ലേവ്യാപുസ്തകം 24:1-23
ലേവ്യാപുസ്തകം 24:1-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: ദീപങ്ങൾ നിത്യം കത്തിക്കൊണ്ടിരിക്കേണ്ടതിന് യിസ്രായേൽമക്കൾ നിലവിളക്കിന് ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരേണമെന്ന് അവരോടു കല്പിക്ക. സമാഗമനകൂടാരത്തിൽ സാക്ഷ്യത്തിന്റെ തിരശ്ശീലയ്ക്കു പുറത്തു വൈകുന്നേരംമുതൽ രാവിലെവരെ കത്തേണ്ടതിന് അഹരോൻ അത് യഹോവയുടെ സന്നിധിയിൽ നിത്യം ഒരുക്കിവയ്ക്കേണം; ഇത് തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആകുന്നു. അവൻ നിത്യവും യഹോവയുടെ സന്നിധിയിൽ തങ്കനിലവിളക്കിന്മേൽ ദീപങ്ങൾ ഒരുക്കിവയ്ക്കേണം. നീ നേരിയ മാവ് എടുത്ത് അതുകൊണ്ടു പന്ത്രണ്ടു ദോശ ചുടേണം; ഓരോ ദോശ രണ്ടിടങ്ങഴി മാവുകൊണ്ട് ആയിരിക്കേണം. അവയെ യഹോവയുടെ സന്നിധിയിൽ തങ്കമേശമേൽ രണ്ട് അടുക്കായിട്ട് ഓരോ അടുക്കിൽ ആറാറു വീതം വയ്ക്കേണം. ഓരോ അടുക്കിന്മേൽ നിർമ്മലമായ കുന്തുരുക്കം വയ്ക്കേണം; അത് അപ്പത്തിന്മേൽ നിവേദ്യമായി യഹോവയ്ക്കു ദഹനയാഗമായിരിക്കേണം. അവൻ അതു നിത്യനിയമമായിട്ടു യിസ്രായേൽമക്കളോടു വാങ്ങി ശബ്ബത്തുതോറും യഹോവയുടെ സന്നിധിയിൽ നിരന്തരമായി അടുക്കിവയ്ക്കേണം. അത് അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കേണം; അവർ അത് ഒരു വിശുദ്ധസ്ഥലത്തു വച്ച് തിന്നേണം; അത് അവനു ശാശ്വതാവകാശമായി യഹോവയുടെ ദഹനയാഗങ്ങളിൽ അതിവിശുദ്ധം ആകുന്നു. അനന്തരം ഒരു യിസ്രായേല്യസ്ത്രീയുടെയും ഒരു മിസ്രയീമ്യന്റെയും മകനായ ഒരുത്തൻ യിസ്രായേൽമക്കളുടെ മധ്യേ പുറപ്പെട്ടു; യിസ്രായേല്യസ്ത്രീയുടെ ഈ മകനും ഒരു യിസ്രായേല്യനും തമ്മിൽ പാളയത്തിൽവച്ചു ശണ്ഠയിട്ടു. യിസ്രായേല്യസ്ത്രീയുടെ മകൻ തിരുനാമം ദുഷിച്ചു ശപിച്ചു; അതുകൊണ്ട് അവർ അവനെ മോശെയുടെ അടുക്കൽ കൊണ്ടുവന്നു; അവന്റെ അമ്മയ്ക്കു ശെലോമീത്ത് എന്നു പേർ. അവൾ ദാൻഗോത്രത്തിൽ ദിബ്രി എന്നൊരുവന്റെ മകൾ ആയിരുന്നു. യഹോവയുടെ അരുളപ്പാട് കിട്ടേണ്ടതിന് അവർ അവനെ തടവിൽവച്ചു. അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്: ശപിച്ചവനെ പാളയത്തിനു പുറത്തു കൊണ്ടുപോക; കേട്ടവർ എല്ലാവരും അവന്റെ തലയിൽ കൈ വച്ചശേഷം സഭയൊക്കെയും അവനെ കല്ലെറിഞ്ഞു കൊല്ലേണം. എന്നാൽ യിസ്രായേൽമക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാൽ അവൻ തന്റെ പാപം വഹിക്കും. യഹോവയുടെ നാമം ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടെ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം. മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം. മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിനു പകരം മൃഗത്തെ കൊടുക്കേണം. ഒരുത്തൻ കൂട്ടുകാരനു കേടുവരുത്തിയാൽ അവൻ ചെയ്തതുപോലെതന്നെ അവനോടും ചെയ്യേണം. ഒടിവിനു പകരം ഒടിവ്, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്; ഇങ്ങനെ അവൻ മറ്റവനു കേടുവരുത്തിയതുപോലെതന്നെ അവനും വരുത്തേണം. മൃഗത്തെ കൊല്ലുന്നവൻ അതിനു പകരം കൊടുക്കേണം; മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം. നിങ്ങൾക്കു പരദേശിക്കും സ്വദേശിക്കും ഒരു പ്രമാണംതന്നെ ആയിരിക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. ദുഷിച്ചവനെ പാളയത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിയേണമെന്നു മോശെ യിസ്രായേൽമക്കളോടു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു.
ലേവ്യാപുസ്തകം 24:1-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ദീപം നിരന്തരം കത്തിക്കൊണ്ടിരിക്കാൻ ഒലിവിൽനിന്ന് ഇടിച്ചെടുത്ത ശുദ്ധമായ ഒലിവെണ്ണ കൊണ്ടുവരാൻ ജനത്തോടു കല്പിക്കുക. തിരുസാന്നിധ്യകൂടാരത്തിൽ സാക്ഷ്യപെട്ടകം മറയ്‍ക്കുന്ന തിരശ്ശീലയ്‍ക്കു പുറത്തു സൂര്യാസ്തമയംമുതൽ പ്രഭാതംവരെ തുടർച്ചയായി അഹരോൻ അത് ഒരുക്കിവയ്‍ക്കണം. നിങ്ങളുടെ തലമുറകൾ എന്നും അനുഷ്ഠിക്കേണ്ട ചട്ടമാണിത്. സർവേശ്വരന്റെ സന്നിധിയിൽ പൊൻതണ്ടിന്മേൽ അഹരോൻ നിരന്തരം ദീപം തെളിക്കണം. നേരിയ മാവുകൊണ്ട് പന്ത്രണ്ട് അപ്പം ചുടണം. രണ്ടിടങ്ങഴി മാവുകൊണ്ടുള്ളതായിരിക്കണം ഓരോ അപ്പവും. ആറ് അപ്പം വീതമുള്ള രണ്ട് അടുക്കായി അവ തിരുസാന്നിധ്യകൂടാരത്തിലുള്ള പൊൻപീഠത്തിൽ വയ്‍ക്കണം. ഓരോ അടുക്കിന്മേലും ശുദ്ധമായ കുന്തുരുക്കം വിതറണം. സർവേശ്വരനു ദഹനയാഗമായി അപ്പം അർപ്പിക്കുന്നതിനെ ഇതു സൂചിപ്പിക്കുന്നു. ഓരോ ശബത്തിലും ഇസ്രായേൽജനത്തിൽനിന്ന് അപ്പം വാങ്ങി സർവേശ്വരന്റെ സന്നിധിയിൽ അഹരോൻ അടുക്കിവയ്‍ക്കണം. ഇതു ശാശ്വതനിയമമാകുന്നു. അപ്പം അഹരോനും പുത്രന്മാർക്കുമുള്ളതാണ്. സർവേശ്വരനു ദഹനയാഗമായി അർപ്പിച്ചതിന്റെ ഓഹരിയായതിനാൽ അത് അതിവിശുദ്ധമാകുന്നു; അവ വിശുദ്ധസ്ഥലത്തു വച്ചു തന്നെ ഭക്ഷിക്കണം; അത് അവർക്കുള്ള സ്ഥിരാവകാശമാണ്. ഈജിപ്തുകാരനായ ഒരുവന് ഇസ്രായേല്യസ്‍ത്രീയിൽ ജനിച്ച മകനും ഒരു