ലേവ്യാപുസ്തകം 16:1-5
ലേവ്യാപുസ്തകം 16:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അഹരോന്റെ രണ്ടു പുത്രന്മാർ യഹോവയുടെ സന്നിധിയിൽ അടുത്തു ചെന്നിട്ടു മരിച്ചുപോയശേഷം യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: കൃപാസനത്തിന്മീതെ മേഘത്തിൽ ഞാൻ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധമന്ദിരത്തിൽ തിരശ്ശീലയ്ക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിൻമുമ്പിൽ എല്ലാ സമയത്തും വരരുത് എന്ന് അവനോടു പറയേണം. പാപയാഗത്തിന് ഒരു കാളക്കിടാവിനോടും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റനോടും കൂടെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കേണം. അവൻ പഞ്ഞിനൂൽകൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തിൽ പഞ്ഞിനൂൽകൊണ്ടുള്ള കാൽച്ചട്ട ഇട്ടു പഞ്ഞിനൂൽകൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂൽകൊണ്ടുള്ള മുടിയും വയ്ക്കേണം; ഇവ വിശുദ്ധവസ്ത്രം ആകയാൽ അവൻ ദേഹം വെള്ളത്തിൽ കഴുകിയിട്ട് അവയെ ധരിക്കേണം. അവൻ യിസ്രായേൽമക്കളുടെ സഭയുടെ പക്കൽനിന്നു പാപയാഗത്തിനു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റനെയും വാങ്ങേണം.
ലേവ്യാപുസ്തകം 16:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അഹരോന്റെ രണ്ടു പുത്രന്മാർ സർവേശ്വരസന്നിധിയിൽ പ്രവേശിച്ചതുമൂലം മരിച്ചു. ഈ സംഭവത്തിനു ശേഷം സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നിന്റെ സഹോദരനായ അഹരോനോട് അവൻ മരിക്കാതിരിക്കേണ്ടതിനു തിരശ്ശീലയ്‍ക്കു പിന്നിൽ പെട്ടകമിരിക്കുന്ന വിശുദ്ധസ്ഥലത്ത് എല്ലായ്പോഴും വരരുതെന്നു പറയുക. അവിടെയാണല്ലോ ഞാൻ മേഘത്തിൽ പെട്ടകത്തിന്റെ മൂടിയുടെ മീതെ പ്രത്യക്ഷപ്പെടുന്നത്. പാപപരിഹാരയാഗത്തിനുള്ള കാളക്കുട്ടി, ഹോമയാഗത്തിനുള്ള മുട്ടാട് എന്നിവയോടുകൂടി അഹരോന് വിശുദ്ധസ്ഥലത്തു പ്രവേശിക്കാം. അവൻ കുളിച്ചുവന്ന് ലിനൻകൊണ്ടു നിർമ്മിച്ച വിശുദ്ധഅങ്കി, കാൽച്ചട്ട, അരക്കെട്ട്, തലപ്പാവ് എന്നിവ ധരിക്കണം. ഇവ വിശുദ്ധവസ്ത്രങ്ങളാണല്ലോ. പാപപരിഹാരയാഗത്തിനായി രണ്ട് ആൺകോലാടുകളെയും ഹോമയാഗത്തിനായി ഒരു ആൺചെമ്മരിയാടിനെയും ഇസ്രായേൽസമൂഹത്തിൽനിന്ന് അവൻ സ്വീകരിക്കണം.
ലേവ്യാപുസ്തകം 16:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അഹരോന്‍റെ രണ്ടു പുത്രന്മാർ യഹോവയുടെ സന്നിധിയിൽ അടുത്തു ചെന്നിട്ട് മരിച്ചുപോയശേഷം യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: “കൃപാസനത്തിന്മീതെ മേഘത്തിൽ ഞാൻ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധമന്ദിരത്തിൽ തിരശ്ശീലയ്ക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിൻ്റെ മുമ്പിൽ എല്ലാസമയത്തും വരരുത് എന്നു അവനോട് പറയേണം. “പാപയാഗത്തിന് ഒരു കാളക്കിടാവിൻ്റെ രക്തത്തോടും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റനോടുംകൂടെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കേണം. അവൻ പഞ്ഞിനൂൽ കൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തിൽ പഞ്ഞിനൂൽ കൊണ്ടുള്ള കാൽചട്ട ഇട്ടു പഞ്ഞിനൂൽ കൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂൽ കൊണ്ടുള്ള മുടിയും വയ്ക്കേണം; ഇവ വിശുദ്ധവസ്ത്രം ആകയാൽ അവൻ ദേഹം വെള്ളത്തിൽ കഴുകിയശേഷം അവ ധരിക്കേണം. അവൻ യിസ്രായേൽ മക്കളുടെ സഭയുടെ പക്കൽനിന്ന് പാപയാഗത്തിനു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റനെയും വാങ്ങേണം.
ലേവ്യാപുസ്തകം 16:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അഹരോന്റെ രണ്ടുപുത്രന്മാർ യഹോവയുടെ സന്നിധിയിൽ അടുത്തുചെന്നിട്ടു മരിച്ചുപോയ ശേഷം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: കൃപാസനത്തിന്മീതെ മേഘത്തിൽ ഞാൻ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിൽ തിരശ്ശീലെക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിൻ മുമ്പിൽ എല്ലാസമയത്തും വരരുതു എന്നു അവനോടു പറയേണം. പാപയാഗത്തിന്നു ഒരു കാളക്കിടാവിനോടും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനോടുംകൂടെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കേണം. അവൻ പഞ്ഞിനൂൽകൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തിൽ പഞ്ഞിനൂൽകൊണ്ടുള്ള കാൽചട്ട ഇട്ടു പഞ്ഞിനൂൽകൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂൽകൊണ്ടുള്ള മുടിയും വെക്കേണം; ഇവ വിശുദ്ധവസ്ത്രം ആകയാൽ അവൻ ദേഹം വെള്ളത്തിൽ കഴുകീട്ടു അവയെ ധരിക്കേണം. അവൻ യിസ്രായേൽമക്കളുടെ സഭയുടെ പക്കൽനിന്നു പാപയാഗത്തിന്നു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനെയും വാങ്ങേണം.
ലേവ്യാപുസ്തകം 16:1-5 സമകാലിക മലയാളവിവർത്തനം (MCV)
അഹരോന്റെ രണ്ടു പുത്രന്മാരുടെ മരണശേഷം യഹോവ മോശയോട് അരുളിച്ചെയ്തു. യഹോവയുടെ സന്നിധിയിൽ അന്യാഗ്നിയുമായി അടുത്തുചെന്നതിനാലാണ് അവർ മരിച്ചുപോയത്. യഹോവ മോശയോട് ഇപ്രകാരം അരുളിച്ചെയ്തു: “ഞാൻ പാപനിവാരണസ്ഥാനത്തിന്മേൽ മേഘത്തിൽ പ്രത്യക്ഷപ്പെടുമെന്നതിനാൽ, നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിന്, അതിവിശുദ്ധസ്ഥലത്തു തിരശ്ശീലയ്ക്കു പിറകിൽ പേടകത്തിനുമീതേയുള്ള പാപനിവാരണസ്ഥാനത്തിനുമുമ്പിൽ ആഗ്രഹിക്കുമ്പോഴെല്ലാം വരരുതെന്ന് അയാളോടു പറയുക. “ഈ നിർദേശങ്ങൾ പൂർണമായി അനുസരിച്ചതിനുശേഷം മാത്രമേ അതിവിശുദ്ധസ്ഥലത്ത് അഹരോൻ പ്രവേശിക്കാൻ പാടുള്ളൂ: ആദ്യമായി പാപശുദ്ധീകരണയാഗത്തിന് ഒരു കാളക്കിടാവിനെയും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റനെയും അഹരോൻ കൊണ്ടുവരണം. അദ്ദേഹം ശരീരത്തോടുചേർത്തു പരുത്തിനൂൽകൊണ്ടുള്ള അടിവസ്ത്രവും പരുത്തിനൂൽകൊണ്ടുള്ള വിശുദ്ധമായ കുപ്പായവും ധരിച്ച്, പരുത്തിനൂൽകൊണ്ടുള്ള അരക്കച്ച ചുറ്റിക്കെട്ടി, പരുത്തിനൂൽകൊണ്ടുള്ള തലപ്പാവും ധരിച്ചിരിക്കണം. ഇവ വിശുദ്ധ വസ്ത്രങ്ങളാണ്. അതുകൊണ്ട് അദ്ദേഹം വെള്ളത്തിൽ കുളിച്ചിട്ടുവേണം ഇവ ധരിക്കാൻ. അദ്ദേഹം പാപശുദ്ധീകരണയാഗത്തിന് രണ്ട് കോലാട്ടുകൊറ്റന്മാരെയും ഹോമയാഗത്തിന് ഒരു കോലാടിനെയും ഇസ്രായേൽ സഭയിൽനിന്ന് വാങ്ങണം.