ലേവ്യാപുസ്തകം 19:1-18

ലേവ്യാപുസ്തകം 19:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളുടെ സർവസഭയോടും പറയേണ്ടത് എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ. നിങ്ങൾ ഓരോരുത്തൻ താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്റെ ശബ്ബത്തുകൾ പ്രമാണിക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുത്; ദേവന്മാരെ നിങ്ങൾക്കു വാർത്തുണ്ടാക്കരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. യഹോവയ്ക്കു സമാധാനയാഗം അർപ്പിക്കുന്നു എങ്കിൽ നിങ്ങൾക്കു പ്രസാദം ലഭിപ്പാൻ തക്കവണ്ണം അർപ്പിക്കേണം. അർപ്പിക്കുന്ന ദിവസവും പിറ്റന്നാളും അതു തിന്നാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം. മൂന്നാം ദിവസം തിന്നു എന്നു വരുകിൽ അത് അറപ്പാകുന്നു; പ്രസാദമാകുകയില്ല. അതു തിന്നുന്നവൻ കുറ്റം വഹിക്കും; യഹോവയ്ക്കു വിശുദ്ധമായത് അവൻ അശുദ്ധമാക്കിയല്ലോ; അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. നിങ്ങളുടെ നിലത്തിലെ വിള നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്തു കൊയ്യരുത്; നിന്റെ കൊയ്ത്തിൽ കാലാ പെറുക്കയും അരുത്. നിന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പറിക്കരുത്; നിന്റെ മുന്തിരിത്തോട്ടത്തിൽ വീണു കിടക്കുന്ന പഴം പെറുക്കയും അരുത്. അവയെ ദരിദ്രനും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. മോഷ്‍ടിക്കരുത്; ചതിക്കരുത്; ഒരുത്തനോട് ഒരുത്തൻ ഭോഷ്കു പറയരുത്. എന്റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു. കൂട്ടുകാരനെ പീഡിപ്പിക്കരുത്; അവന്റെ വസ്തു കവർച്ച ചെയ്കയും അരുത്; കൂലിക്കാരന്റെ കൂലി പിറ്റേന്നു രാവിലെവരെ നിന്റെ പക്കൽ ഇരിക്കരുത്. ചെകിടനെ ശപിക്കരുത്; കുരുടന്റെ മുമ്പിൽ ഇടർച്ച വയ്ക്കരുത്; നിന്റെ ദൈവത്തെ ഭയപ്പെടേണം; ഞാൻ യഹോവ ആകുന്നു. ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുത്; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരനു നീതിയോടെ ന്യായം വിധിക്കേണം. നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുത്; കൂട്ടുകാരന്റെ മരണത്തിനായി നിഷ്കർഷിക്കരുത്; ഞാൻ യഹോവ ആകുന്നു. സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുത്; കൂട്ടുകാരന്റെ പാപം നിന്റെമേൽ വരാതിരിപ്പാൻ അവനെ താൽപര്യമായി ശാസിക്കേണം. പ്രതികാരം ചെയ്യരുത്; നിന്റെ ജനത്തിന്റെ മക്കളോടു പക വയ്ക്കരുത്; കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം; ഞാൻ യഹോവ ആകുന്നു.