ഇസ്രായേൽക്കാരനുമായി ഒരിക്കൽ പാളയത്തിൽവച്ചു വഴക്കുണ്ടായി. അവൻ സർവേശ്വരന്റെ നാമത്തെ ദുഷിക്കുകയും ശപിക്കുകയും ചെയ്തു. ജനം അവനെ മോശയുടെ മുമ്പിൽ കൊണ്ടുവന്നു. ദാൻഗോത്രത്തിൽപ്പെട്ട ദിബ്രിയുടെ പുത്രിയായ ശെലോമീത്തായിരുന്നു അവന്റെ അമ്മ. സർവേശ്വരന്റെ ഹിതം വെളിപ്പെടുംവരെ അവർ അവനെ തടവിൽ വച്ചു. ദൈവം മോശയോട് അരുളിച്ചെയ്തു: “ദൈവനാമം ദുഷിച്ചവനെ പാളയത്തിനു പുറത്തു കൊണ്ടുപോകുക. അവൻ പറഞ്ഞതു കേട്ടവരെല്ലാം അവന്റെ തലയിൽ കൈ വച്ചശേഷം ജനം അവനെ കല്ലെറിയട്ടെ. ഇസ്രായേൽജനത്തോടു പറയുക, ദൈവത്തെ ദുഷിക്കുന്നവൻ തന്റെ കുറ്റത്തിനുള്ള ശിക്ഷ അനുഭവിക്കണം. സർവേശ്വരന്റെ നാമത്തെ ദുഷിക്കുന്നവൻ വധിക്കപ്പെടുകതന്നെ വേണം. സമൂഹം ഒന്നുചേർന്ന് അവനെ തീർച്ചയായും കല്ലെറിയണം. സർവേശ്വരനാമം ദുഷിക്കുന്നവൻ സ്വദേശിയോ പരദേശിയോ ആകട്ടെ, വധശിക്ഷ നല്‌കണം. കൊലപാതകി വധിക്കപ്പെടണം. അന്യന്റെ മൃഗത്തെ കൊല്ലുന്നവൻ പകരം മൃഗത്തെ കൊടുക്കണം. ജീവനു പകരം ജീവൻ. അയൽക്കാരന് അംഗഭംഗം വരുത്തുന്നവനോട് അതേ വിധം പകരം ചെയ്യണം. ഒടിവിന് ഒടിവ്, കണ്ണിനു കണ്ണ്, പല്ലിന് പല്ല് ഇങ്ങനെ അംഗഭംഗം വരുത്തിയതിന് അതുതന്നെ പകരം ചെയ്യണം. മൃഗത്തെ കൊന്നാൽ പകരം മൃഗത്തെ കൊടുത്താൽ മതി. എന്നാൽ മനുഷ്യനെ കൊല്ലുന്നവൻ വധശിക്ഷ അനുഭവിക്കണം. സ്വദേശിയും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും പാലിക്കേണ്ട നിയമം ഒന്നുതന്നെ. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. തിരുനാമം ദുഷിച്ചവനെ പാളയത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലാൻ മോശ ഇസ്രായേൽജനത്തോട് ആജ്ഞാപിച്ചു. അവിടുന്നു മോശയോടു കല്പിച്ചതുപോലെ അവർ പ്രവർത്തിച്ചു.
ലേവ്യാപുസ്തകം 24:1-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: “ദീപങ്ങൾ നിത്യം കത്തിക്കൊണ്ടിരിക്കേണ്ടതിന് യിസ്രായേൽ മക്കൾ നിലവിളക്കിന് ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരണമെന്ന് അവരോടു കല്പിക്കുക. സമാഗമനകൂടാരത്തിൽ സാക്ഷ്യത്തിൻ്റെ തിരശ്ശീലയ്ക്കു പുറത്തു വൈകുന്നേരംമുതൽ രാവിലെവരെ കത്തേണ്ടതിന് അഹരോൻ അത് യഹോവയുടെ സന്നിധിയിൽ നിത്യം ഒരുക്കിവയ്ക്കേണം; ഇത് തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള നിയമം ആകുന്നു. അവൻ നിത്യവും യഹോവയുടെ സന്നിധിയിൽ തങ്കനിലവിളക്കിന്മേൽ ദീപങ്ങൾ ഒരുക്കിവയ്ക്കേണം. “നീ നേരിയ മാവ് എടുത്ത് അതുകൊണ്ട് പന്ത്രണ്ടു