച്ചയായി നിലവിളിച്ചുകൊണ്ടിരുന്നു; അവരുടെ നിലവിളി ഫലിച്ചു; അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തോസ് വിധിച്ചു, വഴക്കും കൊലപാതകവും കാരണം തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കുകയും യേശുവിനെ അവരുടെ ഇഷ്ടത്തിന് ഏല്പിക്കുകയും ചെയ്തു. യേശുവിനെ ക്രൂശിക്കാനായി കൊണ്ടുപോകുമ്പോൾ വയലിൽനിന്നു വരുന്ന ശിമോൻ എന്ന ഒരു കുറേനക്കാരനെ കണ്ടു. അവനെ കൊണ്ടു അവർ ക്രൂശ് ചുമപ്പിച്ചു. അവൻ യേശുവിന്‍റെ പിന്നാലെ നടന്നു. ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി ദുഖിച്ചു കരയുന്ന അനേകം സ്ത്രീകളും അവന്റെ പിന്നാലെ ചെന്നു. യേശു തിരിഞ്ഞു അവരെ നോക്കി: യെരൂശലേം പുത്രിമാരേ, എന്നെച്ചൊല്ലി കരയണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിൻ. പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു. അന്നു മലകളോട്: ഞങ്ങളുടെമേൽ വീഴുവിൻ എന്നും കുന്നുകളോട്: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞു തുടങ്ങും. പച്ചമരത്തോട് ഇങ്ങനെ അവർ ചെയ്യുന്നെങ്കിൽ ഉണങ്ങിയതിന് എന്താണ് സംഭവിക്കുക എന്നു പറഞ്ഞു. കുറ്റവാളികളായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന് കൊണ്ടുപോയി. തലയോടിടം എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ അവിടെ അവനെയും കുറ്റവാളികളായ, ഒരുവനെ വലത്തും ഒരുവനെ ഇടത്തുമായി, ക്രൂശിച്ചു. അപ്പോൾ യേശു: പിതാവേ, ഇവർ ചെയ്യുന്നതു എന്താണെന്ന് അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കേണമേ എന്നു പറഞ്ഞു. പിന്നീട് അവർ അവന്റെ വസ്ത്രം പങ്കിടാനായി ചീട്ടിട്ടു. ജനം നോക്കിക്കൊണ്ട് നിന്നു. ”ഇവൻ മറ്റുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ സ്വയം രക്ഷിയ്ക്കട്ടെ” എന്നു ഭരണകർത്താക്കളും പരിഹസിച്ചു പറഞ്ഞു. പടയാളികളും അവനെ പരിഹസിച്ചു അടുത്തുവന്ന് അവനു പുളിച്ച വീഞ്ഞ് കാണിച്ചു. നീ യെഹൂദന്മാരുടെ രാജാവ് എങ്കിൽ നിന്നെത്തന്നെ രക്ഷിക്ക എന്നു പറഞ്ഞു. ഇവൻ യെഹൂദന്മാരുടെ രാജാവ് എന്നു ഒരു തലക്കെട്ട് അവന്‍റെ മീതെ ഉണ്ടായിരുന്നു. അവനോടൊപ്പം തൂക്കിയ കുറ്റക്കാരിൽ ഒരുവൻ: ”നീ ക്രിസ്തു അല്ലയോ? നിന്നെയും ഞങ്ങളെയും രക്ഷിക്ക” എന്നു പറഞ്ഞു അവനെ കളിയാക്കി. മറ്റവനോ അവനെ ശാസിച്ചു: ”തുല്യശിക്ഷയ്ക്ക് വിധേയൻ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നാമോ ന്യായമായിട്ട് ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന് യോഗ്യമായതല്ലോ കിട്ടുന്നത്; പക്ഷേ ഇവനോ തെറ്റ് ഒന്നും ചെയ്തിട്ടില്ല” എന്നു പറഞ്ഞു. പിന്നെ അവൻ: ”യേശുവേ, നിന്‍റെ രാജ്യത്തിൽ നീ രാജാവായി വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ” എന്നു പറഞ്ഞു. യേശു അവനോട്: ഇന്ന് നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോട് പറയുന്നു എന്നു പറഞ്ഞു.