ലേവ്യാപുസ്തകം 19:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ മോശയോടരുളിച്ചെയ്തു: “ഇസ്രായേൽജനത്തിന്റെ സർവസഭയോടും പറയുക, നിങ്ങളുടെ ദൈവവും സർവേശ്വരനുമായ ഞാൻ വിശുദ്ധനായതുകൊണ്ടു നിങ്ങളും വിശുദ്ധരായിരിക്കണം. നിങ്ങൾ ഓരോരുത്തനും സ്വന്തം മാതാവിനെയും പിതാവിനെയും ബഹുമാനിക്കണം. എന്റെ ശബത്തുകൾ ആചരിക്കണം. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. വിഗ്രഹങ്ങളെ ആരാധിക്കരുത്; നിങ്ങൾക്കുവേണ്ടി ദേവന്മാരെ വാർത്തുണ്ടാക്കരുത്. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. സർവേശ്വരന് സമാധാനയാഗം അർപ്പിക്കുമ്പോൾ നിങ്ങൾ സ്വീകാര്യമാകുംവിധം അത് അർപ്പിക്കണം. അർപ്പിക്കുന്ന ദിവസമോ, അടുത്ത ദിവസമോ അതു ഭക്ഷിക്കണം. മൂന്നാം ദിവസത്തേക്കു ശേഷിക്കുന്നതു ദഹിപ്പിച്ചുകളയണം. ശേഷിച്ചതു മൂന്നാം ദിവസം ഭക്ഷിക്കുന്നത് നിന്ദ്യമാകുന്നു. അത് സ്വീകാര്യമല്ല. അതു ഭക്ഷിക്കുന്നവൻ സർവേശ്വരനു വിശുദ്ധമായതിനെ നിന്ദിച്ചതിനാൽ കുറ്റവാളിയാണ്. ജനത്തിൽനിന്ന് അവൻ ബഹിഷ്കരിക്കപ്പെടണം. നിലം കൊയ്യുമ്പോൾ അതിരു തീർത്തു കൊയ്യരുത്; കാലാ പെറുക്കുകയുമരുത്. മുന്തിരിത്തോട്ടത്തിലെ വിളവെടുക്കുമ്പോൾ അവസാനത്തെ മുന്തിരിക്കുലവരെയും പറിച്ചെടുക്കരുത്. കൊഴിഞ്ഞു വീണത് പെറുക്കുകയുമരുത്. ദരിദ്രർക്കും പരദേശികൾക്കുമായി അവ ഉപേക്ഷിക്കണം. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. മോഷ്‍ടിക്കരുത്; വഞ്ചിക്കരുത്; അന്യോന്യം കള്ളം പറയുകയും അരുത്. നിങ്ങൾ സത്യവിരുദ്ധമായി എന്റെ നാമത്തിൽ പ്രതിജ്ഞ ചെയ്ത് നിങ്ങളുടെ ദൈവത്തിന്റെ നാമം നിന്ദ്യമാക്കരുത്. ഞാൻ സർവേശ്വരനാകുന്നു. നിന്റെ അയൽക്കാരനെ പീഡിപ്പിക്കുകയോ കവർച്ച ചെയ്യുകയോ അരുത്. കൂലിക്കാരന്റെ കൂലി കൊടുക്കാൻ പിറ്റന്നാൾ വരെ കാത്തിരിക്കരുത്. ബധിരനെ ശപിക്കരുത്; അന്ധന്റെ വഴിയിൽ തടസ്സം വയ്‍ക്കരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക. ഞാൻ സർവേശ്വരനാകുന്നു. അനീതിയായി വിധിക്കരുത്; ദരിദ്രന്റെ പക്ഷം പിടിക്കുകയോ, ധനവാനു കീഴ്‌വഴങ്ങുകയോ ചെയ്യാതെ അയൽക്കാരനു നീതി നടത്തിക്കൊടുക്കുക. ഏഷണി പറഞ്ഞു നടക്കരുത്. അയൽക്കാരന്റെ ജീവൻ അപകടത്തിലാക്കുകയും അരുത്. ഞാൻ സർവേശ്വരനാകുന്നു. സഹോദരനെ ഹൃദയംകൊണ്ടു വെറുക്കരുത്. അയൽക്കാരന്റെ പാപം നിന്റെമേൽ വരാതിരിക്കാൻ അവന്റെ തെറ്റ് അവനെ ബോധ്യപ്പെടുത്തണം. അല്ലെങ്കിൽ അതിന്റെ പാപം നിന്റെമേലായിരിക്കും. സ്വന്തജനത്തോടു പകരം വീട്ടുകയോ പക വച്ചുപുലർത്തുകയോ അരുത്. അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക. ഞാൻ സർവേശ്വരനാകുന്നു.

