ലേവ്യാപുസ്തകം 18:24-30

ലേവ്യാപുസ്തകം 18:24-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്; ഞാൻ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളയുന്ന ജാതികൾ ഇവയാലൊക്കെയും തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു. ദേശവും അശുദ്ധമായിത്തീർന്നു; അതുകൊണ്ടു ഞാൻ അതിന്റെ അകൃത്യം അതിന്മേൽ സന്ദർശിക്കുന്നു; ദേശം തന്റെ നിവാസികളെ ഛർദിച്ചുകളയുന്നു. ഈ മ്ലേച്ഛതയൊക്കെയും നിങ്ങൾക്കു മുമ്പേ ആ ദേശത്തുണ്ടായിരുന്ന മനുഷ്യർ ചെയ്തു, ദേശം അശുദ്ധമായിത്തീർന്നു. നിങ്ങൾക്കു മുമ്പേ ഉണ്ടായിരുന്ന ജാതികളെ ദേശം ഛർദിച്ചുകളഞ്ഞതുപോലെ നിങ്ങൾ അതിനെ അശുദ്ധമാക്കിയിട്ടു നിങ്ങളെയും ഛർദിച്ചുകളയാതിരിപ്പാൻ നിങ്ങൾ എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം; ഈ മ്ലേച്ഛതകളിൽ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയാകട്ടെ ചെയ്യരുത്. ആരെങ്കിലും ഈ സകല മ്ലേച്ഛതകളിലും ഏതെങ്കിലും ചെയ്താൽ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. ആകയാൽ നിങ്ങൾക്കുമുമ്പേ നടന്ന ഈ മ്ലേച്ഛമര്യാദകളിൽ യാതൊന്നും ചെയ്യാതെയും അവയാൽ അശുദ്ധരാകാതെയും ഇരിപ്പാൻ നിങ്ങൾ എന്റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

ലേവ്യാപുസ്തകം 18:24-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇവയിൽ ഒന്നിനാലും സ്വയം അശുദ്ധി വരുത്തരുത്. നിങ്ങളുടെ മുമ്പിൽനിന്ന് ഞാൻ ഓടിച്ചുകളയുന്ന ജനതകൾ ഇവയാൽ അശുദ്ധരായിത്തീർന്നവരാണ്. ആ ദേശവും അശുദ്ധമാണ്. അകൃത്യങ്ങൾ നിമിത്തം ഞാൻ അവരെ ശിക്ഷിച്ചു. ആ നാട് അതിലെ നിവാസികളെ പുറന്തള്ളി. നിങ്ങളും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളും എന്റെ ചട്ടങ്ങളും പ്രമാണങ്ങളും അനുസരിക്കണം. ഇത്തരം മ്ലേച്ഛതകൾ പ്രവർത്തിക്കരുത്. ഈ സ്ഥലത്തു നിങ്ങൾക്കു മുമ്പ് ഉണ്ടായിരുന്നവർ ഈവക പ്രവൃത്തികൾ ചെയ്തതിന്റെ ഫലമായി ദേശം അശുദ്ധമായിത്തീർന്നു. നിങ്ങളും അങ്ങനെ ചെയ്ത് മുമ്പു ജീവിച്ചിരുന്ന ജനതകൾ തിരസ്കരിക്കപ്പെട്ടതുപോലെ തിരസ്കരിക്കപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. ഈ മ്ലേച്ഛതകളിൽ ഏതെങ്കിലും പ്രവർത്തിക്കുന്നവരെ നിങ്ങളുടെ ഇടയിൽനിന്നു ബഹിഷ്കരിക്കണം. നിങ്ങൾക്കു മുമ്പു ജീവിച്ചിരുന്നവർ ചെയ്ത മ്ലേച്ഛതകൾ പ്രവർത്തിച്ച് അശുദ്ധരാകാതിരിക്കാൻ എന്റെ കല്പനകൾ പാലിക്കുക; ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു.”

