ലേവ്യാപുസ്തകം 6:1-30

ലേവ്യാപുസ്തകം 6:1-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: ആരെങ്കിലും പിഴച്ച് യഹോവയോട് അതിക്രമം ചെയ്തു തന്റെ പക്കൽ ഏല്പിച്ച വസ്തുവിനെയോ പണയം വച്ചതിനെയോ മോഷണകാര്യത്തെയോ സംബന്ധിച്ച് കൂട്ടുകാരനോടു ഭോഷ്കു പറക എങ്കിലും കൂട്ടുകാരനോടു വഞ്ചന ചെയ്ക എങ്കിലും കാണാതെപോയ വസ്തു കണ്ടിട്ട് അതിനെക്കുറിച്ചു ഭോഷ്കു പറഞ്ഞു മനുഷ്യൻ പിഴയ്ക്കുന്ന ഈവക വല്ല കാര്യത്തിലും കള്ളസ്സത്യം ചെയ്ക എങ്കിലും ചെയ്തിട്ട് അവൻ പിഴച്ചു കുറ്റക്കാരനായാൽ താൻ മോഷ്‍ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്റെ പക്കൽ ഏല്പിച്ചതോ കാണാതെപോയിട്ടു താൻ കണ്ടതോ താൻ കള്ളസ്സത്യം ചെയ്ത് എടുത്തതോ ആയതൊക്കെയും മുതലോട് അഞ്ചിലൊന്നു കൂട്ടി പകരം കൊടുക്കേണം; അകൃത്യയാഗം കഴിക്കുന്ന നാളിൽ അവൻ അത് ഉടമസ്ഥനു കൊടുക്കേണം. അകൃത്യയാഗത്തിനായിട്ട് അവൻ നിന്റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ യഹോവയ്ക്ക് അകൃത്യയാഗമായി പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം. പുരോഹിതൻ യഹോവയുടെ സന്നിധിയിൽ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ അകൃത്യമായി ചെയ്തതൊക്കെയും അവനോടു ക്ഷമിക്കും. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ അഹരോനോടും പുത്രന്മാരോടും കല്പിക്കേണ്ടത് എന്തെന്നാൽ: ഹോമയാഗത്തിന്റെ പ്രമാണമാവിത്: ഹോമയാഗം രാത്രി മുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേൽ ഇരിക്കയും യാഗപീഠത്തിലെ തീ അതിനാൽ കത്തിക്കൊണ്ടിരിക്കയും വേണം. പുരോഹിതൻ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ച് പഞ്ഞിനൂൽകൊണ്ടുള്ള കാൽച്ചട്ടയാൽ തന്റെ നഗ്നത മറച്ചുകൊണ്ട് യാഗപീഠത്തിന്മേൽ ഹോമയാഗം ദഹിച്ചുണ്ടായ വെണ്ണീർ എടുത്ത് യാഗപീഠത്തിന്റെ ഒരു വശത്ത് ഇടേണം. അവൻ വസ്ത്രം മാറി വേറേ വസ്ത്രം ധരിച്ചു പാളയത്തിനു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെണ്ണീർ കൊണ്ടുപോകേണം. യാഗപീഠത്തിൽ തീ കെട്ടുപോകാതെ കത്തിക്കൊണ്ടിരിക്കേണം; പുരോഹിതൻ ഉഷസ്സുതോറും അതിന്മേൽ വിറകു കത്തിച്ച് ഹോമയാഗം അടുക്കിവച്ച് അതിന്മീതെ സമാധാനയാഗങ്ങളുടെ മേദസ്സ് ദഹിപ്പിക്കേണം. യാഗപീഠത്തിന്മേൽ തീ കെട്ടുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കേണം. ഭോജനയാഗത്തിന്റെ പ്രമാണമാവിത്: അഹരോന്റെ പുത്രന്മാർ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ മുമ്പിൽ അത് അർപ്പിക്കേണം. ഭോജനയാഗത്തിന്റെ നേരിയ മാവിൽനിന്നും എണ്ണയിൽനിന്നും കൈ നിറച്ചും ഭോജനയാഗത്തിന്മേലുള്ള കുന്തുരുക്കം മുഴുവനും എടുത്ത് നിവേദ്യമായി യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കേണം. അതിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാരും തിന്നേണം; ഒരു വിശുദ്ധസ്ഥലത്തുവച്ച് അതു പുളിപ്പില്ലാത്തതായി തിന്നേണം; സമാഗമനകൂടാരത്തിന്റെ പ്രാകാരത്തിൽവച്ച് അതു തിന്നേണം. അതു പുളിച്ച മാവു കൂട്ടി ചുടരുത്; എന്റെ ദഹനയാഗങ്ങളിൽനിന്ന് അതു ഞാൻ അവരുടെ ഓഹരിയായി കൊടുത്തിരിക്കുന്നു; അത് പാപയാഗംപോലെയും അകൃത്യയാഗംപോലെയും അതിവിശുദ്ധം. അഹരോന്റെ മക്കളിൽ ആണുങ്ങൾക്കൊക്കെയും അതു തിന്നാം; യഹോവയുടെ ദഹനയാഗങ്ങളിൽ അതു നിങ്ങൾക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു; അതിനെ തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കേണം. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: അഹരോന് അഭിഷേകം കഴിയുന്ന ദിവസം അവനും പുത്രന്മാരും യഹോവയ്ക്കു കഴിക്കേണ്ടുന്ന വഴിപാടാവിത്: ഒരു ഇടങ്ങഴി നേരിയ മാവിൽ പാതി രാവിലെയും പാതി വൈകുന്നേരവും നിരന്തരഭോജനയാഗമായി അർപ്പിക്കേണം. അത് എണ്ണ ചേർത്ത് ചട്ടിയിൽ ചുടേണം; അതു കുതിർത്തു കൊണ്ടുവരേണം; ചുട്ട കഷണങ്ങൾ ഭോജനയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയായി അർപ്പിക്കേണം. അവന്റെ പുത്രന്മാരിൽ അവനു പകരം അഭിഷേകം പ്രാപിക്കുന്ന പുരോഹിതനും അത് അർപ്പിക്കേണം; എന്നേക്കുമുള്ള ചട്ടമായി അതു മുഴുവനും യഹോവയ്ക്കു ദഹിപ്പിക്കേണം; പുരോഹിതന്റെ ഭോജനയാഗം മുഴുവനും ദഹിപ്പിക്കേണം; അതു തിന്നരുത്. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടത് എന്തെന്നാൽ: പാപയാഗത്തിന്റെ പ്രമാണമാവിത്: ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ചു പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽ അറുക്കേണം; അത് അതിവിശുദ്ധം. പാപത്തിനുവേണ്ടി അത് അർപ്പിക്കുന്ന പുരോഹിതൻ അതു തിന്നേണം; സമാഗമനകൂടാരത്തിന്റെ പ്രാകാരത്തിൽ ഒരു വിശുദ്ധസ്ഥലത്തുവച്ച് അത് തിന്നേണം. അതിന്റെ മാംസം തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കേണം; അതിന്റെ രക്തം ഒരു വസ്ത്രത്തിൽ തെറിച്ചാൽ അതു വീണത് ഒരു വിശുദ്ധസ്ഥലത്തുവച്ചു കഴുകേണം. അതു വേവിച്ച മൺപാത്രം ഉടച്ചുകളയേണം; ചെമ്പുകലത്തിൽ വേവിച്ചു എങ്കിൽ അതു തേച്ചുമഴക്കി വെള്ളംകൊണ്ടു കഴുകേണം. പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; അത് അതിവിശുദ്ധം. എന്നാൽ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിപ്പാൻ സമാഗമനകൂടാരത്തിനകത്തു രക്തം കൊണ്ടുവരുന്ന പാപയാഗത്തെ തിന്നരുത്; അതു തീയിൽ ഇട്ടു ചുട്ടുകളയേണം.

ലേവ്യാപുസ്തകം 6:1-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: സൂക്ഷിക്കാൻ ഏല്പിച്ചതോ പണയം വച്ചതോ ആയ മുതൽ തിരിച്ചു നല്‌കാതിരിക്കുക, കവർച്ച നടത്തി ദ്രോഹിക്കുക, പീഡിപ്പിക്കുക, കാണാതെപോയ വസ്തു കിട്ടിയിട്ടും മിണ്ടാതെ കള്ളസ്സത്യം ചെയ്യുക എന്നിങ്ങനെയുള്ള പ്രവൃത്തികളാൽ അയൽക്കാരനെതിരെ കുറ്റം ചെയ്തു സർവേശ്വരനോട് അവിശ്വസ്തത കാണിക്കുന്നവൻ കുറ്റക്കാരനാണ്. ഇങ്ങനെയുള്ളവൻ പ്രായശ്ചിത്തയാഗം ചെയ്യുന്ന അവസരത്തിൽ, കവർന്നോ ദ്രോഹിച്ചോ പണയമായോ വീണുകിട്ടിയോ അപഹരിച്ചോ കള്ളസ്സത്യം ചെയ്തോ സ്വന്തമാക്കിയ വസ്തുവിന്റെ വില അതിന്റെ അഞ്ചിലൊന്നു ചേർത്ത് ഉടമസ്ഥനു തിരിച്ചുകൊടുക്കണം. അവൻ പ്രായശ്ചിത്തയാഗത്തിനു നിശ്ചിതവില വരുന്ന ഊനമറ്റ ഒരു ആണാടിനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ അവനുവേണ്ടി സർവേശ്വരസന്നിധിയിൽ പ്രായശ്ചിത്തം ചെയ്യുമ്പോൾ അവന്റെ പാപം ക്ഷമിക്കപ്പെടും. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: അഹരോനോടും പുത്രന്മാരോടും പറയുക. ഹോമയാഗത്തെ സംബന്ധിച്ച ചട്ടം ഇതാകുന്നു. ഹോമയാഗവസ്തു യാഗപീഠത്തിന്മേലുള്ള തീക്കുണ്ഡത്തിൽ രാത്രി മുഴുവനും പ്രഭാതംവരെയും വയ്‍ക്കണം. യാഗപീഠത്തിൽ തീ കത്തിക്കൊണ്ടേയിരിക്കണം. പുരോഹിതൻ ലിനൻകൊണ്ടുള്ള കാൽച്ചട്ടയും ഉടുപ്പും ധരിച്ചിരിക്കണം; യാഗവസ്തു ദഹിച്ചുണ്ടായ ചാരം അയാൾ യാഗപീഠത്തിന്റെ ഒരു വശത്ത് ഇടണം. അതിനുശേഷം ഈ വസ്ത്രം മാറി സാധാരണ വസ്ത്രം ധരിച്ചു ചാരം പാളയത്തിനു പുറത്തു കൊണ്ടുപോയി വെടിപ്പുള്ള സ്ഥലത്ത് ഇടണം. യാഗപീഠത്തിലെ അഗ്നി എപ്പോഴും കത്തിക്കൊണ്ടിരിക്കണം. അത് അണയരുത്. പുരോഹിതൻ ദിനംതോറും പ്രഭാതത്തിൽ അതിൽ വിറക് അടുക്കണം. ഹോമയാഗദ്രവ്യം അതിനു മീതെ നിരത്തുകയും അതിനു മുകളിൽ സമാധാനയാഗത്തിനുള്ള മേദസ്സ് ദഹിപ്പിക്കുകയും വേണം. യാഗപീഠത്തിലുള്ള അഗ്നി എപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കണം. അത് അണയാൻ ഇടയാകരുത്. ധാന്യയാഗം സംബന്ധിച്ച നിയമം ഇതാണ്: അഹരോന്റെ പുത്രന്മാർ യാഗപീഠത്തിനു മുമ്പിൽ സർവേശ്വരസന്നിധിയിൽ അത് അർപ്പിക്കണം. ധാന്യയാഗത്തിനു സമർപ്പിച്ച നേരിയ മാവിൽനിന്നും എണ്ണയിൽനിന്നും കൈ നിറച്ചും കുന്തുരുക്കം മുഴുവനും സ്മരണാംശമായി യാഗപീഠത്തിൽ വച്ചു ദഹിപ്പിക്കണം. അതിന്റെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും. ശേഷമുള്ളത് പുളിപ്പിക്കാതെ തിരുസാന്നിധ്യകൂടാരത്തിൽ വച്ചുതന്നെ അഹരോന്യപുരോഹിതന്മാർ ഭക്ഷിക്കണം. പുളിമാവു ചേർത്ത് അതു ചുടരുത്. എനിക്ക് അർപ്പിച്ച ഹോമയാഗത്തിൽനിന്ന് അവരുടെ ഓഹരിയായി ഞാൻ അതു കൊടുത്തിരിക്കുന്നു. അതു പാപപരിഹാരയാഗംപോലെയും പ്രായശ്ചിത്തയാഗംപോലെയും അതിവിശുദ്ധമാണ്. അഹരോന്യവംശത്തിലെ പുരുഷന്മാർക്കെല്ലാം സർവേശ്വരന്റെ ഹോമയാഗത്തിൽനിന്നു ഭക്ഷിക്കാം. തലമുറയായി നിലനില്‌ക്കേണ്ട ശാശ്വതാവകാശമാണിത്. മറ്റുള്ളവർക്കു സ്പർശിക്കാൻ പാടില്ലാത്തവിധം അതു വിശുദ്ധമാണ്. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: അഹരോന്യപുരോഹിതന്മാർ അഭിഷേകദിവസം സർവേശ്വരന് അർപ്പിക്കേണ്ട വഴിപാട് ഇതാകുന്നു. ഒരു ഇടങ്ങഴി നേരിയ മാവു പകുതി വീതം രാവിലെയും വൈകിട്ടും സാധാരണ ധാന്യയാഗംപോലെ അർപ്പിക്കണം. എണ്ണ ചേർത്തു കുഴച്ച് ചട്ടിയിൽ ചുട്ടെടുത്ത അതു കഷണങ്ങളാക്കി ധാന്യയാഗംപോലെ സർവേശ്വരനു പ്രസാദകരമായ സൗരഭ്യമായി അർപ്പിക്കണം. അഹരോന്റെ സ്ഥാനത്ത് അഭിഷേകം ചെയ്യപ്പെടുന്ന അവന്റെ പിൻഗാമികളെല്ലാം ഈ യാഗം അർപ്പിക്കണമെന്നതു ശാശ്വതനിയമമാണ്. അതു മുഴുവൻ ദഹിപ്പിക്കണം. പുരോഹിതൻ അർപ്പിക്കുന്ന ധാന്യയാഗം മുഴുവനും ദഹിപ്പിക്കണം. അത് അല്പംപോലും ഭക്ഷിക്കരുത്. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: പാപപരിഹാരയാഗത്തിനുള്ള നിയമം ഇതാണെന്ന് അഹരോന്യപുരോഹിതന്മാരോടു പറയുക. സർവേശ്വരന്റെ സന്നിധിയിൽ ഹോമയാഗത്തിനുള്ള മൃഗത്തെ അർപ്പിച്ച സ്ഥലത്തു വച്ചുതന്നെ പാപപരിഹാരയാഗത്തിനുള്ള മൃഗത്തെയും അർപ്പിക്കണം. അതിവിശുദ്ധമായ യാഗമാണ് ഇത്. യാഗം അർപ്പിക്കുന്ന പുരോഹിതൻ തിരുസാന്നിധ്യകൂടാരത്തിന്റെ മുറ്റത്ത് വിശുദ്ധസ്ഥലത്തുവച്ചു തന്നെ അതു ഭക്ഷിക്കണം. മറ്റുള്ളവർക്ക് സ്പർശിക്കാൻ പാടില്ലാത്തവിധം ഈ മാംസം വിശുദ്ധമാണ്. അതിന്റെ രക്തം വസ്ത്രത്തിൽ തെറിച്ചു വീണാൽ അതു വിശുദ്ധസ്ഥലത്തു വച്ചുതന്നെ കഴുകണം. മാംസം പാകം ചെയ്തത് മൺപാത്രത്തിലാണെങ്കിൽ അത് ഉടച്ചുകളയണം. ഓട്ടുപാത്രത്തിലാണെങ്കിൽ അതു നന്നായി തേച്ചുരച്ചു കഴുകണം. പുരോഹിതവംശത്തിലെ പുരുഷന്മാർക്കെല്ലാം അതു ഭക്ഷിക്കാം. അത് അതിവിശുദ്ധമാണ്. പാപപരിഹാരത്തിനുള്ള മൃഗത്തിന്റെ രക്തം തിരുസാന്നിധ്യകൂടാരത്തിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ അതിന്റെ മാംസം തിന്നരുത്. അതു മുഴുവൻ ദഹിപ്പിക്കണം.

