ലേവ്യാപുസ്തകം 2:1-16
ലേവ്യാപുസ്തകം 2:1-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആരെങ്കിലും യഹോവയ്ക്കു ഭോജനയാഗമായ വഴിപാട് കഴിക്കുമ്പോൾ അവന്റെ വഴിപാടു നേരിയ മാവ് ആയിരിക്കേണം; അവൻ അതിന്മേൽ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടേണം. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ അതു കൊണ്ടുവരേണം. അവൻ മാവും എണ്ണയും ഒരു കൈ നിറച്ചും കുന്തുരുക്കം മുഴുവനും എടുക്കേണം; പുരോഹിതൻ അതു നിവേദ്യമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം. എന്നാൽ ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ഇരിക്കേണം. യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ ഇത് അതിവിശുദ്ധം. അടുപ്പത്തുവച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കിൽ അതു നേരിയ മാവു കൊണ്ടുണ്ടാക്കിയതായി എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളോ ആയിരിക്കേണം. നിന്റെ വഴിപാട് ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അത് എണ്ണ ചേർത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ട് ആയിരിക്കേണം. അതു കഷണംകഷണമായി നുറുക്കി അതിന്മേൽ എണ്ണ ഒഴിക്കേണം; അതു ഭോജനയാഗം. നിന്റെ വഴിപാട് ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അത് എണ്ണ ചേർത്ത നേരിയ മാവുകൊണ്ട് ഉണ്ടാക്കേണം. ഇവകൊണ്ട് ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവയ്ക്കു കൊണ്ടുവരേണം; അതു പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലുകയും അവൻ അതു യാഗപീഠത്തിങ്കൽ കൊണ്ടുപോകയും വേണം. പുരോഹിതൻ ഭോജനയാഗത്തിന്റെ നിവേദ്യം എടുത്തു യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം. ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ഇരിക്കേണം; അത് യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ അതിവിശുദ്ധം. നിങ്ങൾ യഹോവയ്ക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുത്; പുളിച്ചത് ഒന്നും യാതൊരു വക തേനും യഹോവയ്ക്കു ദഹനയാഗമായി ദഹിപ്പിക്കരുത്. അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവയ്ക്ക് അർപ്പിക്കാം. എങ്കിലും സൗരഭ്യവാസനയായി യാഗപീഠത്തിന്മേൽ അവ കയറരുത്. നിന്റെ ഭോജനയാഗത്തിനൊക്കെയും ഉപ്പു ചേർക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന് ഇല്ലാതിരിക്കരുത്; എല്ലാ വഴിപാടിനും ഉപ്പു ചേർക്കേണം. നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവയ്ക്കു കഴിക്കുന്നു എങ്കിൽ കതിർ ചുട്ട് ഉതിർത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അർപ്പിക്കേണം. അതിന്മേൽ എണ്ണ ഒഴിച്ച് അതിന്മീതെ കുന്തുരുക്കവും ഇടേണം; അത് ഒരു ഭോജനയാഗം. ഉതിർത്ത മണിയിലും എണ്ണയിലും കുറേശ്ശയും കുന്തുരുക്കം മുഴുവനും പുരോഹിതൻ നിവേദ്യമായി ദഹിപ്പിക്കേണം; അത് യഹോവയ്ക്ക് ഒരു ദഹനയാഗം.
ലേവ്യാപുസ്തകം 2:1-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആരെങ്കിലും സർവേശ്വരനു ധാന്യയാഗം അർപ്പിക്കുന്നെങ്കിൽ യാഗവസ്തു നേരിയ മാവായിരിക്കണം. അതിൽ എണ്ണയും കുന്തുരുക്കവും ചേർക്കണം. അത് അഹരോന്യപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ അതിൽനിന്ന് ഒരു പിടി മാവും എണ്ണയും കുന്തുരുക്കം മുഴുവനും ഉൾപ്പെടെ എടുത്തു സ്മരണാംശമായി യാഗപീഠത്തിൽ വച്ചു ദഹിപ്പിക്കണം. അത് സർവേശ്വരനു പ്രസാദമുള്ള സൗരഭ്യമായ ദഹനയാഗമാണ്. ധാന്യവഴിപാടിൽ ശേഷിക്കുന്നത് അഹരോന്യപുരോഹിതന്മാരുടെ ഓഹരിയാണ്. സർവേശ്വരനർപ്പിച്ച ദഹനയാഗത്തിന്റെ ഭാഗമാകയാൽ അത് അതിവിശുദ്ധമാകുന്നു. ധാന്യയാഗവസ്തു ചുട്ടെടുത്ത അപ്പമാണെങ്കിൽ പുളിപ്പിക്കാത്ത നേരിയ മാവും എണ്ണയും ചേർത്തുണ്ടാക്കിയ അപ്പമോ എണ്ണ പുരട്ടി ഉണ്ടാക്കിയ അടയോ ആയിരിക്കണം. യാഗവസ്തു കല്ലിന്മേൽ ചുട്ടെടുത്ത അപ്പമാണെങ്കിൽ അതു പുളിപ്പിക്കാത്ത നേരിയ മാവിൽ എണ്ണ ചേർത്തുണ്ടാക്കിയതായിരിക്കണം. അതു കഷണങ്ങളായി നുറുക്കിയ ശേഷം അവയിൽ എണ്ണ ഒഴിക്കണം. ഇതാണു ധാന്യയാഗം. ഉരുളിയിൽ പാകം ചെയ്ത വസ്തുവാണ് ധാന്യയാഗമായി അർപ്പിക്കുന്നതെങ്കിൽ അതു നേരിയ മാവും എണ്ണയും ചേർത്തുണ്ടാക്കിയതായിരിക്കണം. ഇവ ധാന്യയാഗത്തിന് സർവേശ്വരസന്നിധിയിൽ കൊണ്ടുവരുമ്പോൾ പുരോഹിതനെ ഏല്പിക്കണം. പുരോഹിതൻ അതു യാഗപീഠത്തിൽ സമർപ്പിക്കും. അതിൽ ഒരു ഭാഗം പുരോഹിതൻ സ്മരണാംശമായി യാഗപീഠത്തിൽ വച്ചു ദഹിപ്പിക്കണം. അതു സർവേശ്വരനു പ്രസാദമുള്ള സൗരഭ്യയാഗമായിരിക്കണം. ധാന്യവഴിപാടിൽ ശേഷിച്ചത് അഹരോന്യപുരോഹിതന്മാർക്കുള്ളതാണ്. സർവേശ്വരനു സമർപ്പിച്ച ദഹനയാഗത്തിന്റെ അംശമായതുകൊണ്ട് അത് അതിവിശുദ്ധമാകുന്നു. സർവേശ്വരനു ധാന്യയാഗമായി അർപ്പിക്കാനുള്ള വസ്തു പുളിച്ച മാവുകൊണ്ട് ഉണ്ടാക്കരുത്. പുളിച്ച മാവോ തേനോ ദഹനയാഗമായി അവിടുത്തേക്ക് അർപ്പിക്കരുത്. അവ ആദ്യഫലവഴിപാടായി സർവേശ്വരനു സമർപ്പിക്കാം. എന്നാൽ അവ സൗരഭ്യയാഗമായി യാഗപീഠത്തിൽ അർപ്പിക്കരുത്. എല്ലാ ധാന്യവഴിപാടിലും ഉപ്പു ചേർത്തിരിക്കണം. നിന്റെ ദൈവവുമായുള്ള ഉടമ്പടിയുടെ പ്രതീകമായ ഉപ്പ് വഴിപാടുകളിൽ ചേർക്കാൻ വിട്ടുപോകരുത്. നിങ്ങളുടെ ആദ്യഫലം ധാന്യയാഗമായി സർവേശ്വരന് അർപ്പിക്കുന്നെങ്കിൽ യാഗവസ്തു വിളഞ്ഞ കതിരിൽനിന്ന് എടുത്ത മണികൾ തീയിൽ പൊരിച്ചുണ്ടാക്കിയ മലരോ മലർപ്പൊടിയോ ആയിരിക്കണം. അതിൽ എണ്ണ പകർന്നു മേലെ കുന്തുരുക്കം വിതറണം. അതാണു ധാന്യയാഗം. പുരോഹിതൻ എണ്ണ ചേർത്ത മലരിന്റെ ഒരു ഭാഗവും കുന്തുരുക്കം മുഴുവനും സ്മരണാംശമായി ദഹിപ്പിക്കണം. ഇതു സർവേശ്വരനുള്ള ദഹനയാഗമാണ്.
ലേവ്യാപുസ്തകം 2:1-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ആരെങ്കിലും യഹോവയ്ക്കു ഭോജനയാഗമായ വഴിപാട് കഴിക്കുമ്പോൾ അവന്‍റെ വഴിപാട് നേരിയ മാവ് ആയിരിക്കേണം; അവൻ അതിന്മേൽ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടേണം. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ അവൻ അത് കൊണ്ടുവരേണം. പുരോഹിതൻ മാവും എണ്ണയും ഒരു കൈ നിറച്ചു കുന്തുരുക്കം മുഴുവനും എടുക്കേണം; പുരോഹിതൻ അത് സ്മരണാംശമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം. എന്നാൽ ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ആയിരിക്കേണം. യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ ഇത് അതിവിശുദ്ധം. “അടുപ്പത്തുവച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കിൽ അത് നേരിയ മാവു കൊണ്ടുണ്ടാക്കിയ എണ്ണചേർത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണപുരട്ടിയ പുളിപ്പില്ലാത്ത പപ്പടങ്ങളോ ആയിരിക്കേണം. നിന്റെ വഴിപാട് ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നു എങ്കിൽ അത് എണ്ണചേർത്ത പുളിപ്പില്ലാത്ത നേരിയമാവുകൊണ്ട് ആയിരിക്കേണം. അത് കഷണംകഷണമായി നുറുക്കി അതിന്മേൽ എണ്ണ ഒഴിക്കേണം; അത് ഭോജനയാഗം. നിന്റെ വഴിപാട് ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അത് എണ്ണചേർത്ത നേരിയമാവുകൊണ്ട് ഉണ്ടാക്കേണം. ഇവകൊണ്ട് ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവയ്ക്കു കൊണ്ടുവരേണം; അത് പുരോഹിതന്‍റെ അടുക്കൽ കൊണ്ടുചെല്ലുകയും അവൻ അത് യാഗപീഠത്തിങ്കൽ കൊണ്ടുപോകുകയും വേണം. പുരോഹിതൻ ഭോജനയാഗത്തിന്‍റെ സ്മരണാംശം എടുത്തു യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം. ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ആയിരിക്കേണം; അത് യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ അതിവിശുദ്ധം. “നിങ്ങൾ യഹോവയ്ക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുത്; പുളിപ്പുള്ളതും യാതൊരു വക തേനും യഹോവയ്ക്കു ദഹനയാഗമായി ദഹിപ്പിക്കരുത്. അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവയ്ക്ക് അർപ്പിക്കാം. എങ്കിലും സൗരഭ്യവാസനയായി യാഗപീഠത്തിന്മേൽ അവ ദഹിപ്പിക്കരുത്. നിന്‍റെ ഭോജനയാഗത്തിനു ഒക്കെയും ഉപ്പ് ചേർക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പ് ഭോജനയാഗത്തിന് ഇല്ലാതിരിക്കരുത്; എല്ലാ വഴിപാടിനും ഉപ്പ് ചേർക്കേണം. “നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവയ്ക്കു കഴിക്കുന്നു എങ്കിൽ കതിർ വറുത്ത് പുതിയതായി ഉതിർത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അർപ്പിക്കേണം. അതിന്മേൽ എണ്ണ ഒഴിച്ച് അതിൻമീതെ കുന്തുരുക്കവും ഇടേണം; അത് ഒരു ഭോജനയാഗം. ഉതിർത്ത മണിയിലും എണ്ണയിലും അല്പവും കുന്തുരുക്കം മുഴുവനും പുരോഹിതൻ സ്മരണാംശമായി ദഹിപ്പിക്കേണം; അത് യഹോവയ്ക്ക് ഒരു ദഹനയാഗം.
