ലൂക്കൊസ് 15:1-24
ലൂക്കൊസ് 15:1-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾപ്പാൻ അവന്റെ അടുക്കൽ വന്നു. ഇവൻ പാപികളെ കൈക്കൊണ്ട് അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു. അവരോട് അവൻ ഈ ഉപമ പറഞ്ഞു: നിങ്ങളിൽ ഒരു ആൾക്ക് നൂറ് ആടുണ്ട് എന്നിരിക്കട്ടെ. അതിൽ ഒന്നു കാണാതെ പോയാൽ അവൻ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു, ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ? കണ്ടുകിട്ടിയാൽ സന്തോഷിച്ചു ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി: കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിൻ എന്ന് അവരോടു പറയും. അങ്ങനെതന്നെ മാനസാന്തരംകൊണ്ട് ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അല്ല, ഒരു സ്ത്രീക്കു പത്തു ദ്രഹ്മ ഉണ്ട് എന്നിരിക്കട്ടെ; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ചു വീട് അടിച്ചുവാരി അതു കണ്ടുകിട്ടുംവരെ സൂക്ഷ്മത്തോടെ അന്വേഷിക്കാതിരിക്കുമോ? കണ്ടുകിട്ടിയാൽ സ്നേഹിതമാരെയും അയൽക്കാരത്തികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും. അങ്ങനെതന്നെ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. പിന്നെയും അവൻ പറഞ്ഞത്: ഒരു മനുഷ്യനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. അവരിൽ ഇളയവൻ അപ്പനോട്: അപ്പാ, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവൻ അവർക്കു മുതൽ പകുത്തുകൊടുത്തു. ഏറെനാൾ കഴിയും മുമ്പേ ഇളയമകൻ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുർന്നടപ്പുകാരനായി ജീവിച്ചു വസ്തു നാനാവിധമാക്കിക്കളഞ്ഞു. എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ട് അവനു മുട്ടു വന്നുതുടങ്ങി. അവൻ ആ ദേശത്തിലെ പൗരന്മാരിൽ ഒരുത്തനെ ചെന്ന് ആശ്രയിച്ചു; അവൻ അവനെ തന്റെ വയലിൽ പന്നികളെ മേയ്പാൻ അയച്ചു. പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറപ്പാൻ അവൻ ആഗ്രഹിച്ചു, എങ്കിലും ആരും അവന് കൊടുത്തില്ല. അപ്പോൾ സുബോധം വന്നിട്ട് അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ട് നശിച്ചുപോകുന്നു. ഞാൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ ചെന്ന് അവനോട്: അപ്പാ, ഞാൻ സ്വർഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ മകൻ എന്ന പേരിനു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ പോയി. ദൂരത്തുനിന്നുതന്നെ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവന്റെ കഴുത്തു കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു. മകൻ അവനോട്: അപ്പാ, ഞാൻ സ്വർഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു. അപ്പൻ തന്റെ ദാസന്മാരോട്: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്ന് ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിനു ചെരിപ്പും ഇടുവിപ്പിൻ. തടിച്ച കാളക്കുട്ടിയെ കൊണ്ടുവന്ന് അറപ്പിൻ; നാം തിന്ന് ആനന്ദിക്ക. ഈ എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.
