ലൂക്കൊസ് 11:29-54
ലൂക്കൊസ് 11:29-54 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പുരുഷാരം തിങ്ങിക്കൂടിയപ്പോൾ അവൻ പറഞ്ഞു തുടങ്ങിയത്: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അത് അടയാളം അന്വേഷിക്കുന്നു; യോനായുടെ അടയാളമല്ലാതെ അതിന് ഒരു അടയാളവും കൊടുക്കയില്ല. യോനാ നീനെവേക്കാർക്ക് അടയാളം ആയതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും ആകും. തെക്കേ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ. നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനായുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനായിലും വലിയവൻ. വിളക്കു കൊളുത്തീട്ട് ആരും നിലവറയിലോ പറയിൻകീഴിലോ വയ്ക്കാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന് തണ്ടിന്മേൽ അത്രേ വയ്ക്കുന്നത്. ശരീരത്തിന്റെ വിളക്ക് കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നെ. ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക. നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ, വിളക്ക് തിളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും. അവൻ സംസാരിക്കുമ്പോൾതന്നെ ഒരു പരീശൻ തന്നോടുകൂടെ മുത്താഴം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്ന് ഭക്ഷണത്തിനിരുന്നു; മുത്താഴത്തിനു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശൻ ആശ്ചര്യപ്പെട്ടു. കർത്താവ് അവനോട്: പരീശന്മാരായ നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു. മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയത്? അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും എന്നു പറഞ്ഞു. പരീശന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം. പരീശന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ കാൺമാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യർ അറിയുന്നില്ല. ന്യായശാസ്ത്രിമാരിൽ ഒരുത്തൻ അവനോട്: ഗുരോ, ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു. അതിന് അവൻ പറഞ്ഞത്: ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുപ്പാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല. നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു. അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു. അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനവും പറയുന്നത്: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയയ്ക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും. ഹാബെലിന്റെ രക്തം തുടങ്ങി യാഗപീഠത്തിനും ആലയത്തിനും നടുവിൽവച്ചു പട്ടുപോയ സെഖര്യാവിന്റെ രക്തംവരെ ലോകസ്ഥാപനംമുതൽ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാൻ ഇടവരേണ്ടതിനു തന്നെ. അതേ, ഈ തലമുറയോട് അതു ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ന്യായശാസ്ത്രിമാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു; നിങ്ങൾ തന്നെ കടന്നില്ല; കടക്കുന്നവരെ തടുത്തും കളഞ്ഞു. അവൻ അവിടംവിട്ടു പോകുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും അവനെ അത്യന്തം വിഷമിപ്പിപ്പാനും അവന്റെ വായിൽനിന്നു വല്ലതും പിടിക്കാമോ എന്നുവച്ച് അവനായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.
ലൂക്കൊസ് 11:29-54 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കൂടുതൽ ജനം വന്നുചേർന്നപ്പോൾ അവിടുന്ന് ഇപ്രകാരം പറഞ്ഞു: “ഇന്നത്തെ തലമുറ ദുഷ്ടത നിറഞ്ഞതാണ്; അവർ അടയാളം അന്വേഷിക്കുന്നു; യോനായുടെ അടയാളമല്ലാതെ മറ്റൊന്നും അവർക്കു ലഭിക്കുകയില്ല. യോനാ നിനെവേക്കാർക്ക് അടയാളമായിരുന്നതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്‍ക്ക് അടയാളമായിരിക്കും. ന്യായവിധിനാളിൽ ദക്ഷിണദേശത്തിലെ രാജ്ഞി ഈ തലമുറയോടൊപ്പം ഉയിർത്തെഴുന്നേറ്റ് അവരെ കുറ്റവാളികളെന്നു വിധിക്കും. ശേബാരാജ്ഞി ശലോമോന്റെ ജ്ഞാനവചസ്സുകൾ കേൾക്കുവാൻ ഭൂമിയുടെ ഒരു കോണിൽനിന്നു വന്നുവല്ലോ. ഇതാ, ഇവിടെ ശലോമോനെക്കാൾ വലിയവൻ. ന്യായവിധിനാളിൽ ഈ തലമുറയോടൊപ്പം നിനെവേയിലെ ജനങ്ങൾ ഉയിർത്തെഴുന്നേറ്റ് ഈ തലമുറക്കാരെ കുറ്റവാളികളെന്നു വിധിക്കും. നിനെവേക്കാർ യോനായുടെ പ്രഭാഷണം കേട്ട് അനുതപിച്ചുവല്ലോ; ഇതാ, ഇവിടെ യോനായെക്കാൾ വലിയവൻ. “വിളക്കു കത്തിച്ച് ആരും നിലവറയിലോ പറയുടെ കീഴിലോ വയ്‍ക്കാറില്ല. അകത്തു വരുന്നവർക്കു വെളിച്ചം കാണേണ്ടതിന് അതു വിളക്കുതണ്ടിന്മേലത്രേ വയ്‍ക്കുന്നത്. നിങ്ങളുടെ കണ്ണ് ശരീരത്തിന്റെ വിളക്കാകുന്നു. കണ്ണിനു പൂർണമായ കാഴ്ചയുള്ളപ്പോൾ ശരീരം മുഴുവൻ പ്രകാശപൂർണമായിരിക്കും. എന്നാൽ കണ്ണിന് വൈകല്യമുണ്ടെങ്കിൽ ശരീരം ആസകലം ഇരുട്ടായിരിക്കും. അതിനാൽ നിന്നിലുള്ള പ്രകാശം അന്ധകാരമായിത്തീരാതിരിക്കുവാൻ ശ്രദ്ധിച്ചുകൊള്ളുക. ഒരിടത്തും ഇരുൾ ഇല്ലാതെ നിങ്ങളുടെ ശരീരം ആപാദചൂഡം പ്രകാശപൂരിതമായിരുന്നാൽ, ഒരു ദീപം അതിന്റെ ശോഭയാൽ നിങ്ങൾക്കു വെളിച്ചം നല്‌കുന്നതുപോലെ നിങ്ങളുടെ ശരീരം മുഴുവൻ പ്രകാശമാനമായിരിക്കും.” യേശു പ്രബോധിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഒരു പരീശൻ വന്ന് തന്നോടുകൂടി ഭക്ഷണം കഴിക്കുവാൻ അവിടുത്തെ ക്ഷണിച്ചു. യേശു ആ പരീശന്റെ ഭവനത്തിലെത്തി. കൈകാലുകൾ കഴുകാതെ അവിടുന്ന് ഭക്ഷണം കഴിക്കാനിരുന്നത് ആ പരീശനെ അദ്ഭുതപ്പെടുത്തി. എന്നാൽ കർത്താവ് അയാളോടു പറഞ്ഞു: “പരീശന്മാരായ നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം ശുദ്ധമാക്കുന്നു. നിങ്ങളുടെ ഉള്ളിലാകട്ടെ അപഹരണാസക്തിയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു. ഭോഷന്മാരേ, പുറം