ലൂക്കൊസ് 11:14-23

ലൂക്കൊസ് 11:14-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഒരിക്കൽ അവൻ ഊമയായൊരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപ്പെട്ടു. അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നത് എന്നു പറഞ്ഞു. വേറേ ചിലർ അവനെ പരീക്ഷിച്ച് ആകാശത്തുനിന്ന് ഒരടയാളം അവനോടു ചോദിച്ചു. അവൻ അവരുടെ വിചാരം അറിഞ്ഞ് അവരോട് പറഞ്ഞത്: തന്നിൽത്തന്നെ ഛിദ്രിച്ച രാജ്യം എല്ലാം പാഴായിപ്പോകും; വീട് ഓരോന്നും വീഴും. സാത്താനും തന്നോടുതന്നെ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ. ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ട് അവർ നിങ്ങൾക്കു ന്യായാധിപതികൾ ആകും. എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ട് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം. ബലവാൻ ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു. അവനിലും ബലവാനായവൻ വന്ന് അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന സർവായുധവർഗം പിടിച്ചുപറിച്ച് അവന്റെ കൊള്ള പകുതി ചെയ്യുന്നു. എനിക്ക് അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.

ലൂക്കൊസ് 11:14-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഒരിക്കൽ യേശു ഊമനായ ഒരു ഭൂതത്തെ പുറത്താക്കി; ഭൂതം വിട്ടുമാറിയ ഉടൻ മൂകനായിരുന്ന ആ മനുഷ്യൻ സംസാരിച്ചുതുടങ്ങി. ഇതു കണ്ട് ജനങ്ങൾ ആശ്ചര്യപ്പെട്ടു. എന്നാൽ “ഇയാൾ ഭൂതങ്ങളെ പുറത്താക്കുന്നത് ഭൂതങ്ങളുടെ തലവനായ ബേൽസബൂലിനെക്കൊണ്ടാണ്” എന്നു ചിലർ പറഞ്ഞു. മറ്റു ചിലരാകട്ടെ അവിടുത്തെ കുടുക്കിലാക്കുന്നതിനായി സ്വർഗത്തിൽനിന്ന് ഒരു അടയാളം കാണിക്കുവാൻ ആവശ്യപ്പെട്ടു. യേശു അവരുടെ അന്തർഗതം മനസ്സിലാക്കിക്കൊണ്ട് അവരോടു പറഞ്ഞു: “ഏതൊരു രാജാവും അന്തഃഛിദ്രംമൂലം നശിക്കുന്നു; ഏതൊരു കുടുംബവും ഭിന്നതമൂലം വീണുപോകുന്നു. സാത്താന്റെ രാജ്യത്തിലും അന്തഃഛിദ്രമുണ്ടായാൽ അത് എങ്ങനെ നിലനില്‌ക്കും? ബേൽസബൂലിനെക്കൊണ്ടാണ് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നതെന്നു നിങ്ങൾ പറയുന്നു. ഞാൻ ഭൂതങ്ങളെ ബഹിഷ്കരിക്കുന്നത് ഇങ്ങനെയെങ്കിൽ നിങ്ങളുടെ അനുയായികൾ ആരെക്കൊണ്ടാണ് അവയെ പുറത്താക്കുന്നത്! അതുകൊണ്ട് നിങ്ങൾ പറയുന്നതു ശരിയല്ലെന്ന് നിങ്ങളുടെ അനുയായികൾ തെളിയിക്കുന്നു. അല്ല, ഞാൻ ദൈവശക്തികൊണ്ടാണ് ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുത്തു നിശ്ചയമായും വന്നുകഴിഞ്ഞിരിക്കുന്നു.” “ബലിഷ്ഠനായ ഒരുവൻ ആയുധധാരിയായി സ്വഭവനം കാത്തുസൂക്ഷിക്കുമ്പോൾ അയാളുടെ വസ്തുവകകളെല്ലാം സുരക്ഷിതമായിരിക്കും. എന്നാൽ തന്നെക്കാൾ ശക്തനായ ഒരാൾ വന്ന് അയാളെ ആക്രമിച്ചു കീഴടക്കുമ്പോൾ അയാൾ അവലംബമായി കരുതിയിരുന്ന ആയുധങ്ങൾ ആ മനുഷ്യൻ പിടിച്ചെടുക്കുകയും വസ്തുവകകളെല്ലാം അയാൾ കൊള്ളചെയ്തു പങ്കിടുകയും ചെയ്യും. “എന്നെ അനുകൂലിക്കാത്തവൻ എനിക്കു വിരോധിയാകുന്നു. ഒന്നിച്ചു ചേർക്കുന്നതിൽ എന്നെ സഹായിക്കാത്തവൻ ചിതറിക്കുകയാണു ചെയ്യുന്നത്.”

