ലൂക്കൊസ് 2:1-52
ലൂക്കൊസ് 2:1-52 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആ കാലത്തു ലോകമൊക്കെയും പേർവഴി ചാർത്തേണം എന്ന് ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി. എല്ലാവരും ചാർത്തപ്പെടേണ്ടതിനു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി. അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ട് തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടുംകൂടെ ചാർത്തപ്പെടേണ്ടതിനു ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു, യെഹൂദ്യയിൽ ബേത്‍ലഹേം എന്ന ദാവീദിൻപട്ടണത്തിലേക്കു പോയി. അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലംതികഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി. അന്ന് ആ പ്രദേശത്ത് ഇടയന്മാർ രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു. അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിത്തീർന്നു. ദൂതൻ അവരോട്: ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്ക് അടയാളമോ: ശീലകൾചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു. പെട്ടെന്നു സ്വർഗീയസൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്ന് ദൈവത്തെ പുകഴ്ത്തി. “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു. ദൂതന്മാർ അവരെ വിട്ടു സ്വർഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്‍ലഹേമോളം ചെന്ന് കർത്താവ് നമ്മോട് അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു. അവർ ബദ്ധപ്പെട്ടു ചെന്ന്, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്ക് അറിയിച്ചു. കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞതിനെക്കുറിച്ച് ആശ്ചര്യപ്പെട്ടു. മറിയ ഈ വാർത്തയൊക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു. തങ്ങളോട് അറിയിച്ചതുപോലെ ഇടയന്മാർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയുംകുറിച്ചു ദൈവത്തെ മഹത്ത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ടു മടങ്ങിപ്പോയി. പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കും മുമ്പേ ദൂതൻ പറഞ്ഞതുപോലെ അവനു യേശു എന്നു പേർ വിളിച്ചു. മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ കടിഞ്ഞൂലായ ആണൊക്കെയും കർത്താവിനു വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ അവനെ കർത്താവിന് അർപ്പിപ്പാനും ഒരു ഇണകുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി. യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെമേൽ ഉണ്ടായിരുന്നു. കർത്താവിന്റെ ക്രിസ്തുവിനെ കാണും മുമ്പേ മരണം കാൺകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന് അരുളപ്പാട് ഉണ്ടായിരുന്നു. അവൻ ആത്മനിയോഗത്താൽ ദൈവാലയത്തിൽ ചെന്ന്; യേശു എന്ന പൈതലിനുവേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്വാൻ അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ അവൻ അവനെ കൈയിൽ ഏന്തി ദൈവത്തെ പുകഴ്ത്തി: “ഇപ്പോൾ നാഥാ തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു. ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്ത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു. ഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതിൽ അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു. പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ച് അവന്റെ അമ്മയായ മറിയയോട്: അനേക ഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന് ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും എഴുന്നേല്പിനും മറുത്തുപറയുന്ന അടയാളത്തിനുമായി വച്ചിരിക്കുന്നു. നിന്റെ സ്വന്ത പ്രാണനിൽക്കൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു. ആശേർഗോത്രത്തിൽ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ കന്യാകാലത്തിൽ പിന്നെ ഭർത്താവിനോടുകൂടെ ഏഴു സംവത്‍സരം കഴിച്ച് എൺപത്തിനാല് സംവത്‍സരം വിധവയും വളരെ വയസ്സു ചെന്നവളുമായി ദൈവാലയം വിട്ടുപിരിയാതെ ഉപവാസത്തോടും പ്രാർഥനയോടുംകൂടെ രാവും പകലും ആരാധന ചെയ്തുപോന്നു. ആ നാഴികയിൽ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു. കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറെത്തിലേക്കു മടങ്ങിപ്പോയി. പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു. അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹാപെരുന്നാളിനു യെരൂശലേമിലേക്കു പോകും. അവനു പന്ത്രണ്ട് വയസ്സായപ്പോൾ അവർ പതിവുപോലെ പെരുന്നാളിനു പോയി. പെരുന്നാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല. സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്ന് അവർ ഊഹിച്ചിട്ട് ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു. കാണാഞ്ഞിട്ട് അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി. മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു. അവന്റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ട് അവർ അതിശയിച്ചു. അമ്മ അവനോട്: മകനേ, ഞങ്ങളോട് ഇങ്ങനെ ചെയ്തത് എന്ത്? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്ന് പറഞ്ഞു. അവൻ അവരോട്: എന്നെ തിരഞ്ഞത് എന്തിന്? എന്റെ പിതാവിനുള്ളതിൽ ഞാൻ ഇരിക്കേണ്ടത് എന്നു നിങ്ങൾ അറിയുന്നില്ലയോ എന്നു പറഞ്ഞു. അവൻ തങ്ങളോടു പറഞ്ഞ വാക്ക് അവർ ഗ്രഹിച്ചില്ല. പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്ന് അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു. യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.
ലൂക്കൊസ് 2:1-52 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അക്കാലത്തു റോമാസാമ്രാജ്യത്തിലെങ്ങും കാനേഷുമാരി എടുക്കണമെന്ന് ഒഗസ്തുസ് കൈസർ കല്പന പുറപ്പെടുവിച്ചു. കുറേന്യോസ് സിറിയയിലെ ഗവർണർ ആയിരിക്കുമ്പോഴാണ് ഇത് ആദ്യമായി നടന്നത്. പേരു രേഖപ്പെടുത്തുന്നതിനുവേണ്ടി എല്ലാവരും അവരവരുടെ പട്ടണങ്ങളിലേക്കു പോയി. ദാവീദുവംശജനായിരുന്നതുകൊണ്ട് യോസേഫും ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തിൽനിന്നു യെഹൂദ്യയിലെ ബേത്‍ലഹേമിലേക്കു പോയി. ബേത്‍ലഹേംപട്ടണമായിരുന്നു ദാവീദിന്റെ ജന്മസ്ഥലം. തനിക്കു വിവാഹനിശ്ചയം ചെയ്തിരുന്ന ഗർഭിണിയായ മറിയമിനോടുകൂടിയാണ് യോസേഫ് പോയത്. ബേത്‍ലഹേമിൽവച്ചു മറിയമിനു പ്രസവസമയമായി. അവൾ തന്റെ സീമന്തസന്താനമായ പുത്രനെ പ്രസവിച്ചു. അവർക്കു താമസിക്കുവാൻ സത്രത്തിൽ സ്ഥലം കിട്ടിയില്ല. അതുകൊണ്ട് മറിയം ശിശുവിനെ തുണിയിൽ പൊതിഞ്ഞ് ഒരു കാലിത്തൊഴുത്തിലെ പുൽത്തൊട്ടിയിൽ കിടത്തി. ആ രാത്രിയിൽ വെളിംപ്രദേശത്ത് ഏതാനും ഇടയന്മാർ തങ്ങളുടെ ആട്ടിൻപറ്റത്തെ കാത്തുകൊണ്ടിരിക്കുകയായിരുന്നു. ഒരു ദൈവദൂതൻ അവർക്കു പ്രത്യക്ഷനായി; ദൈവത്തിന്റെ തേജസ്സ് അവരുടെ ചുറ്റും പ്രകാശിച്ചു. ആട്ടിടയന്മാർ ഭയപരവശരായി. ദൂതൻ അവരോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളെ അറിയിക്കുന്നു. ഇന്നേദിവസം ദാവീദിന്റെ പട്ടണത്തിൽ കർത്താവായ യേശുക്രിസ്തു എന്ന രക്ഷകൻ നിങ്ങൾക്കായി പിറന്നിരിക്കുന്നു. തുണിയിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും. അതായിരിക്കും നിങ്ങൾക്കുള്ള അടയാളം.” പെട്ടെന്നു മാലാഖമാരുടെ ഒരു വലിയ സംഘം ആ ദൂതനോടു ചേർന്നു ദൈവത്തെ സ്തുതിച്ചു: “സ്വർഗാതിസ്വർഗത്തിൽ ദൈവത്തിനു മഹത്ത്വം! ഭൂമിയിൽ ദൈവപ്രസാദം ലഭിച്ച മനുഷ്യർക്കു സമാധാനം!” അനന്തരം മാലാഖമാർ അവരുടെ അടുക്കൽനിന്നു സ്വർഗത്തിലേക്കു പോയി. അപ്പോൾ ഇടയന്മാർ തമ്മിൽ പറഞ്ഞു: “നമുക്കു ബേത്‍ലഹേംവരെ ഒന്നു പോകാം; ദൈവം നമ്മെ അറിയിച്ച ആ സംഭവം കാണാമല്ലോ.” അവർ അതിവേഗംപോയി മറിയമിനെയും യോസേഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. ഈ ശിശുവിനെപ്പറ്റി മാലാഖമാർ പറഞ്ഞ വസ്തുതകൾ ഇടയന്മാർ അറിയിച്ചു. കേട്ടവരെല്ലാം വിസ്മയഭരിതരായി. മറിയമാകട്ടെ ഇക്കാര്യങ്ങളെല്ലാം മനസ്സിൽ സൂക്ഷിച്ച് അവയെപ്പറ്റി ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. ദൈവദൂതൻ തങ്ങളോടു പറഞ്ഞതുപോലെയെല്ലാം കാണുകയും കേൾക്കുകയും ചെയ്തതിനാൽ ആട്ടിടയന്മാർ ദൈവത്തെ പാടിപ്പുകഴ്ത്തിക്കൊണ്ടു തിരിച്ചുപോയി. എട്ടാം ദിവസം ആയപ്പോൾ ശിശുവിന്റെ പരിച്ഛേദനകർമം നടത്തി, യേശു എന്നു