ലൂക്കൊസ് 15:11-19
ലൂക്കൊസ് 15:11-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെയും അവൻ പറഞ്ഞത്: ഒരു മനുഷ്യനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. അവരിൽ ഇളയവൻ അപ്പനോട്: അപ്പാ, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവൻ അവർക്കു മുതൽ പകുത്തുകൊടുത്തു. ഏറെനാൾ കഴിയും മുമ്പേ ഇളയമകൻ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുർന്നടപ്പുകാരനായി ജീവിച്ചു വസ്തു നാനാവിധമാക്കിക്കളഞ്ഞു. എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ട് അവനു മുട്ടു വന്നുതുടങ്ങി. അവൻ ആ ദേശത്തിലെ പൗരന്മാരിൽ ഒരുത്തനെ ചെന്ന് ആശ്രയിച്ചു; അവൻ അവനെ തന്റെ വയലിൽ പന്നികളെ മേയ്പാൻ അയച്ചു. പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറപ്പാൻ അവൻ ആഗ്രഹിച്ചു, എങ്കിലും ആരും അവന് കൊടുത്തില്ല. അപ്പോൾ സുബോധം വന്നിട്ട് അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ട് നശിച്ചുപോകുന്നു. ഞാൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ ചെന്ന് അവനോട്: അപ്പാ, ഞാൻ സ്വർഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ മകൻ എന്ന പേരിനു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.
ലൂക്കൊസ് 15:11-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു വീണ്ടും അരുൾചെയ്തു: “ഒരാൾക്കു രണ്ടു പുത്രന്മാരുണ്ടായിരുന്നു. ഇളയമകൻ പിതാവിനോട് ‘അപ്പാ, കുടുംബസ്വത്തിൽ എനിക്കു കിട്ടേണ്ട ഓഹരി തന്നാലും’ എന്നു പറഞ്ഞു. പിതാവ് തന്റെ സ്വത്ത് അവർക്കു രണ്ടുപേർക്കുമായി ഭാഗിച്ചുകൊടുത്തു. ഇളയമകൻ ഏറെത്താമസിയാതെ തനിക്കു കിട്ടിയ സ്വത്തു മുഴുവൻ വിറ്റു പണമാക്കിക്കൊണ്ട് ദൂരദേശത്തേക്കു യാത്രയായി. അവിടെ അവൻ പണം ധൂർത്തടിച്ചു ജീവിച്ചു; അങ്ങനെ സർവസ്വവും നശിപ്പിച്ചു. കൈയിലുണ്ടായിരുന്നതെല്ലാം തീർന്നപ്പോൾ ആ ദേശത്തു കഠിന ക്ഷാമമുണ്ടായി. ദാരിദ്ര്യം മൂലം അവൻ വലഞ്ഞുതുടങ്ങി. എന്തെങ്കിലും പണി കിട്ടുന്നതിന് അവൻ ആ നാട്ടിലെ പൗരന്മാരിൽ ഒരാളുടെ അടുക്കൽ ചെന്നു. അയാൾ അവനെ പന്നികളെ തീറ്റുന്നതിനായി പറഞ്ഞയച്ചു. പന്നിയുടെ തീറ്റകൊണ്ടെങ്കിലും വിശപ്പടക്കാമെന്ന് അവൻ ആശിച്ചു. പക്ഷേ, ആരും അവന് അതുപോലും കൊടുത്തില്ല. എന്നാൽ അവനു സുബുദ്ധിയുണ്ടായപ്പോൾ സ്വയം പറഞ്ഞു: “എന്റെ പിതാവിന്റെ ഭവനത്തിലെ വേലക്കാർ എത്ര സുഭിക്ഷമായി കഴിയുന്നു! ഞാൻ പോയി, ‘അപ്പാ അങ്ങേക്കും ദൈവത്തിനും വിരോധമായി ഞാൻ കുറ്റം ചെയ്തിരിക്കുന്നു; ഇനിമേൽ അവിടുത്തെ പുത്രനെന്നു ഗണിക്കുവാൻ ഞാൻ യോഗ്യനല്ല; അങ്ങയുടെ കൂലിക്കാരിൽ ഒരുവനായി മാത്രം എന്നെ കരുതിയാൽ മതി’ എന്ന് എന്റെ പിതാവിനോടു പറയും.”