ലേവ്യാപുസ്തകം 6:1-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: “ഒരുവൻ പാപംചെയ്തു യഹോവയോട് അതിക്രമം പ്രവർത്തിച്ചു തന്‍റെ പക്കൽ ഏല്പിച്ച വസ്തുവിനെയോ പണയം വച്ചതിനെയോ മോഷണകാര്യമോ സംബന്ധിച്ച് കൂട്ടുകാരനോട് വ്യാജം പറയുകയോ കൂട്ടുകാരനോട് വഞ്ചന ചെയ്യുകയോ കാണാതെപോയ വസ്തു കണ്ടിട്ടും അതിനെക്കുറിച്ച് വ്യാജം പറഞ്ഞു മനുഷ്യൻ പാപം ചെയ്യുന്ന ഈ വക വല്ല കാര്യത്തിലും കള്ളസ്സത്യം ചെയ്യുകയോ ചെയ്തിട്ട് അവൻ പാപംചെയ്ത് കുറ്റക്കാരനായാൽ താൻ മോഷ്ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്‍റെ പക്കൽ ഏല്പിച്ചതോ കാണാതെപോയിട്ടു താൻ കണ്ടതോ താൻ കള്ളസ്സത്യം ചെയ്തു എടുത്തതോ ആയതൊക്കെയും മുതലിനോട് അഞ്ചിലൊന്നു കൂട്ടി പകരം കൊടുക്കേണം; അകൃത്യയാഗം കഴിക്കുന്ന നാളിൽ അവൻ അത് ഉടമസ്ഥന് കൊടുക്കേണം. അകൃത്യയാഗത്തിനായിട്ട് അവൻ നിന്‍റെ വിലനിർണ്ണയം പോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ യഹോവയ്ക്ക് അകൃത്യയാഗമായി പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം. പുരോഹിതൻ യഹോവയുടെ സന്നിധിയിൽ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ അകൃത്യമായി ചെയ്തതൊക്കെയും അവനോട് ക്ഷമിക്കും.” യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ അഹരോനോടും അവന്‍റെ പുത്രന്മാരോടും കല്പിക്കേണ്ടത് എന്തെന്നാൽ: ‘ഹോമയാഗത്തിൻ്റെ പ്രമാണമാണിത്: ഹോമയാഗം രാത്രിമുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേൽ ഇരിക്കുകയും യാഗപീഠത്തിലെ തീ അതിൽ കത്തിക്കൊണ്ടിരിക്കുകയും വേണം. പുരോഹിതൻ പഞ്ഞിനൂൽ കൊണ്ടുള്ള അങ്കി ധരിച്ച് പഞ്ഞിനൂൽ കൊണ്ടുള്ള കാൽ ചട്ടയാൽ തന്‍റെ നഗ്നത മറച്ചുകൊണ്ട് യാഗപീഠത്തിന്മേൽ ഹോമയാഗം ദഹിപ്പിച്ചുണ്ടായ ചാരം എടുത്ത് യാഗപീഠത്തിന്‍റെ ഒരു വശത്ത് ഇടേണം. അവൻ വസ്ത്രം മാറി വേറെ വസ്ത്രം ധരിച്ചു പാളയത്തിനു പുറത്തു വൃത്തിയുള്ള ഒരു സ്ഥലത്തു ചാരം കൊണ്ടുപോകേണം. യാഗപീഠത്തിൽ തീ അണഞ്ഞുപോകാതെ കത്തിക്കൊണ്ടിരിക്കേണം; പുരോഹിതൻ ഉഷസ്സുതോറും അതിന്മേൽ വിറകു കത്തിച്ച് ഹോമയാഗം അടുക്കിവച്ച് അതിനുമീതെ സമാധാനയാഗങ്ങളുടെ മേദസ്സു ദഹിപ്പിക്കേണം. യാഗപീഠത്തിന്മേൽ തീ അണഞ്ഞുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കേണം. “ഭോജനയാഗത്തിന്‍റെ പ്രമാണം ഇതാണ്: അഹരോന്‍റെ പുത്രന്മാർ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്‍റെ മുമ്പിൽ അത് അർപ്പിക്കേണം. പുരോഹിതൻ ഭോജനയാഗത്തിന്‍റെ നേരിയ മാവിൽനിന്നും എണ്ണയിൽനിന്നും കൈനിറച്ചും ഭോജനയാഗത്തിന്മേലുള്ള കുന്തുരുക്കം മുഴുവനും