ലൂക്കൊസ് 15:1-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശുവിന്റെ പ്രഭാഷണം കേൾക്കുന്നതിനായി ചുങ്കം പിരിക്കുന്നവരും മതനിഷ്ഠയില്ലാത്തവരും അവിടുത്തെ അടുക്കൽ വന്നുകൊണ്ടിരുന്നു. “ഈ മനുഷ്യൻ മതനിഷ്ഠയില്ലാത്തവരെ സ്വീകരിക്കുകയും അവരോടുകൂടി ഭക്ഷണം കഴിക്കുകയും ചെയ്യുന്നുവല്ലോ” എന്നു പറഞ്ഞുകൊണ്ട് പരീശന്മാരും മതപണ്ഡിതന്മാരും പിറുപിറുത്തു. അപ്പോൾ യേശു അവരോട് ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “നിങ്ങളിൽ ആർക്കെങ്കിലും നൂറ് ആടുണ്ട് എന്നു വിചാരിക്കുക. അവയിൽ ഒന്നിനെ കാണാതെ പോയാൽ തൊണ്ണൂറ്റി ഒൻപതിനെയും വിജനസ്ഥലത്തു വിട്ടിട്ടു കാണാതെ പോയതിനെ കണ്ടെത്തുന്നതുവരെ അന്വേഷിക്കാതിരിക്കുമോ? കണ്ടെത്തുമ്പോൾ ആഹ്ലാദപൂർവം അതിനെ തോളിലേറ്റിക്കൊണ്ടു വീട്ടിലേക്കു മടങ്ങും. പിന്നീട് അയൽക്കാരെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി ‘കാണാതെപോയ എന്റെ ആടിനെ കണ്ടുകിട്ടിയിരിക്കുന്നു; എന്നോടുകൂടി സന്തോഷിക്കുക’ എന്നു പറയുകയില്ലേ? അപ്രകാരം തന്നെ തങ്ങൾക്ക് അനുതാപം ആവശ്യമില്ലെന്നു കരുതുന്ന മതനിഷ്ഠയുള്ള തൊണ്ണൂറ്റി ഒൻപതു പേരെക്കാൾ അനുതപിക്കുന്ന ഒരു അധർമിയെക്കുറിച്ചു സ്വർഗത്തിൽ അധികം ആനന്ദമുണ്ടാകുമെന്നു ഞാൻ നിങ്ങളോടു പറയുന്നു. “അല്ലെങ്കിൽ, ഒരു സ്‍ത്രീയുടെ കൈവശമുണ്ടായിരുന്ന പത്തു വെള്ളിനാണയത്തിൽ ഒന്ന് കൈമോശം വന്നാൽ, അവൾ വിളക്കു കത്തിച്ചു വീടു മുഴുവൻ അടിച്ചുവാരി അതു കിട്ടുന്നതുവരെ ശ്രദ്ധാപൂർവം തിരയാതിരിക്കുമോ? കണ്ടുകിട്ടിയാൽ അവൾ തന്റെ കൂട്ടുകാരികളെയും അയൽക്കാരെയും വിളിച്ചുകൂട്ടി, ‘കാണാതെപോയ എന്റെ വെള്ളിനാണയം കണ്ടുകിട്ടിയിരിക്കുന്നു; എന്നോടുകൂടി സന്തോഷിക്കുക’ എന്നു പറയും. അങ്ങനെതന്നെ അനുതപിക്കുന്ന ഒരു അധർമിയെക്കുറിച്ചു ദൈവദൂതന്മാരുടെ ഇടയിൽ ആനന്ദമുണ്ടാകുമെന്നു ഞാൻ നിങ്ങളോടു പറയുന്നു.” യേശു വീണ്ടും അരുൾചെയ്തു: “ഒരാൾക്കു രണ്ടു പുത്രന്മാരുണ്ടായിരുന്നു. ഇളയമകൻ പിതാവിനോട് ‘അപ്പാ, കുടുംബസ്വത്തിൽ എനിക്കു കിട്ടേണ്ട ഓഹരി തന്നാലും’ എന്നു പറഞ്ഞു. പിതാവ് തന്റെ സ്വത്ത് അവർക്കു രണ്ടുപേർക്കുമായി ഭാഗിച്ചുകൊടുത്തു. ഇളയമകൻ ഏറെത്താമസിയാതെ തനിക്കു കിട്ടിയ സ്വത്തു മുഴുവൻ വിറ്റു പണമാക്കിക്കൊണ്ട് ദൂരദേശത്തേക്കു യാത്രയായി. അവിടെ അവൻ പണം ധൂർത്തടിച്ചു ജീവിച്ചു; അങ്ങനെ സർവസ്വവും നശിപ്പിച്ചു. കൈയിലുണ്ടായിരുന്നതെല്ലാം തീർന്നപ്പോൾ ആ ദേശത്തു കഠിന ക്ഷാമമുണ്ടായി. ദാരിദ്ര്യം മൂലം അവൻ വലഞ്ഞുതുടങ്ങി. എന്തെങ്കിലും പണി കിട്ടുന്നതിന് അവൻ ആ നാട്ടിലെ പൗരന്മാരിൽ ഒരാളുടെ അടുക്കൽ ചെന്നു. അയാൾ അവനെ പന്നികളെ തീറ്റുന്നതിനായി പറഞ്ഞയച്ചു. പന്നിയുടെ തീറ്റകൊണ്ടെങ്കിലും വിശപ്പടക്കാമെന്ന് അവൻ ആശിച്ചു. പക്ഷേ, ആരും അവന് അതുപോലും കൊടുത്തില്ല. എന്നാൽ അവനു സുബുദ്ധിയുണ്ടായപ്പോൾ സ്വയം പറഞ്ഞു: “എന്റെ പിതാവിന്റെ ഭവനത്തിലെ വേലക്കാർ എത്ര സുഭിക്ഷമായി കഴിയുന്നു! ഞാൻ പോയി, ‘അപ്പാ അങ്ങേക്കും ദൈവത്തിനും വിരോധമായി ഞാൻ കുറ്റം ചെയ്തിരിക്കുന്നു; ഇനിമേൽ അവിടുത്തെ പുത്രനെന്നു ഗണിക്കുവാൻ ഞാൻ യോഗ്യനല്ല; അങ്ങയുടെ കൂലിക്കാരിൽ ഒരുവനായി മാത്രം എന്നെ കരുതിയാൽ മതി’ എന്ന് എന്റെ പിതാവിനോടു പറയും.” പിന്നീട് അവൻ പിതാവിന്റെ അടുക്കലേക്കു തിരിച്ചുപോയി. “ദൂരെവച്ചുതന്നെ പിതാവ് മകനെ കണ്ടു. ആ അപ്പന്റെ മനസ്സലിഞ്ഞ്, ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു. അവൻ പിതാവിനോട് ഇങ്ങനെ പറഞ്ഞു: ‘അപ്പാ, ഞാൻ അങ്ങേക്കും ദൈവത്തിനും വിരോധമായി കുറ്റം ചെയ്തിരിക്കുന്നു. മേലിൽ അവിടുത്തെ പുത്രനായി ഗണിക്കപ്പെടുവാൻ ഞാൻ യോഗ്യനല്ല! എന്നാൽ ആ പിതാവു ഭൃത്യന്മാരോടു പറഞ്ഞു: ‘നിങ്ങൾ വേഗംപോയി വിശിഷ്ടമായ വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുക. കൈയിൽ മോതിരവും കാലിൽ ചെരുപ്പും അണിയിക്കണം. കൊഴുപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുക. നമുക്കു ഭക്ഷിച്ച് ഉല്ലസിക്കാം. എന്റെ ഈ മകൻ മൃതനായിരുന്നു; അവൻ വീണ്ടും ജീവിച്ചിരിക്കുന്നു; അവൻ നഷ്ടപ്പെട്ടുപോയിരുന്നു; ഇപ്പോൾ അവനെ കണ്ടുകിട്ടിയിരിക്കുന്നു.’ അങ്ങനെ അവർ ആഹ്ലാദിക്കുവാൻ തുടങ്ങി.
ലൂക്കൊസ് 15:1-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾക്കുവാൻ അവന്‍റെ അടുക്കൽ വന്നു. ഇവൻ പാപികളെ സ്വീകരിക്കുകയും അവരോടുകൂടി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു എന്നു പരീശരും ശാസ്ത്രികളും പിറുപിറുത്തു. അവരോട് അവൻ ഈ ഉപമ പറഞ്ഞു: നിങ്ങളിൽ ഒരു ആൾക്ക് നൂറു ആട് ഉണ്ട് എന്നു വിചാരിക്കുക. അതിൽ ഒന്ന് കാണാതെ പോയാൽ അവൻ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു, ആ കാണാതെപോയ ആടിനെ കണ്ടെത്തുന്നതുവരെ നോക്കി നടക്കാതിരിക്കുമോ? കണ്ടു കിട്ടിയാൽ സന്തോഷിച്ച് ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി: കാണാതെപോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോട് കൂടെ സന്തോഷിപ്പിൻ എന്നു അവരോട് പറയും. അങ്ങനെ തന്നെ മാനസാന്തരം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ചുള്ളതിനേക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെ കുറിച്ച് സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അല്ല, ഒരു സ്ത്രീക്ക് പത്തു ദ്രഹ്മ ഉണ്ട് എന്നു വിചാരിക്കുക; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ച് വീട് തൂത്തുവാരി അത് കണ്ടുകിട്ടുന്നതുവരെ സൂക്ഷ്മത്തോടെ അന്വേഷിക്കും? കണ്ടുകിട്ടിയാൽ സ്നേഹിതമാരെയും അയൽക്കാരികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടു കിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും. അങ്ങനെ തന്നെ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. പിന്നെയും അവൻ പറഞ്ഞത്: ഒരു മനുഷ്യന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. അവരിൽ ഇളയവൻ അപ്പനോട്: അപ്പാ, വസ്തുവിൽ എനിക്കുള്ള പങ്ക് തരേണമേ എന്നു പറഞ്ഞു; അവൻ അവർക്ക് വസ്തു പകുത്തുകൊടുത്തു. അധികനാൾ കഴിയുന്നതിന് മുമ്പെ ഇളയമകൻ സകലവും ശേഖരിച്ചു ദൂരദേശത്തേക്ക് യാത്രയായി. അവിടെ തനിക്കു ഉള്ള പണം മുഴുവൻ ആവശ്യമില്ലാതെ ചെലവഴിച്ചു ജീവിച്ചു. എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോൾ ആ ദേശത്തു കഠിനക്ഷാമം ഉണ്ടായി. അവനു പണത്തിന് ആവശ്യം വന്നു തുടങ്ങി. അവൻ ആ ദേശത്തിലെ പൗരന്മാരിൽ ഒരാൾക്ക് വേണ്ടി ജോലി ചെയ്യാൻ പോയി. അവൻ അവനെ തന്റെ വയലിൽ പന്നികൾക്ക് തീറ്റ കൊടുക്കുന്ന ജോലി കൊടുത്തു. പന്നി തിന്നുന്ന വാളവര കൊണ്ടു വയറു നിറപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവനു കൊടുത്തില്ല. അപ്പോൾ സുബോധം വന്നിട്ട് അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചുകഴിഞ്ഞിട്ടും അധികം വരുന്നു; എന്നാൽ ഞാനോ വിശപ്പുകൊണ്ട് നശിച്ചുപോകുന്നു. ഞാൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ ചെന്നു അവനോട്: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ “മകൻ” എന്ന പേരിന് ഞാൻ യോഗ്യനല്ല; നിന്‍റെ ജോലിക്കാരിൽ ഒരാളെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ പോയി. ദൂരത്ത് നിന്നു തന്നെ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞ് ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു. മകൻ അവനോട്: അപ്പാ, ഞാൻ ദൈവത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കുവാൻ യോഗ്യനല്ല എന്നു പറഞ്ഞു. അപ്പൻ തന്റെ ദാസന്മാരോട്: നിങ്ങൾ വേഗം പോയി മേന്മയുള്ള വസ്ത്രങ്ങൾ കൊണ്ടുവന്നു ഇവനെ ധരിപ്പിക്കുക; ഇവന്‍റെ കയ്യിൽ മോതിരവും കാലിൽ ചെരിപ്പും ഇടുവിക്കുക. ഒരു തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുത്ത് അതിനെ പാകം ചെയ്യുക; നമുക്കു തിന്നു ആനന്ദിക്കാം. ഈ എന്റെ മകൻ മരിച്ചതുപോലെയായിരുന്നു; എന്നാൽ വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.
ലൂക്കൊസ് 15:1-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾപ്പാൻ അവന്റെ അടുക്കൽ വന്നു. ഇവൻ പാപികളെ കൈക്കൊണ്ടു അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു. അവരോടു അവൻ ഈ ഉപമ പറഞ്ഞു: നിങ്ങളിൽ ഒരു ആൾക്കു നൂറു ആടുണ്ടു എന്നിരിക്കട്ടെ. അതിൽ ഒന്നു കാണാതെ പോയാൽ അവൻ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു, ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ? കണ്ടു കിട്ടിയാൽ സന്തോഷിച്ചു ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി: കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിൻ എന്നു അവരോടു പറയും. അങ്ങനെ തന്നേ മാനസാന്തരംകൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അല്ല, ഒരു സ്ത്രീക്കു പത്തു ദ്രഹ്മ ഉണ്ടു എന്നിരിക്കട്ടെ; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ചു വീടു അടിച്ചുവാരി അതുകണ്ടുകിട്ടുംവരെ സൂക്ഷ്മത്തോടെ അന്വേഷിക്കാതിരിക്കുമോ? കണ്ടുകിട്ടിയാൽ സ്നേഹിതമാരെയും അയൽക്കാരത്തികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടു കിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും. അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. പിന്നെയും അവൻ പറഞ്ഞതു: ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. അവരിൽ ഇളയവൻ അപ്പനോടു: അപ്പാ, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവൻ അവർക്കു മുതൽ പകുത്തുകൊടുത്തു. ഏറെനാൾ കഴിയുംമുമ്പെ ഇളയമകൻ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുർന്നടപ്പുകാരനായി ജീവിച്ചു, വസ്തു നാനാവിധമാക്കിക്കളഞ്ഞു. എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ടു അവന്നു മുട്ടുവന്നു തുടങ്ങി. അവൻ ആ ദേശത്തിലേ പൗരന്മാരിൽ ഒരുത്തനെ ചെന്നു ആശ്രയിച്ചു. അവൻ അവനെ തന്റെ വയലിൽ പന്നികളെ മേയ്പാൻ അയച്ചു. പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറെപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവന്നു കൊടുത്തില്ല. അപ്പോൾ സുബോധം വന്നിട്ടു അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു. ഞാൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ ചെന്നു അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ മകൻ എന്ന പേരിന്നു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ പോയി. ദൂരത്തു നിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു. മകൻ അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു. അപ്പൻ തന്റെ ദാസന്മാരോടു: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിൻ. തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിൻ; നാം തിന്നു ആനന്ദിക്ക. ഈ എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.