ദോശ ചുടേണം; ഓരോ ദോശ രണ്ടിടങ്ങഴി മാവുകൊണ്ട് ആയിരിക്കേണം. അവയെ യഹോവയുടെ സന്നിധിയിൽ തങ്കമേശമേൽ രണ്ടു അടുക്കായിട്ട് ഓരോ അടുക്കിൽ ആറുവീതം വയ്ക്കേണം. ഓരോ അടുക്കിന്മേൽ നിർമ്മലമായ കുന്തുരുക്കം വയ്ക്കേണം; അത് അപ്പത്തിന്മേൽ നിവേദ്യമായി യഹോവയ്ക്കു ദഹനയാഗമായിരിക്കണം. അവൻ അത് നിത്യനിയമമായിട്ടു യിസ്രായേൽ മക്കളോടു വാങ്ങി ശബ്ബത്തുതോറും യഹോവയുടെ സന്നിധിയിൽ നിരന്തരമായി അടുക്കിവയ്ക്കേണം. അത് അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കേണം; അവർ അത് ഒരു വിശുദ്ധസ്ഥലത്തുവച്ച് ഭക്ഷിക്കേണം; അത് അവനു ശാശ്വതാവകാശമായി യഹോവയുടെ ദഹനയാഗങ്ങളിൽ അതിവിശുദ്ധം ആകുന്നു.” അനന്തരം ഒരു യിസ്രായേല്യസ്ത്രീയുടെയും ഒരു മിസ്രയീമ്യൻ്റെയും മകനായ ഒരുവൻ യിസ്രായേൽ മക്കളുടെ മദ്ധ്യേ ചെന്നു; യിസ്രായേല്യസ്ത്രീയുടെ ഈ മകനും ഒരു യിസ്രായേല്യേനും തമ്മിൽ പാളയത്തിൽവച്ചു ശണ്ഠകൂടി. യിസ്രായേല്യസ്ത്രീയുടെ മകൻ തിരുനാമം ദുഷിച്ചു ശപിച്ചു; അതുകൊണ്ട് അവർ അവനെ മോശെയുടെ അടുക്കൽ കൊണ്ടുവന്നു; അവന്‍റെ അമ്മയ്ക്ക് ശെലോമീത്ത് എന്നു പേര്. അവൾ ദാൻഗോത്രത്തിൽ ദിബ്രി എന്നൊരുവൻ്റെ മകളായിരുന്നു. യഹോവയുടെ അരുളപ്പാടു കിട്ടേണ്ടതിന് അവർ അവനെ തടവിൽവച്ചു. അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്: “ശപിച്ചവനെ പാളയത്തിനു പുറത്തു കൊണ്ടുപോകുക; കേട്ടവർ എല്ലാവരും അവന്റെ തലയിൽ കൈവച്ചശേഷം സഭയൊക്കെയും അവനെ കല്ലെറിഞ്ഞു കൊല്ലേണം. എന്നാൽ യിസ്രായേൽ മക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ‘ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാൽ അവൻ തന്റെ പാപം വഹിക്കും. യഹോവയുടെ നാമം ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടെ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം. ”മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം. ”മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിനു പകരം മൃഗത്തെ കൊടുക്കേണം. ”ഒരുവൻ കൂട്ടുകാരനു കേട് വരുത്തിയാൽ അവൻ ചെയ്തതുപോലെ തന്നെ അവനോട് ചെയ്യേണം. ഒടിവിനു പകരം ഒടിവ്, കണ്ണിന് പകരം കണ്ണ്, പല്ലിനു പകരം പല്ല്; ഇങ്ങനെ അവൻ മറ്റേയാളിനു കേടുവരുത്തിയതുപോലെതന്നെ അവനും വരുത്തേണം. ”മൃഗത്തെ കൊല്ലുന്നവൻ അതിന് പകരം കൊടുക്കേണം; എന്നാൽ മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം. ”നിങ്ങൾക്ക് പരദേശിക്കും സ്വദേശിക്കും ഒരു പ്രമാണം തന്നെ ആയിരിക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.” ദുഷിച്ചവനെ പാളയത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിയണമെന്നു മോശെ യിസ്രായേൽ മക്കളോടു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ ചെയ്തു.