എടുത്ത് സ്മരണയായി യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കേണം. അതിന്‍റെ ശേഷിപ്പ് അഹരോനും പുത്രന്മാരും തിന്നേണം; വിശുദ്ധിയുള്ള ഒരു സ്ഥലത്തുവച്ച് അത് പുളിപ്പില്ലാത്തതായി തിന്നേണം; സമാഗമനകൂടാരത്തിന്‍റെ പ്രാകാരത്തിൽവച്ച് അത് തിന്നേണം. അത് പുളിച്ച മാവു കൂട്ടി ചുടരുത്; എന്‍റെ ദഹനയാഗങ്ങളിൽനിന്ന് അത് ഞാൻ അവരുടെ ഓഹരിയായി കൊടുത്തിരിക്കുന്നു; അത് പാപയാഗംപോലെയും അകൃത്യയാഗംപോലെയും അതിവിശുദ്ധം. അഹരോന്‍റെ മക്കളിൽ ആണുങ്ങൾക്ക് അത് തിന്നാം; യഹോവയുടെ ദഹനയാഗങ്ങളിൽ അത് നിങ്ങൾക്ക് തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു; അതിനെ തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കേണം.” യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: “അഹരോൻ അഭിഷിക്തനാകുന്ന ദിവസം അവനും പുത്രന്മാരും യഹോവയ്ക്കു കഴിക്കേണ്ട വഴിപാടാണിത്: ഒരിടങ്ങഴി നേരിയ മാവിൽ പാതി രാവിലെയും പാതി വൈകുന്നേരവും നിരന്തരഭോജനയാഗമായി അർപ്പിക്കേണം. അത് എണ്ണചേർത്ത് ചട്ടിയിൽ ചുടേണം; അത് കുതിർത്ത് അകത്ത് കൊണ്ടുവരേണം; ചുട്ട കഷണങ്ങൾ ഭോജനയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയായി അർപ്പിക്കേണം. അവന്‍റെ പുത്രന്മാരിൽ അവനു പകരം അഭിഷിക്തനാകുന്ന പുരോഹിതനും അത് അർപ്പിക്കേണം; എന്നേക്കുമുള്ള ചട്ടമായി അത് മുഴുവനും യഹോവയ്ക്കു ദഹിപ്പിക്കേണം; പുരോഹിതന്‍റെ ഓരോ ഭോജനയാഗവും മുഴുവനായി ദഹിപ്പിക്കേണം; അത് തിന്നരുത്.” യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടത് എന്തെന്നാൽ: ‘പാപയാഗത്തിന്‍റെ പ്രമാണമാണിത്: ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ചു പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽ അറുക്കേണം; അത് അതിവിശുദ്ധം. പാപത്തിനുവേണ്ടി അത് അർപ്പിക്കുന്ന പുരോഹിതൻ അത് തിന്നേണം; സമാഗമനകൂടാരത്തിന്‍റെ പ്രാകാരത്തിൽ ഒരു വിശുദ്ധസ്ഥലത്തുവച്ച് അത് തിന്നേണം. അതിന്‍റെ മാംസം തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കേണം; അതിന്‍റെ രക്തം ഒരു വസ്ത്രത്തിൽ തെറിച്ചാൽ അത് ഒരു വിശുദ്ധസ്ഥലത്തുവച്ചു കഴുകേണം. അത് വേവിച്ച മൺപാത്രം ഉടച്ചുകളയേണം; ചെമ്പുകലത്തിൽ വേവിച്ചു എങ്കിൽ അത് തേച്ചു വെള്ളംകൊണ്ട് കഴുകേണം. പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അത് തിന്നേണം; അത് അതിവിശുദ്ധം. എന്നാൽ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കുവാൻ സമാഗമനകൂടാരത്തിനകത്തു രക്തം കൊണ്ടുവരുന്ന പാപയാഗമൃഗത്തിൻ്റെ മാംസം തിന്നരുത്; അത് തീയിൽ ഇട്ടു ചുട്ടുകളയേണം.

ലേവ്യാപുസ്തകം 6:1-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: ആരെങ്കിലും പിഴെച്ചു യഹോവയോടു അതിക്രമം ചെയ്തു തന്റെ പക്കൽ ഏല്പിച്ച വസ്തുവിനെയോ പണയം വെച്ചതിനെയോ മോഷണകാര്യത്തെയോ സംബന്ധിച്ചു കൂട്ടുകാരനോടു ഭോഷ്കു പറക എങ്കിലും കൂട്ടുകാരനോടു വഞ്ചന ചെയ്ക എങ്കിലും കണാതെപോയ വസ്തു കണ്ടിട്ടു അതിനെക്കുറിച്ചു ഭോഷ്കു പറഞ്ഞു മനുഷ്യൻ പിഴെക്കുന്ന ഈ വക വല്ല കാര്യത്തിലും കള്ളസ്സത്യം ചെയ്കയെങ്കിലും ചെയ്തിട്ടു അവൻ പിഴെച്ചു കുറ്റക്കാരനായാൽ താൻ മോഷ്ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്റെ പക്കൽ ഏല്പിച്ചതോ കാണാതെപോയിട്ടു താൻ കണ്ടതോ താൻ കള്ളസ്സത്യം ചെയ്തു എടുത്തതോ ആയതൊക്കെയും മുതലോടു അഞ്ചിലൊന്നു കൂട്ടി പകരം കൊടുക്കേണം; അകൃത്യയാഗം കഴിക്കുന്ന നാളിൽ അവൻ അതു ഉടമസ്ഥന്നു കൊടുക്കേണം. അകൃത്യയാഗത്തിന്നായിട്ടു അവൻ നിന്റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ യഹോവെക്കു അകൃത്യയാഗമായി പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം. പുരോഹിതൻ യഹോവയുടെ സന്നിധിയിൽ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ അകൃത്യമായി ചെയ്തതൊക്കെയും അവനോടു ക്ഷമിക്കും. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ അഹരോനോടും പുത്രന്മാരോടും കല്പിക്കേണ്ടതു എന്തെന്നാൽ: ഹോമയാഗത്തിന്റെ പ്രമാണമാവിതു: ഹോമയാഗം രാത്രി മുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേൽ ഇരിക്കയും യാഗപീഠത്തിലെ തീ അതിനാൽ കത്തിക്കൊണ്ടിരിക്കയും വേണം. പുരോഹിതൻ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ചു പഞ്ഞിനൂൽകൊണ്ടുള്ള കാൽ ചട്ടയാൽ തന്റെ നഗ്നത മറെച്ചുകൊണ്ടു യാഗപീഠത്തിന്മേൽ ഹോമയാഗം ദഹിച്ചുണ്ടായ വെണ്ണീർ എടുത്തു യാഗപീഠത്തിന്റെ ഒരു വശത്തു ഇടേണം. അവൻ വസ്ത്രം മാറി വേറെ വസ്ത്രം ധരിച്ചു പാളയത്തിന്നു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെണ്ണീർ കൊണ്ടുപോകേണം. യാഗപീഠത്തിൽ തീ കെട്ടുപോകാതെ കത്തിക്കൊണ്ടിരിക്കേണം; പുരോഹിതൻ ഉഷസ്സുതോറും അതിന്മേൽ വിറകു കത്തിച്ചു ഹോമയാഗം അടുക്കി വെച്ചു അതിൻമീതെ സമാധാനയാഗങ്ങളുടെ മേദസ്സു ദഹിപ്പിക്കേണം. യാഗപീഠത്തിന്മേൽ തീ കെട്ടുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കേണം. ഭോജനയാഗത്തിന്റെ പ്രമാണമാവിതു: അഹരോന്റെ പുത്രന്മാർ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ മുമ്പിൽ അതു അർപ്പിക്കേണം. ഭോജനയാഗത്തിന്റെ നേരിയ മാവിൽനിന്നും എണ്ണയിൽനിന്നും കൈനിറച്ചും ഭോജനയാഗത്തിന്മേലുള്ള കുന്തുരുക്കം മുഴുവനും എടുത്തു നിവേദ്യമായി യാഗപീഠത്തിന്മേൽ യഹോവെക്കു സൗരഭ്യവാസനയായി ദഹിപ്പിക്കേണം. അതിന്റെ ശേഷിപ്പു അഹരോനും പുത്രന്മാരും തിന്നേണം; ഒരു വിശുദ്ധസ്ഥലത്തു വെച്ചു അതു പുളിപ്പില്ലാത്തതായി തിന്നേണം; സമാഗമനകൂടാരത്തിന്റെ പ്രാകാരത്തിൽവെച്ചു അതു തിന്നേണം. അതു പുളിച്ച മാവു കൂട്ടി ചുടരുതു; എന്റെ ദഹനയാഗങ്ങളിൽനിന്നു അതു ഞാൻ അവരുടെ ഓഹരിയായി കൊടുത്തിരിക്കുന്നു; അതു പാപയാഗംപോലെയും അകൃത്യയാഗംപോലെയും അതിവിശുദ്ധം. അഹരോന്റെ മക്കളിൽ ആണുങ്ങൾക്കു ഒക്കെയും അതു തിന്നാം; യഹോവയുടെ ദഹനയാഗങ്ങളിൽ അതു നിങ്ങൾക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു; അതിനെ തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കേണം. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: അഹരോന്നു അഭിഷേകം കഴിയുന്ന ദിവസം അവനും പുത്രന്മാരും യഹോവെക്കു കഴിക്കേണ്ടുന്ന വഴിപാടാവിതു: ഒരു ഇടങ്ങഴി നേരിയ മാവിൽ പാതി രാവിലേയും പാതി വൈകുന്നേരവും നിരന്തരഭോജനയാഗമായി അർപ്പിക്കേണം. അതു എണ്ണ ചേർത്തു ചട്ടിയിൽ ചുടേണം; അതു കുതിർത്തു കൊണ്ടുവരേണം; ചുട്ട കഷണങ്ങൾ ഭോജനയാഗമായി യഹോവെക്കു സൗരഭ്യവാസനയായി അർപ്പിക്കേണം. അവന്റെ പുത്രന്മാരിൽ അവന്നു പകരം അഭിഷേകം പ്രാപിക്കുന്ന പുരോഹിതനും അതു അർപ്പിക്കേണം; എന്നേക്കുമുള്ള ചട്ടമായി അതു മുഴുവനും യഹോവെക്കു ദഹിപ്പിക്കേണം; പുരോഹിതന്റെ ഭോജനയാഗം മുഴുവനും ദഹിപ്പിക്കേണം; അതു തിന്നരുതു. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതു എന്തെന്നാൽ: പാപയാഗത്തിന്റെ പ്രമാണമാവിതു: ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽ അറുക്കേണം; അതു അതിവിശുദ്ധം. പാപത്തിന്നുവേണ്ടി അതു അർപ്പിക്കുന്ന പുരോഹിതൻ അതു തിന്നേണം; സമാഗമനകൂടാരത്തിന്റെ പ്രാകാരത്തിൽ ഒരു വിശുദ്ധസ്ഥലത്തുവെച്ചു അതു തിന്നേണം. അതിന്റെ മാംസം തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കേണം; അതിന്റെ രക്തം ഒരു വസ്ത്രത്തിൽ തെറിച്ചാൽ അതു വീണതു ഒരു വിശുദ്ധസ്ഥലത്തുവെച്ചു കഴുകേണം. അതു വേവിച്ച മൺപാത്രം ഉടെച്ചുകളയേണം; ചെമ്പുകലത്തിൽ വേവിച്ചു എങ്കിൽ അതു തേച്ചു മഴക്കി വെള്ളംകൊണ്ടു കഴുകേണം. പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; അതു അതിവിശുദ്ധം. എന്നാൽ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിപ്പാൻ സാമഗമനകൂടാരത്തിന്നകത്തു രക്തം കൊണ്ടുവരുന്ന പാപയാഗത്തെ തിന്നരുതു; അതു തീയിൽ ഇട്ടു ചുട്ടുകളയേണം.

