ലൂക്കൊസ് 1:8-13
ലൂക്കൊസ് 1:8-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ കൂറിന്റെ ക്രമപ്രകാരം ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ: പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്ന് ധൂപം കാട്ടുവാൻ അവനു നറുക്കു വന്നു. ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹമൊക്കെയും പുറത്തു പ്രാർഥിച്ചുകൊണ്ടിരുന്നു. അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നവനായിട്ട് അവന് പ്രത്യക്ഷനായി. സെഖര്യാവ് അവനെ കണ്ടു ഭ്രമിച്ച് ഭയപരവശനായി. ദൂതൻ അവനോടു പറഞ്ഞത്: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർഥനയ്ക്ക് ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും; അവനു യോഹന്നാൻ എന്നു പേർ ഇടേണം.
ലൂക്കൊസ് 1:8-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരിക്കൽ സഖറിയാ ഉൾപ്പെട്ട പുരോഹിത വിഭാഗത്തിനു ദേവാലയത്തിൽ ശുശ്രൂഷ ചെയ്യുന്നതിനുള്ള തവണ വന്നു. അന്നത്തെ പൗരോഹിത്യാചാരപ്രകാരം ദേവാലയത്തിലെ വിശുദ്ധസ്ഥലത്തു പ്രവേശിച്ചു ധൂപം അർപ്പിക്കുന്നതിനുള്ള ആളിനെ നറുക്കിട്ടു തിരഞ്ഞെടുക്കുകയായിരുന്നു പതിവ്. അങ്ങനെ ധൂപാർപ്പണത്തിനായി സഖറിയാ തിരഞ്ഞെടുക്കപ്പെട്ടു. തദനുസരണം ഒരു ദിവസം അദ്ദേഹം ദൈവ സന്നിധിയിൽ ശുശ്രൂഷ ചെയ്യുകയായിരുന്നു. ജനങ്ങൾ എല്ലാവരും അപ്പോൾ വിശുദ്ധസ്ഥലത്തിനു പുറത്തു പ്രാർഥിച്ചുകൊണ്ടിരുന്നു. തത്സമയം ദൈവദൂതൻ ധൂപപീഠത്തിന്റെ വലത്തുഭാഗത്തു പ്രത്യക്ഷനായി. സഖറിയാ പരിഭ്രമിച്ചു ഭയപരവശനായിത്തീർന്നു. അപ്പോൾ മാലാഖ അദ്ദേഹത്തോടു പറഞ്ഞു: “സഖറിയായേ, ഭയപ്പെടേണ്ടാ; ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബെത്ത് ഒരു പുത്രനെ പ്രസവിക്കും. അവനു യോഹന്നാൻ എന്നു പേരിടണം.
ലൂക്കൊസ് 1:8-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സെഖര്യാവ് തന്‍റെ ഗണത്തിൻ്റെ ക്രമം അനുസരിച്ച് ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ: പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്നു ധൂപം കാട്ടുവാൻ അവനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. അവൻ ധൂപം കാട്ടുന്ന സമയത്ത് ജനസമൂഹം ഒക്കെയും പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്‍റെ വലത്തുഭാഗത്ത് നില്ക്കുന്നവനായിട്ട് അവനു പ്രത്യക്ഷനായി. സെഖര്യാവ് അവനെ കണ്ടു പരിഭ്രമിച്ചു. ദൂതൻ അവനോട് പറഞ്ഞത്: ”സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്‍റെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചു: നിന്‍റെ ഭാര്യ എലിസബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവനു യോഹന്നാൻ എന്നു പേർ ഇടേണം.
ലൂക്കൊസ് 1:8-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ കൂറിന്റെ ക്രമപ്രകാരം ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ: പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്നു ധൂപം കാട്ടുവാൻ അവന്നു നറുക്കു വന്നു. ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹം ഒക്കെയും പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി. സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി. ദൂതൻ അവനോടു പറഞ്ഞതു: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം.
ലൂക്കൊസ് 1:8-13 സമകാലിക മലയാളവിവർത്തനം (MCV)
ഒരിക്കൽ സെഖര്യാവുൾപ്പെട്ട വിഭാഗം ദൈവസന്നിധിയിൽ പൗരോഹിത്യശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ, കർത്താവിന്റെ ആലയത്തിൽ ചെന്ന് ധൂപം അർപ്പിക്കുന്നതിന് പൗരോഹിത്യാചാരപ്രകാരമുള്ള നറുക്കെടുപ്പിലൂടെ അദ്ദേഹം നിയുക്തനായി. ധൂപം അർപ്പിക്കുന്ന സമയത്ത് സന്നിഹിതരായിരുന്ന ജനാവലി ആലയത്തിനുപുറത്ത് പ്രാർഥിക്കുകയായിരുന്നു. അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ ധൂപപീഠത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതായി സെഖര്യാവിന് പ്രത്യക്ഷനായി. ദൂതനെ കണ്ടപ്പോൾ അദ്ദേഹം ഭയചകിതനായി, നടുങ്ങി. അപ്പോൾ ദൂതൻ അദ്ദേഹത്തോട് പറഞ്ഞത്: “സെഖര്യാവേ, ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും, നീ അവന് യോഹന്നാൻ എന്നു നാമകരണം ചെയ്യണം.