ലൂക്കൊസ് 14:28-32

ലൂക്കൊസ് 14:28-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്ന് അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ? അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർപ്പാൻ വകയില്ല എന്നു വന്നേക്കാം; കാണുന്നവർ എല്ലാം: ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ. അല്ല, ഒരു രാജാവ് മറ്റൊരു രാജാവിനോടു പട ഏല്പാൻ പുറപ്പെടുംമുമ്പേ ഇരുന്ന്, ഇരുപതിനായിരവുമായി വരുന്നവനോട് താൻ പതിനായിരവുമായി എതിർപ്പാൻ മതിയോ എന്ന് ആലോചിക്കുന്നില്ലയോ? പോരാ എന്നു വരികിൽ മറ്റവൻ ദൂരത്തിരിക്കുമ്പോൾ തന്നെ സ്ഥാനാപതികളെ അയച്ചു സമാധാനത്തിനായി അപേക്ഷിക്കുന്നു.

ലൂക്കൊസ് 14:28-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിയുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ആദ്യംതന്നെ ഇരുന്ന് അതു പൂർത്തിയാക്കുവാനുള്ള വക കൈയിലുണ്ടോ എന്നു കണക്കാക്കി നോക്കുകയില്ലേ? അങ്ങനെ ചെയ്യാതെ അടിസ്ഥാനമിട്ടശേഷം പൂർത്തിയാക്കുവാൻ കഴിയാതെ വരുമ്പോൾ ‘ഈ മനുഷ്യൻ പണിയാനാരംഭിച്ചു; അതു പൂർത്തിയാക്കുവാൻ കഴിവില്ല’ എന്നു പറഞ്ഞ് കാണുന്നവരെല്ലാം അയാളെ പരിഹസിക്കും. “അല്ലെങ്കിൽ ഒരു രാജാവു മറ്റൊരു രാജാവിനോടു യുദ്ധത്തിനു പുറപ്പെടുന്നതിനുമുമ്പ് തന്റെ പതിനായിരം ഭടന്മാരെക്കൊണ്ട് ഇരുപതിനായിരം ഭടന്മാരോടുകൂടി വരുന്ന ശത്രുവിനെ നേരിടാൻ കഴിയുമോ എന്നു നല്ലവണ്ണം ആലോചിക്കാതിരിക്കുമോ? അത് അസാധ്യമാണെങ്കിൽ ശത്രു അകലെ ആയിരിക്കുമ്പോൾത്തന്നെ, ആ രാജാവു തന്റെ പ്രതിനിധിയെ അയച്ച് സമാധാനവ്യവസ്ഥയുണ്ടാക്കുവാൻ അഭ്യർഥിക്കും.

ലൂക്കൊസ് 14:28-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിയുവാൻ ആഗ്രഹിച്ചാൽ ആദ്യം അത് തീർക്കുവാൻ ആ‍വശ്യമായ പണം ഉണ്ടോ എന്നു ആലോചിക്കും. അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർക്കുവാൻ പണം ഇല്ല എന്നു വന്നേക്കാം; കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, പക്ഷേ തീർക്കുവാൻ സാധിക്കുന്നില്ല എന്നു പരിഹസിക്കുമല്ലോ. അല്ല, ഒരു രാജാവ് മറ്റൊരു രാജാവിനോടു യുദ്ധത്തിനു പുറപ്പെടുന്നതിന് മുമ്പ് ഇരുന്നു, ഇരുപതിനായിരവുമായി വരുന്നവനോട് താൻ പതിനായിരവുമായി എതിർത്താൽ മതിയോ എന്നു ആലോചിക്കും. അത് സാധ്യമല്ലെങ്കിൽ അവൻ ദൂരത്തിരിക്കുമ്പോൾ തന്നെ ദൂതന്മാരെ അയച്ചു സമാധാനത്തിനായി അപേക്ഷിക്കുന്നു.

ലൂക്കൊസ് 14:28-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ? അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർപ്പാൻ വകയില്ല എന്നു വന്നേക്കാം; കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ. അല്ല, ഒരു രാജാവു മറ്റൊരു രാജാവിനോടു പട ഏല്പാൻ പുറപ്പെടുംമുമ്പേ ഇരുന്നു, ഇരുപതിനായിരവുമായി വരുന്നവനോടു താൻ പതിനായിരവുമായി എതിർപ്പാൻ മതിയോ എന്നു ആലോചിക്കുന്നില്ലയോ? പോരാ എന്നു വരികിൽ മറ്റവൻ ദൂരത്തിരിക്കുമ്പോൾ തന്നേ സ്ഥാനാപതികളെ അയച്ചു സമാധാനത്തിന്നായി അപേക്ഷിക്കുന്നു.

ലൂക്കൊസ് 14:28-32 സമകാലിക മലയാളവിവർത്തനം (MCV)

“നിങ്ങളിൽ ഒരാൾ ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ. അയാൾ ആദ്യംതന്നെ ഇരുന്ന്, അതു പൂർത്തിയാക്കാൻ വേണ്ടുന്ന പണം ഉണ്ടോയെന്നു കണക്കുകൂട്ടുകയില്ലേ? അല്ലാത്തപക്ഷം, അടിസ്ഥാനം ഇട്ടിട്ട് അയാൾക്ക് അതു പൂർത്തിയാക്കാൻ കഴിയാതെപോയാൽ അതു കാണുന്നവരെല്ലാവരും, ‘ഇയാൾ ഗോപുരം പണിയാൻ തുടങ്ങി; പക്ഷേ, പൂർത്തിയാക്കാൻ കഴിവില്ലാതെപോയി’ എന്നു പറഞ്ഞു പരിഹസിക്കും. “ഒരു രാജാവു മറ്റൊരു രാജാവിനോടു യുദ്ധംചെയ്യാൻ പോകുന്നെന്നു സങ്കൽപ്പിക്കുക. അയാൾ ആദ്യം ഇരുന്ന്, തനിക്കുനേരേ 20,000 ഭടന്മാരുടെ സൈന്യവുമായി വരുന്ന രാജാവിനോട് യുദ്ധംചെയ്യാൻ തന്റെ 10,000 ഭടന്മാരുടെ സൈന്യത്തിന് സാധ്യമാകുമോ എന്ന് ആദ്യംതന്നെ ആലോചിക്കുകയില്ലേ? അതിനു കഴിവില്ലെങ്കിൽ, ശത്രുരാജാവ് വളരെ ദൂരെയായിരിക്കുമ്പോൾത്തന്നെ ഒരു പ്രതിനിധിസംഘത്തെ അയച്ച് സമാധാനവ്യവസ്ഥകൾക്കായി അപേക്ഷിക്കുന്നു.