നിർമിച്ചവൻ തന്നെയല്ലേ അകവും നിർമിച്ചത്? നിങ്ങളുടെ പാത്രങ്ങളിലുള്ളതു ദാനം ചെയ്യുക; അപ്പോൾ നിങ്ങൾക്കുള്ളതെല്ലാം ശുദ്ധമായിരിക്കും. “പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ എല്ലാവകകളുടെയും ദശാംശം കൊടുക്കുന്നു; കർപ്പൂരതുളസി, പുതിന, ചീര മുതലായ ചെറു സസ്യങ്ങളുടേതുപോലും; പക്ഷേ, നീതിയും ദൈവസ്നേഹവും അവഗണിക്കുന്നു. ഇവയെ അവഗണിക്കാതെ നിങ്ങൾ മറ്റുള്ളതെല്ലാം ചെയ്യേണ്ടതായിരുന്നു. “പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! സുനഗോഗുകളിൽ പ്രമുഖസ്ഥാനവും അങ്ങാടിയിൽ വന്ദനവും ലഭിക്കുവാൻ നിങ്ങൾ അഭിലഷിക്കുന്നു. നിങ്ങൾക്ക് ഹാ കഷ്ടം! എവിടെയെന്നു തിരിച്ചറിയാൻ കഴിയാത്ത ശവക്കുഴിപോലെയത്രേ നിങ്ങൾ. മനുഷ്യർ അറിയാതെ അതിന്മീതെ നടക്കുന്നുവല്ലോ.” അപ്പോൾ നിയമപണ്ഡിതന്മാരിലൊരാൾ: “ഗുരോ, ഇങ്ങനെ പറഞ്ഞ് അങ്ങു ഞങ്ങളെക്കൂടി അപമാനിക്കുകയാണല്ലോ” എന്നു യേശുവിനോടു പറഞ്ഞു. അവിടുന്നു പ്രതിവചിച്ചു: “നിയമപണ്ഡിതന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! ദുർവഹമായ ഭാരങ്ങൾ നിങ്ങൾ മനുഷ്യരുടെമേൽ കെട്ടിവയ്‍ക്കുന്നു. നിങ്ങളാണെങ്കിൽ ഒരു വിരൽകൊണ്ടുപോലും ഒന്നു താങ്ങിക്കൊടുക്കുന്നുമില്ല. നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങളുടെ പൂർവപിതാക്കന്മാർ വധിച്ച പ്രവാചകന്മാരുടെ ശവകുടീരങ്ങൾ നിങ്ങൾ പണിയുന്നു. അങ്ങനെ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളാകുന്നു; അവരുടെ പ്രവൃത്തികളെ നിങ്ങൾ അനുകൂലിക്കുകയും ചെയ്യുന്നു. അവർ അവരെ വധിച്ചു; നിങ്ങൾ അവർക്കു ശവകുടീരം നിർമിക്കുന്നു. അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനം ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘ഞാൻ പ്രവാചകന്മാരെയും അപ്പോസ്തോലന്മാരെയും അവരുടെ അടുക്കലേക്ക് അയയ്‍ക്കും. അവരിൽ ചിലരെ അവർ സംഹരിക്കുകയും ചിലരെ പീഡിപ്പിക്കുകയും ചെയ്യും.’ അങ്ങനെ ഹാബേലിന്റെ രക്തംമുതൽ യാഗപീഠത്തിനും വിശുദ്ധസ്ഥലത്തിനും ഇടയ്‍ക്കുവച്ചു കൊല്ലപ്പെട്ട സഖറിയായുടെ രക്തംവരെ, ലോകാരംഭംമുതൽ ചൊരിയപ്പെട്ടിട്ടുള്ള രക്തത്തിന് ഈ തലമുറ ഉത്തരവാദികളായിരിക്കും. അതേ, ഈ തലമുറയോട് അതിനു പകരം ചോദിക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു. “നിയമപണ്ഡിതന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! ജ്ഞാനഭണ്ഡാരപ്പുരയുടെ താക്കോൽ നിങ്ങൾ കൈവശമാക്കിയിരിക്കുന്നു. നിങ്ങൾതന്നെ അതിൽ പ്രവേശിച്ചില്ല; പ്രവേശിക്കുവാൻ വരുന്നവരെ തടയുകയും ചെയ്യുന്നു.” യേശു അവിടെനിന്നു പോകുമ്പോൾ മതപണ്ഡിതന്മാരും പരീശന്മാരും യേശുവിനെ നിശിതമായി വിമർശിക്കുവാൻ തുടങ്ങി. യേശുവിനെ വാക്കിൽ കുടുക്കി പിടിക്കുവാൻ തക്കം നോക്കിക്കൊണ്ട് അവർ അവിടുത്തോടു പലകാര്യങ്ങളെക്കുറിച്ചും ചോദിച്ചു.