ലേവ്യാപുസ്തകം 24:1-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: ദീപങ്ങൾ നിത്യം കത്തിക്കൊണ്ടിരിക്കേണ്ടതിന്നു യിസ്രായേൽമക്കൾ നിലവിളക്കിന്നു ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരേണമെന്നു അവരോടു കല്പിക്ക. സാമാഗമനകൂടാരത്തിൽ സാക്ഷ്യത്തിന്റെ തിരശ്ശീലെക്കു പുറത്തു വൈകുന്നേരംമുതൽ രാവിലെവരെ കത്തേണ്ടതിന്നു അഹരോൻ അതു യഹോവയുടെ സന്നിധിയിൽ നിത്യം ഒരുക്കിവെക്കേണം; ഇതു തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആകുന്നു. അവൻ നിത്യവും യഹോവയുടെ സന്നിധിയിൽ തങ്കനിലവിളക്കിന്മേൽ ദീപങ്ങൾ ഒരുക്കിവെക്കേണം. നീ നേരിയ മാവു എടുത്തു അതുകൊണ്ടു പന്ത്രണ്ടു ദോശ ചുടേണം; ഓരോ ദോശ രണ്ടിടങ്ങഴി മാവുകൊണ്ടു ആയിരിക്കേണം. അവയെ യഹോവയുടെ സന്നിധിയിൽ തങ്കമേശമേൽ രണ്ടു അടുക്കായിട്ടു ഓരോ അടുക്കിൽ ആറാറുവീതം വെക്കേണം. ഓരോ അടുക്കിന്മേൽ നിർമ്മലമായ കുന്തുരുക്കം വെക്കേണം; അതു അപ്പത്തിന്മേൽ നിവേദ്യമായി യഹോവെക്കു ദഹനയാഗമായിരിക്കേണം. അവൻ അതു നിത്യനിയമമായിട്ടു യിസ്രായേൽമക്കളോടു വാങ്ങി ശബ്ബത്തുതോറും യഹോവയുടെ സന്നിധിയിൽ നിരന്തരമായി അടുക്കിവെക്കേണം. അതു അഹരോന്നും പുത്രന്മാർക്കും ഉള്ളതായിരിക്കേണം; അവർ അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു തിന്നേണം; അതു അവന്നു ശാശ്വതാവകാശമായി യഹോവയുടെ ദഹനയാഗങ്ങളിൽ അതിവിശുദ്ധം ആകുന്നു. അനന്തരം ഒരു യിസ്രായേല്യസ്ത്രീയുടെയും ഒരു മിസ്രയീമ്യന്റെയും മകനായ ഒരുത്തൻ യിസ്രായേൽമക്കളുടെ മദ്ധ്യേ പുറപ്പെട്ടു; യിസ്രായേല്യസ്ത്രീയുടെ ഈ മകനും ഒരു യിസ്രാല്യേനും തമ്മിൽ പാളയത്തിൽവെച്ചു ശണ്ഠയിട്ടു. യിസ്രയേല്യസ്ത്രീയുടെ മകൻ തിരുനാമം ദുഷിച്ചു ശപിച്ചു; അതുകൊണ്ടു അവർ അവനെ മോശെയുടെ അടുക്കൽ കൊണ്ടു വന്നു; അവന്റെ അമ്മെക്കു ശെലോമീത്ത് എന്നു പേർ. അവൾ ദാൻഗോത്രത്തിൽ ദിബ്രി എന്നൊരുവന്റെ മകളായിരുന്നു. യഹോവയുടെ അരുളപ്പാടു കിട്ടേണ്ടതിന്നു അവർ അവനെ തടവിൽ വെച്ചു. അപ്പോൾ യഹോവ മോശെയോടു അരുളിച്ചെയ്തതു: ശപിച്ചവനെ പാളയത്തിന്നു പുറത്തു