ലേവ്യാപുസ്തകം 19:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ യിസ്രായേൽ മക്കളുടെ സർവ്വസഭയോടും പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ. “നിങ്ങൾ ഓരോരുത്തനും താന്താന്‍റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്‍റെ ശബ്ബത്തുകൾ പ്രമാണിക്കേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. “വിഗ്രഹങ്ങളുടെ അടുക്കലേക്ക് തിരിയരുത്; ദേവന്മാരെ നിങ്ങൾക്ക് വാർത്തുണ്ടാക്കരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. “യഹോവയ്ക്കു സമാധാനയാഗം അർപ്പിക്കുന്നു എങ്കിൽ നിങ്ങൾക്ക് പ്രസാദം ലഭിക്കുവാൻ തക്കവണ്ണം അർപ്പിക്കേണം. “അർപ്പിക്കുന്ന ദിവസവും പിറ്റെന്നാളും അത് ഭക്ഷിക്കാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം. മൂന്നാംദിവസം ഭക്ഷിച്ചു എന്നു വരികിൽ അത് അറപ്പാകുന്നു; പ്രസാദമാകുകയില്ല. അത് ഭക്ഷിക്കുന്നവൻ കുറ്റം വഹിക്കും; യഹോവയ്ക്കു വിശുദ്ധമായത് അവൻ അശുദ്ധമാക്കിയല്ലോ; അവനെ അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. “നിങ്ങളുടെ നിലത്തിലെ ധാന്യവിള നിങ്ങൾ കൊയ്യുമ്പോൾ വയലിന്‍റെ അരികു തീർത്തു കൊയ്യരുത്; നിന്‍റെ കൊയ്ത്തിൽ കാലാ പെറുക്കുകയും അരുത്. നിന്‍റെ മുന്തിരിത്തോട്ടത്തിൽ കാലാ പറിക്കരുത്; നിന്‍റെ മുന്തിരിത്തോട്ടത്തിൽ വീണുകിടക്കുന്ന പഴം പെറുക്കുകയും അരുത്. അവയെ ദരിദ്രനും പരദേശിക്കും വിട്ടേക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. “മോഷ്ടിക്കരുത്, ചതിക്കരുത്, ഒരുവനോട് ഒരുവൻ ഭോഷ്കുപറയരുത്. “എന്‍റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്‍റെ ദൈവത്തിന്‍റെ നാമത്തെ അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു. “കൂട്ടുകാരനെ പീഡിപ്പിക്കരുത്; അവനെ കൊള്ളയടിക്കുകയും അരുത്; കൂലിക്കാരന്‍റെ കൂലി പിറ്റേന്നു രാവിലെവരെ നിന്‍റെ പക്കൽ ഇരിക്കരുത്. “ചെകിടനെ ശപിക്കരുത്; കുരുടന്‍റെ മുമ്പിൽ തടസ്സം വെക്കരുത്; നിന്‍റെ ദൈവത്തെ ഭയപ്പെടേണം; ഞാൻ യഹോവ ആകുന്നു. “ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുത്; എളിയവന്‍റെ മുഖം നോക്കാതെയും വലിയവൻ്റെ മുഖം ആദരിക്കാതെയും നിന്‍റെ കൂട്ടുകാരനു നീതിയോടെ ന്യായം വിധിക്കേണം. “നിന്‍റെ ജനത്തിന്‍റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുത്; നിന്‍റെ കൂട്ടുകാരന്‍റെ ജീവനെതിരായി നീ നിലപാടെടുക്കരുത്; ഞാൻ യഹോവ ആകുന്നു. “സഹോദരനെ നിന്‍റെ ഹൃദയത്തിൽ ദ്വേഷിക്കരുത്; കൂട്ടുകാരന്‍റെ പാപം നിന്‍റെമേൽ വരാതിരിക്കുവാൻ അവനെ നിശ്ചയമായി ശാസിക്കണം. പ്രതികാരം ചെയ്യരുത്. “നിന്‍റെ ജനത്തിന്‍റെ മക്കളോടു പക വെക്കരുത്; കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം; ഞാൻ യഹോവ ആകുന്നു.