പേരിട്ടു. അമ്മയുടെ ഗർഭത്തിൽ ആ ശിശു ജന്മമെടുക്കുന്നതിനു മുമ്പ് ദൈവദൂതൻ നല്‌കിയ പേരായിരുന്നു അത്. മോശയുടെ നിയമസംഹിതയിൽ അനുശാസിച്ചിട്ടുള്ള ശുദ്ധീകരണകർമം അനുഷ്ഠിക്കേണ്ട സമയമായപ്പോൾ മാതാപിതാക്കൾ ശിശുവിനെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നതിന് യെരൂശലേമിലേക്കു കൊണ്ടുപോയി. എല്ലാ കടിഞ്ഞൂൽപുത്രന്മാരെയും ദൈവത്തിനു സമർപ്പിക്കണമെന്നു യെഹൂദന്മാരുടെ ധർമശാസ്ത്രത്തിൽ അനുശാസിച്ചിട്ടുണ്ടല്ലോ. അതനുസരിച്ച് ഒരു ജോടി മാടപ്രാക്കളെയോ രണ്ടു പ്രാവിൻകുഞ്ഞുങ്ങളെയോ യാഗം കഴിക്കേണ്ടിയിരുന്നു. ഇസ്രായേൽജനതയുടെ സമുദ്ധാരണം പ്രതീക്ഷിച്ചുകൊണ്ടിരുന്ന നീതിനിഷ്ഠനും ഭക്തനുമായ ശിമ്യോൻ എന്നൊരാൾ യെരൂശലേമിൽ പാർത്തിരുന്നു. പരിശുദ്ധാത്മാവിന്റെ അധിവാസം അദ്ദേഹത്തിലുണ്ടായിരുന്നു. ദൈവം വാഗ്ദാനം ചെയ്തപോലെ ക്രിസ്തുവിനെ ദർശിക്കുന്നതിനുമുമ്പ് അദ്ദേഹം മരിക്കുകയില്ലെന്നു പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിരുന്നു. ആത്മാവിന്റെ പ്രചോദനത്താൽ അദ്ദേഹം ദേവാലയത്തിലെത്തി. ധർമശാസ്ത്രവിധിപ്രകാരമുള്ള കർമങ്ങൾ അനുഷ്ഠിക്കുന്നതിനായി ഉണ്ണിയേശുവിനെ മാതാപിതാക്കൾ ദേവാലയത്തിലേക്കു കൊണ്ടുവന്നപ്പോൾ ശിമ്യോൻ ശിശുവിനെ കൈയിലെടുത്തു ദൈവത്തെ പ്രകീർത്തിച്ചുകൊണ്ട് ഇപ്രകാരം പാടി: “പരമനാഥാ, അവിടുത്തെ വാഗ്ദാനം അങ്ങു നിറവേറ്റിയിരിക്കുന്നു; ഇനി സമാധാനത്തോടുകൂടി കടന്നുപോകാൻ ഈ വിനീതദാസനെ അനുവദിച്ചാലും. സർവ മനുഷ്യവർഗത്തിനുംവേണ്ടി അവിടുന്ന് ഒരുക്കിവച്ചിട്ടുള്ള രക്ഷ ഇയ്യുള്ളവന്റെ കണ്ണുകൾ ദർശിച്ചിരിക്കുന്നുവല്ലോ. അതു വിജാതീയരുടെ ബോധോദയത്തിനുള്ള വെളിച്ചവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ അഭിമാനകാരണവുമാകുന്നു.” ശിശുവിനെപ്പറ്റി ശിമ്യോൻ പറഞ്ഞ ഈ വാക്കുകൾ ആ മാതാപിതാക്കളെ ആശ്ചര്യഭരിതരാക്കി. ശിമ്യോൻ അവരെ അനുഗ്രഹിച്ചശേഷം മാതാവായ മറിയമിനോടു പറഞ്ഞു: “ഈ ശിശു ഇസ്രായേൽജനങ്ങളിൽ പലരുടെയും വീഴ്ചയ്ക്കും എഴുന്നേല്പിനും വേണ്ടി നിയുക്തനായിരിക്കുന്നു. ദൈവത്തെ എതിർത്തു പറയുന്നവരുടെ ഹൃദയങ്ങളിലെ രഹസ്യവിചാരങ്ങൾ വെളിപ്പെടുമാറ് ഇവൻ ദൈവത്തിൽനിന്നുള്ള ഒരടയാളമാണ്. മൂർച്ചയേറിയ ഒരു വാൾ കണക്കേ തീവ്രമായ ദുഃഖം നിന്റെ ഹൃദയത്തെ പിളർക്കും.” അക്കാലത്ത് ഹന്നാ എന്നൊരു പ്രവാചിക ഉണ്ടായിരുന്നു. ആശേർഗോത്രത്തിലെ ഫനുവേലിന്റെ പുത്രിയായ ഹന്നാ വളരെ വയസ്സുചെന്ന സ്‍ത്രീയായിരുന്നു. ഏഴുവർഷം മാത്രമേ ഭർത്താവിനോടൊത്ത് അവർ ജീവിച്ചിട്ടുള്ളൂ. പിന്നീടു വിധവയായിത്തീർന്ന ഹന്നാ എൺപത്തിനാലു വയസ്സുവരെ ദേവാലയം വിട്ടുപോകാതെ പ്രാർഥനയോടും ഉപവാസത്തോടുംകൂടി ദൈവത്തെ അഹോരാത്രം ആരാധിച്ചുപോന്നു. യേശുവിനെ ദേവാലയത്തിൽ കൊണ്ടുവന്നപ്പോൾ ആ പ്രവാചികയും അടുത്തുവന്നു ദൈവത്തെ സ്തുതിക്കുകയും ഇസ്രായേൽജനതയുടെ വീണ്ടെടുപ്പിനുവേണ്ടി കാത്തിരുന്ന എല്ലാവരോടും ആ ദിവ്യശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. നിയമസംഹിതയിൽ നിർദേശിച്ചിട്ടുള്ള എല്ലാ കർമങ്ങളും പൂർത്തിയാക്കിയശേഷം അവർ ഗലീലയിൽ ഉള്ള സ്വന്തം പട്ടണമായ നസറെത്തിലേക്കു തിരിച്ചുപോയി. ശിശു വളർന്നു; ബലം പ്രാപിച്ചു; ജ്ഞാനസമ്പൂർണനായി; ദൈവത്തിന്റെ സംപ്രീതിയും ആ ബാലന്റെമേൽ ഉണ്ടായിരുന്നു. യേശുവിന്റെ മാതാപിതാക്കൾ വർഷംതോറും പെസഹാപെരുന്നാളിനു യെരൂശലേമിലേക്കു പോകുക പതിവായിരുന്നു. യേശുവിനു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുന്നാളിനു പോയി. പെരുന്നാൾ കഴിഞ്ഞു മാതാപിതാക്കൾ യെരൂശലേമിൽനിന്നു തിരിച്ചുപോരുമ്പോൾ ബാലനായ യേശു അവരോടുകൂടി പോന്നില്ല; ഇത് അവരറിഞ്ഞുമില്ല. സഹയാത്രികരുടെ കൂട്ടത്തിൽ യേശു ഉണ്ടായിരിക്കുമെന്നു കരുതി അവർ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുജനങ്ങളുടെയും പരിചിതരുടെയും ഇടയിലെല്ലാം യേശുവിനെ അവർ അന്വേഷിച്ചു; കാണാതെ വന്നപ്പോൾ അവർ യെരൂശലേമിലേക്കു തിരിച്ചുപോയി. മൂന്നു ദിവസം കഴിഞ്ഞ് അവർ കുട്ടിയെ ദേവാലയത്തിൽ കണ്ടെത്തി. മതഗുരുക്കന്മാരുടെ പ്രബോധനം ശ്രദ്ധിക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു യേശു. ആ സംഭാഷണം കേട്ടവരെല്ലാം യേശുവിന്റെ അറിവിലും ബുദ്ധിപൂർവകമായ ഉത്തരങ്ങളിലും അദ്ഭുതപ്പെട്ടു. മകനെ കണ്ടപ്പോൾ മാതാപിതാക്കൾ ആശ്ചര്യഭരിതരായി. മറിയം ചോദിച്ചു: “എന്റെ മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തത് എന്തിന്? നിന്റെ പിതാവും ഞാനും എത്ര മനോവേദനയോടെ എവിടെയെല്ലാം നിന്നെ അന്വേഷിച്ചു!” യേശു പ്രതിവചിച്ചു: “എന്തിനാണു നിങ്ങൾ എന്നെ അന്വേഷിച്ചത്? എന്റെ പിതാവിന്റെ ഭവനത്തിൽ ഞാൻ ഇരിക്കണം എന്നുള്ളതു നിങ്ങൾക്കറിഞ്ഞുകൂടേ?” പക്ഷേ, യേശു പറഞ്ഞത് എന്താണെന്ന് അവർക്കു മനസ്സിലായില്ല. പിന്നീട് യേശു അവരോടുകൂടി പുറപ്പെട്ടു നസറെത്തിൽചെന്നു മാതാപിതാക്കൾക്കു വിധേയനായി ജീവിച്ചു. ഈ കാര്യങ്ങളെല്ലാം മറിയം ഓർമയിൽ വച്ചു. യേശുവാകട്ടെ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതി ആർജിച്ചുകൊണ്ട് ശാരീരികമായും മാനസികമായും വളർന്നുവന്നു.
ലൂക്കൊസ് 2:1-52 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആ കാലത്ത്, റോമാസാമ്രാജ്യത്തിൽ ഒക്കെയും ജനസംഖ്യ കണക്ക് എടുക്കേണം എന്നു ഔഗുസ്തൊസ് കൈസർ ഒരു ആജ്ഞ കൊടുത്തു. കുറേന്യൊസ്, സിറിയയിലെ ഗവർണ്ണർ ആയിരിക്കുമ്പോൾ ആകുന്നു ഈ ഒന്നാമത്തെ കണക്കെടുപ്പ് ഉണ്ടാകുന്നത്. അതുകൊണ്ട് എല്ലാവരും ജനസംഖ്യ രേഖപ്പെടുത്തേണ്ടതിന് അവരവരുടെ പട്ടണങ്ങളിലേക്ക് യാത്രയായി. അങ്ങനെ യോസഫും ദാവീദിന്‍റെ കുടുംബത്തിലും വംശത്തിലും ഉൾപ്പെട്ടവൻ ആയിരുന്നതുകൊണ്ട്, പേരു ചേർക്കേണ്ടതിന് ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു, യെഹൂദ്യയിൽ ബേത്ത്-ലേഹേം എന്ന ദാവീദിന്‍റെ പട്ടണത്തിലേക്ക് പോയി. തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടിയാണ് യോസേഫ് പോയത്. അവർ അവിടെ ആയിരുന്നപ്പോൾ അവൾക്ക് പ്രസവത്തിനുള്ള സമയം ആയി. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു. വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലാതിരുന്നതിനാൽ പുതപ്പ് കൊണ്ടു നല്ലവണ്ണം പൊതിഞ്ഞു പശുത്തൊട്ടിയിൽ കിടത്തി. അന്നു, സൂര്യൻ അസ്തമിച്ച് ഇരുൾ വ്യാപിച്ചപ്പോൾ, ആ പ്രദേശത്ത് ഇടയന്മാർ ആട്ടിൻകൂട്ടത്തിന് കാവലായി വെളിയിൽ താമസിച്ചിരുന്നു. പെട്ടെന്ന് കർത്താവിന്‍റെ ഒരു ദൂതൻ അവരുടെ അരികെ വന്നു, കർത്താവിന്‍റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിത്തീർന്നു. ദൂതൻ അവരോട്: ”ഭയപ്പെടേണ്ടാ; സർവ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്‍റെ പട്ടണത്തിൽ നിങ്ങൾക്ക് വേണ്ടി ജനിച്ചിരിക്കുന്നു. നിങ്ങൾക്ക് അടയാളമോ; പുതപ്പിനാൽ നല്ലവണ്ണം പൊതിയപ്പെട്ട് പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും” എന്നു പറഞ്ഞു. പെട്ടെന്ന് സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോട് ചേർന്ന് ദൈവത്തെ പുകഴ്ത്തി. “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” എന്നു പറഞ്ഞു. ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: ഇപ്പോൾ നാം ബേത്ത്-ലേഹേമിൽ ചെന്നു കർത്താവ് നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു. അവർ വേഗത്തിൽ ചെന്നു, മറിയയെയും യോസഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. ഈ കുഞ്ഞിനെക്കുറിച്ച് മാലാഖമാർ തങ്ങളോട് പറഞ്ഞവാക്ക് മറ്റുള്ളവരെയെല്ലാം അറിയിച്ചു. ഇടയന്മാർ പറഞ്ഞത് കേട്ടവർ എല്ലാം ആശ്ചര്യപ്പെട്ടു. മറിയ ഈ വാർത്ത ഒക്കെയും വില ഉള്ളതെന്ന് കരുതി ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചുകൊണ്ടിരുന്നു. തങ്ങളോട് അറിയിച്ചതുപോലെ ഇടയന്മാർ കണ്ടു. അവർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ട് മടങ്ങിപ്പോയി. ശിശുവിനെ പരിച്ഛേദന ചെയ്യേണ്ട എട്ടാം ദിവസം, അവൻ ഗർഭത്തിൽ ഉല്പാദിക്കുന്നതിനു മുമ്പെ ദൂതൻ പറഞ്ഞിരുന്നതുപോലെ, അവനു യേശു എന്നു പേർ വിളിച്ചു. മോശെയുടെ ന്യായപ്രമാണം അനുസരിച്ചുള്ള അവളുടെ ശുദ്ധീകരണകാലം പൂർത്തിയായപ്പോൾ മാതാപിതാക്കൾ ശിശുവിനെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നതിന് യെരൂശലേമിലേക്കു കൊണ്ടുപോയി. കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന് വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത് പോലെ അവനെ കർത്താവിന് അർപ്പിക്കുവാനും, ഒരു ഇണ കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിക്കുവാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി. യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെമേൽ ഉണ്ടായിരുന്നു. കർത്താവിന്റെ ക്രിസ്തുവിനെ കാണും മുമ്പെ മരിക്കുകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവനു അരുളപ്പാടു ഉണ്ടായിരുന്നു. അവൻ ആത്മാവ് നയിച്ചതനുസരിച്ച് ദൈവാലയത്തിൽ ചെന്നു. യേശു എന്ന പൈതലിന് വേണ്ടി ന്യായപ്രമാണം അനുസരിച്ചുള്ള അനുഷ്ഠാനങ്ങൾ ചെയ്‌വാൻ അമ്മയും അപ്പനും അവനെ അകത്ത് കൊണ്ടുചെന്നപ്പോൾ ശിമ്യോൻ അവനെ കയ്യിൽ എടുത്തു ദൈവത്തെ പുകഴ്ത്തി: “ഇപ്പോൾ നാഥാ തിരുവചനത്തിൽ പറയുന്നതുപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കേണമേ. ജനതകൾക്ക് വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി നീ സകലജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണ് കണ്ടുവല്ലോ” എന്നു പറഞ്ഞു. ഇങ്ങനെ യേശു പൈതലിനെക്കുറിച്ചു പറഞ്ഞത് കൊണ്ടു അവന്‍റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു. പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ച് അവന്റെ അമ്മയായ മറിയയോടു: “ഇവൻ യിസ്രായേലിൽ പലരേയും ദൈവത്തിൽ നിന്നു അകലുന്നവരും അടുക്കുന്നവരും ആക്കിത്തീർക്കും. അനേകരുടെ ഹൃദയങ്ങളിലെ വിചാരം വെളിപ്പെടുത്തും. എതിർക്കുന്നവർക്ക് അവൻ ഒരു അടയാളം ആയിരിക്കും. നിന്‍റെ സ്വന്തപ്രാണനിൽക്കൂടി ഒരു വാൾ കടക്കുന്നതു പോലെ നിനക്കു വലിയ പ്രയാസം ഉണ്ടാകും“ എന്നു പറഞ്ഞു. ആശേർ ഗോത്രത്തിൽ ഫനൂവേലിൻ്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ വിവാഹ ശേഷം ഭർത്താവിനോടുകൂടെ ഏഴു വര്‍ഷം ജീവിച്ചു. എൺപത്തിനാല് വര്‍ഷം വിധവയായി ജീവിച്ചു. ഇപ്പോൾ വളരെ വയസ്സു ചെന്നു. ദൈവാലയം വിട്ടുപിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തുവരുന്നു. ആ സമയത്ത് അവളും അടുത്തുനിന്ന് ദൈവത്തെ സ്തുതിച്ച്, യെരൂശലേമിന്‍റെ വീണ്ടെടുപ്പിനായി കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ച് പ്രസ്താവിച്ചു. കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം മറിയയും യോസഫും ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറെത്തിലേക്ക് മടങ്ങിപ്പോയി. പൈതൽ വളർന്ന് ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു. അവന്റെ അമ്മയപ്പന്മാർ എല്ലാ വർഷവും പെസഹ പെരുന്നാളിന് യെരൂശലേമിലേക്കു പോകുക പതിവായിരുന്നു. അവനു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുന്നാളിന് പോയി. പെരുന്നാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല. അവരോടൊപ്പം യാത്ര ചെയ്യുന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ വിചാരിച്ചിട്ട് ഒരു ദിവസത്തെ യാത്രചെയ്തു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ അന്വേഷിച്ചു. അവനെ കണ്ടില്ല അതുകൊണ്ട് അവർ അവനെ അന്വേഷിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോയി. മൂന്നുദിവസം കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഗുരുക്കന്മാരുടെ ഇടയിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കുകയും അവരോട് ചോദ്യങ്ങൾ ചോദിക്കുന്നതും കണ്ടു. അവന്‍റെ വാക്ക് കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ട് അവർ അതിശയിച്ചു; അമ്മ അവനോട്: “മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്ത്? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ട് നിന്നെ കണ്ടുപിടിക്കാൻ വളരെ വിഷമിച്ചു“ എന്നു പറഞ്ഞു. അവൻ അവരോട്: എന്നെ എന്തിനാണ് അന്വേഷിച്ചത്? എന്റെ പിതാവിന്റെ ഭവനത്തിൽ ഞാൻ ഇരിക്കേണം എന്നു നിങ്ങൾ അറിയുന്നില്ലയോ? എന്നു പറഞ്ഞു. അവൻ തങ്ങളോട് പറഞ്ഞവാക്ക് അവർക്ക് മനസ്സിലായില്ല. പിന്നെ അവൻ അവരോടുകൂടെ നസറെത്തിൽ വന്നു മാതാപിതാക്കളെ അനുസരിച്ചു ജീവിച്ചു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു. യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.