ലൂക്കൊസ് 11:29-54 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പുരുഷാരം വർദ്ധിച്ചു വന്നപ്പോൾ അവൻ പറഞ്ഞു തുടങ്ങിയത്: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അത് അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന് ഒരു അടയാളവും കൊടുക്കുകയില്ല. യോനാ നിനവേക്കാർക്ക് അടയാളം ആയതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും ആകും. തെക്കേ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾക്കുവാൻ ഭൂമിയുടെ അറ്റത്തുനിന്ന് വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ. നിനവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവൻ. വിളക്കു കൊളുത്തീട്ട് ആരും നിലവറയിലോ പറയിൻ കീഴിലോ വെയ്ക്കാറില്ല. അകത്ത് വരുന്നവർക്ക് വെളിച്ചം കാണേണ്ടതിന് വിളക്കുകാലിന്മേൽ അത്രേ വെയ്ക്കുന്നത്. ശരീരത്തിന്‍റെ വിളക്കു കണ്ണാകുന്നു; കണ്ണ് നല്ലതാണെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നെ. ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക. നിന്റെ ശരീരം അന്ധകാരം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ, വിളക്കു അതിന്‍റെ തിളക്കംകൊണ്ട് നിന്നെ പ്രകാശിപ്പിക്കുംപോലെ ശരീരവും പ്രകാശമുള്ളത് ആയിരിക്കും. അവൻ സംസാരിക്കുമ്പോൾ തന്നെ ഒരു പരീശൻ തന്നോടുകൂടെ ഭക്ഷണം കഴിക്കുവാൻ അവനെ ക്ഷണിച്ചു; അവനും അകത്ത് കടന്ന് ഭക്ഷണത്തിനിരുന്നു. എന്നാൽ യേശു ആഹാരത്തിനു മുമ്പ് കൈകാലുകൾ കഴുകിയില്ല എന്നു കണ്ടിട്ട് പരീശൻ ആശ്ചര്യപ്പെട്ടു. കർത്താവ് അവനോട്: പരീശന്മാരായ നിങ്ങൾ പാത്രങ്ങളുടെ പുറം വൃത്തിയാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു. മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ തന്നെ ആണ് അകവും ഉണ്ടാക്കിയത്? അകത്തുള്ളത് ഭിക്ഷയായി കൊടുക്കുവിൻ; എന്നാൽ സകലവും നിങ്ങൾക്ക് ശുദ്ധം ആകും എന്നു പറഞ്ഞു. പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ഇല ചെടികളിലും ദശാംശം കൊടുക്കുകയും ന്യായവും ദൈവസ്നേഹവും വിട്ടുകളയുകയും ചെയ്യുന്നു; നിങ്ങൾ ദൈവത്തെ സ്നേഹിക്കുകയും ന്യായം ചെയ്കയും അതോടൊപ്പം തന്നെ മറ്റ് കാര്യങ്ങളും ചെയ്യേണം. പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്ക് പള്ളിയിൽ പ്രധാന സ്ഥാനവും പൊതുസ്ഥലങ്ങളിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ വേർതിരിച്ചറിയാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവ ഇന്നവയെന്നറിയാതെ മീതെ നടക്കുന്നവരെപ്പോലെയാകുന്നു നിങ്ങൾ. ന്യായശാസ്ത്രിമാരിൽ ഒരുവൻ അവനോട്: ”ഗുരോ, പരീശരെ പറ്റി ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു” എന്നു പറഞ്ഞു. അതിന് അവൻ പറഞ്ഞത്: ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുക്കുവാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ട് എടുപ്പിക്കുന്നു; എന്നാൽ നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല. നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു. അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കുകയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു. അതുകൊണ്ട് ദൈവത്തിന്‍റെ ജ്ഞാനവും പറയുന്നത്: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയയ്ക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യും. ഹാബെലിൻ്റെ രക്തം തുടങ്ങി യാഗപീഠത്തിനും ആലയത്തിനും നടുവിൽവച്ച് കൊല്ലപ്പെട്ട സെഖര്യാവിന്റെ രക്തംവരെ ലോകസ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകലപ്രവാചകന്മാരുടെയും രക്തം ഈ തലമുറയോട് ചോദിപ്പാൻ ഇടവരേണ്ടതിനുതന്നെ. അതേ, ഈ തലമുറയോട് അത് ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ന്യായശാസ്ത്രിമാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ ദൈവികജ്ഞാനം മറ്റുള്ളവർ അറിയാതിരിക്കാൻ ശ്രമിച്ചു. അത് ഒരു ഭവനത്തിന്‍റെ താക്കോൽ മറച്ചുവയ്ക്കുന്നതിനു തുല്യം ആണ്; നിങ്ങൾ അതിൽ കടന്നില്ല; കടക്കുന്നവരെ തടയുകയും ചെയ്തു. അവൻ അവിടംവിട്ട് പോകുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും അവനോട് എതിർക്കുവാനും തർക്കിക്കുവാനും തുടങ്ങി. യേശു പറയുന്ന ഉത്തരങ്ങളിൽ നിന്നു അവനെ കുടുക്കുവാനായി പല കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.