ലൂക്കൊസ് 15:1-24 സമകാലിക മലയാളവിവർത്തനം (MCV)
നികുതിപിരിവുകാരും കുപ്രസിദ്ധപാപികളും യേശുവിന്റെ വചനം കേൾക്കാൻ വന്നുകൂടി. എന്നാൽ, പരീശന്മാരും വേദജ്ഞരും പിറുപിറുത്തുകൊണ്ട്, “ഈ മനുഷ്യൻ പാപികളെ സ്വീകരിച്ച് അവരോടൊപ്പം ആഹാരം കഴിക്കുന്നു” എന്നു വിമർശിച്ചു. അപ്പോൾ യേശു അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “നിങ്ങളിൽ നൂറ് ആടുകളുള്ള ഒരാൾ, അവയിൽ ഒന്നിനെ കാണാതെപോയാൽ, അയാൾ തൊണ്ണൂറ്റിയൊൻപതിനെയും വിജനപ്രദേശത്തു വിട്ടിട്ടു നഷ്ടമായതിനെ കണ്ടെത്തുന്നതുവരെ അന്വേഷിച്ചു പോകുകയില്ലേ? കണ്ടെത്തുമ്പോൾ അയാൾ അതിനെ ആനന്ദത്തോടെ തോളിലേറ്റി ഭവനത്തിലേക്കു മടങ്ങും. പിന്നെ അയാൾ, സ്നേഹിതരെയും അയൽക്കാരെയും വിളിച്ചുകൂട്ടി അവരോട്, ‘എന്നോടുകൂടെ ആനന്ദിക്കുക, എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു’ എന്നു പറയും. ഇതുപോലെതന്നെ മാനസാന്തരത്തിന്റെ ആവശ്യമില്ലാത്ത തൊണ്ണൂറ്റിയൊൻപതു നീതിനിഷ്ഠരെക്കുറിച്ച് ഉള്ളതിനെക്കാൾ അധികം ആനന്ദം മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗത്തിലുണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. “പത്ത് വെള്ളിനാണയങ്ങളുള്ള ഒരു സ്ത്രീ തന്റെ ഒരു നാണയം കാണാതെപോയാൽ, അതു കണ്ടുകിട്ടുന്നതുവരെ വിളക്കു കത്തിച്ചു വീട് അടിച്ചുവാരി വളരെ ശ്രദ്ധയോടെ അന്വേഷിക്കുകയില്ലേ? അതു കണ്ടുകിട്ടുമ്പോൾ അവൾ കൂട്ടുകാരികളെയും അയൽക്കാരികളെയും വിളിച്ചുകൂട്ടി, ‘എന്നോടുകൂടെ ആനന്ദിക്കുക, നഷ്ടപ്പെട്ടുപോയ എന്റെ വെള്ളിനാണയം ഇതാ കണ്ടുകിട്ടിയിരിക്കുന്നു’ എന്നു പറയും. അതുപോലെതന്നെ, മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ സന്നിധിയിൽ ആനന്ദോത്സവമുണ്ടാകും.” യേശു തുടർന്നു പറഞ്ഞത്: “രണ്ട് പുത്രന്മാരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. അവരിൽ ഇളയമകൻ പിതാവിനോട്, ‘അപ്പാ, സ്വത്തിൽ എനിക്ക് അവകാശപ്പെട്ട വീതം തരണം’ എന്നു പറഞ്ഞു. അയാൾ തന്റെ വസ്തുവകകൾ മക്കൾക്കു വീതംവെച്ചു കൊടുത്തു. “ദിവസങ്ങളേറെ കഴിയുംമുമ്പേ, ഇളയമകൻ തനിക്കുള്ളതെല്ലാം പണമാക്കിമാറ്റി ദൂരദേശത്തേക്കു യാത്രയായി; അവിടെ കുത്തഴിഞ്ഞ ജീവിതം നയിച്ചു തനിക്കുള്ളതെല്ലാം ധൂർത്തടിച്ചു. അവന്റെ കൈയിലുള്ളതെല്ലാം ചെലവായിപ്പോയശേഷം, ആ ദേശത്തെല്ലായിടത്തും കഠിനക്ഷാമം ഉണ്ടായി. അവന്റെ കൈവശം ഒന്നുമില്ലാതെയായി. ആ ദേശനിവാസിയായ ഒരു മനുഷ്യന്റെ അടുക്കൽ ചെന്ന് യാചിച്ചപ്പോൾ അയാൾ തന്റെ പന്നികളെ മേയിക്കാൻ അവനെ വയലിലേക്ക് അയച്ചു. പന്നികൾക്കുള്ള തീറ്റകൊണ്ടെങ്കിലും വയറുനിറയ്ക്കാൻ അയാൾ കൊതിച്ചുപോയി. എന്നാൽ അവന് ആരും ഒന്നും ഭക്ഷിക്കാൻ കൊടുത്തില്ല. “അപ്പോൾ അവനു ബോധം തെളിഞ്ഞു: ‘എന്റെ പിതാവിന്റെ എത്രയോ വേലക്കാർ മൃഷ്ടാന്നഭോജനം കഴിഞ്ഞ് ബാക്കിവെക്കുന്നു; ഞാനോ ഇവിടെ പട്ടിണികിടന്ന് മരിക്കാൻ തുടങ്ങുന്നു.’ ഞാൻ പുറപ്പെട്ട് എന്റെ പിതാവിന്റെ അടുക്കൽ മടങ്ങിച്ചെന്ന് പിതാവിനോട്, ‘അപ്പാ, ഞാൻ സ്വർഗത്തോടും അപ്പനോടും പാപംചെയ്തിരിക്കുന്നു; ഇനി അപ്പന്റെ മകൻ എന്ന പേരിന് ഞാൻ അർഹനല്ല; ഇവിടത്തെ കൂലിവേലക്കാരിൽ ഒരുത്തനെപ്പോലെ എന്നെ സ്വീകരിക്കണമേ’ എന്നു പറയും. അങ്ങനെ, അയാൾ എഴുന്നേറ്റ് തന്റെ പിതാവിന്റെ അടുത്തേക്കു യാത്രയായി. “വളരെ ദൂരെവെച്ചുതന്നെ പിതാവ് അവനെ കണ്ടു, അവനോടു സഹതാപം തോന്നി; അദ്ദേഹം ഓടിച്ചെന്ന് അവനെ ആലിംഗനംചെയ്തു ചുംബിച്ചു. “ആ മകൻ അദ്ദേഹത്തോട്, ‘അപ്പാ, ഞാൻ സ്വർഗത്തോടും അപ്പനോടും പാപംചെയ്തിരിക്കുന്നു; ഇനി അപ്പന്റെ മകൻ എന്ന പേരിന് ഞാൻ അർഹനല്ല’ എന്നു പറഞ്ഞു. “എന്നാൽ ആ പിതാവ് തന്റെ ഭൃത്യന്മാരോട്, ‘വേഗം ഏറ്റവും നല്ല വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുക. ഇവന്റെ വിരലിൽ മോതിരം അണിയിക്കുക കാലിൽ ചെരിപ്പ് ഇടുവിക്കുക. വിശേഷദിവസങ്ങൾക്കായി വളർത്തിക്കൊണ്ടുവന്ന കാളക്കിടാവിനെ കൊണ്ടുവന്ന് അറക്കുക; നമുക്ക് വിരുന്നു കഴിച്ച് ആഘോഷിക്കാം. എന്റെ ഈ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചിരിക്കുന്നു. ഇവൻ നഷ്ടപ്പെട്ടവനായിരുന്നു; എനിക്കിവനെ തിരികെ കിട്ടിയിരിക്കുന്നു’ അങ്ങനെ അവരുടെ ആഘോഷം തുടങ്ങി.