ലൂക്കൊസ് 2:1-52 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആ കാലത്തു ലോകം ഒക്കെയും പേർവഴി ചാർത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി. എല്ലാവരും ചാർത്തപ്പെടേണ്ടതിന്നു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി. അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടെ ചാർത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു, യെഹൂദ്യയിൽ ബേത്ത്ലേഹെം എന്ന ദാവീദിൻ പട്ടണത്തിലേക്കു പോയി. അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലം തികെഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി. അന്നു ആ പ്രദേശത്തു ഇടയന്മാർ രാത്രിയിൽ ആട്ടിൻ കൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു. അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിതീർന്നു. ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു. പെട്ടെന്നു സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്ത്തി. “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു. ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്ത്ലേഹെമോളം ചെന്നു കർത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു. അവർ ബദ്ധപ്പെട്ടു ചെന്നു, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു. കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞതിനെക്കുറിച്ചു ആശ്ചര്യപ്പെട്ടു. മറിയ ഈ വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു. തങ്ങളോടു അറിയിച്ചതുപോലെ ഇടയന്മാർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ടു മടങ്ങിപ്പോയി. പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു. മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ അവനെ കർത്താവിന്നു അർപ്പിപ്പാനും ഒരു ഇണ കുറുപ്രാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി. യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെ മേൽ ഉണ്ടായിരുന്നു. കർത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാൺകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന്നു അരുളപ്പാടു ഉണ്ടായിരുന്നു. അവൻ ആത്മനിയോഗത്താൽ ദൈവാലയത്തിൽ ചെന്നു. യേശു എന്ന പൈതലിന്നു വേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്വാൻ അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ അവൻ അവനെ കയ്യിൽ ഏന്തി ദൈവത്തെ പുകഴ്ത്തി: “ഇപ്പോൾ നാഥാ തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു. ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു. ഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതിൽ അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു. പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോടു: അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു. നിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു. ആശേർ ഗോത്രത്തിൽ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ കന്യാകാലത്തിൽ പിന്നെ ഭർത്താവിനോടുകൂടെ ഏഴു സംവത്സരം കഴിച്ചു എണ്പത്തുനാലു സംവത്സരം വിധവയും വളരെ വയസ്സു ചെന്നവളുമായി ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു. ആ നാഴികയിൽ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു. കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറെത്തിലേക്കു മടങ്ങിപ്പോയി. പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു. അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും. അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി. പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല. സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു. കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി. മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു. അവന്റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവർ അതിശയിച്ചു; അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു. അവൻ അവരോടു: എന്നെ തിരഞ്ഞതു എന്തിന്നു? എന്റെ പിതാവിന്നുള്ളതിൽ ഞാൻ ഇരിക്കേണ്ടതു എന്നു നിങ്ങൾ അറിയുന്നില്ലയോ. എന്നു പറഞ്ഞു. അവൻ തങ്ങളോടു പറഞ്ഞ വാക്കു അവർ ഗ്രഹിച്ചില്ല. പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു. യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.