ലൂക്കൊസ് 11:29-54 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പുരുഷാരം തിങ്ങിക്കൂടിയപ്പോൾ അവൻ പറഞ്ഞുതുടങ്ങിയതു: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു ഒരു അടയാളവും കൊടുക്കയില്ല. യോനാ നീനെവേക്കാർക്കു അടയാളം ആയതുപോലെ മനുഷ്യപുത്രൻ ഈ തലമുറെക്കും ആകും. തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോടു ഒന്നിച്ചു ഉയിർത്തെഴുന്നേറ്റു അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ. നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവൻ. വിളക്കു കൊളുത്തീട്ടു ആരും നിലവറയിലോ പറയിൻ കീഴിലോ വെക്കാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേൽ അത്രേ വെക്കുന്നതു. ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ. ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക. നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ വിളക്കു തെളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും. അവൻ സംസാരിക്കുമ്പോൾ തന്നേ ഒരു പരീശൻ തന്നോടുകൂടെ മുത്താഴം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്നു ഭക്ഷണത്തിന്നിരുന്നു. മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശൻ ആശ്ചര്യപ്പെട്ടു. കർത്താവു അവനോടു: പരീശന്മാരായ നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു. മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയതു? അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും എന്നു പറഞ്ഞു. പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം. പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ കാണ്മാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യർ അറിയുന്നില്ല. ന്യായശാസ്ത്രിമാരിൽ ഒരുത്തൻ അവനോടു: ഗുരോ, ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവൻ പറഞ്ഞതു: ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുപ്പാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല. നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു. അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു. അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനവും പറയുന്നതു: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും. ഹാബേലിന്റെ രക്തം തുടങ്ങി യാഗപീഠത്തിന്നും ആലയത്തിന്നും നടുവിൽവെച്ചു പട്ടുപോയ സെഖര്യാവിന്റെ രക്തം വരെ ലോക സ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാൻ ഇടവരേണ്ടതിന്നു തന്നേ. അതേ, ഈ തലമുറയോടു അതു ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ന്യായശാസ്ത്രിമാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു; നിങ്ങൾ തന്നേ കടന്നില്ല; കടക്കുന്നവരെ തടുത്തുംകളഞ്ഞു. അവൻ അവിടംവിട്ടുപോകുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും അവനെ അത്യന്തം വിഷമിപ്പിപ്പാനും അവന്റെ വായിൽ നിന്നു വല്ലതും പിടിക്കാമോ എന്നു വെച്ചു അവന്നായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.
ലൂക്കൊസ് 11:29-54 സമകാലിക മലയാളവിവർത്തനം (MCV)
യേശുവിനുചുറ്റും ജനക്കൂട്ടം തിങ്ങിക്കൂടിക്കൊണ്ടിരുന്നപ്പോൾ, അവിടന്ന് ഇപ്രകാരം അവരോട് പറയാൻ തുടങ്ങി: “ഈ ദുഷ്ടതയുള്ള തലമുറ ചിഹ്നം അന്വേഷിക്കുന്നു. എന്നാൽ യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല. യോനാ നിനവേനിവാസികൾക്ക് ഒരു ചിഹ്നമായിരുന്നതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും ആയിരിക്കും, ന്യായവിധിദിവസത്തിൽ ശേബാ രാജ്ഞിയും ഈ തലമുറയ്ക്കെതിരായി നിലകൊണ്ട് അവരെ ശിക്ഷവിധിക്കും. അവൾ ശലോമോന്റെ ജ്ഞാനം ശ്രവിക്കാനായി വിദൂരത്തുനിന്ന് വന്നല്ലോ; ഇവിടെ ഇതാ ശലോമോനിലും അതിശ്രേഷ്ഠൻ. ന്യായവിധിദിവസം നിനവേനിവാസികൾ ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവർക്ക് ശിക്ഷവിധിക്കും; നിനവേക്കാർ യോനായുടെ പ്രസംഗം കേട്ട് അനുതപിച്ചല്ലോ; യോനായിലും അതിശ്രേഷ്ഠൻ ഇതാ ഇവിടെ. “ആരും വിളക്കു കൊളുത്തി നിലവറയിലോ പറയുടെ കീഴിലോ വെക്കുന്നില്ല; പിന്നെയോ, വീടിനുള്ളിൽ പ്രവേശിക്കുന്നവർക്കു പ്രകാശം കാണേണ്ടതിനു വിളക്കുകാലിന്മേലാണ് വെക്കുക. കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിന്റെ കണ്ണ് നിർമലമെങ്കിൽ ശരീരംമുഴുവനും പ്രകാശപൂരിതമായിരിക്കും. നിന്റെ കണ്ണ് അശുദ്ധമെങ്കിലോ ശരീരം അന്ധകാരമയവുമായിരിക്കും. അതുകൊണ്ട് നിന്നിലുള്ള പ്രകാശം അന്ധകാരമയമായിത്തീരാതിക്കാൻ സൂക്ഷിക്കുക. ഇരുളടഞ്ഞ കോണുകളൊന്നും നിന്നിലില്ലാതെ, ശരീരംമുഴുവൻ പ്രകാശപൂരിതമാണെങ്കിൽ, കത്തിജ്വലിക്കുന്ന വിളക്ക് നിനക്കെതിരേ പിടിച്ചാലെന്നപോലെ നീയും പ്രഭാപൂർണനായിരിക്കും.” യേശുവിന്റെ പ്രഭാഷണം പൂർത്തിയായപ്പോൾ, തന്നോടുകൂടെ ഭക്ഷണം കഴിക്കാൻ ഒരു പരീശൻ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം വീടിനുള്ളിൽ ചെന്നു ഭക്ഷണത്തിനായി ഇരുന്നു. ഭക്ഷണത്തിനുമുമ്പ് യെഹൂദാപാരമ്പര്യമനുസരിച്ചുള്ള ശുദ്ധിവരുത്താതെ യേശു ഭക്ഷണത്തിനിരുന്നതു കണ്ടു പരീശൻ ആശ്ചര്യപ്പെട്ടു. അപ്പോൾ കർത്താവ് ഇങ്ങനെ പ്രതികരിച്ചു: “പരീശന്മാരായ നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു; എന്നാൽ നിങ്ങളുടെ അകമോ അത്യാർത്തിയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു. ഭോഷന്മാരേ, പുറം മെനഞ്ഞ ദൈവമല്ലേ അകവും സൃഷ്ടിച്ചത്? അതുകൊണ്ട് അത്യാർത്തിയിലൂടെ സമ്പാദിച്ചതൊക്കെയും ദരിദ്രർക്കു വിതരണംചെയ്താൽ എല്ലാം വിശുദ്ധമായിത്തീരും. “പരീശന്മാരായ നിങ്ങൾക്കു ഹാ കഷ്ടം; പുതിന, ബ്രഹ്മി തുടങ്ങി എല്ലാവിധ ഉദ്യാനസസ്യങ്ങളിൽനിന്നും