ലേവ്യാപുസ്തകം 6:1-30 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ മോശയോട് അരുളിച്ചെയ്തു: “ഒരാൾ തന്റെ പക്കൽ സൂക്ഷിക്കാനേൽപ്പിച്ചതോ പണയം നൽകിയതോ മോഷ്ടിച്ചതോ ആയ സാധനം സംബന്ധിച്ചോ കളഞ്ഞുകിട്ടിയതിനെക്കുറിച്ചോ തന്റെ അയൽവാസിയെ വഞ്ചിക്കുകയോ അവരോട് കള്ളം പറയുകയോ വ്യാജമായി ആണയിടുകയോ, ഇങ്ങനെ ഏതെങ്കിലും പ്രവൃത്തിയാൽ പാപംചെയ്ത് യഹോവയോട് അവിശ്വസ്തരായിത്തീർന്നാൽ— ഇത്തരം ഏതെങ്കിലും പാപംചെയ്തിട്ട് അവർക്ക് കുറ്റബോധമുണ്ടാകുമ്പോൾ അയാൾ മോഷ്ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്റെ പക്കൽ ഏൽപ്പിച്ചിരുന്നതോ കളഞ്ഞുകിട്ടിയതോ താൻ വ്യാജമായി ആണയിട്ട് സ്വന്തമാക്കിയതോ ആയ സാധനവും അതിന്റെ വിലയുടെ അഞ്ചിലൊന്നും നഷ്ടപരിഹാരംകൂടി ചേർത്ത് അയാൾ തിരികെക്കൊടുക്കണം. തന്റെ അകൃത്യയാഗം അർപ്പിക്കുന്ന ദിവസംതന്നെ അയാൾ അത് ഉടമസ്ഥനു കൊടുത്തിരിക്കണം. ആ വ്യക്തി അകൃത്യയാഗമായി ആട്ടിൻപറ്റത്തിൽനിന്ന് ഊനമില്ലാത്തതും നിർദിഷ്ട വിലയുള്ളതുമായ ഒരു ആണാടിനെ യഹോവയ്ക്ക് അർപ്പിക്കാൻ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. ഈ വിധത്തിൽ പുരോഹിതൻ ആ മനുഷ്യനുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം. എന്നാൽ അയാൾ ചെയ്ത കുറ്റമൊക്കെയും ക്ഷമിക്കും.” യഹോവ മോശയോട് അരുളിച്ചെയ്തു: “അഹരോനും പുത്രന്മാർക്കും ഈ കൽപ്പന കൊടുക്കുക: ‘ഹോമയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്: ഹോമയാഗം രാത്രിമുഴുവനും രാവിലെവരെ യാഗപീഠത്തിലെ നെരിപ്പോടിലിരിക്കണം; യാഗപീഠത്തിലെ തീ കത്തിക്കൊണ്ടിരിക്കുകയും വേണം. പുരോഹിതൻ പരുത്തിനൂൽവസ്ത്രവും പരുത്തിനൂൽകൊണ്ടുള്ള അടിവസ്ത്രങ്ങളും ധരിച്ചുകൊണ്ട് യാഗപീഠത്തിൽ ഹോമയാഗം ദഹിച്ചുണ്ടാകുന്ന ചാരം എടുത്തു യാഗപീഠത്തിന്റെ ഒരുവശത്തു വെക്കണം. പിന്നെ അദ്ദേഹം ആ വസ്ത്രങ്ങൾ മാറി വേറെ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടു പാളയത്തിനുപുറത്ത് വെടിപ്പുള്ള ഒരു സ്ഥലത്തേക്ക് ആ ചാരം കൊണ്ടുപോകണം. യാഗപീഠത്തിലെ തീ കത്തിക്കൊണ്ടിരിക്കണം; അത് അണഞ്ഞുപോകരുത്. പുരോഹിതൻ പ്രഭാതംതോറും വിറകടുക്കി തീയുടെമേൽ ഹോമയാഗം ക്രമീകരിച്ചു സമാധാനയാഗത്തിന്റെ മേദസ്സ് അതിന്മേൽ ദഹിപ്പിക്കണം. യാഗപീഠത്തിലെ തീ നിരന്തരമായി കത്തിക്കൊണ്ടിരിക്കണം; അത് അണഞ്ഞുപോകരുത്. “ ‘ഭോജനയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്: അഹരോന്റെ പുത്രന്മാർ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിനുമുമ്പിൽ അതു കൊണ്ടുവരണം. പുരോഹിതൻ ഒരുപിടി നേരിയമാവും ഒലിവെണ്ണയും ഭോജനയാഗത്തിനുള്ള കുന്തിരിക്കം മുഴുവനും