ലേവ്യാപുസ്തകം 4:1-21
ലേവ്യാപുസ്തകം 4:1-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ആരെങ്കിലും അബദ്ധവശാൽ പിഴച്ച് ആ വക വല്ലതും ചെയ്താൽ- അഭിഷിക്തനായ പുരോഹിതൻ ജനത്തിന്മേൽ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കിൽ താൻ ചെയ്ത പാപം നിമിത്തം അവൻ യഹോവയ്ക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അർപ്പിക്കേണം. അവൻ ആ കാളയെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു കാളയുടെ തലയിൽ കൈവച്ചു യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കേണം. അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിൽ കൊണ്ടുവരേണം. പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം. പുരോഹിതൻ രക്തം കുറെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലുള്ള സുഗന്ധവർഗത്തിൻ ധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടേണം; കാളയുടെ ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ഉള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം. പാപയാഗത്തിനുള്ള കാളയുടെ സകല മേദസ്സും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകല മേദസ്സും അതിൽനിന്നു നീക്കേണം. മൂത്രപിണ്ഡം രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും അവൻ എടുക്കേണം. സമാധാനയാഗത്തിനുള്ള കാളയിൽനിന്ന് എടുത്തതുപോലെ തന്നെ; പുരോഹിതൻ ഹോമയാഗപീഠത്തിന്മേൽ അതു ദഹിപ്പിക്കേണം. കാളയുടെ തോലും മാംസം മുഴുവനും തലയും കാലുകളും കുടലും ചാണകവുമായി കാളയെ മുഴുവനും അവൻ പാളയത്തിനു പുറത്തു വെണ്ണീർ ഇടുന്ന വെടിപ്പുള്ള സ്ഥലത്തു കൊണ്ടുപോയി വിറകിന്മേൽ വച്ചു തീയിട്ടു ചുട്ടുകളയേണം; വെണ്ണീർ ഇടുന്നേടത്തു വച്ചുതന്നെ അതു ചുട്ടുകളയേണം. യിസ്രായേൽസഭ മുഴുവനും അബദ്ധവശാൽ പിഴയ്ക്കയും ആ കാര്യം സഭയുടെ കണ്ണിനു മറഞ്ഞിരിക്കയും, ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അവർ പാപം ചെയ്തു കുറ്റക്കാരായിത്തീരുകയും ചെയ്താൽ, ചെയ്ത പാപം അവർ അറിയുമ്പോൾ സഭ ഒരു കാളക്കിടാവിനെ പാപയാഗമായി അർപ്പിക്കേണം; സമാഗമനകൂടാരത്തിന്റെ മുമ്പാകെ അതിനെ കൊണ്ടുവന്നിട്ട് സഭയുടെ മൂപ്പന്മാർ യഹോവയുടെ സന്നിധിയിൽ കാളയുടെ തലയിൽ കൈ വയ്ക്കേണം; യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കയും വേണം. അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ സമാഗമനകൂടാരത്തിൽ കൊണ്ടുവരേണം. പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം. അവൻ സമാഗമനകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളിൽ കുറെ പുരട്ടേണം; ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്റെ വാതിൽക്കലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു കളയേണം. അതിന്റെ മേദസ്സൊക്കെയും അവൻ അതിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം. പാപയാഗത്തിനുള്ള കാളയെ അവൻ ചെയ്തതുപോലെ തന്നെ ഈ കാളയെയും ചെയ്യേണം; അങ്ങനെതന്നെ ഇതിനെയും ചെയ്യേണം; ഇങ്ങനെ പുരോഹിതൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവരോടു ക്ഷമിക്കും. പിന്നെ അവൻ കാളയെ പാളയത്തിനു പുറത്തു കൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയേണം; ഇതു സഭയ്ക്കുവേണ്ടിയുള്ള പാപയാഗം.
