ലൂക്കൊസ് 15:25-32
ലൂക്കൊസ് 15:25-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീട്ടിനോട് അടുത്തപ്പോൾ വാദ്യവും നൃത്തഘോഷവും കേട്ടു, ബാല്യക്കാരിൽ ഒരുത്തനെ വിളിച്ച്: ഇതെന്ത് എന്നു ചോദിച്ചു. അവൻ അവനോട്: നിന്റെ സഹോദരൻ വന്നു; നിന്റെ അപ്പൻ അവനെ സൗഖ്യത്തോടെ കിട്ടിയതുകൊണ്ട് തടിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു. അപ്പോൾ അവൻ കോപിച്ച്, അകത്തു കടപ്പാൻ മനസ്സില്ലാതെ നിന്നു; അപ്പൻ പുറത്തു വന്ന് അവനോട് അപേക്ഷിച്ചു. അവൻ അവനോട്: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങാതികളുമായി ആനന്ദിക്കേണ്ടതിനു നീ ഒരിക്കലും എനിക്ക് ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല. വേശ്യമാരോടുകൂടി നിന്റെ മുതൽ തിന്നുകളഞ്ഞ ഈ നിന്റെ മകൻ വന്നപ്പോഴേക്കോ, തടിച്ച കാളക്കുട്ടിയെ അവനുവേണ്ടി അറുത്തുവല്ലോ എന്ന് ഉത്തരം പറഞ്ഞു. അതിന് അവൻ അവനോട്: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; എനിക്കുള്ളത് എല്ലാം നിൻറേത് ആകുന്നു. നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാൽ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.
ലൂക്കൊസ് 15:25-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“വയലിൽ പോയിരുന്ന മൂത്തപുത്രൻ വീടിനടുത്തെത്തിയപ്പോൾ സംഗീതവും നൃത്തഘോഷങ്ങളും കേട്ടു; ഒരു ഭൃത്യനെ വിളിച്ചു വിവരം അന്വേഷിച്ചു. ഭൃത്യൻ പറഞ്ഞു: ‘അങ്ങയുടെ സഹോദരൻ വന്നിരിക്കുന്നു. അദ്ദേഹത്തെ സുരക്ഷിതനായി തിരിച്ചുകിട്ടിയതിനാൽ പിതാവു കൊഴുപ്പിച്ച കാളക്കുട്ടിയെ അറുത്തിരിക്കുന്നു.’ “ഇതുകേട്ട് അയാൾ അത്യന്തം കുപിതനായി, വീട്ടിൽ കയറാൻ വിസമ്മതിച്ചു. പിതാവു പുറത്തുവന്ന് അയാളോട് അകത്തേക്കു ചെല്ലുവാൻ അനുനയപൂർവം പറഞ്ഞു. അയാൾ പിതാവിനോട് ഇപ്രകാരം പറഞ്ഞു: ‘എത്രയോ കാലമായി ഞാൻ അങ്ങയെ സേവിക്കുന്നു! അവിടുത്തെ ആജ്ഞകൾ ഒരിക്കൽപോലും ഞാൻ ലംഘിച്ചിട്ടില്ല. എന്നിട്ടും എന്റെ കൂട്ടുകാരോടൊത്ത് ഉല്ലസിക്കുന്നതിന് അങ്ങ് എനിക്ക് ഒരാട്ടിൻകുട്ടിയെപ്പോലും ഒരിക്കലും തന്നിട്ടില്ലല്ലോ. എന്നാൽ വേശ്യകളോടുകൂടി കഴിഞ്ഞ്, അങ്ങയുടെ മുതലെല്ലാം മുടിച്ച ഈ മകൻ വന്നപ്പോൾ അവനുവേണ്ടി അങ്ങു കൊഴുപ്പിച്ച കാളക്കുട്ടിയെ അറുത്തു സദ്യ ഒരുക്കിയിരിക്കുന്നു!” പിതാവ് അയാളോടു പറഞ്ഞു: ‘മകനേ, നീ എപ്പോഴും എന്റെകൂടെത്തന്നെയാണ്. എനിക്കുള്ളതെല്ലാം നിൻറേതാണല്ലോ. നിന്റെ ഈ സഹോദരൻ മൃതനായിരുന്നു; അവൻ വീണ്ടും ജീവിച്ചിരിക്കുന്നു. അവൻ നഷ്ടപ്പെട്ടുപോയിരുന്നു; അവനെ കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ട് നാം ആഹ്ലാദിച്ചുല്ലസിക്കുന്നത് ഉചിതമല്ലേ?”
ലൂക്കൊസ് 15:25-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവന്‍റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീടിനോട് അടുത്തപ്പോൾ നൃത്തത്തിൻ്റെയും സംഗീത ഉപകരണങ്ങളുടെയും ശബ്ദം കേട്ടു, ബാല്യക്കാരിൽ ഒരാളെ വിളിച്ചു: ഇവിടെ എന്താണ് സംഭവിക്കുന്നത്? എന്നു ചോദിച്ചു. അവൻ അവനോട്: നിന്റെ സഹോദരൻ വന്നു; നിന്റെ അപ്പൻ അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ട് തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു. അപ്പോൾ അവൻ കോപിച്ചു, അകത്ത് കടക്കുവാൻ താത്പര്യം ഇല്ലാതെ നിന്നു; അപ്പൻ പുറത്തു വന്നു അവനോട് അപേക്ഷിച്ചു. അവൻ അവനോട്: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങാതികളുമായി ആനന്ദിക്കേണ്ടതിന് നീ ഒരിക്കലും എനിക്ക് ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല. വേശ്യമാരോടുകൂടി നിന്റെ മുതൽ നശിപ്പിച്ച ഈ നിന്റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവനുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു. അതിന് അവൻ അവനോട്: മകനേ, നീ എപ്പോഴും എന്നോട് കൂടെ ഇരിക്കുന്നുവല്ലോ; എനിക്കുള്ളത് എല്ലാം നിൻ്റെത് ആകുന്നു. നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. അതുകൊണ്ട് ആനന്ദിച്ചു സന്തോഷിക്കേണ്ടത് ആവശ്യമായിരുന്നു എന്നു പറഞ്ഞു.
ലൂക്കൊസ് 15:25-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവന്റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീട്ടിനോടു അടുത്തപ്പോൾ വാദ്യവും നൃത്തഘോഷവും കേട്ടു, ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: ഇതെന്തു എന്നു ചോദിച്ചു. അവൻ അവനോടു: നിന്റെ സഹോദരൻ വന്നു; നിന്റെ അപ്പൻ അവനെ സൗഖ്യത്തോടെ കിട്ടിയതുകൊണ്ടു തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു. അപ്പോൾ അവൻ കോപിച്ചു, അകത്തു കടപ്പാൻ മനസ്സില്ലാതെ നിന്നു; അപ്പൻ പുറത്തു വന്നു അവനോടു അപേക്ഷിച്ചു. അവൻ അവനോടു: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങാതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല. വേശ്യമാരോടു കൂടി നിന്റെ മുതൽ തിന്നുകളഞ്ഞ ഈ നിന്റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു. അതിന്നു അവൻ അവനോടു: മകനേ, നീ എപ്പോഴും എന്നോടു കൂടെ ഇരിക്കുന്നവല്ലോ; എനിക്കുള്ളതു എല്ലാം നിന്റേതു ആകുന്നു. നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാൽ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.
ലൂക്കൊസ് 15:25-32 സമകാലിക മലയാളവിവർത്തനം (MCV)
“എന്നാൽ, ഇതെല്ലാം സംഭവിച്ചപ്പോൾ മൂത്തമകൻ വയലിൽ ആയിരുന്നു. അയാൾ വീടിനോട് അടുത്തുവന്നപ്പോൾ നൃത്തത്തിന്റെയും സംഗീതത്തിന്റെയും ഘോഷം കേട്ടു. അയാൾ വേലക്കാരിൽ ഒരാളെ വിളിച്ച് എന്താണ് അവിടെ നടക്കുന്നതെന്ന് അന്വേഷിച്ചു. ‘താങ്കളുടെ സഹോദരൻ വന്നിരിക്കുന്നു, അയാൾ സസുഖം മടങ്ങിയെത്തിയതുകൊണ്ട് അങ്ങയുടെ പിതാവ് കൊഴുത്ത കാളക്കിടാവിനെ അറത്തിരിക്കുന്നു,’ എന്ന് ആ വേലക്കാരൻ ഉത്തരം പറഞ്ഞു. “അപ്പോൾ മൂത്തമകൻ കോപം പൂണ്ട്, വീടിനുള്ളിലേക്ക് കടക്കാൻപോലും വിസമ്മതിച്ചു. പിതാവു പുറത്തുചെന്ന് അവനോടു കേണപേക്ഷിച്ചെങ്കിലും അയാൾ പിതാവിനോട് ഇങ്ങനെ പറഞ്ഞു: ‘നോക്കൂ ഇത്രയും വർഷങ്ങളായി ഞാൻ അപ്പന് അടിമപ്പണി ചെയ്യുകയായിരുന്നു. ഒരിക്കൽപോലും അപ്പന്റെ ആജ്ഞകൾ അനുസരിക്കാതിരുന്നിട്ടില്ല. എങ്കിലും എന്റെ കൂട്ടുകാരോടൊത്ത് ആഘോഷിക്കാൻ ഒരിക്കലെങ്കിലും അപ്പൻ എനിക്കൊരു കുട്ടിയാടിനെ തന്നിട്ടില്ലല്ലോ. എന്നാൽ, വേശ്യമാരോടുകൂടെ അപ്പന്റെ സമ്പാദ്യമെല്ലാം തുലച്ചുകളഞ്ഞ അങ്ങയുടെ ഈ മകൻ വീട്ടിൽ വന്നപ്പോൾ, കൊഴുത്ത കാളക്കിടാവിനെ അവനുവേണ്ടി അറത്തിരിക്കുന്നല്ലോ!’ “അപ്പോൾ പിതാവ്, ‘മോനേ, നീ എപ്പോഴും എന്റെകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്റേതല്ലേ. നാം ആനന്ദിക്കുകയും ആഘോഷിക്കുകയുമല്ലേ വേണ്ടത്, കാരണം നിന്റെ ഈ സഹോദരൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചിരിക്കുന്നു. ഇവൻ നഷ്ടപ്പെട്ടവനായിരുന്നു; ഇപ്പോൾ തിരികെ കിട്ടിയിരിക്കുന്നു’ ” എന്നു പറഞ്ഞു.