ലൂക്കൊസ് 13:10-17

ലൂക്കൊസ് 13:10-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു. അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവ് ബാധിച്ചിട്ട് ഒട്ടും നിവിരുവാൻ കഴിയാതെ കൂനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. യേശു അവളെ കണ്ട് അടുക്കെ വിളിച്ച്: സ്ത്രീയേ, നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞ് അവളുടെമേൽ കൈവച്ചു. അവൾ ക്ഷണത്തിൽ നിവിർന്നു ദൈവത്തെ മഹത്ത്വപ്പെടുത്തി. യേശു ശബ്ബത്തിൽ സൗഖ്യമാക്കിയതുകൊണ്ടു പള്ളിപ്രമാണി നീരസപ്പെട്ടു പുരുഷാരത്തോട്: വേല ചെയ്‍വാൻ ആറു ദിവസമുണ്ടല്ലോ; അതിനകം വന്നു സൗഖ്യം വരുത്തിച്ചുകൊൾവിൻ; ശബ്ബത്തിൽ അരുത് എന്നു പറഞ്ഞു. കർത്താവ് അവനോട്: കപടഭക്തിക്കാരേ, നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയിൽനിന്ന് അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചുവിടേണ്ടതല്ലയോ എന്ന് ഉത്തരം പറഞ്ഞു; അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ വിരോധികൾ എല്ലാവരും നാണിച്ചു; അവനാൽ നടക്കുന്ന സകല മഹിമകളാലും പുരുഷാരമൊക്കെയും സന്തോഷിച്ചു.

ലൂക്കൊസ് 13:10-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഒരു ശബത്തു ദിവസം യേശു സുനഗോഗിൽ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. പതിനെട്ടു വർഷമായി ഒരു ദുഷ്ടാത്മാവു ബാധിച്ച് കൂനിപ്പോയ ഒരു സ്‍ത്രീ അവിടെയുണ്ടായിരുന്നു. അവർക്കു നിവർന്നു നില്‌ക്കുവാൻ കഴിയുമായിരുന്നില്ല. ആ സ്‍ത്രീയെ യേശു കണ്ടപ്പോൾ അടുക്കൽ വിളിച്ച് അവരോടു പറഞ്ഞു: “നിന്റെ രോഗത്തിൽനിന്ന് നീ വിമുക്തയായിരിക്കുന്നു.” അനന്തരം അവിടുന്ന് ആ സ്‍ത്രീയുടെമേൽ കൈകൾ വച്ചു. തൽക്ഷണം അവർ നിവർന്നു നിന്നു ദൈവത്തെ സ്തുതിച്ചു. ആ സ്‍ത്രീയെ സുഖപ്പെടുത്തിയത് ശബത്തിൽ ആയിരുന്നതുകൊണ്ട് സുനഗോഗിന്റെ അധികാരിക്ക് അമർഷമുണ്ടായി. അയാൾ ജനങ്ങളോടു പറഞ്ഞു: “വേല ചെയ്യുവാൻ ആറു ദിവസമുണ്ടല്ലോ; ആ ദിവസങ്ങളിൽ വന്നു സുഖം പ്രാപിച്ചുകൊള്ളുക, ശബത്തിൽ അതു പാടില്ല.” യേശു പറഞ്ഞു: “കപടഭക്തന്മാരേ, ശബത്തിൽ നിങ്ങളിൽ ആരെങ്കിലും തന്റെ കാളയെയോ, കഴുതയെയോ തൊഴുത്തിൽനിന്ന് അഴിച്ച് വെള്ളം കൊടുക്കാൻ കൊണ്ടുപോകാതിരിക്കുമോ? അബ്രഹാമിന്റെ പുത്രിയായ ഈ സ്‍ത്രീ സാത്താന്റെ ബന്ധനത്തിലായിട്ട് പതിനെട്ടു വർഷമായി. ആ ബന്ധനത്തിൽനിന്നു ശബത്തു ദിവസം ഇവളെ മോചിപ്പിക്കുവാൻ പാടില്ലെന്നോ? “യേശു ഇതു പറഞ്ഞപ്പോൾ തന്റെ പ്രതിയോഗികളെല്ലാവരും ലജ്ജിച്ചുപോയി. എന്നാൽ യേശു ചെയ്ത മഹത്തായ പ്രവൃത്തികൾ കണ്ടു ജനങ്ങൾ ആഹ്ലാദിച്ചു.