ലേവ്യാപുസ്തകം 18:24-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെ തന്നെ അശുദ്ധരാക്കരുത്; ഞാൻ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്ന ജനതകൾ ഇവയാൽ ഒക്കെയും തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു. ദേശവും അശുദ്ധമായിത്തീർന്നു; അതുകൊണ്ട് ഞാൻ അതിന്‍റെ അകൃത്യം അതിന്മേൽ സന്ദർശിക്കുന്നു; ദേശം തന്‍റെ നിവാസികളെ ഛർദ്ദിച്ചുകളയുന്നു. ഈ മ്ലേച്ഛത സകലവും നിങ്ങൾക്ക് മുമ്പേ ആ ദേശത്തുണ്ടായിരുന്ന മനുഷ്യർ ചെയ്തു, ദേശം അശുദ്ധമായി തീർന്നു. നിങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന ജനതകളെ ദേശം ഛർദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങൾ അതിനെ അശുദ്ധമാക്കിയിട്ടു നിങ്ങളെയും ഛർദ്ദിച്ചുകളയാതിരിക്കുവാൻ നിങ്ങൾ എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം; ഈ മ്ലേച്ഛതകളിൽ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയാകട്ടെ ചെയ്യരുത്. ”ആരെങ്കിലും ഈ സകലമ്ലേച്ഛതകളിൽ ഏതെങ്കിലും ചെയ്താൽ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. ആകയാൽ നിങ്ങൾക്ക് മുമ്പ് നടന്ന ഈ മ്ലേച്ഛമായ ആചാരങ്ങളിൽ യാതൊന്നും ചെയ്യാതെയും അവയാൽ നിങ്ങളെത്തന്നെ അശുദ്ധരാകാതെയും ഇരിക്കുവാൻ നിങ്ങൾ എന്‍റെ കല്പനകൾ പ്രമാണിക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.”

ലേവ്യാപുസ്തകം 18:24-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാൻ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളയുന്ന ജാതികൾ ഇവയാൽ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു. ദേശവും അശുദ്ധമായിത്തീർന്നു; അതുകൊണ്ടു ഞാൻ അതിന്റെ അകൃത്യം അതിന്മേൽ സന്ദർശിക്കുന്നു; ദേശം തന്റെ നിവാസികളെ ഛർദ്ദിച്ചുകളയുന്നു. ഈ മ്ലേച്ഛത ഒക്കെയും നിങ്ങൾക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യർ ചെയ്തു, ദേശം അശുദ്ധമായി തീർന്നു. നിങ്ങൾക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛർദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങൾ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛർദ്ദിച്ചുകളയാതിരിപ്പാൻ നിങ്ങൾ എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം; ഈ മ്ലേച്ഛതകളിൽ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയാകട്ടെ ചെയ്യരുതു. ആരെങ്കിലും ഈ സകലമ്ലേച്ഛതകളിലും ഏതെങ്കിലും ചെയ്താൽ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. ആകയാൽ നിങ്ങൾക്കു മുമ്പെ നടന്ന ഈ മ്ലേച്ഛമര്യാദകളിൽ യാതൊന്നും ചെയ്യാതെയും അവയാൽ അശുദ്ധരാകാതെയും ഇരിപ്പാൻ നിങ്ങൾ എന്റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

ലേവ്യാപുസ്തകം 18:24-30 സമകാലിക മലയാളവിവർത്തനം (MCV)

“ ‘ഇവയിലൊന്നിലും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്, കാരണം നിങ്ങളുടെമുമ്പിൽനിന്ന് ഞാൻ ഓടിച്ചുകളയുന്ന ജനതകൾ ഇങ്ങനെയാണ് അശുദ്ധരായിത്തീർന്നത്. ദേശംപോലും മലിനമായി; അതുകൊണ്ടു ഞാൻ അതിനെ അതിന്റെ പാപംനിമിത്തം ശിക്ഷിച്ചു, ദേശം അതിലെ നിവാസികളെ ഉപേക്ഷിച്ചുകളഞ്ഞു. എന്നാൽ നിങ്ങൾ എന്റെ ഉത്തരവുകളും നിയമങ്ങളും പാലിക്കണം. സ്വദേശികളും നിങ്ങളുടെയിടയിൽ പാർക്കുന്ന പ്രവാസികളും ഈവക അറപ്പായതൊന്നും ചെയ്യരുത്. കാരണം നിങ്ങൾക്കുമുമ്പ് ഈ ദേശത്തു താമസിച്ചിരുന്നവർ ഇവയൊക്കെ ചെയ്തു, അങ്ങനെ ദേശം മലിനമായിത്തീർന്നു. നിങ്ങൾ ദേശത്തെ മലിനമാക്കിയാൽ, അതു നിങ്ങൾക്കു മുമ്പുണ്ടായിരുന്നവരെ ഉപേക്ഷിച്ചുകളഞ്ഞതുപോലെ നിങ്ങളെയും ഉപേക്ഷിച്ചുകളയും. “ ‘ഈ അറപ്പായ കാര്യങ്ങളിൽ ഏതെങ്കിലും ചെയ്യുന്ന വ്യക്തികളെ അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം. എന്റെ ചട്ടങ്ങൾ പാലിക്കുക; നിങ്ങൾ വരുന്നതിനുമുമ്പ് നിലവിലിരുന്ന അറപ്പായ ആചാരനടപടികളിലൊന്നിലും ഏർപ്പെട്ട്, നിങ്ങളെ അവരോടൊപ്പം അശുദ്ധരാക്കരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”