ലഭിക്കുന്ന നിസ്സാര വരുമാനത്തിൽനിന്നുപോലും നിങ്ങൾ ദശാംശം നൽകുന്നു; എന്നാൽ നീതിയും ദൈവസ്നേഹവും നിങ്ങൾ അവഗണിച്ചിരിക്കുന്നു. പ്രാധാന്യമേറിയവ പാലിക്കുകയും പ്രാധാന്യം കുറഞ്ഞവ അവഗണിക്കാതിരിക്കുകയുമാണ് വേണ്ടിയിരുന്നത്. “പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങൾ ആഗ്രഹിക്കുന്നു. ചന്തസ്ഥലങ്ങളിൽ മനുഷ്യർ നിങ്ങളെ അഭിവാദനംചെയ്യുന്നതും ഇഷ്ടപ്പെടുന്നു. “നിങ്ങൾക്കു ഹാ കഷ്ടം! മറഞ്ഞുകിടക്കുന്ന ശവക്കല്ലറകൾപോലെയാണ് നിങ്ങൾ; എന്നാൽ, അവയ്ക്കുള്ളിലെ ജീർണത ഗ്രഹിക്കാതെ മനുഷ്യർ അവയുടെമീതേ നടക്കുന്നു.” ഒരു നിയമജ്ഞൻ യേശുവിനോട്, “ഗുരോ, അങ്ങ് ഈ കാര്യങ്ങൾ പറയുമ്പോൾ, ഞങ്ങളെയും ആക്ഷേപിക്കുകയാണ്” എന്നു പറഞ്ഞു. അതിന് യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “നിയമജ്ഞരായ നിങ്ങൾക്കും ഹാ കഷ്ടം! നിങ്ങൾ വളരെ ഭാരമുള്ള ചുമടുകൾ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; എന്നാൽ ഒരു വിരൽകൊണ്ടുപോലും സ്പർശിച്ച് ആ ഭാരം ലഘൂകരിക്കാനുള്ള സന്മനസ്സ് നിങ്ങൾക്കില്ല. “നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങളുടെ പിതാക്കന്മാർ വധിച്ച പ്രവാചകന്മാർക്കുവേണ്ടി നിങ്ങൾ ശവകുടീരങ്ങൾ പണിയുന്നു. അങ്ങനെ നിങ്ങളുടെ പൂർവികരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷ്യംവഹിക്കുന്നു; അവയെ അംഗീകരിക്കുകയുംചെയ്യുന്നു. കാരണം, നിങ്ങളുടെ പൂർവികർ പ്രവാചകന്മാരെ വധിക്കുന്നു; നിങ്ങൾ പ്രവാചകന്മാരുടെ ശവകുടീരങ്ങൾ പണിയുന്നു. ഇതുനിമിത്തം ദൈവം തന്റെ ജ്ഞാനത്തിൽ അരുളിച്ചെയ്തു: ‘ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുത്തേക്കയയ്ക്കും; ചിലരെ അവർ വധിക്കും, ചിലരെ അവർ പീഡിപ്പിക്കും.’ ആകയാൽ ഹാബേലിന്റെ രക്തംമുതൽ യാഗപീഠത്തിനും ആലയത്തിനും മധ്യേവെച്ചു കൊല്ലപ്പെട്ട സെഖര്യാവിന്റെ രക്തംവരെ, ലോകാരംഭംമുതൽ ചിന്തപ്പെട്ടിട്ടുള്ള സകലപ്രവാചകരക്തത്തിനും ഈ തലമുറ ഉത്തരം പറയേണ്ടിവരും. ഈ തലമുറ അതിനെല്ലാം ഉത്തരവാദി ആയിരിക്കും, നിശ്ചയം. “നിയമജ്ഞരേ, നിങ്ങൾക്കു ഹാ കഷ്ടം! ജ്ഞാനത്തിന്റെ താക്കോൽ നിങ്ങൾ മനുഷ്യരിൽനിന്ന് മറച്ചുവെച്ചിരിക്കുന്നു! നിങ്ങൾ പ്രവേശിക്കുന്നില്ലെന്നുമാത്രമല്ല; പ്രവേശിക്കുന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തിരിക്കുന്നു.” യേശു ആ വീടുവിട്ടിറങ്ങിയപ്പോൾ പരീശന്മാരും വേദജ്ഞരും അദ്ദേഹത്തെ ഘോരഘോരം എതിർക്കാനും വാക്കിൽ കുടുക്കാനായി പലതിനെയുംകുറിച്ചു ചോദ്യങ്ങൾ ചോദിക്കാനും തുടങ്ങി.