ലേവ്യാപുസ്തകം 19:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ. നിങ്ങൾ ഓരോരുത്തൻ താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്റെ ശബ്ബത്തുകൾ പ്രമാണിക്കേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുതു; ദേവന്മാരെ നിങ്ങൾക്കു വാർത്തുണ്ടാക്കരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. യഹോവെക്കു സമാധാനയാഗം അർപ്പിക്കുന്നു എങ്കിൽ നിങ്ങൾക്കു പ്രസാദം ലഭിപ്പാൻ തക്കവണ്ണം അർപ്പിക്കേണം. അർപ്പിക്കുന്ന ദിവസവും പിറ്റെന്നാളും അതു തിന്നാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം. മൂന്നാം ദിവസം തിന്നു എന്നുവരികിൽ അതു അറെപ്പാകുന്നു; പ്രസാദമാകയില്ല. അതു തിന്നുന്നവൻ കുറ്റം വഹിക്കും; യഹോവെക്കു വിശുദ്ധമായതു അവൻ അശുദ്ധമാക്കിയല്ലോ; അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. നിങ്ങളുടെ നിലത്തിലെ വിള നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്തുകൊയ്യരുതു; നിന്റെ കൊയ്ത്തിൽ കാലാ പെറുക്കയും അരുതു. നിന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പറിക്കരുതു; നിന്റെ മുന്തിരിത്തോട്ടത്തിൽ വീണുകിടക്കുന്ന പഴം പെറുക്കയും അരുതു. അവയെ ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. മോഷ്ടിക്കരുതു, ചതിക്കരുതു, ഒരുത്തനോടു ഒരുത്തൻ ഭോഷ്കുപറയരുതു. എന്റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാൻ യഹോവ ആകുന്നു. കൂട്ടുകാരനെ പീഡിപ്പിക്കരുതു; അവന്റെ വസ്തു കവർച്ച ചെയ്കയും അരുതു; കൂലിക്കാരന്റെ കൂലി പിറ്റേന്നു രാവിലെവരെ നിന്റെ പക്കൽ ഇരിക്കരുതു. ചെകിടനെ ശപിക്കരുതു; കുരുടന്റെ മുമ്പിൽ ഇടർച്ച വെക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; ഞാൻ യഹോവ ആകുന്നു. ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുതു; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരന്നു നീതിയോടെ ന്യായം വിധിക്കേണം. നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുതു; കൂട്ടുകാരന്റെ മരണത്തിന്നായി നിഷ്കർഷിക്കരുതു; ഞാൻ യഹോവ ആകുന്നു. സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുതു; കൂട്ടുകാരന്റെ പാപം നിന്റെ മേൽ വരാതിരിപ്പാൻ അവനെ താല്പര്യമായി ശാസിക്കേണം. പ്രതികാരം ചെയ്യരുതു. നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാൻ യഹോവ ആകുന്നു.