ലൂക്കൊസ് 2:1-52 സമകാലിക മലയാളവിവർത്തനം (MCV)
ആ കാലത്ത് റോമാ ചക്രവർത്തി അഗസ്തോസ് കൈസർ തന്റെ സാമ്രാജ്യത്തിലുള്ള എല്ലാവരുടെയും ജനസംഖ്യാനിർണയത്തിനായുള്ള ആജ്ഞ പുറപ്പെടുവിച്ചു. —ഈ ഒന്നാമത്തെ ജനസംഖ്യാനിർണയം നടന്നത് സിറിയാപ്രവിശ്യയിലെ ഭരണാധികാരിയായി ക്വിറിനിയൂസ് വാഴുമ്പോഴാണ്— അങ്ങനെ എല്ലാവരും തങ്ങളുടെ പേരെഴുതിക്കുന്നതിന് അവരവരുടെ പട്ടണത്തിലേക്കു യാത്രയായി. അങ്ങനെ യോസേഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും ഉള്ളവനായതിനാൽ ഗലീലാപ്രവിശ്യയിലെ നസറെത്ത് എന്ന പട്ടണത്തിൽനിന്ന് യെഹൂദ്യപ്രവിശ്യയിലെ ബേത്ലഹേം എന്ന ദാവീദിന്റെ പട്ടണത്തിലേക്കു യാത്രതിരിച്ചു. തന്റെ പ്രതിശ്രുതവധുവും ഗർഭിണിയുമായ മറിയയോടൊപ്പമാണ് പേരുചേർക്കുന്നതിനായി അദ്ദേഹം അവിടേക്കു പോയത്. അവർ ബേത്ലഹേമിൽ ആയിരിക്കുമ്പോൾ മറിയയ്ക്ക് പ്രസവത്തിനുള്ള സമയം തികഞ്ഞു. മറിയ തന്റെ ആദ്യജാതനായ പുത്രന് ജന്മംനൽകി, അവൾ ശിശുവിനെ ശീലകളിൽ പൊതിഞ്ഞ്, കന്നുകാലികൾക്ക് പുല്ല് കൊടുക്കുന്ന ഒരു തൊട്ടിയിൽ കിടത്തി; കാരണം, അവർക്കവിടെ ഒരു മുറിയും ലഭ്യമായില്ല. അന്നുരാത്രിയിൽ ആ പ്രദേശത്ത് ആട്ടിൻപറ്റത്തിന് കാവലായി മേച്ചിൽപ്പുറത്ത് താമസിച്ചിരുന്ന ഇടയന്മാർക്ക് കർത്താവിന്റെ ഒരു ദൂതൻ പ്രത്യക്ഷനായി. കർത്താവിന്റെ പ്രഭ അവർക്കുചുറ്റും തിളങ്ങി, അവർ വളരെ ഭയവിഹ്വലരായിത്തീർന്നു. അപ്പോൾ ദൂതൻ അവരോടറിയിച്ചത്, “ഭയപ്പെടേണ്ട! സകലജനത്തിനും മഹാ ആനന്ദംനൽകുന്ന സുവാർത്ത ഇതാ ഞാൻ നിങ്ങളെ അറിയിക്കുന്നു. ഇന്നേദിവസം ക്രിസ്തുവെന്ന കർത്താവായ രക്ഷകൻ ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കുവേണ്ടി ജനിച്ചിരിക്കുന്നു. നിങ്ങൾക്കുള്ള ചിഹ്നമോ: ശീലകളിൽ പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും.” ഇതു പറഞ്ഞമാത്രയിൽത്തന്നെ സ്വർഗീയസൈന്യത്തിന്റെ വലിയൊരു സംഘം ആ ദൂതനോടുചേർന്നു ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട്, “പരമോന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്ന് ആലപിച്ചു. ദൂതന്മാർ അവരെവിട്ടു സ്വർഗത്തിലേക്കു മടങ്ങിയശേഷം, “നമുക്കു ബേത്ലഹേമിൽ ചെന്ന് അവിടെ കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം കാണാം” എന്ന് ആട്ടിടയന്മാർ പരസ്പരം പറഞ്ഞു. അവർ വളരെവേഗത്തിൽ യാത്രയായി, അവിടെച്ചെന്ന് മറിയയെയും യോസേഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. അവരെക്കണ്ടതിനുശേഷം, ഈ ശിശുവിനെക്കുറിച്ചു ദൈവദൂതൻ തങ്ങളോട് അറിയിച്ചിരുന്ന കാര്യങ്ങളെല്ലാം ആട്ടിടയന്മാർ പരസ്യമാക്കി. ആട്ടിടയന്മാർ അറിയിച്ച വാർത്ത കേട്ട എല്ലാവരും ആശ്ചര്യഭരിതരായി. എന്നാൽ, മറിയ ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് വിചിന്തനംചെയ്തുകൊണ്ടിരുന്നു. തങ്ങളെ അറിയിച്ചിരുന്നതുപോലെതന്നെ കേൾക്കുകയും കാണുകയുംചെയ്ത സകലകാര്യങ്ങൾക്കായും ദൈവത്തെ മഹത്ത്വപ്പെടുത്തുകയും പുകഴ്ത്തുകയും ചെയ്തുകൊണ്ട് ആട്ടിടയന്മാർ തിരികെപ്പോയി. എട്ടുദിവസം പൂർത്തിയായപ്പോൾ, യേശുവിന്റെ പരിച്ഛേദനാസമയത്ത്, ശിശു ഗർഭത്തിലുരുവാകുംമുമ്പ് ദൈവദൂതൻ നിർദേശിച്ചിരുന്നതുപോലെ “യേശു” എന്ന് അവനു പേരിട്ടു. മോശയുടെ ന്യായപ്രമാണം അനുസരിച്ച് മറിയയ്ക്ക് ശുദ്ധീകരണയാഗത്തിനുള്ള ദിവസമടുത്തപ്പോൾ, യോസേഫും മറിയയും യേശുവിനെ കർത്താവിനു സമർപ്പിക്കേണ്ടതിനായി ജെറുശലേമിലേക്കു കൊണ്ടുപോയി. “ആദ്യം ജനിക്കുന്ന ആൺകുട്ടി കർത്താവിന് വിശുദ്ധീകരിക്കപ്പെടണം,” എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതനുസരിച്ചും “ഒരു ജോടി കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ യാഗം കഴിക്കേണ്ടതാകുന്നു,” എന്ന് കർത്താവിന്റെ ന്യായപ്രമാണത്തിൽ കൽപ്പിച്ചിരിക്കുന്നത് അനുഷ്ഠിക്കുന്നതിനുമാണ് അവർ പോയത്. അക്കാലത്ത്, ജെറുശലേമിൽ നീതിനിഷ്ഠനും ദൈവഭക്തനുമായ ശിമയോൻ എന്നു പേരുള്ള ഒരു മനുഷ്യൻ ഇസ്രായേലിന് സാന്ത്വനംനൽകുന്ന മശിഹായുടെ വരവിനായി കാത്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെമേൽ പരിശുദ്ധാത്മാവ് ഉണ്ടായിരുന്നു. കർത്താവിന്റെ ക്രിസ്തുവിനെ കാണുന്നതിനുമുമ്പ് മരിക്കുകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അദ്ദേഹത്തിന് അരുളപ്പാട് ലഭിച്ചിരുന്നു. ന്യായപ്രമാണത്തിൽ നിഷ്കർഷിച്ചിരിക്കുന്നത് നിർവഹിക്കാൻ യേശു എന്ന പൈതലിനെ മാതാപിതാക്കൾ കൊണ്ടുവന്നപ്പോൾ, ശിമയോൻ പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ ദൈവാലയാങ്കണത്തിലേക്കു ചെന്നു. അദ്ദേഹം ശിശുവിനെ കൈയിൽ എടുത്ത് ദൈവത്തെ സ്തുതിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “സർവോന്നതനായ നാഥാ, അവിടന്നു വാഗ്ദാനംചെയ്തിരുന്നതുപോലെ, ഇപ്പോൾ അവിടത്തെ ദാസനെ സമാധാനത്തോടെ വിശ്രമിക്കാൻ അനുവദിച്ചാലും. അവിടന്ന് സകലജനങ്ങളുടെയും മുമ്പാകെ ഒരുക്കിയിരിക്കുന്ന രക്ഷയെ എന്റെ കണ്ണ് കണ്ടിരിക്കുന്നു! ഈ രക്ഷ, സർവജനതകൾക്കും വെളിപ്പെടാനുള്ള പ്രകാശവും അവിടത്തെ ജനമായ ഇസ്രായേലിന്റെ മഹത്ത്വവുമാണല്ലോ.” ശിശുവിനെക്കുറിച്ച് ശിമയോൻ ഇങ്ങനെ പറയുന്നതുകേട്ട് അവന്റെ മാതാപിതാക്കൾ വിസ്മയിച്ചു. പിന്നെ ശിമയോൻ അവരെ അനുഗ്രഹിച്ചുകൊണ്ട് യേശുവിന്റെ അമ്മയായ മറിയയോട്, “ഈ ശിശു ഇസ്രായേലിൽ അനേകരുടെ വീഴ്ചയ്ക്കും ഉയർച്ചയ്ക്കും നിദാനമാകേണ്ടതിനും അനേകരുടെ ശത്രുതയ്ക്ക് പാത്രമായിത്തീർന്ന് അവരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടുത്തുന്ന ഒരു ചിഹ്നമായിരിക്കേണ്ടതിനും നിയോഗിക്കപ്പെട്ടിരിക്കുന്നു. നിന്റെ സ്വന്തം പ്രാണനിലൂടെയും ഒരു വാൾ തുളച്ചുകയറും” എന്നു പറഞ്ഞു. ആശേർ ഗോത്രത്തിൽപ്പെട്ട ഫനൂവേലിന്റെ മകൾ ഹന്നാ എന്ന വളരെ വയസ്സുചെന്ന ഒരു പ്രവാചിക ഉണ്ടായിരുന്നു. അവർ വിവാഹംകഴിഞ്ഞ് ഏഴുവർഷം കുടുംബജീവിതം നയിച്ചശേഷം വിധവയായി. അവർക്കപ്പോൾ എൺപത്തിനാല് വയസ്സായിരുന്നു. ആ വയോധിക ഒരിക്കലും ദൈവാലയം വിട്ടുപോകാതെ, ഉപവസിച്ചും പ്രാർഥിച്ചുംകൊണ്ടു രാപകൽ ദൈവത്തെ ആരാധിച്ചു സമയം ചെലവഴിച്ചു. ശിമയോൻ സംസാരിക്കുമ്പോൾ ഹന്നാ അവരുടെ അടുക്കൽച്ചെന്ന്, ദൈവത്തെ സ്തുതിച്ച്, ജെറുശലേമിന്റെ വീണ്ടെടുപ്പു പ്രതീക്ഷിച്ചിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു പ്രസ്താവിച്ചു. കർത്താവിന്റെ ന്യായപ്രമാണത്തിൽ നിഷ്കർഷിച്ചിരുന്നതെല്ലാം നിർവഹിച്ചശേഷം യോസേഫും മറിയയും ഗലീലാപ്രവിശ്യയിലെ തങ്ങളുടെ സ്വന്തം പട്ടണമായ നസറെത്തിലേക്കു മടങ്ങിപ്പോയി. പൈതൽ വളർന്നു ശക്തനായി; ജ്ഞാനത്താൽ നിറഞ്ഞു; ദൈവകൃപയും ആ ശിശുവിന്റെമേൽ ഉണ്ടായിരുന്നു. അവന്റെ മാതാപിതാക്കൾ വർഷംതോറും പെസഹാപ്പെരുന്നാളിന് ജെറുശലേമിലേക്കു പോകുക പതിവായിരുന്നു. യേശുവിനു പന്ത്രണ്ട് വയസ്സായപ്പോൾ അവർ പതിവുപോലെ പെരുന്നാളിനു പോയി. പെരുന്നാളിനുശേഷം മാതാപിതാക്കൾ വീട്ടിലേക്കു മടങ്ങുമ്പോൾ ബാലനായ യേശു ജെറുശലേമിൽത്തന്നെ തങ്ങി; എന്നാൽ അവർ അതറിഞ്ഞില്ല. യേശു തങ്ങളുടെ കൂട്ടത്തിൽ ഉണ്ടെന്നു കരുതി അവർ ഒരു ദിവസത്തെ വഴി പിന്നിട്ടു. പിന്നെ ബന്ധുക്കളുടെയും മിത്രങ്ങളുടെയും ഇടയിൽ അവനെ അന്വേഷിക്കാൻ തുടങ്ങി. കാണാതായപ്പോൾ ബാലനെ തെരയാൻ അവർ ജെറുശലേമിലേക്കു തിരികെപ്പോയി. മൂന്ന് ദിവസത്തിനുശേഷം അവർ യേശുവിനെ ദൈവാലയാങ്കണത്തിൽ കണ്ടെത്തി; യേശു ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരുന്ന് അവരുടെ ഉപദേശം ശ്രദ്ധിക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു. യേശുവിന്റെ വചസ്സുകൾ കേട്ട എല്ലാവരും അദ്ദേഹത്തിന്റെ ജ്ഞാനത്തിലും യേശു നൽകിയ മറുപടികളിലും വിസ്മയിച്ചു. യേശുവിനെ കണ്ടപ്പോൾ മാതാപിതാക്കൾ ആശ്ചര്യപ്പെട്ടു. മാതാവ് അവനോട്, “മകനേ, ഞങ്ങളോട് നീ എന്തിനിങ്ങനെ ചെയ്തു? നിന്റെ പിതാവും ഞാനും എത്ര ഉത്കണ്ഠയോടെ നിന്നെ തെരയുകയായിരുന്നു എന്നറിയാമോ?” എന്നു ചോദിച്ചു. യേശു അവരോട്, “നിങ്ങൾ എന്നെ തെരഞ്ഞതെന്തിന്? എന്റെ പിതാവിന്റെ ഭവനത്തിൽ ഞാൻ ഇരിക്കേണ്ടതാണെന്ന് നിങ്ങൾക്കറിയില്ലേ?” എന്നു പ്രതിവചിച്ചു. യേശു പറഞ്ഞതിന്റെ അർഥം അവർ ഗ്രഹിച്ചില്ല. അതിനുശേഷം യേശു അവരോടുകൂടെ നസറെത്തിലേക്കുപോയി അവർക്ക് അനുസരണയുള്ളവനായി കഴിഞ്ഞു. അവന്റെ മാതാവ് ഈ കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു. യേശുവോ, ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രസാദത്തിലും മുന്നേറിക്കൊണ്ടിരുന്നു.