കൊണ്ടുപോക; കേട്ടവർ എല്ലാവരും അവന്റെ തലയിൽ കൈവെച്ചശേഷം സഭയൊക്കെയും അവനെ കല്ലെറിഞ്ഞു കൊല്ലേണം. എന്നാൽ യിസ്രായേൽമക്കളോടു നി പറയേണ്ടതു എന്തെന്നാൽ: ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാൽ അവൻ തന്റെ പാപം വഹിക്കും. യഹോവയുടെ നാമം ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടേ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം. മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം. മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിന്നു പകരം മൃഗത്തെ കൊടുക്കേണം. ഒരുത്തൻ കൂട്ടുകാരന്നു കേടു വരുത്തിയാൽ അവൻ ചെയ്തതുപോലെ തന്നേ അവനോടു ചെയ്യേണം. ഒടിവിന്നു പകരം ഒടിവു, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു; ഇങ്ങനെ അവൻ മറ്റേവന്നു കേടുവരുത്തിയതുപോലെ തന്നേ അവന്നും വരുത്തേണം. മൃഗത്തെ കൊല്ലുന്നവൻ അതിന്നു പകരം കൊടുക്കേണം; മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം. നിങ്ങൾക്കു പരദേശിക്കും സ്വദേശിക്കും ഒരു പ്രമാണം തന്നേ ആയിരിക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. ദുഷിച്ചവനെ പാളയത്തിന്നു പുറത്തുകൊണ്ടുപൊയി കല്ലെറിയേണമെന്നു മോശെ യിസ്രായേൽമക്കളോടു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു.
ലേവ്യാപുസ്തകം 24:1-23 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ മോശയോട് അരുളിച്ചെയ്തു: “വിളക്കുകൾ നിരന്തരം കത്തിക്കൊണ്ടിരിക്കേണ്ടതിന് ഇടിച്ചുപിഴിഞ്ഞെടുത്ത തെളിഞ്ഞ ഒലിവെണ്ണ വിളക്കിനുവേണ്ടി നിന്റെയടുക്കൽ കൊണ്ടുവരാൻ ഇസ്രായേൽമക്കളോടു കൽപ്പിക്കുക. സമാഗമകൂടാരത്തിൽ ഉടമ്പടിയുടെ പേടകത്തിന്റെ തിരശ്ശീലയ്ക്കു പുറത്തു സന്ധ്യമുതൽ പ്രഭാതംവരെ വിളക്കുകൾ കത്തേണ്ടതിന്, യഹോവയുടെ സന്നിധിയിൽ അഹരോൻ അവ നിരന്തരം ഒരുക്കിവെക്കണം. ഇതു വരുന്ന തലമുറകളിലേക്ക് എന്നേക്കുമുള്ള അനുഷ്ഠാനമാണ്. യഹോവയുടെമുമ്പാകെ തങ്കനിലവിളക്കിന്മേലുള്ള വിളക്കുകൾ നിരന്തരം ഒരുക്കിവെക്കണം. “നേർമയുള്ള മാവ് എടുത്ത് ഒരു അപ്പത്തിനു രണ്ട് ഓമെർവീതം ഉപയോഗിച്ചു പന്ത്രണ്ട് അപ്പം ചുടണം. യഹോവയുടെമുമ്പാകെയുള്ള തങ്കംകൊണ്ടുള്ള മേശമേൽ ഒരു വരിയിൽ ആറുവീതം രണ്ട് അടുക്കായി അവ വെക്കുക. ഓരോ അടുക്കിന്മേലും ശുദ്ധമായ കുന്തിരിക്കം വെക്കണം, സ്മാരകഭാഗമായി അപ്പത്തെ പ്രതിനിധീകരിക്കാനും യഹോവയ്ക്കു