ലേവ്യാപുസ്തകം 4:1-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽജനതയോടു പറയുക: സർവേശ്വരൻ വിലക്കിയിട്ടുള്ളവയിൽ ഏതെങ്കിലും അറിയാതെ ചെയ്തുപോയാൽ അനുഷ്ഠിക്കേണ്ട ചട്ടങ്ങൾ ഇവയാണ്. അഭിഷിക്തനായ പുരോഹിതനാണു തെറ്റു ചെയ്തു ജനത്തിന്റെമേൽ കുറ്റം വരുത്തി വയ്‍ക്കുന്നതെങ്കിൽ അയാൾ കുറ്റമറ്റ ഒരു കാളക്കുട്ടിയെ പാപപരിഹാരയാഗമായി സർവേശ്വരന് അർപ്പിക്കണം. തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ സർവേശ്വരസന്നിധിയിൽ കാളക്കുട്ടിയെ കൊണ്ടുവന്ന് അതിന്റെ തലയിൽ കൈ വച്ചതിനുശേഷം അവിടെവച്ചു തന്നെ അതിനെ കൊല്ലണം. അഭിഷിക്തപുരോഹിതൻ അതിന്റെ രക്തത്തിൽ കുറെ എടുത്തു തിരുസാന്നിധ്യകൂടാരത്തിനകത്തു കൊണ്ടുവരണം. പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി തിരുസാന്നിധ്യകൂടാരത്തിലെ തിരശ്ശീലയുടെ നേർക്കു ഏഴു പ്രാവശ്യം തളിക്കണം. കുറച്ചു രക്തം കൂടാരത്തിനുള്ളിലുള്ള ധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടിയശേഷം, ശേഷിച്ച രക്തം മുഴുവനും കൂടാരത്തിന്റെ വാതില്‌ക്കൽ യാഗവസ്തുക്കൾ ദഹിപ്പിക്കുന്ന പീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം. പാപപരിഹാരയാഗത്തിനുള്ള കാളയുടെ മേദസ്സു മുഴുവനും എടുക്കണം; കുടലുകൾ പൊതിഞ്ഞുള്ള മേദസ്സും, രണ്ടു വൃക്കകളും, അവയിലും ഇടുപ്പുകളിലുമുള്ള മേദസ്സും കരളിന്റെ മേലുള്ള നെയ്‍വലയും വേർപെടുത്തി എടുക്കണം. സമാധാനയാഗത്തിന് അർപ്പിച്ച കാളക്കുട്ടിയിൽനിന്ന് എടുത്ത മേദസ്സ് ദഹിപ്പിച്ചതുപോലെ പുരോഹിതൻ ഹോമയാഗപീഠത്തിൽ ഈ മേദസ്സും ദഹിപ്പിക്കണം. എന്നാൽ കാളയുടെ തോലും, മാംസം മുഴുവനും, തലയും, കാലുകളും, കുടലും, ചാണകവും അങ്ങനെ കാളക്കുട്ടിയെ മുഴുവനായി പാളയത്തിനു പുറത്തു ചാരം ഇടാനായി വേർതിരിച്ചിട്ടുള്ള വെടിപ്പുള്ള സ്ഥലത്ത് കൊണ്ടുചെന്നു കത്തിക്കൊണ്ടിരിക്കുന്ന വിറകിൽവച്ചു ദഹിപ്പിക്കണം. ഇസ്രായേൽസമൂഹം മുഴുവൻ സർവേശ്വരന്റെ കല്പന മനഃപൂർവമല്ലാതെ ലംഘിച്ചതുമൂലമുണ്ടായ പാപം സഭയുടെ ദൃഷ്‍ടിയിൽപ്പെടാതിരിക്കുകയും അവിടുന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും കാര്യത്തിൽ കുറ്റക്കാരാവുകയും ചെയ്താൽ, ആ തെറ്റ് ബോധ്യപ്പെടുന്ന ഉടനെ അവർ പാപപരിഹാരയാഗമായി കാളക്കുട്ടിയെ തിരുസാന്നിധ്യകൂടാരത്തിൽ കൊണ്ടുവരണം. പിന്നീട് സഭയിലെ പ്രമാണിമാർ സർവേശ്വരന്റെ മുമ്പാകെ തങ്ങളുടെ കൈകൾ അതിന്റെ തലയിൽ വച്ചതിനുശേഷം അവിടെവച്ച് അതിനെ കൊല്ലണം. അഭിഷിക്തപുരോഹിതൻ കാളയുടെ രക്തത്തിൽ കുറെ എടുത്തു തിരുസാന്നിധ്യകൂടാരത്തിലേക്കു കൊണ്ടുവരണം. പുരോഹിതൻ അതിൽ വിരൽ മുക്കി സർവേശ്വരസന്നിധിയിലുള്ള തിരശ്ശീലയുടെ മുമ്പിൽ ഏഴു പ്രാവശ്യം തളിക്കണം. അയാൾ തിരുസാന്നിധ്യകൂടാരത്തിൽ സർവേശ്വരസന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളിൽ രക്തം പുരട്ടണം. ശേഷിച്ച രക്തം മുഴുവനും കൂടാരത്തിന്റെ വാതില്‌ക്കൽ ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം. വേർപെടുത്തിയെടുത്ത മേദസ്സു മുഴുവനും യാഗപീഠത്തിൽവച്ചു ദഹിപ്പിക്കണം. പാപപരിഹാരയാഗത്തിനുള്ള കാളക്കുട്ടിയെ എന്നപോലെതന്നെ പുരോഹിതൻ ഈ കാളക്കുട്ടിയെ അർപ്പിച്ചു ജനത്തിനുവേണ്ടി പാപപരിഹാരം ചെയ്യുമ്പോൾ അവരുടെ കുറ്റം ക്ഷമിക്കപ്പെടും. അതിനുശേഷം പുരോഹിതൻ കാളക്കുട്ടിയെ പാളയത്തിനു പുറത്തുകൊണ്ടുപോയി, തന്റെ പാപത്തിനുവേണ്ടി, ആദ്യത്തെ കാളക്കുട്ടിയെ ദഹിപ്പിച്ചതുപോലെ ഇതിനെയും ദഹിപ്പിക്കണം. ഇതാകുന്നു സമൂഹത്തിന്റെ പാപപരിഹാരത്തിനുവേണ്ടിയുള്ള യാഗം.
ലേവ്യാപുസ്തകം 4:1-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ഒരുവൻ അബദ്ധവശാൽ പാപംചെയ്ത് ആ വക വല്ലതും പ്രവർത്തിച്ചാൽ - അഭിഷിക്തനായ പുരോഹിതൻ ജനത്തിന്മേൽ കുറ്റം വരത്തക്കവണ്ണം പാപംചെയ്തു എങ്കിൽ താൻ ചെയ്ത പാപംനിമിത്തം അവൻ യഹോവയ്ക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അർപ്പിക്കേണം. അവൻ ആ കാളയെ സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു കാളയുടെ തലയിൽ കൈവച്ചു യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കേണം. അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിൽ കൊണ്ടുവരേണം. പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം. പുരോഹിതൻ രക്തം കുറെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലുള്ള സുഗന്ധവർഗ്ഗത്തിൻ ധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടേണം; കാളയുടെ ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ ഉള്ള ഹോമയാഗപീഠത്തിൻ്റെ ചുവട്ടിൽ ഒഴിച്ചുകളയേണം. പാപയാഗത്തിനുള്ള കാളയുടെ സകലമേദസ്സും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും അതിൽനിന്ന് നീക്കേണം. വൃക്ക രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കേണം. സമാധാനയാഗത്തിനുള്ള കാളയിൽനിന്ന് എടുത്തതുപോലെ തന്നെ; പുരോഹിതൻ ഹോമയാഗപീഠത്തിന്മേൽ അത് ദഹിപ്പിക്കേണം. കാളയുടെ തോലും മാംസം മുഴുവനും തലയും കാലുകളും കുടലും ചാണകവുമായി കാളയെ മുഴുവനും അവൻ പാളയത്തിനു പുറത്തു ചാരം ഇടുന്ന ശുദ്ധിയുള്ള സ്ഥലത്തുകൊണ്ടുപോയി വിറകിന്മേൽ വച്ചു തീയിട്ടു ചുട്ടുകളയേണം; ചാരം ഇടുന്നിടത്തുവച്ചുതന്നെ അത് ചുട്ടുകളയേണം. “യിസ്രായേൽസഭ മുഴുവനും അബദ്ധവശാൽ പാപംചെയ്യുകയും ആ കാര്യം സഭയുടെ കണ്ണിന് മറഞ്ഞിരിക്കുകയും, ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അവർ പാപംചെയ്തു കുറ്റക്കാരായി തീരുകയും ചെയ്താൽ, ചെയ്ത പാപം അവർ അറിയുമ്പോൾ സഭ ഒരു കാളക്കിടാവിനെ പാപയാഗമായി അർപ്പിക്കേണം; സമാഗമനകൂടാരത്തിന്റെ മുമ്പാകെ അതിനെ കൊണ്ടുവന്നിട്ട് സഭയുടെ മൂപ്പന്മാർ യഹോവയുടെ സന്നിധിയിൽ കാളയുടെ തലയിൽ കൈ വയ്ക്കേണം; യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കുകയും വേണം. അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ സമാഗമനകൂടാരത്തിൽ കൊണ്ടുവരേണം. പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം. അവൻ സമാഗമനകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളിൽ രക്തം കുറെ പുരട്ടേണം; ശേഷിച്ച രക്തം മുഴുവനും സമാഗമനകൂടാരത്തിന്‍റെ വാതില്‍ക്കലുള്ള ഹോമയാഗപീഠത്തിൻ്റെ ചുവട്ടിൽ ഒഴിച്ചുകളയേണം. കാളക്കിടാവിൻ്റെ മേദസ്സൊക്കെയും അഭിഷിക്തനായ പുരോഹിതൻ അതിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം. പാപയാഗത്തിനുള്ള കാളയെ, അഭിഷിക്തനായ പുരോഹിതൻ ചെയ്തതുപോലെ തന്നെ ഈ കാളയെയും ചെയ്യേണം; അങ്ങനെ തന്നെ ഇതിനെയും ചെയ്യേണം; ഇങ്ങനെ പുരോഹിതൻ യിസ്രായേൽസഭയ്ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് സഭയോട് ക്ഷമിക്കും. പിന്നെ അവൻ കാളയെ പാളയത്തിനു പുറത്തുകൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയേണം; ഇതു സഭയ്ക്കുവേണ്ടിയുള്ള പാപയാഗം.
ലേവ്യാപുസ്തകം 4:1-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ആരെങ്കിലും അബദ്ധവശാൽ പിഴെച്ചു ആ വക വല്ലതും ചെയ്താൽ - അഭിഷിക്തനായ പുരോഹിതൻ ജനത്തിന്മേൽ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കിൽ താൻ ചെയ്ത പാപം നിമിത്തം അവൻ യഹോവെക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അർപ്പിക്കേണം. അവൻ ആ കാളയെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു കാളയുടെ തലയിൽ കൈവെച്ചു യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കേണം. അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിൽ കൊണ്ടുവരേണം. പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലെക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം. പുരോഹിതൻ രക്തം കുറെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലുള്ള സുഗന്ധവർഗ്ഗത്തിൻ ധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടേണം; കാളയുടെ ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ഉള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം. പാപയാഗത്തിന്നുള്ള കാളയുടെ സകലമേദസ്സും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും അതിൽനിന്നു നീക്കേണം. മൂത്രപിണ്ഡം രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും അവൻ എടുക്കേണം. സമാധാനയാഗത്തിന്നുള്ള കാളയിൽനിന്നു എടുത്തതുപോലെ തന്നേ; പുരോഹിതൻ ഹോമയാഗപീഠത്തിന്മേൽ അതു ദഹിപ്പിക്കേണം. കാളയുടെ തോലും മാംസം മുഴുവനും തലയും കാലുകളും കുടലും ചാണകവുമായി കാളയെ മുഴുവനും അവൻ പാളയത്തിന്നു പുറത്തു വെണ്ണീർ ഇടുന്ന വെടിപ്പുള്ള സ്ഥലത്തു കൊണ്ടുപോയി വിറകിന്മേൽ വെച്ചു തീയിട്ടു ചുട്ടുകളയേണം; വെണ്ണീർ ഇടുന്നേടത്തു വെച്ചുതന്നേ അതു ചുട്ടുകളയേണം. യിസ്രായേൽസഭ മുഴുവനും അബദ്ധവശാൽ പിഴെക്കയും ആ കാര്യം സഭയുടെ കണ്ണിന്നു മറഞ്ഞിരിക്കയും, ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അവർ പാപം ചെയ്തു കുറ്റക്കാരായി തീരുകയും ചെയ്താൽ, ചെയ്ത പാപം അവർ അറിയുമ്പോൾ സഭ ഒരു കാളക്കിടാവിനെ പാപയാഗമായി അർപ്പിക്കേണം; സമാഗമനകൂടാരത്തിന്റെ മുമ്പാകെ അതിനെ കൊണ്ടുവന്നിട്ടു സഭയുടെ മൂപ്പന്മാർ യഹോവയുടെ സന്നിധിയിൽ കാളയുടെ തലയിൽ കൈ വെക്കേണം; യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കയും വേണം. അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ സമാഗമനകൂടാരത്തിൽ കൊണ്ടുവരേണം. പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലെക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം. അവൻ സമാഗമനകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളിൽ കുറെ പുരട്ടേണം; ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്റെ വാതിൽക്കലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം. അതിന്റെ മേദസ്സു ഒക്കെയും അവൻ അതിൽനിന്നു എടുത്തു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം. പാപയാഗത്തിന്നുള്ള കാളയെ അവൻ ചെയ്തതുപോലെ തന്നേ ഈ കാളയെയും ചെയ്യേണം; അങ്ങനെ തന്നേ ഇതിനെയും ചെയ്യേണം; ഇങ്ങനെ പുരോഹിതൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവരോടു ക്ഷമിക്കും. പിന്നെ അവൻ കാളയെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയേണം; ഇതു സഭെക്കുവേണ്ടിയുള്ള പാപയാഗം.
ലേവ്യാപുസ്തകം 4:1-21 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ വീണ്ടും മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽമക്കളോടു പറയുക: ‘ആരെങ്കിലും മനഃപൂർവമല്ലാതെ പാപംചെയ്തു യഹോവയുടെ കൽപ്പനയിൽ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും ലംഘിച്ചാൽ— “ ‘മഹാപുരോഹിതൻ സകലജനത്തിന്മേലും കുറ്റം വരത്തക്കവിധം പാപംചെയ്യുന്നെങ്കിൽ, താൻ ചെയ്ത പാപംനിമിത്തം യഹോവയ്ക്ക് ഊനമില്ലാത്ത ഒരു കാളക്കിടാവിനെ പാപശുദ്ധീകരണയാഗമായി അർപ്പിക്കണം. അദ്ദേഹം ആ കാളയെ സമാഗമകൂടാരത്തിന്റെ കവാടത്തിൽ യഹോവയുടെമുമ്പാകെ കൊണ്ടുവരണം. അദ്ദേഹം അതിന്റെ തലയിൽ കൈവെക്കുകയും യഹോവയുടെമുമ്പാകെ അതിനെ അറക്കുകയും വേണം. ഇതിനുശേഷം മഹാപുരോഹിതൻ കാളക്കിടാവിന്റെ കുറെ രക്തം എടുത്തു സമാഗമകൂടാരത്തിനകത്തു കൊണ്ടുവരണം. അദ്ദേഹം രക്തത്തിൽ വിരൽ മുക്കി വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലയ്ക്കുമുമ്പിൽ യഹോവയുടെ സന്നിധിയിൽ ഏഴുപ്രാവശ്യം തളിക്കണം. പുരോഹിതൻ പിന്നെ കുറെ രക്തം യഹോവയുടെ സന്നിധിയിൽ സമാഗമകൂടാരത്തിലുള്ള സുഗന്ധധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം. അദ്ദേഹം കാളയുടെ ശേഷിച്ചരക്തം സമാഗമകൂടാരത്തിന്റെ കവാടത്തിലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം. പാപശുദ്ധീകരണയാഗമായ കാളയുടെ മേദസ്സു മുഴുവനും—അതിന്റെ ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സു മുഴുവനും, വൃക്കകൾ രണ്ടും അവയുടെമേൽ അരക്കെട്ടിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും അദ്ദേഹം നീക്കംചെയ്യണം— സമാധാനയാഗമായി അർപ്പിച്ച കാളയുടെ മേദസ്സു നീക്കിയതുപോലെതന്നെ നീക്കണം. ഇതിനുശേഷം പുരോഹിതൻ അവയെ ഹോമയാഗപീഠത്തിന്മേൽ ദഹിപ്പിക്കണം. എന്നാൽ കാളയുടെ തുകലും അതിന്റെ മാംസം മുഴുവനും തലയും കാലുകളും ആന്തരികാവയവങ്ങളും ചാണകവും ഇങ്ങനെ കാളയുടെ ബാക്കിഭാഗം മുഴുവനും അദ്ദേഹം പാളയത്തിനുപുറത്തു കൊണ്ടുപോയി ചാരം ഇടുന്ന, വെടിപ്പുള്ള ഒരു സ്ഥലത്ത് ചാരത്തിന്മേൽവെച്ച് വിറകിനു തീയിട്ടു ചുട്ടുകളയണം. “ ‘ഇസ്രായേൽസഭ മുഴുവൻ മനഃപൂർവമല്ലാതെ പാപംചെയ്ത് യഹോവ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള കൽപ്പനകൾ ഏതെങ്കിലും ലംഘിച്ചാലും ആ സംഗതി സഭ അറിയാതിരുന്നാലും അവർ കുറ്റക്കാരാണ്. അവർ ചെയ്ത പാപം അവർ അറിയുമ്പോൾ സഭ ഒരു കാളക്കിടാവിനെ പാപശുദ്ധീകരണയാഗമായി സമാഗമകൂടാരത്തിനുമുമ്പിൽ കൊണ്ടുവരണം. ഇസ്രായേല്യ തലവന്മാർ യഹോവയുടെ സന്നിധിയിൽ കാളയുടെ തലമേൽ അവരുടെ കൈവെക്കണം; യഹോവയുടെ സന്നിധിയിൽ കാളയെ അറക്കണം. എന്നിട്ട് മഹാപുരോഹിതൻ കാളയുടെ കുറെ രക്തം സമാഗമകൂടാരത്തിൽ കൊണ്ടുവരണം. പുരോഹിതൻ വിരൽ രക്തത്തിൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലയ്ക്കുമുമ്പിൽ ഏഴുപ്രാവശ്യം തളിക്കണം. അദ്ദേഹം സമാഗമകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിന്റെ കൊമ്പുകളിൽ കുറെ രക്തം പുരട്ടണം. ശേഷിച്ചരക്തം മുഴുവനും സമാഗമകൂടാരത്തിന്റെ കവാടത്തിലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം. അദ്ദേഹം അതിന്റെ മേദസ്സു മുഴുവനും അതിൽനിന്നും എടുത്തു യാഗപീഠത്തിൽ ദഹിപ്പിക്കണം. പാപശുദ്ധീകരണയാഗത്തിനുള്ള കാളയെക്കൊണ്ടു ചെയ്തതുപോലെതന്നെ അദ്ദേഹം ഈ കാളയെക്കൊണ്ടും ചെയ്യണം. ഈ വിധത്തിൽ പുരോഹിതൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവരോടു ക്ഷമിക്കും. പിന്നീട് അദ്ദേഹം കാളയെ പാളയത്തിനുപുറത്തു കൊണ്ടുപോയി ആദ്യത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ അതിനെയും ചുട്ടുകളയണം. ഇതു സഭയ്ക്കുവേണ്ടിയുള്ള പാപശുദ്ധീകരണയാഗം.