ലേവ്യാപുസ്തകം 2:1-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആരെങ്കിലും യഹോവെക്കു ഭോജനയാഗമായ വഴിപാടു കഴിക്കുമ്പോൾ അവന്റെ വഴിപാടു നേരിയ മാവു ആയിരിക്കേണം; അവൻ അതിന്മേൽ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടേണം. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ അതു കൊണ്ടുവരേണം. അവൻ മാവും എണ്ണയും ഒരു കൈ നിറച്ചും കുന്തുരുക്കം മുഴുവനും എടുക്കേണം; പുരോഹിതൻ അതു നിവേദ്യമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗം. എന്നാൽ ഭോജനയാഗത്തിന്റെ ശേഷിപ്പു അഹരോന്നും പുത്രന്മാർക്കും ഇരിക്കേണം. യഹോവെക്കുള്ള ദഹനയാഗങ്ങളിൽ ഇതു അതിവിശുദ്ധം. അടുപ്പത്തുവെച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കിൽ അതു നേരിയ മാവു കൊണ്ടുണ്ടാക്കിയതായി എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളോ ആയിരിക്കേണം. നിന്റെ വഴിപാടു ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അതു എണ്ണ ചേർത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ടു ആയിരിക്കേണം. അതു കഷണംകഷണമായി നുറക്കി അതിന്മേൽ എണ്ണ ഒഴിക്കേണം; അതു ഭോജനയാഗം. നിന്റെ വഴിപാടു ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അതു എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു ഉണ്ടാക്കേണം. ഇവകൊണ്ടു ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവെക്കു കൊണ്ടുവരേണം; അതു പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലുകയും അവൻ അതു യാഗപീഠത്തിങ്കൽ കൊണ്ടുപോകയും വേണം. പുരോഹിതൻ ഭോജനയാഗത്തിന്റെ നിവേദ്യം എടുത്തു യാഗപീഠത്തിന്മേൽ യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം. ഭോജനയാഗത്തിന്റെ ശേഷിപ്പു അഹരോന്നും പുത്രന്മാർക്കും ഇരിക്കേണം; അതു യഹോവെക്കുള്ള ദഹനയാഗങ്ങളിൽ അതിവിശുദ്ധം. നിങ്ങൾ യഹോവെക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുതു; പുളിച്ചതു ഒന്നും യാതൊരു വക തേനും യഹോവെക്കു ദഹനയാഗമായി ദഹിപ്പിക്കരുതു. അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവെക്കു അർപ്പിക്കാം. എങ്കിലും സൗരഭ്യവാസനയായി യാഗപീഠത്തിന്മേൽ അവ കയറരുതു. നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേർക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലാവഴിപാടിന്നും ഉപ്പു ചേർക്കേണം. നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവെക്കു കഴിക്കുന്നു എങ്കിൽ കതിർ ചുട്ടു ഉതിർത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അർപ്പിക്കേണം. അതിന്മേൽ എണ്ണ ഒഴിച്ചു അതിൻമീതെ കുന്തുരുക്കവും ഇടേണം; അതു ഒരു ഭോജനയാഗം. ഉതിർത്ത മണിയിലും എണ്ണയിലും കുറേശ്ശയും കുന്തുരുക്കം മുഴുവനും പുരോഹിതൻ നിവേദ്യമായി ദഹിപ്പിക്കേണം; അതു യഹോവെക്കു ഒരു ദഹനയാഗം.
