ലേവ്യാപുസ്തകം 23:1-44

ലേവ്യാപുസ്തകം 23:1-44 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളോടു പറയേണ്ടത്: എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിത്: ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്. അന്ന് ഒരു വേലയും ചെയ്യരുത്; നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും അത് യഹോവയുടെ ശബ്ബത്ത് ആകുന്നു. അതതു കാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിത്: ഒന്നാം മാസം പതിന്നാലാം തീയതി സന്ധ്യാസമയത്ത് യഹോവയുടെ പെസഹ. ആ മാസം പതിനഞ്ചാം തീയതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം. ഒന്നാം ദിവസം നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുത്. നിങ്ങൾ ഏഴു ദിവസം യഹോവയ്ക്കു ദഹനയാഗം അർപ്പിക്കേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുത്. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോൾ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടു വരേണം. നിങ്ങൾക്കു പ്രസാദം ലഭിക്കേണ്ടതിന് അവൻ ആ കറ്റ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം. ശബ്ബത്തിന്റെ പിറ്റന്നാൾ പുരോഹിതൻ അതു നീരാജനം ചെയ്യേണം. കറ്റ നീരാജനം ചെയ്യുന്ന ദിവസം നിങ്ങൾ യഹോവയ്ക്കു ഹോമയാഗമായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടിയെ അർപ്പിക്കേണം. അതിന്റെ ഭോജനയാഗം എണ്ണ ചേർത്ത രണ്ടിടങ്ങഴി നേരിയ മാവ് ആയിരിക്കേണം; അതു യഹോവയ്ക്കു സൗരഭ്യവാസനയായുള്ള ദഹനയാഗം; അതിന്റെ പാനീയയാഗം ഒരു നാഴി വീഞ്ഞ് ആയിരിക്കേണം. നിങ്ങളുടെ ദൈവത്തിനു വഴിപാടു കൊണ്ടുവരുന്ന ദിവസംവരെ നിങ്ങൾ അപ്പമാകട്ടെ മലരാകട്ടെ കതിരാകട്ടെ തിന്നരുത്; നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും ഇതു തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. ശബ്ബത്തിന്റെ പിറ്റന്നാൾമുതൽ, നിങ്ങൾ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽതന്നെ, എണ്ണി ഏഴു ശബ്ബത്ത് തികയേണം. ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റന്നാൾവരെ അമ്പതു ദിവസം എണ്ണി യഹോവയ്ക്കു പുതിയ ധാന്യംകൊണ്ട് ഒരു ഭോജനയാഗം അർപ്പിക്കേണം. നീരാജനത്തിന് രണ്ടിടങ്ങഴി മാവുകൊണ്ട് രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളിൽനിന്നു കൊണ്ടുവരേണം; അതു നേരിയ മാവുകൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കേണം; അത് യഹോവയ്ക്ക് ആദ്യവിളവ്. അപ്പത്തോടുകൂടെ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു ചെമ്മരിയാട്ടിൻകുട്ടിയെയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടിനെയും അർപ്പിക്കേണം; അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി യഹോവയ്ക്കു ഹോമയാഗമായിരിക്കേണം. ഒരു കോലാട്ടുകൊറ്റനെ പാപയാഗമായും ഒരു വയസ്സു പ്രായമുള്ള രണ്ട് ആട്ടിൻകുട്ടിയെ സമാധാനയാഗമായും അർപ്പിക്കേണം. പുരോഹിതൻ അവയെ ആദ്യവിളവിന്റെ അപ്പത്തോടും രണ്ട് ആട്ടിൻകുട്ടിയോടുംകൂടെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം; അവ പുരോഹിതനുവേണ്ടി യഹോവയ്ക്കു വിശുദ്ധമായിരിക്കേണം. അന്നുതന്നെ നിങ്ങൾ വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുത്; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. നിങ്ങളുടെ നിലത്തിലെ വിളവ് എടുക്കുമ്പോൾ വയലിന്റെ അരികു തീർത്തു കൊയ്യരുത്; കാലാ പെറുക്കുകയുമരുത്; അതു ദരിദ്രനും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഏഴാം മാസം ഒന്നാം തീയതി നിങ്ങൾക്കു കാഹളധ്വനിയുടെ ജ്ഞാപകവും വിശുദ്ധസഭായോഗമുള്ള സ്വസ്ഥദിവസവുമായിരിക്കേണം. അന്നു സാമാന്യവേല യാതൊന്നും ചെയ്യാതെ യഹോവയ്ക്കു ദഹനയാഗം അർപ്പിക്കേണം. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: ഏഴാം മാസം പത്താം തീയതി പാപപരിഹാരദിവസം ആകുന്നു. അന്നു നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; നിങ്ങൾ ആത്മതപനം ചെയ്കയും യഹോവയ്ക്കു ദഹനയാഗം അർപ്പിക്കയും വേണം. അന്നു നിങ്ങൾ യാതൊരു വേലയും ചെയ്യരുത്; അതു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനുള്ള പാപപരിഹാര ദിവസം. അന്ന് ആത്മതപനം ചെയ്യാത്ത ഏവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. അന്ന് ആരെങ്കിലും വല്ല വേലയും ചെയ്താൽ അവനെ ഞാൻ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു നശിപ്പിക്കും. യാതൊരു വേലയും ചെയ്യരുത്; ഇതു നിങ്ങൾക്കു തലമുറതലമുറയായി നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. അതു നിങ്ങൾക്കു സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം. ആ മാസം ഒമ്പതാം തീയതി വൈകുന്നേരംമുതൽ പിറ്റന്നാൾ വൈകുന്നേരംവരെ നിങ്ങൾ ശബ്ബത്ത് ആചരിക്കേണം. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഏഴാം മാസം പതിനഞ്ചാം തീയതിമുതൽ ഏഴു ദിവസം യഹോവയ്ക്ക് കൂടാരപ്പെരുന്നാൾ ആകുന്നു. ഒന്നാം ദിവസത്തിൽ വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുത്. ഏഴു ദിവസം യഹോവയ്ക്ക് ദഹനയാഗം അർപ്പിക്കേണം; എട്ടാം ദിവസം നിങ്ങൾക്ക് വിശുദ്ധസഭായോഗമുണ്ടാകേണം; യഹോവയ്ക്കു ദഹനയാഗവും അർപ്പിക്കേണം; അന്ന് അന്ത്യസഭായോഗം; സാമാന്യവേല യാതൊന്നും ചെയ്യരുത്. യഹോവയുടെ ശബ്ബത്തുകളും നിങ്ങളുടെ വഴിപാടുകളും നിങ്ങളുടെ എല്ലാ നേർച്ചകളും നിങ്ങൾ യഹോവയ്ക്കു കൊടുക്കുന്ന സകല സ്വമേധാദാനങ്ങളും കൂടാതെ, അതതു ദിവസത്തിൽ യഹോവയ്ക്കു ദഹനയാഗവും ഹോമയാഗവും ഭോജനയാഗവും പാനീയയാഗവും അർപ്പിക്കേണ്ടതിന് വിശുദ്ധസഭായോഗങ്ങൾ വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവതന്നെ. ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തീയതി യഹോവയ്ക്ക് ഏഴു ദിവസം ഉത്സവം ആചരിക്കേണം; ആദ്യ ദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസവും വിശുദ്ധസ്വസ്ഥത. ആദ്യദിവസം ഭംഗിയുള്ള വൃക്ഷങ്ങളുടെ ഫലവും ഈത്തപ്പനയുടെ കുരുത്തോലയും തഴച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും എടുത്തുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കേണം. സംവത്സരംതോറും ഏഴു ദിവസം യഹോവയ്ക്ക് ഈ ഉത്സവം ആചരിക്കേണം; ഇതു തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം; ഏഴാം മാസത്തിൽ അത് ആചരിക്കേണം. ഞാൻ യിസ്രായേൽമക്കളെ മിസ്രയീം ദേശത്തുനിന്നു കൊണ്ടുവന്നപ്പോൾ അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിവാൻ നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കേണം; യിസ്രായേലിലെ സ്വദേശികളൊക്കെയും കൂടാരങ്ങളിൽ പാർക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. അങ്ങനെ മോശെ യഹോവയുടെ ഉത്സവങ്ങളെ യിസ്രായേൽമക്കളോട് അറിയിച്ചു.

ലേവ്യാപുസ്തകം 23:1-44 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ ഇസ്രായേൽജനത്തോടു പറയുക, വിശുദ്ധ യോഗങ്ങൾ വിളിച്ചുകൂട്ടേണ്ട സർവേശ്വരന്റെ ഉത്സവദിനങ്ങൾ ഇവയാണ്. അവയെ വിശുദ്ധ യോഗങ്ങളായി പ്രഖ്യാപിക്കണം. ആറു ദിവസം ജോലി ചെയ്യണം. ഏഴാം ദിവസം വിശുദ്ധസഭ കൂടാനുള്ള പരിപാവനമായ ശബത്താകുന്നു. അന്ന് ഒരു ജോലിയും ചെയ്യരുത്. നിങ്ങൾ വസിക്കുന്നിടത്തെല്ലാം അതു സർവേശ്വരന്റെ ശബത്താകുന്നു. നിശ്ചിതകാലത്ത് വിശുദ്ധ സഭായോഗം വിളിച്ചുകൂട്ടേണ്ട ഉത്സവദിനങ്ങൾ ഇവയാണ്. ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം സർവേശ്വരന്റെ പെസഹ ആചരിക്കണം. പതിനഞ്ചാം ദിവസം സർവേശ്വരനുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളാണ്. ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാം ദിവസം വിശുദ്ധസഭ കൂടണം. അന്നു ദിനംതോറുമുള്ള തൊഴിലുകളൊന്നും ചെയ്യരുത്. ഏഴു ദിവസവും സർവേശ്വരന് ഹോമയാഗം അർപ്പിക്കണം. ഏഴാം ദിവസം വിശുദ്ധസഭ കൂടാനുള്ള ദിവസമായതുകൊണ്ടു കഠിനാധ്വാനം ചെയ്യരുത്. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: ഇസ്രായേലിന്റെ ജനത്തോടു പറയുക, ഞാൻ നല്‌കുന്ന ദേശത്തു നിങ്ങൾ ചെന്നു വിളവ് കൊയ്യുമ്പോൾ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. ദൈവം നിങ്ങളിൽ പ്രസാദിക്കാൻ ശബത്തു കഴിഞ്ഞു വരുന്ന ദിവസം ആ കറ്റ അവിടുത്തെ സന്നിധിയിൽ നീരാജനം ചെയ്യണം. കറ്റ നീരാജനം ചെയ്യുന്ന ദിവസംതന്നെ ഒരു വയസ്സു പ്രായമുള്ള കുറ്റമറ്റ ഒരു ആണാടിനെ സർവേശ്വരനു ഹോമയാഗമായി അർപ്പിക്കണം. അതോടൊപ്പം രണ്ടിടങ്ങഴി നേരിയ മാവ് എണ്ണ ചേർത്ത് ധാന്യയാഗമായി അർപ്പിക്കണം. ആ ദഹനയാഗത്തിന്റെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും. പാനീയയാഗമായി നാഴി വീഞ്ഞും അർപ്പിക്കണം. നിങ്ങളുടെ ദൈവത്തിനുള്ള വഴിപാട് അർപ്പിക്കുന്നതുവരെ ധാന്യമണികളോ, അപ്പമോ, മലരോ, ഭക്ഷിക്കരുത്. നിങ്ങൾ എവിടെ വസിച്ചാലും തലമുറകളായി എന്നും ആചരിക്കേണ്ട ചട്ടമാകുന്നു ഇത്. കറ്റ നീരാജനം ചെയ്ത ശബത്തിന്റെ പിറ്റേദിവസം മുതൽ ഏഴ് ആഴ്ചകൾ കണക്കാക്കണം. ഏഴാമത്തെ ശബത്തിന്റെ പിറ്റേ ദിവസമായ അമ്പതാം ദിവസം പുതിയ ധാന്യംകൊണ്ടു സർവേശ്വരനു ധാന്യയാഗം കഴിക്കണം. നിങ്ങളുടെ വീടുകളിൽനിന്നു രണ്ടിടങ്ങഴി നേരിയ മാവ് പുളിപ്പിച്ചുണ്ടാക്കിയ ഈരണ്ടപ്പം സർവേശ്വരന്റെ മുമ്പിൽ നീരാജനം ചെയ്യാൻ ആദ്യഫലമായി അർപ്പിക്കണം. അപ്പത്തോടുകൂടി കുറ്റമറ്റതും ഒരു വയസ്സു പ്രായമുള്ളതുമായ ഏഴ് ആട്ടിൻകുട്ടികളെയും ഒരു കാളക്കുട്ടിയെയും രണ്ട് ആണാടിനെയും സർവേശ്വരന് ഹോമയാഗമായി അർപ്പിക്കണം. അതോടൊപ്പം അർപ്പിക്കുന്ന ധാന്യവഴിപാടും പാനീയയാഗവും സർവേശ്വരന് പ്രസാദകരമായ സൗരഭ്യദഹനയാഗമായിരിക്കും. ഒരു ആൺകോലാടിനെ പാപപരിഹാരത്തിനായും ഒരു വയസ്സു പ്രായമുള്ള രണ്ട് ആണാടുകളെ സമാധാനയാഗത്തിനായും അർപ്പിക്കണം. അവയെ ആദ്യവിളവിൽനിന്ന് ഉണ്ടാക്കിയ അപ്പത്തോടും രണ്ട് ആട്ടിൻകുട്ടികളോടും കൂടി സർവേശ്വരനു നീരാജനം ചെയ്യണം. സർവേശ്വരസന്നിധിയിൽ വിശുദ്ധമായ അവ പുരോഹിതന്മാർക്കുള്ളതാണ്. അന്നുതന്നെ നിങ്ങൾ വിശുദ്ധസഭ വിളിച്ചുകൂട്ടണം. അന്നു കഠിനാധ്വാനം ചെയ്യരുത്. നിങ്ങൾ എവിടെ വസിച്ചാലും തലമുറകളായി പാലിക്കേണ്ട ശാശ്വതനിയമമാകുന്നു ഇത്. നിലം കൊയ്യുമ്പോൾ അരികു തീർത്തു കൊയ്യരുത്. കാലാ പെറുക്കുകയുമരുത്. അവ നിങ്ങളുടെ ഇടയിലുള്ള ദരിദ്രർക്കും പരദേശികൾക്കുമുള്ളതാണ്. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു.” സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽജനത്തോടു പറയുക, ഏഴാം മാസത്തിലെ ഒന്നാം ദിവസം ശബത്തായി ആചരിക്കണം. കാഹളധ്വനിയോടുകൂടി ഈ അനുസ്മരണദിനത്തിൽ നിങ്ങൾ വിശുദ്ധസഭ കൂടണം. അന്നു കഠിനമായ ജോലികളൊന്നും ചെയ്യരുത്, സർവേശ്വരനു ദഹനയാഗം അർപ്പിക്കുകയും വേണം.” സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഏഴാം മാസം പത്താം ദിവസം പാപപരിഹാരദിനമാകുന്നു. അന്ന് നിങ്ങൾ ഉപവസിക്കുകയും നിശ്ചിതസഭ കൂടുകയും സർവേശ്വരനു ദഹനയാഗം അർപ്പിക്കുകയും വേണം. നിങ്ങളുടെ പാപങ്ങൾക്കു നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ മുമ്പാകെ പരിഹാരം അനുഷ്ഠിക്കാൻ നിശ്ചയിച്ചിട്ടുള്ള ദിനമായതുകൊണ്ട് അന്ന് ഒരു ജോലിയും ചെയ്യരുത്. ആരെങ്കിലും അന്ന് ഉപവസിക്കാതിരുന്നാൽ അവനെ സ്വജനങ്ങളുടെ ഇടയിൽനിന്നു ബഹിഷ്കരിക്കണം. അന്നു ജോലി ചെയ്യുന്നവനെ ഞാൻ സ്വജനങ്ങളുടെ ഇടയിൽനിന്ന് ഉന്മൂലനം ചെയ്യും. അന്നു ജോലി ചെയ്യരുതെന്ന ചട്ടം, നിങ്ങൾ വസിക്കുന്നിടത്തെല്ലാം തലമുറകളായി എന്നേക്കും പാലിക്കണം. അതു നിങ്ങളുടെ പരിപാവനമായ ശബത്താണ്; ആ മാസം ഒമ്പതാം ദിവസം സന്ധ്യമുതൽ പിറ്റന്നാൾ സന്ധ്യവരെ നിങ്ങൾ ഉപവസിക്കുകയും ശബത്ത് ആചരിക്കുകയും ചെയ്യണം.” സർവേശ്വരൻ വീണ്ടും മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽജനത്തോടു പറയുക. ഏഴാം മാസത്തിലെ പതിനഞ്ചാം ദിവസംമുതൽ ഏഴു ദിവസം സർവേശ്വരന്റെ കൂടാരപ്പെരുന്നാൾ ആകുന്നു. ഒന്നാം ദിവസം വിശുദ്ധസഭ വിളിച്ചുകൂട്ടണം. അന്നു സാധാരണ ജോലികളൊന്നും ചെയ്യരുത്. ഏഴു ദിവസവും ദഹനയാഗം അർപ്പിക്കണം. എട്ടാം ദിവസം വിശുദ്ധസഭ വിളിച്ചുകൂട്ടി ദഹനയാഗം അർപ്പിക്കണം. അന്നു കഠിനമായ ജോലികളൊന്നും ചെയ്യരുത്. സർവേശ്വരന്റെ ശബത്ത് ആചരിക്കുക, അവിടുത്തേക്ക് വഴിപാടുകളും നേർച്ചകളും സ്വമേധാദാനങ്ങളും അർപ്പിക്കുക എന്നിവ കൂടാതെ, അതതു ദിനത്തിൽ ദഹനയാഗങ്ങളും ഹോമയാഗങ്ങളും ധാന്യയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കുകയും വിശുദ്ധയോഗങ്ങളായി നിങ്ങൾ വിളിച്ചുകൂട്ടുകയും ചെയ്യേണ്ട ഉത്സവദിനങ്ങൾ ഇവയാണ്. ഏഴാം മാസം പതിനഞ്ചാം ദിവസം വിളവെടുപ്പു കഴിഞ്ഞാൽ ഏഴു ദിവസത്തേക്കു സർവേശ്വരന് ഉത്സവം ആചരിക്കണം. ഒന്നാം ദിവസവും എട്ടാം ദിവസവും വിശുദ്ധ ശബത്തായി ആചരിക്കണം. അന്നു ഹൃദ്യമായ പഴങ്ങളും ഈന്തപ്പനകുരുത്തോലയും ഇലകൾ നിറഞ്ഞ മരച്ചില്ലകളും ആറ്റലരിവൃക്ഷക്കൊമ്പുകളും കൈയിലേന്തണം. ഏഴു ദിവസം ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ സന്തോഷിച്ചുല്ലസിക്കുക. വർഷംതോറും ഏഴാം മാസത്തിൽ ഏഴു ദിവസം സർവേശ്വരന് ഈ ഉത്സവം ആചരിക്കണം. ഇതു നിങ്ങളുടെ സകല തലമുറകളും എല്ലാക്കാലത്തും പാലിക്കാനുള്ള നിയമമാകുന്നു. ഇസ്രായേല്യർ സകലരും ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കണം. ഈജിപ്തിൽനിന്നു ഞാൻ ഇസ്രായേൽജനത്തെ വിമോചിപ്പിച്ചു കൊണ്ടുവന്നപ്പോൾ അവരെ കൂടാരങ്ങളിലായിരുന്നു താമസിപ്പിച്ചിരുന്നതെന്നു നിങ്ങളുടെ ഓരോ തലമുറയും അറിയണം. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു.” സർവേശ്വരന്റെ നിർദ്ദിഷ്ട ഉത്സവദിനങ്ങൾ ഏതെല്ലാമെന്നു മോശ ഇങ്ങനെ ഇസ്രായേൽജനത്തെ അറിയിച്ചു.

ലേവ്യാപുസ്തകം 23:1-44 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ യിസ്രായേൽ മക്കളോടു പറയേണ്ടത്: ‘എന്‍റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ട യഹോവയുടെ ഉത്സവങ്ങൾ ഇവയാകുന്നു: ആറു ദിവസം ജോലി ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്. അന്നു ഒരു ജോലിയും ചെയ്യരുത്; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അത് യഹോവയുടെ ശബ്ബത്ത് ആകുന്നു. “അതതുകാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവയാകുന്നു: ഒന്നാം മാസം പതിനാലാം തീയതി സന്ധ്യാസമയത്ത് യഹോവയുടെ പെസഹ. ആ മാസം പതിനഞ്ചാം തീയതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കേണം. ഒന്നാം ദിവസം നിങ്ങൾക്ക് വിശുദ്ധസഭായോഗം ഉണ്ടാകേണം; പതിവുള്ളജോലി യാതൊന്നും ചെയ്യരുത്. നിങ്ങൾ ഏഴു ദിവസം യഹോവയ്ക്കു ദഹനയാഗം അർപ്പിക്കേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്നു പതിവുള്ളജോലി യാതൊന്നും ചെയ്യരുത്.” യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഞാൻ നിങ്ങൾക്ക് തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോൾ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം. നിങ്ങൾക്ക് പ്രസാദം ലഭിക്കേണ്ടതിന് അവൻ ആ കറ്റ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം. ശബ്ബത്തിന്‍റെ പിറ്റെ ദിവസം പുരോഹിതൻ അത് നീരാജനം ചെയ്യേണം. കറ്റ നീരാജനം ചെയ്യുന്ന ദിവസം നിങ്ങൾ യഹോവയ്ക്കു ഹോമയാഗമായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടിയെ അർപ്പിക്കേണം. അതിന്‍റെ ഭോജനയാഗം എണ്ണചേർത്ത രണ്ടിടങ്ങഴി നേരിയ മാവ് ആയിരിക്കേണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായുള്ള ദഹനയാഗം; അതിന്‍റെ പാനീയയാഗം ഒരു നാഴി വീഞ്ഞ് ആയിരിക്കേണം. നിങ്ങളുടെ ദൈവത്തിനു വഴിപാട് കൊണ്ടുവരുന്ന ദിവസംവരെ നിങ്ങൾ അപ്പമാകട്ടെ മലരാകട്ടെ കതിരാകട്ടെ തിന്നരുത്; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ഇതു തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. “ശബ്ബത്തിന്‍റെ പിറ്റെന്നാൾമുതൽ നിങ്ങൾ നീരാജനത്തിൻ്റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽ തന്നെ, എണ്ണി ഏഴു ശബ്ബത്ത് തികയണം. ഏഴാമത്തെ ശബ്ബത്തിന്‍റെ പിറ്റെന്നാൾവരെ അമ്പത് ദിവസം എണ്ണി യഹോവയ്ക്കു പുതിയ ധാന്യംകൊണ്ട് ഒരു ഭോജനയാഗം അർപ്പിക്കേണം. നീരാജനത്തിന് രണ്ടിടങ്ങഴി മാവുകൊണ്ട് രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്നു കൊണ്ടുവരേണം; അത് നേരിയ മാവുകൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കേണം; അത് യഹോവയ്ക്ക് ആദ്യവിളവ്. അപ്പത്തോടുകൂടി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു ചെമ്മരിയാട്ടിൻകുട്ടികളെയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടിനെയും അർപ്പിക്കേണം; അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി യഹോവയ്ക്കു ഹോമയാഗമായിരിക്കണം. ഒരു കോലാട്ടുകൊറ്റനെ പാപയാഗമായും ഒരു വയസ്സു പ്രായമുള്ള രണ്ടു ആട്ടിൻകുട്ടിയെ സമാധാനയാഗമായും അർപ്പിക്കേണം. പുരോഹിതൻ അവയെ ആദ്യവിളവിൻ്റെ അപ്പത്തോടും രണ്ടു ആട്ടിൻകുട്ടിയോടുംകൂടെ യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണം; അവ പുരോഹിതനുവേണ്ടി യഹോവയ്ക്കു വിശുദ്ധമായിരിക്കേണം. അന്നു തന്നെ നിങ്ങൾ വിശുദ്ധസഭായോഗം വിളിച്ചുകൂട്ടണം; അന്നു കഠിന ജോലി യാതൊന്നും ചെയ്യരുത്; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. “നിങ്ങളുടെ നിലത്തിലെ വിളവ് എടുക്കുമ്പോൾ വയലിന്‍റെ അരികു തീർത്തു കൊയ്യരുത്; കാലാ പെറുക്കുകയുമരുത്; അത് ദരിദ്രനും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.” യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഏഴാം മാസം ഒന്നാം തീയതി നിങ്ങൾക്ക് കാഹളധ്വനിയുടെ അനുസ്മരണവും വിശുദ്ധസഭായോഗമുള്ള സ്വസ്ഥദിവസവുമായിരിക്കണം. അന്നു കഠിന ജോലി യാതൊന്നും ചെയ്യാതെ യഹോവയ്ക്കു ദഹനയാഗം അർപ്പിക്കേണം.” യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “ഏഴാം മാസം പത്താം തീയതി പാപപരിഹാരദിവസം ആകുന്നു. അന്നു നിങ്ങൾക്ക് വിശുദ്ധസഭായോഗം ഉണ്ടാകേണം; നിങ്ങൾ ആത്മതപനം ചെയ്യുകയും യഹോവയ്ക്കു ദഹനയാഗം അർപ്പിക്കുകയും വേണം. അന്നു നിങ്ങൾ യാതൊരു ജോലിയും ചെയ്യരുത്; അത് നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനുള്ള പാപപരിഹാരദിവസം. അന്നു ആത്മതപനം ചെയ്യാത്ത ഏവനെയും അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. അന്നു ആരെങ്കിലും വല്ല ജോലിയും ചെയ്താൽ അവനെ ഞാൻ അവന്‍റെ ജനത്തിന്‍റെ ഇടയിൽനിന്ന് നശിപ്പിക്കും. യാതൊരു ജോലിയും ചെയ്യരുത്; ഇതു നിങ്ങൾക്ക് തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. അത് നിങ്ങൾക്ക് സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം. ആ മാസം ഒമ്പതാം തീയതി വൈകുന്നേരംമുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ നിങ്ങൾ ശബ്ബത്ത് ആചരിക്കേണം.” യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഏഴാം മാസം പതിനഞ്ചാം തീയതിമുതൽ ഏഴു ദിവസം യഹോവയ്ക്ക് കൂടാരപ്പെരുന്നാൾ ആകുന്നു. ഒന്നാം ദിവസത്തിൽ വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു കഠിന ജോലി യാതൊന്നും ചെയ്യരുത്. ഏഴു ദിവസം യഹോവയ്ക്ക് ദഹനയാഗം അർപ്പിക്കേണം; എട്ടാം ദിവസം നിങ്ങൾക്ക് വിശുദ്ധസഭായോഗം ഉണ്ടാകേണം; യഹോവയ്ക്കു ദഹനയാഗവും അർപ്പിക്കേണം; അന്നു പരിശുദ്ധമായ സമാപന സഭായോഗം; കഠിന ജോലി യാതൊന്നും ചെയ്യരുത്. “യഹോവയുടെ ശബ്ബത്തുകളും നിങ്ങളുടെ വഴിപാടുകളും നിങ്ങളുടെ എല്ലാ നേർച്ചകളും നിങ്ങൾ യഹോവയ്ക്കു കൊടുക്കുന്ന സകല സ്വമേധാദാനങ്ങളും കൂടാതെ അതത് ദിവസത്തിൽ യഹോവയ്ക്കു ദഹനയാഗവും ഹോമയാഗവും ഭോജനയാഗവും പാനീയയാഗവും അർപ്പിക്കേണ്ടതിന് വിശുദ്ധസഭായോഗങ്ങൾ വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവ തന്നെ. “ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തീയതി യഹോവയ്ക്ക് ഏഴു ദിവസം ഉത്സവം ആചരിക്കേണം; ആദ്യ ദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസവും വിശുദ്ധസ്വസ്ഥത. ആദ്യ ദിവസം ഭംഗിയുള്ള വൃക്ഷങ്ങളുടെ ഫലവും ഈന്തപ്പനയുടെ കുരുത്തോലയും തഴച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും എടുത്തുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കേണം. വർഷംതോറും ഏഴു ദിവസം യഹോവയ്ക്ക് ഈ ഉത്സവം ആചരിക്കേണം; ഇതു തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള നിയമം; ഏഴാം മാസത്തിൽ അത് ആചരിക്കേണം. ഞാൻ യിസ്രായേൽ മക്കളെ മിസ്രയീമിൽനിന്നു കൊണ്ടുവന്നപ്പോൾ അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിയുവാൻ നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കേണം; യിസ്രായേലിലെ സ്വദേശികൾ ഒക്കെയും കൂടാരങ്ങളിൽ പാർക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.” അങ്ങനെ മോശെ യഹോവയുടെ ഉത്സവങ്ങളെ യിസ്രായേൽ മക്കളോട് അറിയിച്ചു.

