ലൂക്കൊസ് 14:1-6

ലൂക്കൊസ് 14:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പരീശപ്രമാണികളിൽ ഒരുത്തന്റെ വീട്ടിൽ അവൻ ഭക്ഷണം കഴിപ്പാൻ ശബ്ബത്തിൽ ചെന്നപ്പോൾ അവർ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. മഹോദരമുള്ളൊരു മനുഷ്യൻ അവന്റെ മുമ്പിൽ ഉണ്ടായിരുന്നു. യേശു ന്യായശാസ്ത്രിമാരോടും പരീശന്മാരോടും: ശബ്ബത്തിൽ സൗഖ്യമാക്കുന്നത് വിഹിതമോ അല്ലയോ എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു. അവൻ അവനെ തൊട്ടു സൗഖ്യമാക്കി വിട്ടയച്ചു. പിന്നെ അവരോട്: നിങ്ങളിൽ ഒരുത്തന്റെ മകനോ കാളയോ ശബ്ബത്തുനാളിൽ കിണറ്റിൽ വീണാൽ ക്ഷണത്തിൽ വലിച്ചെടുക്കയില്ലയോ എന്നു ചോദിച്ചതിന് പ്രത്യുത്തരം പറവാൻ അവർക്കു കഴിഞ്ഞില്ല.

ലൂക്കൊസ് 14:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഒരു ശബത്തുനാളിൽ യേശു ഒരു പരീശപ്രമാണിയുടെ വീട്ടിൽ ഭക്ഷണം കഴിക്കുവാൻ പോയി. അവിടുന്ന് എന്താണു ചെയ്യാൻ പോകുന്നതെന്ന് അവിടെയുണ്ടായിരുന്നവർ നോക്കിക്കൊണ്ടിരുന്നു. അവിടുത്തെ മുമ്പിൽ ഒരു മഹോദരരോഗി ഉണ്ടായിരുന്നു. അവിടെ കൂടിയിരുന്ന നിയമപണ്ഡിതന്മാരോടും പരീശന്മാരോടും യേശു ചോദിച്ചു: “ശബത്തിൽ ഒരുവനെ സുഖപ്പെടുത്തുന്നതു ധർമശാസ്ത്രപ്രകാരം ശരിയാണോ?” എന്നാൽ അവർ മൗനം ദീക്ഷിച്ചു. യേശു ആ രോഗിയെ തൊട്ടു സുഖപ്പെടുത്തി പറഞ്ഞയച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “ശബത്തിൽ നിങ്ങളുടെ ആരുടെയെങ്കിലും ഒരു മകനോ, കാളയോ കിണറ്റിൽ വീണാൽ ഉടൻതന്നെ കരയ്‍ക്കു കയറ്റാതിരിക്കുമോ?” അതിനുത്തരം നല്‌കാൻ അവർക്കു കഴിഞ്ഞില്ല.

ലൂക്കൊസ് 14:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പരീശപ്രമാണികളിൽ ഒരാളിൻ്റെ വീട്ടിൽ അവൻ ഭക്ഷണം കഴിക്കുവാൻ ശബ്ബത്തിൽ ചെന്നപ്പോൾ അവർ യേശുവിനെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. അവന്‍റെ മുമ്പിൽ മഹോദരം എന്ന അസുഖം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു. യേശു ന്യായശാസ്ത്രികളോടും പരീശരോടും: ശബ്ബത്തിൽ സൗഖ്യമാക്കുന്നത് ശരിയോ അല്ലയോ? എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു. യേശു അവനെ തൊട്ടു സൗഖ്യമാക്കി വിട്ടയച്ചു. പിന്നെ അവരോട്: നിങ്ങളിൽ ഒരാളുടെ മകനോ കാളയോ ശബ്ബത്ത് നാളിൽ കിണറ്റിൽ വീണാൽ നിങ്ങൾ പെട്ടെന്ന് തന്നെ അതിനെ വലിച്ചെടുക്കുകയില്ലയോ? എന്നു ചോദിച്ചു. അതിന് ഉത്തരം പറയുവാൻ അവർക്ക് കഴിഞ്ഞില്ല.

ലൂക്കൊസ് 14:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പരീശപ്രമാണികളിൽ ഒരുത്തന്റെ വീട്ടിൽ അവൻ ഭക്ഷണം കഴിപ്പാൻ ശബ്ബത്തിൽ ചെന്നപ്പോൾ അവർ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. മഹോദരമുള്ളോരു മനുഷ്യൻ അവന്റെ മുമ്പിൽ ഉണ്ടായിരുന്നു. യേശു ന്യായശാസ്ത്രിമാരോടും പരീശന്മാരോടും:ശബ്ബത്തിൽ സൗഖ്യമാക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു. അവൻ അവനെ തൊട്ടു സൗഖ്യമാക്കി വിട്ടയച്ചു. പിന്നെ അവരോടു: നിങ്ങളിൽ ഒരുത്തന്റെ മകനോ കാളയോ ശബ്ബത്തുനാളിൽ കിണറ്റിൽ വീണാൽ ക്ഷണത്തിൽ വലിച്ചെടുക്കയില്ലയോ എന്നു ചോദിച്ചതിന്നു പ്രത്യുത്തരം പറവാൻ അവർക്കു കഴിഞ്ഞില്ല.

ലൂക്കൊസ് 14:1-6 സമകാലിക മലയാളവിവർത്തനം (MCV)

ഒരു ശബ്ബത്തുനാളിൽ, പരീശന്മാരിൽ പ്രമുഖനായ ഒരാളുടെ വീട്ടിൽ യേശു ഭക്ഷണം കഴിക്കാൻ ചെന്നു. അവിടെ ഉണ്ടായിരുന്നവർ യേശുവിനെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. ശരീരത്തിൽ അസാധാരണമാംവിധം നീർക്കെട്ടുള്ള ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ അടുത്ത് ഇരുന്നിരുന്നു. യേശു പരീശന്മാരോടും നിയമജ്ഞരോടും, “ശബ്ബത്തുനാളിൽ രോഗസൗഖ്യം നൽകുന്നതു നിയമാനുസൃതമോ അല്ലയോ?” എന്നു ചോദിച്ചു. എന്നാൽ, അവർ നിശ്ശബ്ദരായിരുന്നു. യേശു അയാളെ തൊട്ടു സൗഖ്യമാക്കി വിട്ടയച്ചു. പിന്നെ അദ്ദേഹം അവരോടു ചോദിച്ചു, “നിങ്ങളിൽ ആരുടെയെങ്കിലും മകനോ കാളയോ ശബ്ബത്തുനാളിൽ കിണറ്റിൽ വീണുപോയി എന്നിരിക്കട്ടെ; അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഉടനെതന്നെ അതിനെ അവിടെനിന്നു വലിച്ചുകയറ്റുകയില്ലേ?” അവർക്കതിന് ഉത്തരമൊന്നും പറയാൻ കഴിഞ്ഞില്ല.