ലൂക്കൊസ് 12:24-31
ലൂക്കൊസ് 12:24-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കാക്കയെ നോക്കുവിൻ; അതു വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അതിനു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലർത്തുന്നു. പറവജാതിയെക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ! പിന്നെ വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തിൽ ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കുകഴിയും? ആകയാൽ ഏറ്റവും ചെറിയതിനുപോലും നിങ്ങൾ പോരാത്തവർ എങ്കിൽ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നത് എന്ത്? താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിൻ; അവ അധ്വാനിക്കുന്നില്ല നൂല്ക്കുന്നതുമില്ല; എന്നാൽ ശലോമോൻപോലും തന്റെ സകല മഹത്ത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം? എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുത്. ഈ വകയൊക്കെയും ലോകജാതികൾ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്ക് ആവശ്യം എന്ന് അറിയുന്നു. അവന്റെ രാജ്യം അന്വേഷിപ്പിൻ; അതോടുകൂടെ നിങ്ങൾക്ക് ഇതും കിട്ടും.
ലൂക്കൊസ് 12:24-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കാക്കളെ നോക്കുക; അവ വിതയ്‍ക്കുന്നില്ല, കൊയ്യുന്നുമില്ല; അവയ്‍ക്ക് അറപ്പുരയോ, കളപ്പുരയോ ഇല്ല. എങ്കിലും ദൈവം അവയെ പോറ്റുന്നു. അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! ഉൽക്കണ്ഠാകുലരാകുന്നതുകൊണ്ട് തന്റെ ആയുസ്സിന്റെ ദൈർഘ്യം അല്പമെങ്കിലും കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും? അത്രയും ചെറിയ ഒരു കാര്യത്തിനുപോലും നിങ്ങൾക്കു കഴിവില്ലെങ്കിൽ മറ്റു കാര്യങ്ങളെച്ചൊല്ലി എന്തിന് ആകുലചിത്തരാകുന്നു? കാട്ടുപൂക്കൾ എങ്ങനെ വളരുന്നു എന്ന് ആലോചിച്ചുനോക്കുക. അവ അധ്വാനിക്കുന്നില്ല; നൂൽക്കുന്നതുമില്ല; എങ്കിലും സകല പ്രതാപത്തോടുംകൂടി വാണരുളിയ ശലോമോന്റെ വസ്ത്രങ്ങൾപോലും ഈ പൂക്കളിൽ ഒന്നിനെപ്പോലെ മനോഹരമായിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇന്നു വയലിൽ കാണുന്നെങ്കിലും നാളെ അടുപ്പിൽ വയ്‍ക്കുന്ന പുൽക്കൊടിയെ ദൈവം ഇപ്രകാരം അണിയിക്കുന്നെങ്കിൽ അല്പവിശ്വാസികളേ, അവിടുന്ന് അതിലും എത്ര അധികമായി നിങ്ങളെ അണിയിക്കും. “അതുകൊണ്ട് എന്തു തിന്നും എന്തു കുടിക്കും എന്നു ചിന്തിക്കുകയോ ആകുലചിത്തരാകുകയോ അരുത്. ഈവക കാര്യങ്ങളെല്ലാം ലൗകികമനുഷ്യർ അന്വേഷിക്കുന്നു; എന്നാൽ ഇവ നിങ്ങൾക്ക് ആവശ്യമുണ്ടെന്ന് നിങ്ങളുടെ പിതാവിനറിയാം. അവിടുത്തെ രാജ്യം സാക്ഷാത്കരിക്കുന്നതിനുള്ള കാര്യങ്ങളിൽ നിങ്ങൾ തത്പരരാകുക; അതോടുകൂടി ഇവയും നിങ്ങൾക്കു ലഭിക്കും.
ലൂക്കൊസ് 12:24-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കാക്കയെ നോക്കുവിൻ; അത് വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അതിന് പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ സംരക്ഷിക്കുന്നു. പറവജാതിയേക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ! പിന്നെ ഇങ്ങനെ ആകുലപ്പെടുന്നതുകൊണ്ട് തന്‍റെ നീളത്തിൽ ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്ക് കഴിയും? ഏറ്റവും ചെറിയ കാര്യങ്ങൾ ചെയ്യുവാൻ പോലും നിങ്ങൾക്ക് സാധിക്കുകയില്ല എങ്കിൽ ബാക്കി ഉള്ളതിനെക്കുറിച്ച് ആകുലപ്പെടുന്നത് എന്തിനാണ്? താമര എങ്ങനെ വളരുന്നു എന്നു ചിന്തിക്കുക; അവ അദ്ധ്വാനിക്കുന്നില്ല, നൂൽ ഉണ്ടാക്കുന്നതും ഇല്ല; എന്നാൽ ശലോമോൻ പോലും തന്റെ സകല മഹത്വത്തിലും ഇവയിൽ ഒന്നിനോളം ഒരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇന്ന് കാണുന്നതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം? എന്ത് തിന്നും എന്ത് കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുത്. ഈ വക ഒക്കെയും ലോകജാതികൾ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്ക് ആവശ്യം എന്നു അറിയുന്നു. അവന്റെ രാജ്യം അന്വേഷിക്കുവിൻ; അതോടുകൂടെ നിങ്ങൾക്ക് ഇതും കിട്ടും.
ലൂക്കൊസ് 12:24-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കാക്കയെ നോക്കുവിൻ; അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലർത്തുന്നു. പറവജാതിയെക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ! പിന്നെ വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തിൽ ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും? ആകയാൽ ഏറ്റവും ചെറിയതിന്നുപോലും നിങ്ങൾ പോരാത്തവർ എങ്കിൽ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നതു എന്തു? താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല നൂല്ക്കുന്നതുമില്ല; എന്നാൽ ശലോമോൻ പോലും തന്റെ സകല മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം? എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുതു. ഈ വക ഒക്കെയും ലോകജാതികൾ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നു. അവന്റെ രാജ്യം അന്വേഷിപ്പിൻ; അതോടുകൂടെ നിങ്ങൾക്കു ഇതും കിട്ടും.
ലൂക്കൊസ് 12:24-31 സമകാലിക മലയാളവിവർത്തനം (MCV)
കാക്കകളെ നോക്കുക! അവ വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ല; അവയ്ക്കു ഭണ്ഡാരശാലയോ കളപ്പുരയോ ഇല്ല; എങ്കിലും ദൈവം അവയ്ക്കു ഭക്ഷണം നൽകുന്നില്ലേ? പക്ഷികളെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? ഈ ഒരു ചെറിയ കാര്യത്തിനുപോലും കഴിവില്ലാതിരിക്കെ, ശേഷമുള്ളതിനെക്കുറിച്ചു നിങ്ങൾ ആകുലപ്പെടുന്നതെന്തിന്? “ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതും! നിങ്ങൾ എന്തു ഭക്ഷിക്കുമെന്നോ എന്തു പാനംചെയ്യുമെന്നോ അന്വേഷിക്കരുത്; അതിനെപ്പറ്റി വ്യാകുലപ്പെടുകയുമരുത്. ദൈവത്തെ അറിയാത്തവരുടെ ലോകമാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ പിതാവിനറിയാം. നിങ്ങൾ ആ പിതാവിന്റെ രാജ്യം തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും.