ലേവ്യാപുസ്തകം 19:13-18

ലേവ്യാപുസ്തകം 19:13-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കൂട്ടുകാരനെ പീഡിപ്പിക്കരുത്; അവന്റെ വസ്തു കവർച്ച ചെയ്കയും അരുത്; കൂലിക്കാരന്റെ കൂലി പിറ്റേന്നു രാവിലെവരെ നിന്റെ പക്കൽ ഇരിക്കരുത്. ചെകിടനെ ശപിക്കരുത്; കുരുടന്റെ മുമ്പിൽ ഇടർച്ച വയ്ക്കരുത്; നിന്റെ ദൈവത്തെ ഭയപ്പെടേണം; ഞാൻ യഹോവ ആകുന്നു. ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുത്; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരനു നീതിയോടെ ന്യായം വിധിക്കേണം. നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുത്; കൂട്ടുകാരന്റെ മരണത്തിനായി നിഷ്കർഷിക്കരുത്; ഞാൻ യഹോവ ആകുന്നു. സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുത്; കൂട്ടുകാരന്റെ പാപം നിന്റെമേൽ വരാതിരിപ്പാൻ അവനെ താൽപര്യമായി ശാസിക്കേണം. പ്രതികാരം ചെയ്യരുത്; നിന്റെ ജനത്തിന്റെ മക്കളോടു പക വയ്ക്കരുത്; കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം; ഞാൻ യഹോവ ആകുന്നു.

ലേവ്യാപുസ്തകം 19:13-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിന്റെ അയൽക്കാരനെ പീഡിപ്പിക്കുകയോ കവർച്ച ചെയ്യുകയോ അരുത്. കൂലിക്കാരന്റെ കൂലി കൊടുക്കാൻ പിറ്റന്നാൾ വരെ കാത്തിരിക്കരുത്. ബധിരനെ ശപിക്കരുത്; അന്ധന്റെ വഴിയിൽ തടസ്സം വയ്‍ക്കരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക. ഞാൻ സർവേശ്വരനാകുന്നു. അനീതിയായി വിധിക്കരുത്; ദരിദ്രന്റെ പക്ഷം പിടിക്കുകയോ, ധനവാനു കീഴ്‌വഴങ്ങുകയോ ചെയ്യാതെ അയൽക്കാരനു നീതി നടത്തിക്കൊടുക്കുക. ഏഷണി പറഞ്ഞു നടക്കരുത്. അയൽക്കാരന്റെ ജീവൻ അപകടത്തിലാക്കുകയും അരുത്. ഞാൻ സർവേശ്വരനാകുന്നു. സഹോദരനെ ഹൃദയംകൊണ്ടു വെറുക്കരുത്. അയൽക്കാരന്റെ പാപം നിന്റെമേൽ വരാതിരിക്കാൻ അവന്റെ തെറ്റ് അവനെ ബോധ്യപ്പെടുത്തണം. അല്ലെങ്കിൽ അതിന്റെ പാപം നിന്റെമേലായിരിക്കും. സ്വന്തജനത്തോടു പകരം വീട്ടുകയോ പക വച്ചുപുലർത്തുകയോ അരുത്. അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക. ഞാൻ സർവേശ്വരനാകുന്നു.

ലേവ്യാപുസ്തകം 19:13-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“കൂട്ടുകാരനെ പീഡിപ്പിക്കരുത്; അവനെ കൊള്ളയടിക്കുകയും അരുത്; കൂലിക്കാരന്‍റെ കൂലി പിറ്റേന്നു രാവിലെവരെ നിന്‍റെ പക്കൽ ഇരിക്കരുത്. “ചെകിടനെ ശപിക്കരുത്; കുരുടന്‍റെ മുമ്പിൽ തടസ്സം വെക്കരുത്; നിന്‍റെ ദൈവത്തെ ഭയപ്പെടേണം; ഞാൻ യഹോവ ആകുന്നു. “ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുത്; എളിയവന്‍റെ മുഖം നോക്കാതെയും വലിയവൻ്റെ മുഖം ആദരിക്കാതെയും നിന്‍റെ കൂട്ടുകാരനു നീതിയോടെ ന്യായം വിധിക്കേണം. “നിന്‍റെ ജനത്തിന്‍റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുത്; നിന്‍റെ കൂട്ടുകാരന്‍റെ ജീവനെതിരായി നീ നിലപാടെടുക്കരുത്; ഞാൻ യഹോവ ആകുന്നു. “സഹോദരനെ നിന്‍റെ ഹൃദയത്തിൽ ദ്വേഷിക്കരുത്; കൂട്ടുകാരന്‍റെ പാപം നിന്‍റെമേൽ വരാതിരിക്കുവാൻ അവനെ നിശ്ചയമായി ശാസിക്കണം. പ്രതികാരം ചെയ്യരുത്. “നിന്‍റെ ജനത്തിന്‍റെ മക്കളോടു പക വെക്കരുത്; കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം; ഞാൻ യഹോവ ആകുന്നു.

ലേവ്യാപുസ്തകം 19:13-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കൂട്ടുകാരനെ പീഡിപ്പിക്കരുതു; അവന്റെ വസ്തു കവർച്ച ചെയ്കയും അരുതു; കൂലിക്കാരന്റെ കൂലി പിറ്റേന്നു രാവിലെവരെ നിന്റെ പക്കൽ ഇരിക്കരുതു. ചെകിടനെ ശപിക്കരുതു; കുരുടന്റെ മുമ്പിൽ ഇടർച്ച വെക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; ഞാൻ യഹോവ ആകുന്നു. ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുതു; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരന്നു നീതിയോടെ ന്യായം വിധിക്കേണം. നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുതു; കൂട്ടുകാരന്റെ മരണത്തിന്നായി നിഷ്കർഷിക്കരുതു; ഞാൻ യഹോവ ആകുന്നു. സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുതു; കൂട്ടുകാരന്റെ പാപം നിന്റെ മേൽ വരാതിരിപ്പാൻ അവനെ താല്പര്യമായി ശാസിക്കേണം. പ്രതികാരം ചെയ്യരുതു. നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാൻ യഹോവ ആകുന്നു.

ലേവ്യാപുസ്തകം 19:13-18 സമകാലിക മലയാളവിവർത്തനം (MCV)

“ ‘നിങ്ങളുടെ അയൽക്കാരെ പീഡിപ്പിക്കുകയോ വസ്തു കവർച്ചചെയ്യുകയോ അരുത്. “ ‘കൂലിക്കാരന്റെ ശമ്പളം പിറ്റേന്നു രാവിലെവരെ പിടിച്ചുവെക്കരുത്. “ ‘ചെകിടനെ ശപിക്കുകയോ അന്ധന്റെ മുന്നിൽ ഇടർച്ചക്കല്ലു വെക്കുകയോ ചെയ്യരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടണം; ഞാൻ യഹോവ ആകുന്നു. “ ‘ന്യായം അട്ടിമറിക്കരുത്; ദരിദ്രരോടു പക്ഷഭേദമോ വലിയവരോട് ആഭിമുഖ്യമോ കാണിക്കാതെ നിങ്ങളുടെ അയൽവാസിയെ നീതിപൂർവം വിധിക്കണം. “ ‘നിങ്ങളുടെ ജനത്തിനിടയിൽ അപവാദം പരത്തരുത്. “ ‘നിങ്ങളുടെ അയൽവാസിയുടെ ജീവന് അപകടം ഭവിക്കത്തക്കതൊന്നും ചെയ്യരുത്. ഞാൻ യഹോവ ആകുന്നു. “ ‘നിന്റെ സഹോദരങ്ങളെ ഹൃദയത്തിൽ വെറുക്കരുത്. അവരുടെ കുറ്റത്തിൽ പങ്കാളിയാകാതിരിക്കാൻ നിങ്ങളുടെ സഹോദരങ്ങളെ നിർവ്യാജം ശാസിക്കുക. “ ‘നിന്റെ ജനത്തിലാർക്കെങ്കിലും വിരോധമായി പ്രതികാരം അന്വേഷിക്കുകയോ പകവെക്കുകയോ ചെയ്യരുത്. എന്നാൽ, നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം. ഞാൻ യഹോവ ആകുന്നു.