ലൂക്കൊസ് 15:11-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെയും അവൻ പറഞ്ഞത്: ഒരു മനുഷ്യന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. അവരിൽ ഇളയവൻ അപ്പനോട്: അപ്പാ, വസ്തുവിൽ എനിക്കുള്ള പങ്ക് തരേണമേ എന്നു പറഞ്ഞു; അവൻ അവർക്ക് വസ്തു പകുത്തുകൊടുത്തു. അധികനാൾ കഴിയുന്നതിന് മുമ്പെ ഇളയമകൻ സകലവും ശേഖരിച്ചു ദൂരദേശത്തേക്ക് യാത്രയായി. അവിടെ തനിക്കു ഉള്ള പണം മുഴുവൻ ആവശ്യമില്ലാതെ ചെലവഴിച്ചു ജീവിച്ചു. എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോൾ ആ ദേശത്തു കഠിനക്ഷാമം ഉണ്ടായി. അവനു പണത്തിന് ആവശ്യം വന്നു തുടങ്ങി. അവൻ ആ ദേശത്തിലെ പൗരന്മാരിൽ ഒരാൾക്ക് വേണ്ടി ജോലി ചെയ്യാൻ പോയി. അവൻ അവനെ തന്റെ വയലിൽ പന്നികൾക്ക് തീറ്റ കൊടുക്കുന്ന ജോലി കൊടുത്തു. പന്നി തിന്നുന്ന വാളവര കൊണ്ടു വയറു നിറപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവനു കൊടുത്തില്ല. അപ്പോൾ സുബോധം വന്നിട്ട് അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചുകഴിഞ്ഞിട്ടും അധികം വരുന്നു; എന്നാൽ ഞാനോ വിശപ്പുകൊണ്ട് നശിച്ചുപോകുന്നു. ഞാൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ ചെന്നു അവനോട്: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ “മകൻ” എന്ന പേരിന് ഞാൻ യോഗ്യനല്ല; നിന്‍റെ ജോലിക്കാരിൽ ഒരാളെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.
ലൂക്കൊസ് 15:11-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെയും അവൻ പറഞ്ഞതു: ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. അവരിൽ ഇളയവൻ അപ്പനോടു: അപ്പാ, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവൻ അവർക്കു മുതൽ പകുത്തുകൊടുത്തു. ഏറെനാൾ കഴിയുംമുമ്പെ ഇളയമകൻ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുർന്നടപ്പുകാരനായി ജീവിച്ചു, വസ്തു നാനാവിധമാക്കിക്കളഞ്ഞു. എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ടു അവന്നു മുട്ടുവന്നു തുടങ്ങി. അവൻ ആ ദേശത്തിലേ പൗരന്മാരിൽ ഒരുത്തനെ ചെന്നു ആശ്രയിച്ചു. അവൻ അവനെ തന്റെ വയലിൽ പന്നികളെ മേയ്പാൻ അയച്ചു. പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറെപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവന്നു കൊടുത്തില്ല. അപ്പോൾ സുബോധം വന്നിട്ടു അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു. ഞാൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ ചെന്നു അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ മകൻ എന്ന പേരിന്നു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.
ലൂക്കൊസ് 15:11-19 സമകാലിക മലയാളവിവർത്തനം (MCV)
യേശു തുടർന്നു പറഞ്ഞത്: “രണ്ട് പുത്രന്മാരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. അവരിൽ ഇളയമകൻ പിതാവിനോട്, ‘അപ്പാ, സ്വത്തിൽ എനിക്ക് അവകാശപ്പെട്ട വീതം തരണം’ എന്നു പറഞ്ഞു. അയാൾ തന്റെ വസ്തുവകകൾ മക്കൾക്കു വീതംവെച്ചു കൊടുത്തു. “ദിവസങ്ങളേറെ കഴിയുംമുമ്പേ, ഇളയമകൻ തനിക്കുള്ളതെല്ലാം പണമാക്കിമാറ്റി ദൂരദേശത്തേക്കു യാത്രയായി; അവിടെ കുത്തഴിഞ്ഞ ജീവിതം നയിച്ചു തനിക്കുള്ളതെല്ലാം ധൂർത്തടിച്ചു. അവന്റെ കൈയിലുള്ളതെല്ലാം ചെലവായിപ്പോയശേഷം, ആ ദേശത്തെല്ലായിടത്തും കഠിനക്ഷാമം ഉണ്ടായി. അവന്റെ കൈവശം ഒന്നുമില്ലാതെയായി. ആ ദേശനിവാസിയായ ഒരു മനുഷ്യന്റെ അടുക്കൽ ചെന്ന് യാചിച്ചപ്പോൾ അയാൾ തന്റെ പന്നികളെ മേയിക്കാൻ അവനെ വയലിലേക്ക് അയച്ചു. പന്നികൾക്കുള്ള തീറ്റകൊണ്ടെങ്കിലും വയറുനിറയ്ക്കാൻ അയാൾ കൊതിച്ചുപോയി. എന്നാൽ അവന് ആരും ഒന്നും ഭക്ഷിക്കാൻ കൊടുത്തില്ല. “അപ്പോൾ അവനു ബോധം തെളിഞ്ഞു: ‘എന്റെ പിതാവിന്റെ എത്രയോ വേലക്കാർ മൃഷ്ടാന്നഭോജനം കഴിഞ്ഞ് ബാക്കിവെക്കുന്നു; ഞാനോ ഇവിടെ പട്ടിണികിടന്ന് മരിക്കാൻ തുടങ്ങുന്നു.’ ഞാൻ പുറപ്പെട്ട് എന്റെ പിതാവിന്റെ അടുക്കൽ മടങ്ങിച്ചെന്ന് പിതാവിനോട്, ‘അപ്പാ, ഞാൻ സ്വർഗത്തോടും അപ്പനോടും പാപംചെയ്തിരിക്കുന്നു; ഇനി അപ്പന്റെ മകൻ എന്ന പേരിന് ഞാൻ അർഹനല്ല; ഇവിടത്തെ കൂലിവേലക്കാരിൽ ഒരുത്തനെപ്പോലെ എന്നെ സ്വീകരിക്കണമേ’ എന്നു പറയും.