ലൂക്കൊസ് 11:14-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഒരിക്കൽ യേശു ഊമനായ ഒരാളിൽ നിന്നു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപ്പെട്ടു. അവരിൽ ചിലരോ: ”ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നത്” എന്നു പറഞ്ഞു. വേറെ ചിലർ അവനെ പരീക്ഷിക്കാനായി ആകാശത്തുനിന്നു ഒരു അടയാളം അവനോട് ചോദിച്ചു. പക്ഷേ യേശുവിന് അവരുടെ ചിന്തകൾ അറിയാമായിരുന്നു. അതുകൊണ്ട് അവൻ അവരോട് പറഞ്ഞത്: തന്നിൽതന്നേ ഛിദ്രിച്ച രാജ്യം എല്ലാം നശിച്ചുപോകും; കുടുംബങ്ങളും നശിക്കും. സാത്താനും തന്നോട് തന്നെ ഛിദ്രിച്ചു എങ്കിൽ, അവന്‍റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ. ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ട് പുറത്താക്കുന്നു; അതുകൊണ്ട് അവർ നിങ്ങൾക്ക് ന്യായാധിപതികൾ ആകും. എന്നാൽ ദൈവത്തിന്‍റെ ശക്തികൊണ്ട് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു നിശ്ചയം. ബലവാൻ ആയുധം ധരിച്ചു താൻ താമസിക്കുന്ന വീട് കാക്കുമ്പോൾ അവന്‍റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു. അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന രക്ഷാകവചം പിടിച്ചുപറിച്ചു അവന്‍റെ കൊള്ള മുഴുവനും എടുക്കും. എനിക്ക് അനുകൂലമല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.

ലൂക്കൊസ് 11:14-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഒരിക്കൽ അവൻ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപെട്ടു. അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറഞ്ഞു. വേറെ ചിലർ അവനെ പരീക്ഷിച്ചു ആകാശത്തുനിന്നു ഒരടയാളം അവനോടു ചോദിച്ചു. അവൻ അവരുടെ വിചാരം അറിഞ്ഞു അവരോടു പറഞ്ഞതു: തന്നിൽതന്നേ ഛിദ്രിച്ച രാജ്യം എല്ലാം പാഴായ്പോകും; വീടു ഓരോന്നും വീഴും. സാത്താനും തന്നോടു തന്നേ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ. ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ടു അവർ നിങ്ങൾക്കു ന്യായാധിപതികൾ ആകും. എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം. ബലവാൻ ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു. അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന സർവ്വായുധവർഗ്ഗം പിടിച്ചുപറിച്ചു അവന്റെ കൊള്ള പകുതി ചെയ്യുന്നു. എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.

ലൂക്കൊസ് 11:14-23 സമകാലിക മലയാളവിവർത്തനം (MCV)

പിന്നീടൊരിക്കൽ യേശു ഊമയായ ഒരു മനുഷ്യനിൽനിന്ന് ഭൂതത്തെ പുറത്താക്കി. ഭൂതം അവനിൽനിന്ന് പുറത്തുവന്നപ്പോൾ അയാൾക്ക് സംസാരിക്കാൻ കഴിഞ്ഞു; ജനസഞ്ചയം ആശ്ചര്യഭരിതരായി. എന്നാൽ അവരിൽ ചിലർ, “ഭൂതങ്ങളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടാണ് ഇദ്ദേഹം ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്നു പറഞ്ഞു. മറ്റുചിലർ അദ്ദേഹത്തെ പരീക്ഷിക്കുന്നതിനായി, സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിക്കണമെന്ന് ആവശ്യപ്പെട്ടു. യേശു അവരുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയിട്ട് അവരോടു പറഞ്ഞു, “ആഭ്യന്തരഭിന്നതയുള്ള ഏതുരാജ്യവും നശിച്ചുപോകും; അന്തഃഛിദ്രം ബാധിച്ച ഭവനവും നിപതിച്ചുപോകും. സാത്താൻ സ്വന്തം രാജ്യത്തിനുതന്നെ വിരോധമായി പ്രവർത്തിച്ചാൽ അവന്റെ രാജ്യം നിലനിൽക്കുമോ? ഞാൻ ബേൽസെബൂലിനെക്കൊണ്ടാണ് ഭൂതോച്ചാടനം ചെയ്യുന്നത് എന്നാണല്ലോ നിങ്ങൾ പറയുന്നത്. ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ബേൽസെബൂലിനെ ഉപയോഗിച്ചാണെങ്കിൽ, നിങ്ങളുടെ അനുയായികൾ അവയെ ഉച്ചാടനം ചെയ്യുന്നത് ആരെക്കൊണ്ടാണ്? അങ്ങനെയെങ്കിൽ, നിങ്ങളുടെ അനുയായികൾതന്നെ നിങ്ങൾക്ക് വിധികർത്താക്കൾ ആയിരിക്കട്ടെ. എന്നാൽ, ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ദൈവത്തിന്റെ ശക്തിയാലാണെങ്കിൽ ദൈവരാജ്യം നിങ്ങളുടെ മധ്യേ വന്നിരിക്കുന്നു, നിശ്ചയം. “ബലിഷ്ഠനായ ഒരു മനുഷ്യൻ ആയുധമേന്തി സ്വന്തം മാളിക കാവൽചെയ്യുമ്പോൾ അയാളുടെ സമ്പത്ത് സുരക്ഷിതമായിരിക്കും. എന്നാൽ, അയാളിലും ശക്തനായ ഒരാൾ വന്ന് ആ ബലിഷ്ഠനായവനെ ആക്രമിച്ചു കീഴടക്കുമ്പോൾ, ആ മനുഷ്യൻ ആശ്രയിച്ചിരുന്ന ആയുധങ്ങൾ അപഹരിക്കുകയും കൊള്ളമുതൽ വീതിച്ചെടുക്കുകയുംചെയ്യുന്നു. “എന്നെ അനുകൂലിക്കാത്തവർ എന്നെ പ്രതിരോധിക്കുന്നു; എന്നോടുകൂടെ ജനത്തെ ചേർക്കാത്തയാൾ വാസ്തവത്തിൽ അവരെ ചിതറിക്കുകയാണ്.