എടുത്ത്, സ്മാരകഭാഗമായി യാഗപീഠത്തിൽ യഹോവയ്ക്കു ഹൃദ്യസുഗന്ധമായി ദഹിപ്പിക്കണം. അതിൽ ബാക്കിയുള്ളത് അഹരോനും പുത്രന്മാരും ഭക്ഷിക്കണം; എന്നാൽ അതു പുളിപ്പില്ലാത്തതായി വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കണം; അവർ അതു സമാഗമകൂടാരത്തിന്റെ അങ്കണത്തിൽവെച്ചു ഭക്ഷിക്കണം. അതു പുളിപ്പുചേർത്തു ചുടരുത്; എനിക്ക് അർപ്പിച്ച ദഹനയാഗങ്ങളിൽ ഇതു ഞാൻ അവർക്ക് ഓഹരിയായി കൊടുത്തിരിക്കുന്നു. പാപശുദ്ധീകരണയാഗവും അകൃത്യയാഗവുംപോലെതന്നെ ഇത് ഏറ്റവും വിശുദ്ധമാണ്. അഹരോന്റെ മക്കളിൽ ഏതൊരാണിനും ദഹനയാഗങ്ങളിൽനിന്ന് ഭക്ഷിക്കാം. അത് യഹോവയ്ക്ക് അർപ്പിക്കുന്ന യാഗത്തിൽനിന്ന് അദ്ദേഹത്തിനു തലമുറതലമുറയായി എന്നെന്നേക്കുമുള്ള അവകാശമാണ്. അവയെ സ്പർശിക്കുന്നവരെല്ലാം വിശുദ്ധരായിരിക്കും.’ ” യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “അഹരോൻ അഭിഷിക്തനാകുന്ന ദിവസം അദ്ദേഹവും പുത്രന്മാരും യഹോവയ്ക്ക് അർപ്പിക്കേണ്ട വഴിപാട് ഇതാണ്: നിരന്തരം അർപ്പിക്കേണ്ട ഭോജനയാഗത്തിനായി ഒരു ഓമെർ നേരിയമാവ്, പകുതി രാവിലെയും പകുതി വൈകുന്നേരവും അർപ്പിക്കണം അത് എണ്ണചേർത്ത് അപ്പച്ചട്ടിയിൽ പാകംചെയ്യണം; നന്നായി കുഴച്ച് കഷണങ്ങളാക്കി അർപ്പിക്കണം. ഇത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ഭോജനയാഗം. മഹാപുരോഹിതനായി തന്റെ പിൻതുടർച്ചക്കാരനാകേണ്ട പുത്രൻ അതു പാകംചെയ്യണം. അത് യഹോവയ്ക്കു നിത്യമായ ഓഹരി. അതു പൂർണമായി ദഹിപ്പിക്കപ്പെടണം. ഒരു പുരോഹിതന്റെ ഓരോ ഭോജനയാഗവും പൂർണമായി ദഹിപ്പിക്കണം; അതു ഭക്ഷിക്കാൻ അനുവാദമില്ല.” യഹോവ മോശയോട് അരുളിച്ചെയ്തു: “അഹരോനോടും പുത്രന്മാരോടും പറയുക: ‘പാപശുദ്ധീകരണയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്: ഹോമയാഗമൃഗത്തെ അറക്കുന്ന സ്ഥലത്തുവെച്ചു പാപശുദ്ധീകരണയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽ അറക്കണം; അത് ഏറ്റവും വിശുദ്ധമാണ്. അർപ്പിക്കുന്ന പുരോഹിതൻ അതു ഭക്ഷിക്കണം. സമാഗമകൂടാരത്തിന്റെ അങ്കണത്തിൽ, വിശുദ്ധസ്ഥലത്തുവെച്ച് അതു ഭക്ഷിക്കണം. ആ മാംസത്തിൽ സ്പർശിക്കുന്നതെന്തും വിശുദ്ധമായിരിക്കും, ഒരു വസ്ത്രത്തിൽ രക്തം തെറിച്ചാൽ നിങ്ങൾ അതു വിശുദ്ധസ്ഥലത്തുവെച്ചു കഴുകണം. ആ മാംസം പാകംചെയ്ത മൺപാത്രം ഉടച്ചുകളയണം, എന്നാൽ അത് ഓട്ടുപാത്രത്തിലാണു പാകംചെയ്തതെങ്കിൽ, ആ പാത്രം വെള്ളത്തിൽ തേച്ചുകഴുകണം. ഒരു പുരോഹിതന്റെ കുടുംബത്തിലെ ഏതൊരു പുരുഷനും അതു ഭക്ഷിക്കാം; അത് ഏറ്റവും വിശുദ്ധമാണ്. വിശുദ്ധസ്ഥലത്തു പ്രായശ്ചിത്തം കഴിക്കാനായി സമാഗമകൂടാരത്തിൽ രക്തം കൊണ്ടുവരുന്ന പാപശുദ്ധീകരണയാഗം ഭക്ഷിക്കരുത്; അതു ചുട്ടുകളയണം.