ലേവ്യാപുസ്തകം 23:1-44 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേൽമക്കളോടു പറയേണ്ടതു: എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിതു: ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതെക്കുള്ള ശബ്ബത്ത്. അന്നു ഒരു വേലയും ചെയ്യരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അതു യഹോവയുടെ ശബ്ബത്ത് ആകുന്നു. അതതുകാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിതു: ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ. ആ മാസം പതിനഞ്ചാം തിയ്യതി യഹോവെക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം. ഒന്നാം ദിവസം നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുതു. നിങ്ങൾ ഏഴു ദിവസം യഹോവെക്കു ദഹനയാഗം അർപ്പിക്കേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോൾ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം. നിങ്ങൾക്കു പ്രസാദം ലഭിക്കേണ്ടതിന്നു അവൻ ആ കറ്റ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം. ശബ്ബത്തിന്റെ പിറ്റെന്നാൾ പുരോഹിതൻ അതു നീരാജനം ചെയ്യേണം. കറ്റ നീരാജനം ചെയ്യുന്ന ദിവസം നിങ്ങൾ യഹോവെക്കു ഹോമയാഗമായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടിയെ അർപ്പിക്കേണം. അതിന്റെ ഭോജനയാഗം എണ്ണ ചേർത്ത രണ്ടിടങ്ങഴി നേരിയ മാവു ആയിരിക്കേണം; അതു യഹോവെക്കു സൗരഭ്യവാസനയായുള്ള ദഹനയാഗം; അതിന്റെ പാനീയയാഗം ഒരു നാഴി വീഞ്ഞു ആയിരിക്കേണം. നിങ്ങളുടെ ദൈവത്തിന്നു വഴിപാടു കൊണ്ടുവരുന്ന ദിവസംവരെ നിങ്ങൾ അപ്പമാകട്ടെ മലരാകട്ടെ കതിരാകട്ടെ തിന്നരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ഇതു തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. ശബ്ബത്തിന്റെ പിറ്റെന്നാൾമുതൽ നിങ്ങൾ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽ തന്നേ, എണ്ണി ഏഴു ശബ്ബത്ത് തികയേണം. ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾവരെ അമ്പതു ദിവസം എണ്ണി യഹോവെക്കു പുതിയ ധാന്യംകൊണ്ടു ഒരു ഭോജനയാഗം അർപ്പിക്കേണം. നീരാജനത്തിന്നു രണ്ടിങ്ങഴി മാവുകൊണ്ടു രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്നു കൊണ്ടുവരേണം; അതു നേരിയ മാവുകൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കേണം; അതു യഹോവെക്കു ആദ്യവിളവു. അപ്പത്തോടു കൂടെ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു ചെമ്മരിയാട്ടിൻകുട്ടിയെയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടിനെയും അർപ്പിക്കേണം; അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി യഹോവെക്കു ഹോമയാഗമായിരിക്കേണം. ഒരു കോലാട്ടുകൊറ്റനെ പാപയാഗമായും ഒരു വയസ്സു പ്രായമുള്ള രണ്ടു ആട്ടിൻകുട്ടിയെ സമാധാനയാഗമായും അർപ്പിക്കേണം. പുരോഹിതൻ അവയെ ആദ്യവിളവിന്റെ അപ്പത്തോടും രണ്ടു ആട്ടിൻകുട്ടിയോടുംകൂടെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം; അവ പുരോഹിതന്നുവേണ്ടി യഹോവെക്കു വിശുദ്ധമായിരിക്കേണം. അന്നു തന്നേ നിങ്ങൾ വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. നിങ്ങളുടെ നിലത്തിലെ വിളവു എടുക്കുമ്പോൾ വയലിന്റെ അരികു തീർത്തുകൊയ്യരുതു; കാലാ പെറുക്കുകയുമരുതു; അതു ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഏഴാം മാസം ഒന്നാം തിയ്യതി നിങ്ങൾക്കു കാഹളധ്വനിയുടെ ജ്ഞാപകവും വിശുദ്ധസഭായോഗമുള്ള സ്വസ്ഥദിവസവുമായിരിക്കേണം. അന്നു സാമാന്യവേല യാതൊന്നും ചെയ്യാതെ യഹോവെക്കു ദഹനയാഗം അർപ്പിക്കേണം. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: ഏഴാം മാസം പത്താം തിയ്യതി പാപപരിഹാരദിവസം ആകുന്നു. അന്നു നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; നിങ്ങൾ ആത്മതപനം ചെയ്കയും യഹോവെക്കു ദഹനയാഗം അർപ്പിക്കയും വേണം. അന്നു നിങ്ങൾ യാതൊരു വേലയും ചെയ്യരുതു; അതു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നുള്ള പാപപരിഹാരദിവസം. അന്നു ആത്മതപനം ചെയ്യാത്ത ഏവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. അന്നു ആരെങ്കിലും വല്ല വേലയും ചെയ്താൽ അവനെ ഞാൻ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു നശിപ്പിക്കും. യാതൊരു വേലയും ചെയ്യരുതു; ഇതു നിങ്ങൾക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. അതു നിങ്ങൾക്കു സ്വസ്ഥതെക്കുള്ള ശബ്ബത്ത്; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം. ആ മാസം ഒമ്പതാം തിയ്യതി വൈകുന്നേരം മുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ നിങ്ങൾ ശബ്ബത്ത് ആചരിക്കേണം. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഏഴാം മാസം പതിനഞ്ചാം തിയ്യതിമുതൽ ഏഴു ദിവസം യഹോവെക്കു കൂടാരപ്പെരുനാൾ ആകുന്നു. ഒന്നാം ദിവസത്തിൽ വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു. ഏഴു ദിവസം യഹോവെക്കു ദഹനയാഗം അർപ്പിക്കേണം; എട്ടാംദിവസം നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; യഹോവെക്കു ദഹനയാഗവും അർപ്പിക്കേണം; അന്നു അന്ത്യസഭായോഗം; സാമാന്യവേല യാതൊന്നും ചെയ്യരുതു. യഹോവയുടെ ശബ്ബത്തുകളും നിങ്ങളുടെ വഴിപാടുകളും നിങ്ങളുടെ എല്ലാ നേർച്ചകളും നിങ്ങൾ യഹോവെക്കു കൊടുക്കുന്ന സകല സ്വമേധാദാനങ്ങളും കൂടാതെ അതതു ദിവസത്തിൽ യഹോവെക്കു ദഹനയാഗവും ഹോമയാഗവും ഭോജനയാഗവും പാനീയയാഗവും അർപ്പിക്കേണ്ടതിന്നു വിശുദ്ധസഭായോഗങ്ങൾ വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവ തന്നേ. ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തിയ്യതി യഹോവെക്കു ഏഴു ദിവസം ഉത്സവം ആചരിക്കേണം; ആദ്യദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസവും വിശുദ്ധസ്വസ്ഥത. ആദ്യദിവസം ഭംഗിയുള്ള വൃക്ഷങ്ങളുടെ ഫലവും ഈത്തപ്പനയുടെ കുരുത്തോലയും തഴെച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും എടുത്തു കൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കേണം. സംവത്സരം തോറും ഏഴു ദിവസം യഹോവെക്കു ഈ ഉത്സവം ആചരിക്കേണം; ഇതു തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം; ഏഴാം മാസത്തിൽ അതു ആചരിക്കേണം. ഞാൻ യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നപ്പോൾ അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിവാൻ നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കേണം; യിസ്രായേലിലെ സ്വദേശികൾ ഒക്കെയും കൂടാരങ്ങളിൽ പാർക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. അങ്ങനെ മോശെ യഹോവയുടെ ഉത്സവങ്ങളെ യിസ്രായേൽമക്കളോടു അറിയിച്ചു.