ദഹനയാഗമായിരിക്കാനുംവേണ്ടിയാണിത്. ഇസ്രായേല്യർക്കുവേണ്ടി ഒരു നിത്യ ഉടമ്പടിയായി ശബ്ബത്തുതോറും ഈ അപ്പം യഹോവയുടെമുമ്പാകെ ക്രമമായി അടുക്കിവെക്കണം. അത് അഹരോനും പുത്രന്മാർക്കുമുള്ളതാണ്; യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ അതിവിശുദ്ധമാണ് ഈ അപ്പം. അത് അവർക്കു ശാശ്വതാവകാശമായുള്ളതാകുകയാൽ അവർ അതു ശുദ്ധിയുള്ള ഒരു സ്ഥലത്തുവെച്ചു ഭക്ഷിക്കണം.” ഒരു ഇസ്രായേല്യസ്ത്രീയുടെയും ഒരു ഈജിപ്റ്റുകാരന്റെയും മകനായ ഒരുവൻ ഇസ്രായേൽമക്കളുടെ ഇടയിൽ ചെന്നു. അവനും ഒരു ഇസ്രായേല്യനുമായി ശണ്ഠകൂടി. ഇസ്രായേല്യസ്ത്രീയുടെ മകൻ തിരുനാമം ദുഷിച്ചു ശപിച്ചു; അതുകൊണ്ട് അവർ അവനെ മോശയുടെ അടുക്കൽ കൊണ്ടുവന്നു. അവന്റെ അമ്മ ദാൻഗോത്രത്തിലെ ദിബ്രിയുടെ മകളായ ശെലോമീത്ത് ആയിരുന്നു. യഹോവയുടെഹിതം വ്യക്തമാകുന്നതുവരെ അവർ അവനെ തടവിൽവെച്ചു. പിന്നെ യഹോവ മോശയോട് അരുളിച്ചെയ്തു: “ദൈവദൂഷണക്കാരനെ പാളയത്തിനുപുറത്തു കൊണ്ടുപോകുക; അവനെ കേട്ടവരെല്ലാവരും അവരുടെ കൈകൾ അവന്റെ തലമേൽ വെക്കണം, പിന്നീട് സഭമുഴുവനും അവനെ കല്ലെറിയണം. ഇസ്രായേൽമക്കളോടു പറയുക: ‘ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാൽ അവൻ കുറ്റക്കാരനാകും; യഹോവയുടെ നാമം ദുഷിക്കുന്ന വ്യക്തിയെ കൊല്ലണം. സഭമുഴുവനും ആ മനുഷ്യനെ കല്ലെറിയണം. പ്രവാസിയായാലും സ്വദേശിയായാലും യഹോവയുടെ നാമം ദുഷിക്കുന്നവർ മരണശിക്ഷ അനുഭവിക്കണം. “ ‘ഒരു മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം. ഒരാളുടെ മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിനുപകരം മൃഗത്തെ കൊടുക്കണം—ജീവനുപകരം ജീവൻ. ഒരാൾ തന്റെ അയൽവാസിയെ മുറിവേൽപ്പിച്ചാൽ, അയാൾ ചെയ്തപ്രകാരംതന്നെ ആ മനുഷ്യനോടു ചെയ്യണം. ഒടിവിനു പകരം ഒടിവ്, കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്. ഒരാൾ മറ്റേയാളെ എങ്ങനെ മുറിപ്പെടുത്തിയോ അങ്ങനെതന്നെ അയാളെയും മുറിപ്പെടുത്തണം. ഒരു മൃഗത്തെ കൊല്ലുന്നവൻ നഷ്ടപരിഹാരം കൊടുക്കണം; എന്നാൽ ഒരു മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം. പ്രവാസിക്കും സ്വദേശിക്കും ഒരേ നിയമംതന്നെയായിരിക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ” ദൈവദൂഷണക്കാരനെ പാളയത്തിനുപുറത്തു കൊണ്ടുപോയി കല്ലെറിയണമെന്ന് മോശ ഇസ്രായേൽമക്കളോടു കൽപ്പിച്ചിരുന്നു. യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കൾ ചെയ്തു.