ലേവ്യാപുസ്തകം 19:19-37

ലേവ്യാപുസ്തകം 19:19-37 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങൾ എന്റെ ചട്ടങ്ങൾ പ്രമാണിക്കേണം. രണ്ടു തരം മൃഗങ്ങളെ തമ്മിൽ ഇണ ചേർക്കരുത്; നിന്റെ വയലിൽ കൂട്ടുവിത്തു വിതയ്ക്കരുത്; രണ്ടു വക സാധനം കലർന്ന വസ്ത്രം ധരിക്കരുത്. ഒരു പുരുഷനു നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടെ ഒരുത്തൻ ശയിച്ചാൽ അവരെ ശിക്ഷിക്കേണം. എന്നാൽ അവൾ സ്വാതന്ത്ര്യമില്ലാത്തവളായാൽ അവരെ കൊല്ലരുത്; അവൻ യഹോവയ്ക്ക് അകൃത്യയാഗത്തിനായി സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ഒരു ആട്ടുകൊറ്റനെ കൊണ്ടുവരേണം. അവൻ ചെയ്ത പാപത്തിനായി പുരോഹിതൻ അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ട് അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ ചെയ്ത പാപം അവനോടു ക്ഷമിക്കും. നിങ്ങൾ ദേശത്ത് എത്തി ഭക്ഷണത്തിന് ഉതകുന്ന സകലവിധ വൃക്ഷങ്ങളും നട്ടശേഷം നിങ്ങൾക്ക് അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കേണം; അതു മൂന്നു സംവത്സരത്തേക്കു പരിച്ഛേദനയില്ലാത്തതുപോലെ ഇരിക്കേണം; അതു തിന്നരുത്. നാലാം സംവത്സരത്തിൽ അതിന്റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിനായിട്ടു ശുദ്ധമായിരിക്കേണം. അഞ്ചാം സംവത്സരത്തിലോ നിങ്ങൾക്ക് അതിന്റെ ഫലം തിന്നാം; അങ്ങനെ അതിന്റെ അനുഭവം നിങ്ങൾക്കു വർധിച്ചുവരും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. രക്തത്തോടുകൂടിയുള്ളതു തിന്നരുത്; ആഭിചാരം ചെയ്യരുത്; മുഹൂർത്തം നോക്കരുത്: നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുത്; താടിയുടെ അറ്റം വിരൂപമാക്കരുത്. മരിച്ചവനുവേണ്ടി ശരീരത്തിൽ മുറിവുണ്ടാക്കരുത്; മെയ്മേൽ പച്ചകുത്തരുത്; ഞാൻ യഹോവ ആകുന്നു. ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കർമംകൊണ്ടു നിറയാതിരിക്കേണ്ടതിനു നിന്റെ മകളെ വേശ്യാവൃത്തിക്ക് ഏല്പിക്കരുത്. നിങ്ങൾ എന്റെ ശബ്ബത്തുകൾ പ്രമാണിക്കയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കയും വേണം; ഞാൻ യഹോവ ആകുന്നു. വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുത്. അവരാൽ അശുദ്ധരായിത്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കയും അരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. നരച്ചവന്റെ മുമ്പാകെ എഴുന്നേല്ക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാൻ യഹോവ ആകുന്നു. പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാർത്താൽ അവനെ ഉപദ്രവിക്കരുത്. നിങ്ങളോടുകൂടെ പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുത്. ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങൾക്ക് ഉണ്ടായിരിക്കേണം; ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. നിങ്ങൾ എന്റെ എല്ലാ ചട്ടങ്ങളും സകല വിധികളും പ്രമാണിച്ച് അനുസരിക്കേണം; ഞാൻ യഹോവ ആകുന്നു.

ലേവ്യാപുസ്തകം 19:19-37 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്റെ കല്പനകൾ നിങ്ങൾ അനുസരിക്കണം. നിങ്ങളുടെ കന്നുകാലികളെ മറ്റിനം മൃഗങ്ങളുമായി ഇണചേർക്കരുത്. നിലത്തിൽ രണ്ടു തരം വിത്തു വിതയ്‍ക്കരുത്. രണ്ടു തരം തുണികൊണ്ടുള്ള വസ്ത്രം ധരിക്കരുത്. ഒരുവനുമായി വിവാഹനിശ്ചയം കഴിഞ്ഞിട്ടുള്ളവളും എന്നാൽ വീണ്ടെടുക്കപ്പെടുകയോ, സ്വതന്ത്രയാക്കപ്പെടുകയോ ചെയ്തിട്ടില്ലാത്തവളുമായ അടിമയെ ഒരുവൻ പ്രാപിച്ചാൽ അവരെ വിചാരണ ചെയ്തു ശിക്ഷിക്കണം. എന്നാൽ അവൾ അസ്വതന്ത്രയാകയാൽ അവർക്കു വധശിക്ഷ നല്‌കരുത്. അവൻ സർവേശ്വരനു പ്രായശ്ചിത്തയാഗമായി തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ ഒരു ആണാടിനെ കൊണ്ടുവരണം. പുരോഹിതൻ സർവേശ്വരസന്നിധിയിൽ പാപപരിഹാരയാഗത്തിനുള്ള ആടിനെ അർപ്പിച്ച് അവനുവേണ്ടി പ്രായശ്ചിത്തം ചെയ്യുമ്പോൾ അവന്റെ പാപം ക്ഷമിക്കപ്പെടും. നിങ്ങൾ കനാൻദേശത്തു ചെന്ന് എല്ലാത്തരം ഫലവൃക്ഷങ്ങളും നട്ടു പിടിപ്പിക്കുമ്പോൾ മൂന്നു വർഷത്തേക്ക് അവയുടെ ഫലം വിലപ്പെട്ടതായി കരുതണം; അവ ഭക്ഷിക്കരുത്. നാലാം വർഷത്തെ ഫലം നന്ദിസൂചകമായി സർവേശ്വരനു സമർപ്പിക്കണം. അഞ്ചാം വർഷം അവയുടെ ഫലം നിങ്ങൾക്കു ഭക്ഷിക്കാം. നിങ്ങൾക്ക് സമൃദ്ധമായ വിളവു ലഭിക്കും. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. രക്തത്തോടുകൂടി മാംസം ഭക്ഷിക്കരുത്. ശകുനം നോക്കരുത്. മന്ത്രവാദം ചെയ്യരുത്. നിങ്ങളുടെ തലമുടി ചുറ്റും വടിക്കരുത്. താടിമീശയുടെ അഗ്രം മുറിക്കരുത്. മരിച്ചവനുവേണ്ടി നിങ്ങളുടെ ശരീരത്തിൽ മുറിവുണ്ടാക്കരുത്. പച്ച കുത്തരുത്. ഞാൻ സർവേശ്വരനാകുന്നു. നിങ്ങളുടെ പുത്രിമാരെ വേശ്യാവൃത്തിക്കു വിടരുത്. അങ്ങനെ ചെയ്താൽ ദേശം വേശ്യാവൃത്തികൊണ്ട് അശുദ്ധമായി അധർമം നിറയും. എന്റെ ശബത്തുകൾ ആചരിക്കുകയും വിശുദ്ധമന്ദിരത്തോട് ആദരം കാണിക്കുകയും ചെയ്യുവിൻ. ഞാൻ സർവേശ്വരനാകുന്നു. വെളിച്ചപ്പാടുകളുടെയോ, മന്ത്രവാദികളുടെയോ അടുത്തുപോയി നിങ്ങളെത്തന്നെ അശുദ്ധരാക്കുകയും അവരുടെ ഉപദേശം തേടുകയും അരുത്. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. പ്രായം ചെന്നു തല നരച്ചവരുടെ മുമ്പിൽ എഴുന്നേറ്റു നിന്ന് ആദരം കാണിക്കണം. നിന്റെ ദൈവത്തെ ഭയപ്പെടുക; ഞാൻ സർവേശ്വരനാകുന്നു. നിങ്ങളുടെ ദേശത്തു പാർക്കുന്ന പരദേശിയെ ദ്രോഹിക്കരുത്. അവനെ സ്വദേശിയെപ്പോലെ കരുതി നിന്നെപ്പോലെതന്നെ സ്നേഹിക്കുക. നിങ്ങളും ഈജിപ്തിൽ പരദേശികളായിരുന്നുവല്ലോ. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. വിധിയിലും അളവിലും തൂക്കത്തിലും അന്യായം കാണിക്കരുത്. ശരിയായ തുലാസും കട്ടിയും അളവുകളും ഉപയോഗിക്കണം. നിങ്ങളെ ഈജിപ്തിൽനിന്നു വിമോചിപ്പിച്ചുകൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. എന്റെ എല്ലാ ചട്ടങ്ങളും പ്രമാണങ്ങളും നിങ്ങൾ പാലിക്കണം; ഞാൻ സർവേശ്വരനാകുന്നു”.

ലേവ്യാപുസ്തകം 19:19-37 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“നിങ്ങൾ എന്‍റെ ചട്ടങ്ങൾ പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മിൽ ഇണ ചേർക്കരുത്; നിന്‍റെ വയലിൽ കൂട്ടുവിത്തു വിതയ്ക്കരുത്; രണ്ടു വക സാധനം കലർന്ന വസ്ത്രം ധരിക്കരുത്. ഒരു പുരുഷന് നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടി ഒരുവൻ ശയിച്ചാൽ അവരെ ശിക്ഷിക്കണം. എന്നാൽ അവൾ സ്വാതന്ത്ര്യമില്ലാത്തവളായതുകൊണ്ട് അവരെ കൊല്ലരുത്; അവൻ യഹോവയ്ക്ക് അകൃത്യയാഗത്തിനായി സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ ഒരു ആട്ടുകൊറ്റനെ കൊണ്ടുവരേണം. അവൻ ചെയ്ത പാപത്തിനായി പുരോഹിതൻ അകൃത്യയാഗത്തിന്‍റെ ആട്ടുകൊറ്റനെക്കൊണ്ട് അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ ചെയ്ത പാപം അവനോട് ക്ഷമിക്കും. “നിങ്ങൾ ദേശത്ത് എത്തി ഭക്ഷണത്തിന് ഉതകുന്ന സകലവിധ വൃക്ഷങ്ങളും നട്ടശേഷം നിങ്ങൾക്ക് അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കേണം; അത് മൂന്നു വർഷത്തേക്ക് നിഷിദ്ധമായത് പോലെ ആയിരിക്കേണം; അത് ഭക്ഷിക്കരുത്. നാലാം വർഷത്തിൽ അതിന്‍റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിന്നായിട്ടു ശുദ്ധമായിരിക്കണം. അഞ്ചാം വർഷത്തിൽ നിങ്ങൾക്ക് അതിന്‍റെ ഫലം ഭക്ഷിക്കാം; അങ്ങനെ അതിന്‍റെ അനുഭവം നിങ്ങൾക്ക് വർദ്ധിച്ചുവരും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. “രക്തത്തോടുകൂടിയുള്ളതു തിന്നരുത്; ആഭിചാരം ചെയ്യരുത്; മുഹൂർത്തം നോക്കരുത്; നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുത്; താടിയുടെ അറ്റം വിരൂപമാക്കരുത്. മരിച്ചവനുവേണ്ടി നിങ്ങളുടെ ശരീരത്തിൽ മുറിവുണ്ടാക്കരുത്; ശരീരത്തിന്മേൽ പച്ചകുത്തരുത്; ഞാൻ യഹോവ ആകുന്നു. ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കർമ്മംകൊണ്ടു നിറയാതിരിക്കേണ്ടതിനു നിന്‍റെ മകളെ വേശ്യാവൃത്തിക്ക് ഏല്പിക്കരുത്. “നിങ്ങൾ എന്‍റെ ശബ്ബത്തുകൾ പ്രമാണിക്കുകയും എന്‍റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കുകയും വേണം; ഞാൻ യഹോവ ആകുന്നു. വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുത്. അവരാൽ അശുദ്ധരായ്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കുകയും അരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. “നരച്ചവൻ്റെ മുമ്പാകെ എഴുന്നേല്ക്കുകയും വൃദ്ധന്‍റെ മുഖം ബഹുമാനിക്കയും നിന്‍റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാൻ യഹോവ ആകുന്നു. “പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാർത്താൽ അവനെ ഉപദ്രവിക്കരുത്. നിങ്ങളോടുകൂടി പാർക്കുന്ന പരദേശി നിങ്ങൾക്ക് സ്വദേശിയെപ്പോലെ ആയിരിക്കേണം; അവനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം; നിങ്ങളും മിസ്രയീമിൽ പരദേശികളായിരുന്നുവല്ലോ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. “ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുത്. ശരിയായ തുലാസ്സും ശരിയായ കട്ടിയും ശരിയായ പറയും ശരിയായ ഇടങ്ങഴിയും നിങ്ങൾക്ക് ഉണ്ടായിരിക്കേണം; ഞാൻ നിങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. “നിങ്ങൾ എന്‍റെ എല്ലാ ചട്ടങ്ങളും സകലവിധികളും പ്രമാണിച്ച് അനുസരിക്കണം; ഞാൻ യഹോവ ആകുന്നു.”

ലേവ്യാപുസ്തകം 19:19-37 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങൾ എന്റെ ചട്ടങ്ങൾ പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മിൽ ഇണ ചേർക്കരുതു; നിന്റെ വയലിൽ കൂട്ടുവിത്തു വിതെക്കരുതു; രണ്ടു വക സാധനം കലർന്ന വസ്ത്രം ധരിക്കരുതു. ഒരു പുരുഷന്നു നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടെ ഒരുത്തൻ ശയിച്ചാൽ അവരെ ശിക്ഷിക്കേണം. എന്നാൽ അവൾ സ്വാതന്ത്ര്യമില്ലാത്തവളായാൽ അവരെ കൊല്ലരുതു; അവൻ യഹൊവെക്കു അകൃത്യയാഗത്തിന്നായി സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ഒരു ആട്ടുകൊറ്റനെ കൊണ്ടുവരേണം. അവൻ ചെയ്ത പാപത്തിന്നായി പുരോഹിതൻ അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ ചെയ്ത പാപം അവനോടു ക്ഷമിക്കും. നിങ്ങൾ ദേശത്തു എത്തി ഭക്ഷണത്തിന്നു ഉതകുന്ന സകലവിധവൃക്ഷങ്ങളും നട്ടശേഷം നിങ്ങൾക്കു അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കേണം; അതു മൂന്നു സംവത്സരത്തേക്കു പരിച്ഛേദനയില്ലാത്തതുപോലെ ഇരിക്കേണം; അതു തിന്നരുതു. നാലാം സംവത്സരത്തിൽ അതിന്റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിന്നായിട്ടു ശുദ്ധമായിരിക്കേണം. അഞ്ചാം സംവത്സരത്തിലോ നിങ്ങൾക്കു അതിന്റെ ഫലം തിന്നാം; അങ്ങനെ അതിന്റെ അനുഭവം നിങ്ങൾക്കു വർദ്ധിച്ചുവരും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. രക്തത്തോടുകൂടിയുള്ളതു തിന്നരുതു; ആഭിചാരം ചെയ്യരുതു; മുഹൂർത്തം നോക്കരുതു; നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുതു; താടിയുടെ അറ്റം വിരൂപമാക്കരുതു. മരിച്ചവന്നുവേണ്ടി ശരീരത്തിൽ മുറിവുണ്ടാക്കരുതു; മെയ്മേൽ പച്ചകുത്തരുതു; ഞാൻ യഹോവ ആകുന്നു. ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കർമ്മംകൊണ്ടു നിറയാതിരിക്കേണ്ടതിന്നു നിന്റെ മകളെ വേശ്യാവൃത്തിക്കു ഏല്പിക്കരുതു. നിങ്ങൾ എന്റെ ശബ്ബത്തുകൾ പ്രമാണിക്കയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കയും വേണം; ഞാൻ യഹോവ ആകുന്നു. വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുതു. അവരാൽ അശുദ്ധരായ്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കയും അരുതു. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. നരച്ചവന്റെ മുമ്പാകെ എഴുന്നേൽക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാൻ യഹോവ ആകുന്നു. പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാർത്താൽ അവനെ ഉപദ്രവിക്കരുതു. നിങ്ങളോടുകൂടെ പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുതു. ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങൾക്കു ഉണ്ടായിരിക്കേണം; ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. നിങ്ങൾ എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു അനുസരിക്കേണം; ഞാൻ യഹോവ ആകുന്നു.

ലേവ്യാപുസ്തകം 19:19-37 സമകാലിക മലയാളവിവർത്തനം (MCV)