ലൂക്കൊസ് 13:10-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു; അവിടെ പതിനെട്ട് വർഷമായി ഒരു രോഗാത്മാവു ബാധിച്ച്, കൂനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവൾക്ക് ഒരിയ്ക്കലും നിവർന്നു നിൽക്കുവാൻ സാധിക്കുകയില്ലായിരുന്നു. യേശു അവളെ കണ്ടു അടുക്കെ വിളിച്ചു: “സ്ത്രീയേ, നിന്‍റെ രോഗത്തിൽ നിന്നും വിടുതൽ ലഭിച്ചിരിക്കുന്നു” എന്നു പറഞ്ഞു അവളുടെമേൽ കൈവച്ചു. അവൾ ഉടനെ നിവർന്നു ദൈവത്തെ മഹത്വപ്പെടുത്തി. യേശു ശബ്ബത്തിൽ സുഖപ്പെടുത്തിയത് കൊണ്ടു പള്ളിപ്രമാണി കോപിച്ചു. അയാൾ പുരുഷാരത്തോട്: ”വേലചെയ്‌വാൻ ആറുദിവസമുണ്ട്; അതിനകം വന്നു സൌഖ്യമാക്കിക്കൊള്ളുക; ശബ്ബത്തിൽ ഇതു സാധ്യമല്ല” എന്നു പറഞ്ഞു. കർത്താവ് അവനോട്: കപടഭക്തിക്കാരേ, നിങ്ങളിൽ ഒരാൾ ശബ്ബത്തിൽ തന്‍റെ കാളയെയോ കഴുതയെയോ തൊഴുത്തിൽനിന്നു അഴിച്ച് കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാൽ സാത്താൻ പതിനെട്ട് വർഷമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്‍റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ച് വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു. അവൻ ഇതു പറഞ്ഞപ്പോൾ അവന്‍റെ എതിരാളികൾ എല്ലാവരും നാണിച്ചു; അവൻ ചെയ്യുന്ന എല്ലാ മഹത്വകരമായ പ്രവർത്തികളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.

ലൂക്കൊസ് 13:10-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു; അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവു ബാധിച്ചിട്ടു ഒട്ടും നിവിരുവാൻ കഴിയാതെ കൂനിയായോരു സ്ത്രീ ഉണ്ടായിരുന്നു. യേശു അവളെ കണ്ടു അടുക്കെ വിളിച്ചു:സ്ത്രീയേ, നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞു അവളുടെ മേൽ കൈവെച്ചു. അവൾ ക്ഷണത്തിൽ നിവിർന്നു ദൈവത്തെ മഹത്വപ്പെടുത്തി. യേശു ശബ്ബത്തിൽ സൗഖ്യമാക്കിയതുകൊണ്ടു പള്ളിപ്രമാണി നീരസപ്പെട്ടു പുരുഷാരത്തോടു: വേല ചെയ്‌വാൻ ആറുദിവസമുണ്ടല്ലോ; അതിന്നകം വന്നു സൗഖ്യം വരുത്തിച്ചുകൊൾവിൻ; ശബ്ബത്തിൽ അരുതു എന്നു പറഞ്ഞു. കർത്താവു അവനോടു: കപടഭക്തിക്കാരേ, നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയിൽ നിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു. അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ വിരോധികൾ എല്ലാവരും നാണിച്ചു; അവനാൽ നടക്കുന്ന സകല മഹിമകളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.

ലൂക്കൊസ് 13:10-17 സമകാലിക മലയാളവിവർത്തനം (MCV)

ഒരു ശബ്ബത്തുനാളിൽ യേശു ഒരു യെഹൂദപ്പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു ദുരാത്മാവിന്റെ പീഡയാൽ പതിനെട്ടു വർഷമായി കൂനിയായി തീരെ നിവരാൻ കഴിയാത്ത ഒരു സ്ത്രീ ആ പള്ളിയിൽ ഉണ്ടായിരുന്നു. യേശു അവളെ കണ്ട് അടുക്കൽ വിളിച്ച്, “സ്ത്രീയേ, നിന്റെ രോഗബന്ധനത്തിൽനിന്ന് നീ മോചിതയായിരിക്കുന്നു” എന്നു പറഞ്ഞ് അവളുടെമേൽ കൈവെച്ചു. ഉടൻതന്നെ അവൾ നിവർന്നുനിന്നു ദൈവത്തെ സ്തുതിക്കാൻ തുടങ്ങി. യേശു ആ സ്ത്രീയെ സൗഖ്യമാക്കിയത് ശബ്ബത്തുനാളിൽ ആയിരുന്നതുകൊണ്ട് പള്ളിമുഖ്യൻ കോപം നിറഞ്ഞവനായി ജനങ്ങളോട്, “അധ്വാനിക്കാൻ ആറുദിവസമുണ്ടല്ലോ. ആ ദിവസങ്ങളിൽ വന്നു സൗഖ്യമായിക്കൊള്ളണം; ശബ്ബത്തുനാളിൽ അനുവദനീയമല്ല.” അപ്പോൾ കർത്താവ് അയാളുടെ പ്രസ്താവനയ്ക്കു മറുപടിയായി: “കപടഭക്തരേ! ശബ്ബത്തുനാളിൽ നിങ്ങൾ നിങ്ങളുടെ കാളയെയോ കഴുതയെയോ തൊഴുത്തിൽനിന്ന് അഴിച്ച്, വെള്ളം കൊടുക്കാൻ പുറത്തേക്കു കൊണ്ടുപോകുകയില്ലേ? അബ്രാഹാമിന്റെ മകളായ ഇവളെ സാത്താൻ പതിനെട്ടു വർഷമായി ബന്ധനത്തിൽ വെച്ചിരുന്നു. ശബ്ബത്തുനാളിൽ അവളെ ബന്ധനത്തിൽനിന്ന് വിടുവിക്കുന്നതിൽ എന്ത് അനൗചിത്യമാണുള്ളത്?” യേശുവിന്റെ ഈ പ്രസ്താവനയിൽ അദ്ദേഹത്തിന്റെ എതിരാളികളെല്ലാം ലജ്ജിച്ചു. എന്നാൽ ശേഷം ജനാവലി അദ്ദേഹം ചെയ്തുകൊണ്ടിരുന്ന സകലമഹൽകൃത്യങ്ങളിലും ആനന്ദിച്ചു.