ലൂക്കൊസ് 23:1-43 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം അവർ എല്ലാവരും കൂട്ടമേ എഴുന്നേറ്റു അവനെ പീലാത്തൊസിന്റെ അടുക്കൽ കൊണ്ടുപോയി: ഇവൻ ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ടു കൈസർക്കു കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി. പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു:ഞാൻ ആകുന്നു എന്നു അവനോടു ഉത്തരം പറഞ്ഞു. പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും: ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു. അതിന്നു അവർ: അവൻ ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു എന്നു നിഷ്കർഷിച്ചു പറഞ്ഞു. ഇതു കേട്ടിട്ടു ഈ മനുഷ്യൻ ഗലീലക്കാരനോ എന്നു പീലാത്തൊസ് ചോദിച്ചു; ഹെരോദാവിന്റെ അധികാരത്തിൽ ഉൾപ്പെട്ടവൻ എന്നറിഞ്ഞിട്ടു, അന്നു യെരൂശലേമിൽ വന്നു പാർക്കുന്ന ഹെരോദാവിന്റെ അടുക്കൽ അവനെ അയച്ചു. ഹെരോദാവു യേശുവിനെ കണ്ടിട്ടു അത്യന്തം സന്തോഷിച്ചു; അവനെക്കുറിച്ചു കേട്ടിരുന്നതുകൊണ്ടു അവനെ കാണ്മാൻ വളരെക്കാലമായി ഇച്ഛിച്ചു, അവൻ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്നു ആശിച്ചിരുന്നു. ഏറിയോന്നു ചോദിച്ചിട്ടും അവൻ അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ടു നിന്നു. ഹെരോദാവു തന്റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്രവസ്ത്രം ധരിപ്പിച്ചു പീലാത്തൊസിന്റെ അടുക്കൽ മടക്കി അയച്ചു. അന്നു ഹെരോദാവും പീലാത്തൊസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പെ അവർ തമ്മിൽ വൈരമായിരുന്നു. പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചു കൂട്ടി. അവരോടു: ഈ മനുഷ്യൻ ജനത്തെ മത്സരിപ്പിക്കുന്നു എന്നു പറഞ്ഞു നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ കുറ്റം ഒന്നും ഇവനിൽ കണ്ടില്ല; ഹെരോദാവും കണ്ടില്ല; അവൻ അവനെ നമ്മുടെ അടുക്കൽ മടക്കി അയച്ചുവല്ലോ; ഇവൻ മരണയോഗ്യമായതു ഒന്നും പ്രവർത്തിച്ചിട്ടില്ല സ്പഷ്ടം; അതുകൊണ്ടു ഞാൻ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു. ഇവനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക എന്നു എല്ലാവരുംകൂടെ നിലവിളിച്ചു. [ഉത്സവന്തോറും ഒരുത്തനെ വിട്ടുകൊടുക്ക പതിവായിരുന്നു] അവനോ നഗരത്തിൽ ഉണ്ടായ ഒരു കലഹവും കൊലയും ഹേതുവായി തടവിലായവൻ ആയിരുന്നു. പീലാത്തൊസ് യേശുവിനെ വിടുവിപ്പാൻ ഇച്ഛിച്ചിട്ടു പിന്നെയും അവരോടു വിളിച്ചു പറഞ്ഞു. അവരോ: അവനെ ക്രൂശിക്ക, ക്രൂശിക്ക എന്നു എതിരെ നിലവിളിച്ചു. അവൻ മൂന്നാമതും അവരോടു: അവൻ ചെയ്ത ദോഷം എന്തു? മരണയോഗ്യമായതു ഒന്നും അവനിൽ കണ്ടില്ല; അതുകൊണ്ടു ഞാൻ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു. അവരോ അവനെ ക്രൂശിക്കേണ്ടതിന്നു ഉറക്കെ മുട്ടിച്ചു ചോദിച്ചു; അവരുടെ നിലവിളി ഫലിച്ചു; അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തൊസ് വിധിച്ചു, കലഹവും കൊലയും ഹേതുവായി തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കയും യേശുവിനെ അവരുടെ ഇഷ്ടത്തിന്നു ഏല്പിക്കയും ചെയ്തു. അവനെ കൊണ്ടുപോകുമ്പോൾ വയലിൽ നിന്നു വരുന്ന ശിമോൻ എന്ന ഒരു കുറേനക്കാരനെ അവർ പിടിച്ചു ക്രൂശ് ചുമപ്പിച്ചു യേശുവിന്റെ പിന്നാലെ നടക്കുമാറാക്കി. ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളും അവന്റെ പിന്നാലെ ചെന്നു. യേശു തിരിഞ്ഞു അവരെ നോക്കി:യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ. മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു. അന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും കുന്നുകളോടു: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞു തുടങ്ങും. പച്ചമരത്തോടു ഇങ്ങനെ ചെയ്താൽ ഉണങ്ങിയതിന്നു എന്തു ഭവിക്കും എന്നു പറഞ്ഞു. ദുഷ്പ്രവൃത്തിക്കാരായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന്നു കൊണ്ടുപോയി. തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു. എന്നാൽ യേശു:പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവർ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു. ജനം നോക്കിക്കൊണ്ടു നിന്നു. ഇവൻ മറുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ തന്നെത്താൻ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു. പടയാളികളും അവനെ പരിഹസിച്ചു അടുത്തു വന്നു അവന്നു പുളിച്ചവീഞ്ഞു കാണിച്ചു. നീ യെഹൂദന്മാരുടെ രാജാവു എങ്കിൽ നിന്നെത്തന്നേ രക്ഷിക്ക എന്നു പറഞ്ഞു. ഇവൻ യെഹൂദന്മാരുടെ രാജാവു എന്നു ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു. തൂക്കിയ ദുഷ്പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു. മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു. പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു. യേശു അവനോടു:ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.
ലൂക്കൊസ് 23:1-43 സമകാലിക മലയാളവിവർത്തനം (MCV)
അനന്തരം ആ സംഘം ഒന്നാകെ എഴുന്നേറ്റ് യേശുവിനെ റോമൻ ഭരണാധികാരിയായ പീലാത്തോസിന്റെ അടുത്തേക്ക് കൊണ്ടുപോയി. “ഈ മനുഷ്യൻ ഞങ്ങളുടെ ജനങ്ങളെ വഴിതെറ്റിക്കുന്നതായി ഞങ്ങൾ കണ്ടിരിക്കുന്നു. കൈസർക്കു നികുതി കൊടുക്കുന്നത് ഇയാൾ വിലക്കുകയും താൻ ക്രിസ്തു എന്ന രാജാവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു,” എന്നു പറഞ്ഞുകൊണ്ട് അവർ അദ്ദേഹത്തിന്റെമേൽ കുറ്റം ആരോപിക്കാൻ തുടങ്ങി. പീലാത്തോസ് യേശുവിനോട്, “നീയാണോ യെഹൂദരുടെ രാജാവ്?” എന്നു ചോദിച്ചു. അതിന് യേശു, “അതേ, താങ്കൾ പറയുന്നതുപോലെതന്നെ” എന്നു മറുപടി പറഞ്ഞു. അപ്പോൾ പീലാത്തോസ് പുരോഹിതമുഖ്യന്മാരോടും ജനക്കൂട്ടത്തോടും, “ഞാൻ ഈ മനുഷ്യനിൽ കുറ്റമൊന്നും കാണുന്നില്ല” എന്നു പ്രഖ്യാപിച്ചു. അതിന് അവർ, “ഇവൻ അങ്ങ് ഗലീലാപ്രവിശ്യയിൽ ആരംഭിച്ച് ഇങ്ങ് യെഹൂദ്യവരെ എല്ലായിടത്തും ജനങ്ങളെ തന്റെ ഉപദേശംകൊണ്ട് കലഹിപ്പിക്കുകയാണ്” എന്നു തറപ്പിച്ചുപറഞ്ഞു. ഇതു കേട്ടപ്പോൾ പീലാത്തോസ് ചോദിച്ചു: “ഈ മനുഷ്യൻ ഗലീലക്കാരനോ?” യേശു ഹെരോദാവിന്റെ അധികാരപരിധിയിൽ ഉൾപ്പെട്ടവൻ എന്നറിഞ്ഞിട്ട്, അയാൾ അദ്ദേഹത്തെ ആ സമയത്തു ജെറുശലേമിൽ ഉണ്ടായിരുന്ന, ഹെരോദാവിന്റെ അടുത്തേക്കയച്ചു. യേശുവിനെ കണ്ട് ഹെരോദാവ് അത്യധികം ആനന്ദിച്ചു, കാരണം അയാൾ വളരെക്കാലമായി അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. യേശുവിനെക്കുറിച്ചു കേട്ടിരുന്നതിന്റെ അടിസ്ഥാനത്തിൽ, അദ്ദേഹം എന്തെങ്കിലും അത്ഭുതം പ്രവർത്തിക്കുന്നതു കാണാമെന്നു പ്രതീക്ഷിച്ചു. അയാൾ യേശുവിനോട് ഒട്ടേറെ ചോദ്യങ്ങൾ ചോദിച്ചെങ്കിലും യേശു അയാൾക്ക് യാതൊരുത്തരവും നൽകിയില്ല. പുരോഹിതമുഖ്യന്മാരും വേദജ്ഞരും ശക്തിയുക്തം അദ്ദേഹത്തിൽ കുറ്റം ആരോപിച്ചുകൊണ്ടിരുന്നു. ഹെരോദാവും അയാളുടെ സൈനികരും അദ്ദേഹത്തെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്തു. പിന്നെ, അദ്ദേഹത്തെ വിശിഷ്ടമായ പുറങ്കുപ്പായം ധരിപ്പിച്ച് പീലാത്തോസിന്റെ അടുത്തേക്ക് മടക്കി അയച്ചു. അന്ന് ഹെരോദാവും പീലാത്തോസും സ്നേഹിതന്മാരായിത്തീർന്നു; അതിനുമുമ്പ് അവർ പരസ്പരം ശത്രുക്കളായിരുന്നു. പീലാത്തോസ് പുരോഹിതമുഖ്യന്മാരെയും ഭരണാധികാരികളെയും ജനങ്ങളെയും വിളിച്ചുകൂട്ടി, അവരോട് ഇങ്ങനെ വിധിപ്രസ്താവിച്ചു: “ഈ മനുഷ്യൻ ജനങ്ങളെ കലഹത്തിനായി പ്രേരിപ്പിക്കുന്നു എന്നു പറഞ്ഞ് നിങ്ങൾ ഇയാളെ എന്റെ അടുക്കൽ കൊണ്ടുവന്നു. ഞാൻ നിങ്ങളുടെമുമ്പാകെ ഇയാളെ വിസ്തരിച്ചിട്ടും ഇയാൾക്കെതിരേ നിങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് യാതൊരടിസ്ഥാനവും കാണാൻ കഴിഞ്ഞില്ല; ഹെരോദാവിനും അതു കഴിഞ്ഞില്ല; അദ്ദേഹം ഇയാളെ നമ്മുടെ അടുക്കൽ മടക്കി അയച്ചിരിക്കുന്നല്ലോ. ഇയാൾ മരണയോഗ്യമായതൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് ഇയാളെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് നാം വിട്ടയയ്ക്കും.” പെസഹാഘോഷവേളയിൽ ജനക്കൂട്ടം തെരഞ്ഞെടുക്കുന്ന ഒരു തടവുകാരനെ ഭരണാധികാരി മോചിപ്പിക്കുക പതിവുണ്ടായിരുന്നു. അവർ ഒറ്റസ്വരത്തിൽ ഉറക്കെ വിളിച്ചു: “ഇവനെ നീക്കിക്കളയുക, ബറബ്ബാസിനെ മോചിപ്പിക്കുക!” (എന്നാൽ ഈ ബറബ്ബാസ് നഗരത്തിലുണ്ടായ ഒരു കലാപവും കൊലപാതകവും നിമിത്തം തടവിൽ അടയ്ക്കപ്പെട്ടവൻ ആയിരുന്നു.) യേശുവിനെ മോചിപ്പിക്കാൻ ആഗ്രഹിച്ച് പീലാത്തോസ് അവരോടു വീണ്ടും സംസാരിച്ചു. അവരോ, അത്യുച്ചത്തിൽ “അവനെ ക്രൂശിക്ക, അവനെ ക്രൂശിക്ക” എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പീലാത്തോസ് മൂന്നാമതും അവരോടു ചോദിച്ചു: “അയാൾ എന്തു കുറ്റമാണു ചെയ്തത്? മരണശിക്ഷയ്ക്കു യോഗ്യമായതൊന്നും ഞാൻ ഇയാളിൽ കണ്ടില്ല; അതുകൊണ്ട് ഞാൻ ഇവനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും.” അവരോ, നിർബന്ധപൂർവം “യേശുവിനെ ക്രൂശിക്കണം,” എന്ന് ഉച്ചസ്വരത്തിൽ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവരുടെ നിലവിളി വിജയംകണ്ടു. അങ്ങനെ, അവരുടെ ആവശ്യം സാധിച്ചുകൊടുക്കാൻ പീലാത്തോസ് തീരുമാനിച്ചു. കലാപത്തിനും കൊലപാതകത്തിനും തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരുന്നവനെ അവരുടെ ആവശ്യപ്രകാരം മോചിപ്പിക്കുകയും യേശുവിനെ അവരുടെ ഇഷ്ടത്തിനു വിട്ടുകൊടുക്കുകയും ചെയ്തു. യേശുവിനെ കൊണ്ടുപോകുമ്പോൾ, നാട്ടിൻപുറത്തുനിന്നു വരികയായിരുന്ന, കുറേനഗ്രാമവാസിയായ ശിമോൻ എന്നയാളിനെ സൈനികർ പിടിച്ച് ക്രൂശ് ചുമപ്പിച്ച് യേശുവിന്റെ പിന്നാലെ നടത്തി. ഒരു വലിയ ജനാവലി അദ്ദേഹത്തെ പിൻതുടർന്നുകൊണ്ടിരുന്നു. അക്കൂട്ടത്തിൽ യേശുവിനുവേണ്ടി വിലപിക്കുകയും മുറവിളികൂട്ടുകയുംചെയ്യുന്ന സ്ത്രീകളും ഉണ്ടായിരുന്നു. യേശു തിരിഞ്ഞ് അവരോട്, “ജെറുശലേംപുത്രിമാരേ, എനിക്കുവേണ്ടി കരയേണ്ടാ; നിങ്ങൾക്കായും നിങ്ങളുടെ മക്കൾക്കായും കരയുക; എന്തുകൊണ്ടെന്നാൽ, ‘വന്ധ്യകളും പ്രസവിച്ചിട്ടില്ലാത്തവരും മുലകുടിപ്പിച്ചിട്ടില്ലാത്തവരും സൗഭാഗ്യവതികൾ!’ എന്നു നിങ്ങൾ പറയുന്ന കാലം വരുന്നു. “ ‘അന്ന്, ജനം മലകളോട്, “ഞങ്ങളുടെമേൽ വീഴുക” എന്നും കുന്നുകളോട് “ഞങ്ങളെ മൂടുക” എന്നും’ പറയും. പച്ചമരത്തോട് മനുഷ്യർ ഇങ്ങനെ ചെയ്യുന്നെങ്കിൽ ഉണങ്ങിയതിന് എന്തായിരിക്കും സംഭവിക്കുന്നത്?” കുറ്റവാളികളായ രണ്ടുപേരെക്കൂടെ അദ്ദേഹത്തോടൊപ്പം വധിക്കാൻ കൊണ്ടുപോയി. തലയോട്ടിയുടെ സ്ഥലം എന്നർഥമുള്ള സ്ഥലത്ത് എത്തിയപ്പോൾ അവിടെ അവർ യേശുവിനെ മധ്യത്തിലും കുറ്റവാളികളിൽ ഒരാളെ അദ്ദേഹത്തിന്റെ വലത്തും മറ്റേയാളെ ഇടത്തുമായി ക്രൂശിച്ചു. അപ്പോൾ യേശു, “പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയായ്കയാൽ ഇവരോടു ക്ഷമിക്കണമേ” എന്നു പ്രാർഥിച്ചു. അതിനുശേഷം സൈനികർ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ നറുക്കിട്ട് വീതിച്ചെടുത്തു. ജനങ്ങൾ ഇതെല്ലാം വീക്ഷിച്ചുകൊണ്ടുനിന്നു. അധികാരികൾ ആകട്ടെ, അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട്, “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു; ഇയാൾ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ക്രിസ്തുവെങ്കിൽ സ്വയം രക്ഷിക്കട്ടെ” എന്നു പറഞ്ഞു. സൈനികരും അടുത്തുവന്ന് അദ്ദേഹത്തെ നിന്ദിച്ചു. അവർ അദ്ദേഹത്തിനു പുളിച്ച വീഞ്ഞു കൊടുത്തുകൊണ്ട്, “നീ യെഹൂദന്മാരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക” എന്നു പറഞ്ഞു. ഇദ്ദേഹം യെഹൂദരുടെ രാജാവ്, എന്ന ഒരു കുറ്റപത്രം ക്രൂശിൽ യേശുവിന്റെ ശിരസ്സിനുമീതേ വെച്ചിരുന്നു. ക്രൂശിക്കപ്പെട്ട കുറ്റവാളികളിൽ ഒരാൾ, “നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക” എന്നു പറഞ്ഞ് അദ്ദേഹത്തെ അപമാനിച്ചു. മറ്റേ കുറ്റവാളി അയാളെ ശാസിച്ചുകൊണ്ട്, “തുല്യശിക്ഷാവിധിയിൽ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നമ്മൾ ശിക്ഷ അനുഭവിക്കുന്നതു ന്യായമായിട്ടുതന്നെ; നമ്മുടെ പ്രവൃത്തികൾക്ക് അനുയോജ്യമായതല്ലേ നമുക്കു കിട്ടിയത്! ഈ മനുഷ്യനോ ഒരുതെറ്റും ചെയ്തിട്ടില്ല” എന്നു പറഞ്ഞു. പിന്നെ അയാൾ, “യേശുവേ, അങ്ങു രാജാവായി മടങ്ങിവരുമ്പോൾ എന്നെ ഓർക്കണേ” എന്നപേക്ഷിച്ചു. യേശു അയാളോട്, “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും, നിശ്ചയം എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.