ലേവ്യാപുസ്തകം 2:1-16 സമകാലിക മലയാളവിവർത്തനം (MCV)
“ ‘ഒരാൾ യഹോവയ്ക്ക് ഒരു ഭോജനയാഗം അർപ്പിക്കുമ്പോൾ അയാളുടെ വഴിപാട് നേരിയമാവ് ആയിരിക്കണം. അയാൾ അതിന്മേൽ ഒലിവെണ്ണ ഒഴിക്കുകയും കുന്തിരിക്കം ഇടുകയും വേണം. അത് അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ ഒരുപിടി നേരിയമാവും എണ്ണയും, കുന്തിരിക്കം മുഴുവനും എടുത്ത്, അത് ഒരു സ്മാരകഭാഗമായി യാഗപീഠത്തിൽ ദഹിപ്പിക്കണം. അതു യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം. ഭോജനയാഗത്തിൽ അവശേഷിക്കുന്ന ധാന്യം അഹരോനും പുത്രന്മാർക്കും ഉള്ളതാണ്. യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ അത് ഏറ്റവും വിശുദ്ധമാണ്. “ ‘അടുപ്പിൽ ചുട്ട ഭോജനയാഗമാണ് നിങ്ങൾ അർപ്പിക്കുന്നതെങ്കിൽ, അതു പുളിപ്പിക്കാത്ത നേരിയമാവുകൊണ്ടുള്ളതാകണം; ഒലിവെണ്ണചേർത്ത പുളിപ്പില്ലാത്ത ദോശയോ പുളിപ്പിക്കാതെ ഒലിവെണ്ണ പുരട്ടിയുണ്ടാക്കിയ വടകളോ ആയിരിക്കണം. നിങ്ങളുടെ ഭോജനയാഗം അപ്പച്ചട്ടിയിൽ ചുട്ടതാണെങ്കിൽ നേരിയമാവ് പുളിപ്പിക്കാതെ എണ്ണചേർത്ത് ഉണ്ടാക്കിയതായിരിക്കണം. അതു കഷണങ്ങളായി മുറിച്ച് അതിന്മേൽ എണ്ണ ഒഴിക്കണം; അതു ഭോജനയാഗം. നിങ്ങളുടെ ഭോജനയാഗം ഉരുളിയിൽ പാകംചെയ്തതാണെങ്കിൽ, അതു നേരിയമാവും ഒലിവെണ്ണയും ചേർത്തുണ്ടാക്കിയതായിരിക്കണം. ഇവകൊണ്ടുണ്ടാക്കിയ ഭോജനയാഗം യഹോവയ്ക്ക് അർപ്പിക്കണം; അതു പുരോഹിതനെ ഏൽപ്പിക്കണം; അദ്ദേഹം അതു യാഗപീഠത്തിൽ കൊണ്ടുവരണം. അദ്ദേഹം ഭോജനയാഗത്തിൽനിന്ന് സ്മാരകഭാഗം എടുത്തു യാഗപീഠത്തിൽ യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി ദഹിപ്പിക്കണം. ഭോജനയാഗത്തിൽ അവശേഷിക്കുന്ന ധാന്യം അഹരോനും പുത്രന്മാർക്കും ഉള്ളതാണ്. യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ ഇത് അതിവിശുദ്ധം. “ ‘യഹോവയ്ക്കു നിങ്ങൾ അർപ്പിക്കുന്ന ഭോജനയാഗങ്ങളിലൊന്നിനും പുളിപ്പുണ്ടായിരിക്കരുത്; പുളിച്ച മാവോ തേനോ ഭോജനയാഗമായി അർപ്പിക്കരുത്. നിങ്ങൾ അവയെ ആദ്യഫലവഴിപാടായി യഹോവയ്ക്ക് അർപ്പിക്കാം. പക്ഷേ, അവയെ ഹൃദ്യസുഗന്ധമായി യാഗപീഠത്തിൽ അർപ്പിക്കരുത്. നിങ്ങളുടെ എല്ലാ ഭോജനയാഗത്തിനും ഉപ്പുകൊണ്ടു രുചി വരുത്തണം. നിങ്ങളുടെ ദൈവവുമായുള്ള ഉടമ്പടിയുടെ ഉപ്പു ഭോജനയാഗങ്ങളിൽനിന്നും ഒഴിവാക്കരുത്. നിങ്ങളുടെ എല്ലാ വഴിപാടുകളിലും ഉപ്പുചേർക്കണം. “ ‘നിങ്ങളുടെ ആദ്യഫലത്തിൽനിന്നും യഹോവയ്ക്ക് ഭോജനയാഗം അർപ്പിക്കുന്നെങ്കിൽ, പുതിയ കതിരുതിർത്ത മണികൾ തീയിൽ ചുട്ട്, അർപ്പിക്കണം. അതിന്മേൽ എണ്ണയും കുന്തിരിക്കവും ഇടണം; അത് ഒരു ഭോജനയാഗം. ഉതിർത്ത ധാന്യമണിയുടെയും എണ്ണയുടെയും ഓരോഭാഗവും മുഴുവൻ കുന്തിരിക്കവും പുരോഹിതൻ യഹോവയ്ക്ക് ഒരു സ്മാരകഭാഗമായി ദഹിപ്പിക്കണം; അത് യഹോവയ്ക്കു ഒരു ദഹനയാഗം.