ലേവ്യാപുസ്തകം 23:1-44 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽമക്കളോടു സംസാരിച്ച് അവരോട് ഇപ്രകാരം പറയുക: ‘സ്ഥാപിക്കപ്പെട്ട എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗങ്ങളായി നിങ്ങൾ വിളംബരം ചെയ്യേണ്ട യഹോവയുടെ ഉത്സവങ്ങൾ, ഇവയാണ്: “ ‘നിങ്ങൾക്കു ജോലിചെയ്യാൻ ആറുദിവസമുണ്ട്, എന്നാൽ ഏഴാംദിവസം വിശ്രമത്തിനുള്ള ശബ്ബത്താണ്. വിശുദ്ധസഭായോഗത്തിനുള്ള ദിവസം. നിങ്ങൾ എവിടെ താമസിച്ചാലും നിങ്ങൾ ജോലിയൊന്നും ചെയ്യരുത്; അതു യഹോവയുടെ ശബ്ബത്താണ്. “ ‘നിശ്ചയിക്കപ്പെട്ട സമയത്ത് വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവയാണ്: യഹോവയുടെ പെസഹ ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യക്ക് ആരംഭിക്കും. ആ മാസം പതിനഞ്ചാംതീയതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആരംഭിക്കും, നിങ്ങൾ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാംദിവസം വിശുദ്ധസഭായോഗം കൂടണം, അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. ഏഴുദിവസം യഹോവയ്ക്കു ദഹനയാഗം അർപ്പിക്കണം. ഏഴാംദിവസം വിശുദ്ധസഭായോഗം കൂടണം, അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.’ ” യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ പ്രവേശിച്ചു വിളവെടുക്കുമ്പോൾ, നിങ്ങൾ കൊയ്യുന്ന ആദ്യധാന്യത്തിന്റെ കറ്റ പുരോഹിതന്റെയടുക്കൽ കൊണ്ടുവരിക. നിങ്ങളുടെപേർക്ക് അതു സ്വീകാര്യമാകാൻ അദ്ദേഹം കറ്റ യഹോവയുടെ സന്നിധിയിൽ ഉയർത്തി അർപ്പിക്കണം. ശബ്ബത്തിന്റെ പിറ്റേദിവസം പുരോഹിതൻ അത് ഉയർത്തണം. നിങ്ങൾ കറ്റ ദൈവസന്നിധിയിൽ ഉയർത്തി അർപ്പിക്കുന്ന ദിവസം, ഒരുവയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആട്ടിൻകുട്ടിയെ ദഹനയാഗമായി അർപ്പിക്കണം. അതോടൊപ്പം അതിന്റെ ധാന്യവഴിപാടായി യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായ ഒലിവെണ്ണചേർത്ത് രണ്ട് ഓമെർ നേർമയുള്ള മാവും അതിന്റെ പാനീയയാഗമായ കാൽ ഹീൻ വീഞ്ഞും യഹോവയ്ക്കു ദഹനയാഗം കഴിക്കണം. ഈ യാഗം നിങ്ങളുടെ ദൈവത്തിനു കൊണ്ടുവരുന്നതുവരെ അപ്പമോ വറുത്തതോ പുതിയ ധാന്യമോ ഭക്ഷിക്കരുത്. ഇതു നിങ്ങൾ പാർക്കുന്നിടത്തൊക്കെയും എല്ലാ തലമുറകളിലും എന്നേക്കുമുള്ള പ്രമാണമാണ്. “ ‘നിങ്ങൾ വിശിഷ്ടയാഗാർപ്പണത്തിനു കറ്റ കൊണ്ടുവന്ന ശബ്ബത്തിന്റെ പിറ്റേദിവസംമുതൽ ഏഴു പൂർണ ആഴ്ചകൾ എണ്ണണം. ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റേദിവസംവരെ അൻപതു ദിവസം എണ്ണുക, പിന്നെ യഹോവയ്ക്കു പുതിയ ഭോജനയാഗം അർപ്പിക്കുക. നിങ്ങൾ എവിടെ താമസിച്ചാലും ആ വാസസ്ഥലങ്ങളിൽനിന്ന് രണ്ട് ഓമെർ നേർമയുള്ള മാവിലുണ്ടാക്കിയ രണ്ട് അപ്പം യഹോവയ്ക്ക് ആദ്യഫലങ്ങളുടെ വിശിഷ്ടയാഗാർപ്പണമായി കൊണ്ടുവരണം. അത് പുളിപ്പിച്ചു ചുട്ടതായിരിക്കണം. ഈ അപ്പത്തോടൊപ്പം ഒരുവയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴ് ആണാട്ടിൻകുട്ടിയും ഒരു കാളക്കിടാവും രണ്ട് ആട്ടുകൊറ്റനും കൊണ്ടുവരണം. അവയുടെ ഭോജനയാഗവും പാനീയയാഗവുംകൂടെ ചേർത്ത് അവ യഹോവയ്ക്ക് ഒരു ദഹനയാഗമായിരിക്കും; യഹോവയ്ക്കു പ്രസാദകരമായ ഹൃദ്യസുഗന്ധമായ ദഹനയാഗംതന്നെ. പിന്നെ ഒരു ആൺകോലാടിനെ പാപശുദ്ധീകരണയാഗമായും ഒരുവയസ്സു പ്രായമുള്ള രണ്ട് ആട്ടിൻകുട്ടികളെ സമാധാനയാഗമായും അർപ്പിക്കണം. പുരോഹിതൻ ആദ്യഫലത്തിന്റെ അപ്പത്തോടുകൂടെ ആ രണ്ട് ആട്ടിൻകുട്ടികളെയും യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം. അവ പുരോഹിതന്മാർക്കുവേണ്ടി യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധയാഗം. ആ ദിവസംതന്നെ നിങ്ങൾ വിശുദ്ധസഭായോഗം വിളംബരം ചെയ്യണം. അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. ഇതു നിങ്ങൾ പാർക്കുന്നിടത്തൊക്കെയും വരാനുള്ള തലമുറകൾക്ക് എന്നേക്കുമുള്ള നിയമം ആയിരിക്കണം. “ ‘നിങ്ങളുടെ നിലത്തിലെ വിള ശേഖരിക്കുമ്പോൾ, അരികുചേർത്തു കൊയ്യുകയോ കൊയ്തതിന്റെ കാലാപെറുക്കുകയോ ചെയ്യരുത്. അവ ദരിദ്രനും നിങ്ങളുടെ മധ്യേ പാർക്കുന്ന പ്രവാസിക്കും വിടണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ” യഹോവ മോശയോട് അരുളിച്ചെയ്തു, “ഇസ്രായേല്യരോടു പറയുക: ‘ഏഴാംമാസത്തിന്റെ ഒന്നാംദിവസം നിങ്ങൾക്കു കാഹളം മുഴക്കിക്കൊണ്ടു സ്മാരകോത്സവം ആചരിക്കുന്ന വിശുദ്ധസഭായോഗമുള്ള വിശ്രമത്തിനുള്ള ശബ്ബത്തായിരിക്കും. അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. എന്നാൽ യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കുക.’ ” യഹോവ മോശയോട് അരുളിച്ചെയ്തു: “ഏഴാംമാസം പത്താംതീയതി പാപപരിഹാരദിനമാണ്. അന്ന് വിശുദ്ധസഭായോഗം ചേരുകയും ആത്മതപനം ചെയ്യുകയും, യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കുകയും വേണം. നിങ്ങളുടെ ദൈവമായ യഹോവയുടെമുമ്പാകെ നിങ്ങൾക്കുവേണ്ടി പാപപരിഹാരം വരുത്തുന്ന ദിനമായതുകൊണ്ട് ഒരു ജോലിയും ചെയ്യരുത്. അന്ന് ആത്മതപനം ചെയ്യാത്തവരെ തങ്ങളുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം. അന്ന് ആരെങ്കിലും എന്തെങ്കിലും ജോലിചെയ്താൽ അവരെ അവരുടെ ജനത്തിൽനിന്ന് ഞാൻ നശിപ്പിക്കും. നിങ്ങൾ യാതൊരു ജോലിയും ചെയ്യരുത്. ഇതു നിങ്ങൾ പാർക്കുന്നിടത്തൊക്കെയും വരാനുള്ള തലമുറകൾക്ക് എന്നേക്കുമുള്ള നിയമം ആയിരിക്കും. അതു വിശ്രമത്തിന്റെ ശബ്ബത്താണ്, നിങ്ങൾ ആത്മതപനംചെയ്യണം. ആ മാസം ഒൻപതാംദിവസം സന്ധ്യമുതൽ പിറ്റേന്ന് സന്ധ്യവരെ നിങ്ങൾ നിങ്ങളുടെ ശബ്ബത്ത് ആചരിക്കണം.” യഹോവ മോശയോട് അരുളിച്ചെയ്തു, “ഇസ്രായേല്യരോടു പറയുക: ‘ഏഴാംമാസം പതിനഞ്ചാംതീയതി യഹോവയുടെ കൂടാരപ്പെരുന്നാൾ ആരംഭിക്കും; അത് ഏഴുദിവസം നീണ്ടുനിൽക്കും. ഒന്നാംദിവസം വിശുദ്ധ സഭായോഗമാണ്; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. ഏഴുദിവസം യഹോവയ്ക്കു ദഹനയാഗങ്ങൾ അർപ്പിക്കുക. എട്ടാംദിവസം വിശുദ്ധസഭായോഗം ചേരുകയും യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കുകയുംചെയ്യുക. അതു സമാപനസഭായോഗമാണ്; ആ ദിവസം സാധാരണ ജോലിയൊന്നും ചെയ്യരുത്. (“ ‘ഓരോ ദിവസത്തേക്കും വേണ്ടുന്ന ഹോമയാഗങ്ങൾ, ധാന്യവഴിപാടുകൾ, യാഗങ്ങൾ, പാനീയയാഗങ്ങൾ എന്നിവ യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കുന്നതിനു കൊണ്ടുവരാൻ വിശുദ്ധ സഭായോഗംചേരുന്നതിനു നിങ്ങൾ വിളംബരം ചെയ്യേണ്ട യഹോവയുടെ സ്ഥാപിക്കപ്പെട്ട ഉത്സവങ്ങളാണിവ. ഈ വഴിപാടുകൾ, യഹോവയുടെ ശബ്ബത്തുകൾക്കും നിങ്ങളുടെ കാഴ്ചകൾക്കും നിങ്ങൾ നേർന്ന നേർച്ചകൾക്കും നിങ്ങൾ യഹോവയ്ക്കു സ്വമനസ്സാലെ കൊടുക്കുന്ന എല്ലാ വഴിപാടുകൾക്കുംപുറമേയാണ്.) “ ‘അതുകൊണ്ട് ഏഴാംമാസം പതിനഞ്ചാംദിവസം തുടങ്ങി, നിങ്ങൾ നിലത്തിലെ വിളവെല്ലാം ശേഖരിച്ചതിനുശേഷം ഏഴുദിവസം യഹോവയ്ക്ക് ഉത്സവം ആഘോഷിക്കുക; ഒന്നാംദിവസം വിശ്രമത്തിനുള്ള ശബ്ബത്താണ്; എട്ടാംദിവസവും വിശ്രമത്തിനുള്ള ശബ്ബത്താണ്. ഒന്നാംദിവസം വൃക്ഷങ്ങളിൽനിന്ന് മേൽത്തരമായ ഫലവും കുരുത്തോലയും ഇലയുള്ള ശിഖരങ്ങളും ആറ്റലരിയും (വെള്ളിലമരം) എടുത്തുകൊണ്ട് ഏഴുദിവസം നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ആനന്ദിക്കണം. ഓരോവർഷവും ഇതു യഹോവയ്ക്ക് ഒരു ഉത്സവമായി ഏഴുദിവസം ആഘോഷിക്കണം. ഇതു വരാനുള്ള തലമുറകൾക്ക് എന്നേക്കുമുള്ള ഒരു അനുഷ്ഠാനമായിരിക്കണം ഇത് ഏഴാംമാസത്തിൽ ആഘോഷിക്കണം. ഏഴുദിവസം കൂടാരങ്ങളിൽ പാർക്കണം; എല്ലാ സ്വദേശീയരായ ഇസ്രായേല്യരും കൂടാരങ്ങളിൽ പാർക്കണം. അങ്ങനെ ഞാൻ ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്നപ്പോൾ ഞാൻ അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിയും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ” ഇപ്രകാരം മോശ യഹോവയുടെ സ്ഥാപിക്കപ്പെട്ട ഉത്സവങ്ങൾ ഇസ്രായേൽമക്കളോട് അറിയിച്ചു.