“ ‘എന്റെ ഉത്തരവുകൾ പ്രമാണിക്കുക. “ ‘രണ്ടുതരം മൃഗങ്ങളെത്തമ്മിൽ ഇണചേർക്കരുത്. “ ‘രണ്ടുതരം വിത്തു നിന്റെ നിലത്തിൽ വിതയ്ക്കരുത്. “ ‘രണ്ടുതരം വസ്തുക്കൾ ചേർത്തു നെയ്ത വസ്ത്രം ധരിക്കരുത്. “ ‘മറ്റൊരു പുരുഷനു വാഗ്ദാനം ചെയ്യപ്പെട്ടവളും എന്നാൽ, വീണ്ടെടുക്കപ്പെട്ടിട്ടില്ലാത്തവളും സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടില്ലാത്തവളുമായ ഒരടിമസ്ത്രീയോടുകൂടെ ഒരാൾ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അവരെ ന്യായമായി ശിക്ഷിക്കണം. എന്നാൽ, അവരെ മരണത്തിന് ഏൽപിക്കരുത്, കാരണം അവൾ സ്വതന്ത്രയായിട്ടില്ലല്ലോ. എങ്കിലും ആ പുരുഷൻ സമാഗമകൂടാരവാതിലിൽ യഹോവയുടെ സന്നിധിയിൽ അകൃത്യയാഗത്തിനായി ഒരു ആട്ടുകൊറ്റനെ കൊണ്ടുവരണം. അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ട് അവൻ ചെയ്ത പാപത്തിനു പുരോഹിതൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പാപപരിഹാരംചെയ്യണം; അങ്ങനെ അവന്റെ പാപം ക്ഷമിക്കപ്പെടും. “ ‘നിങ്ങൾ കനാൻദേശത്തുവന്ന് ഏതെങ്കിലും ഇനം ഫലവൃക്ഷം നടുമ്പോൾ അതിന്റെ ഫലം വിലക്കപ്പെട്ടതായി കരുതണം. മൂന്നുവർഷം അതു വിലക്കപ്പെട്ടതായി നിങ്ങൾ കരുതണം, അതു ഭക്ഷിക്കരുത്. നാലാംവർഷം അതിന്റെ ഫലമെല്ലാം യഹോവയ്ക്കു സ്തോത്രാർപ്പണത്തിനായി വിശുദ്ധമായിരിക്കും. എന്നാൽ അഞ്ചാംവർഷം നിങ്ങൾക്ക് അതിന്റെ ഫലം ഭക്ഷിക്കാം. അങ്ങനെ അതിന്റെ അനുഭവം നിങ്ങൾക്കു വർധിച്ചുവരും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. “ ‘രക്തത്തോടുകൂടി മാംസം ഭക്ഷിക്കരുത്. “ ‘ദേവപ്രശ്നംവെക്കുകയോ ശകുനംനോക്കുകയോ അരുത്. “ ‘നിങ്ങളുടെ തലയുടെ അരികു വടിക്കുകയോ താടിയുടെ അറ്റം മുറിക്കുകയോ ചെയ്യരുത്. “ ‘മരിച്ചവർക്കുവേണ്ടി നിങ്ങളുടെ ശരീരം മുറിപ്പെടുത്തുകയോ നിങ്ങളുടെമേൽ പച്ച കുത്തുകയോ ചെയ്യരുത്. ഞാൻ യഹോവ ആകുന്നു. “ ‘ദേശം വേശ്യാവൃത്തിയിലേക്കു തിരിഞ്ഞു ദുഷ്ടതകൊണ്ടു നിറയാതിരിക്കാൻ, നിന്റെ മകളെ വേശ്യാവൃത്തിക്ക് ഏൽപ്പിക്കരുത്. “ ‘എന്റെ ശബ്ബത്തുകൾ പ്രമാണിക്കുകയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കുകയും വേണം. ഞാൻ യഹോവ ആകുന്നു. “ ‘വെളിച്ചപ്പാടുകളെയോ ഭൂതസേവക്കാരെയോ അന്വേഷിക്കരുത്. കാരണം അവരാൽ നിങ്ങൾ അശുദ്ധരായിത്തീരും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. “ ‘വൃദ്ധരുടെമുമ്പാകെ എഴുന്നേൽക്കുക, നരച്ചവനോടു ബഹുമാനം കാണിക്കുക. നിങ്ങളുടെ ദൈവത്തെ ഭയത്തോടെ ബഹുമാനിക്കുക. ഞാൻ യഹോവ ആകുന്നു. “ ‘ഒരു പ്രവാസി നിങ്ങളോടുകൂടെ നിങ്ങളുടെ ദേശത്തു പാർക്കുമ്പോൾ ആ മനുഷ്യനെ ചൂഷണംചെയ്യരുത്. നിങ്ങളോടുകൂടെ പാർക്കുന്ന പ്രവാസിയോട് ഒരു സ്വദേശിയോടെന്നപോലെ ഇടപെടുക; അയാളെ നിങ്ങളെപ്പോലെതന്നെ സ്നേഹിക്കുക. നിങ്ങൾ ഈജിപ്റ്റിൽ പ്രവാസികളായിരുന്നല്ലോ. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. “ ‘നീളത്തിലും അളവിലും തൂക്കത്തിലും വഞ്ചന കാണിക്കരുത്. കൃത്യമായ മുഴക്കോലും കൃത്യമായ തുലാസും കൃത്യമായ ഏഫായും കൃത്യമായ ഹീനും ഉപയോഗിക്കുക. നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന ദൈവമായ യഹോവ ഞാൻ ആകുന്നു. “ ‘എന്റെ സകല ഉത്തരവുകളും എല്ലാ നിയമങ്ങളും പ്രമാണിച്ചു നടക്കുക; ഞാൻ യഹോവ ആകുന്നു.’ ”