ലേവ്യാപുസ്തകം 19:1-18 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേലിന്റെ സർവസഭയോടും സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘നിങ്ങളുടെ ദൈവമായ, യഹോവയായ ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങളും വിശുദ്ധർ ആയിരിക്കുക. “ ‘നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ മാതാവിനെയും പിതാവിനെയും ബഹുമാനിക്കണം; എന്റെ ശബ്ബത്തുകൾ ആചരിക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. “ ‘വിഗ്രഹങ്ങളിലേക്കു തിരിയുകയോ നിങ്ങൾക്കായി ദേവന്മാരെ വാർത്തുണ്ടാക്കുകയോ ചെയ്യരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. “ ‘നിങ്ങൾ യഹോവയ്ക്ക് ഒരു സമാധാനയാഗം അർപ്പിക്കുമ്പോൾ നിങ്ങൾക്കു പ്രസാദം ലഭിക്കുമാറ് അർപ്പിക്കണം. അതു നിങ്ങൾ യാഗമർപ്പിക്കുന്ന ദിവസംതന്നെയോ അടുത്ത ദിവസമോ ഭക്ഷിക്കണം; മൂന്നാംദിവസത്തേക്കു ശേഷിക്കുന്നതു തീയിലിട്ടു ചുട്ടുകളയണം. അതിലെന്തെങ്കിലും മൂന്നാംദിവസം ഭക്ഷിച്ചാൽ അത് അശുദ്ധമാണ്, അതു പ്രസാദമാകുകയില്ല. അതു ഭക്ഷിക്കുന്നവർ കുറ്റക്കാരായിരിക്കും. അവർ യഹോവയ്ക്കു വിശുദ്ധമായതിനെ അശുദ്ധമാക്കിയല്ലോ; അവരെ അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം. “ ‘നിങ്ങൾ നിങ്ങളുടെ വയലിലെ വിള കൊയ്യുമ്പോൾ നിങ്ങളുടെ വയലിന്റെ അരികുചേർത്തു കൊയ്യുകയോ കൊയ്തതിന്റെ കാലാപെറുക്കുകയോ ചെയ്യരുത്. നിങ്ങളുടെ മുന്തിരിത്തോപ്പിൽ വീണ്ടും പോകുകയോ വീണുപോയ മുന്തിരി പെറുക്കുകയോ ചെയ്യരുത്. അവ ദരിദ്രനും പ്രവാസിക്കുമായി വിട്ടേക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. “ ‘മോഷ്ടിക്കരുത്. “ ‘കള്ളം പറയരുത്. “ ‘പരസ്പരം വഞ്ചിക്കരുത്. “ ‘എന്റെ നാമത്തിൽ കള്ളസത്യം ചെയ്തു നിങ്ങളുടെ ദൈവത്തിന്റെ നാമം നിന്ദിക്കരുത്. ഞാൻ യഹോവ ആകുന്നു. “ ‘നിങ്ങളുടെ അയൽക്കാരെ പീഡിപ്പിക്കുകയോ വസ്തു കവർച്ചചെയ്യുകയോ അരുത്. “ ‘കൂലിക്കാരന്റെ ശമ്പളം പിറ്റേന്നു രാവിലെവരെ പിടിച്ചുവെക്കരുത്. “ ‘ചെകിടനെ ശപിക്കുകയോ അന്ധന്റെ മുന്നിൽ ഇടർച്ചക്കല്ലു വെക്കുകയോ ചെയ്യരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടണം; ഞാൻ യഹോവ ആകുന്നു. “ ‘ന്യായം അട്ടിമറിക്കരുത്; ദരിദ്രരോടു പക്ഷഭേദമോ വലിയവരോട് ആഭിമുഖ്യമോ കാണിക്കാതെ നിങ്ങളുടെ അയൽവാസിയെ നീതിപൂർവം വിധിക്കണം. “ ‘നിങ്ങളുടെ ജനത്തിനിടയിൽ അപവാദം പരത്തരുത്. “ ‘നിങ്ങളുടെ അയൽവാസിയുടെ ജീവന് അപകടം ഭവിക്കത്തക്കതൊന്നും ചെയ്യരുത്. ഞാൻ യഹോവ ആകുന്നു. “ ‘നിന്റെ സഹോദരങ്ങളെ ഹൃദയത്തിൽ വെറുക്കരുത്. അവരുടെ കുറ്റത്തിൽ പങ്കാളിയാകാതിരിക്കാൻ നിങ്ങളുടെ സഹോദരങ്ങളെ നിർവ്യാജം ശാസിക്കുക. “ ‘നിന്റെ ജനത്തിലാർക്കെങ്കിലും വിരോധമായി പ്രതികാരം അന്വേഷിക്കുകയോ പകവെക്കുകയോ ചെയ്യരുത്. എന്നാൽ, നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം. ഞാൻ യഹോവ ആകുന്നു.