വിലാപങ്ങൾ 5:1-22

വിലാപങ്ങൾ 5:1-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവേ, ഞങ്ങൾക്ക് എന്തു ഭവിക്കുന്നു എന്ന് ഓർക്കേണമേ; ഞങ്ങൾക്കു നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ. ഞങ്ങളുടെ അവകാശം അന്യന്മാർക്കും ഞങ്ങളുടെ വീടുകൾ അന്യജാതിക്കാർക്കും ആയിപ്പോയിരിക്കുന്നു. ഞങ്ങൾ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു; ഞങ്ങളുടെ അമ്മമാർ വിധവമാരായിത്തീർന്നിരിക്കുന്നു. ഞങ്ങളുടെ വെള്ളം ഞങ്ങൾ വിലയ്ക്കു വാങ്ങിക്കുടിക്കുന്നു; ഞങ്ങളുടെ വിറകു ഞങ്ങൾ വിലകൊടുത്തു മേടിക്കുന്നു. ഞങ്ങളെ പിന്തുടരുന്നവർ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു; ഞങ്ങൾ തളർന്നിരിക്കുന്നു; ഞങ്ങൾക്കു വിശ്രാമവുമില്ല. അപ്പം തിന്നു തൃപ്തരാകേണ്ടതിന് ഞങ്ങൾ മിസ്രയീമ്യർക്കും അശ്ശൂര്യർക്കും കീഴടങ്ങിയിരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാർ പാപം ചെയ്ത് ഇല്ലാതെയായിരിക്കുന്നു; അവരുടെ അകൃത്യങ്ങൾ ഞങ്ങൾ ചുമക്കുന്നു. ദാസന്മാർ ഞങ്ങളെ ഭരിക്കുന്നു; അവരുടെ കൈയിൽനിന്നു ഞങ്ങളെ വിടുവിപ്പാൻ ആരുമില്ല. മരുഭൂമിയിലെ വാൾനിമിത്തം പ്രാണഭയത്തോടെ ഞങ്ങൾ ആഹാരം ചെന്നു കൊണ്ടുവരുന്നു. ക്ഷാമത്തിന്റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ കറുത്തിരിക്കുന്നു. അവർ സീയോനിൽ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും വഷളാക്കിയിരിക്കുന്നു. അവൻ സ്വന്തകൈകൊണ്ട് പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു; വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല. യൗവനക്കാർ തിരികല്ലു ചുമക്കുന്നു; ബാലന്മാർ വിറകുചുമടുംകൊണ്ടു വീഴുന്നു. വൃദ്ധന്മാരെ പട്ടണവാതിൽക്കലും യൗവനക്കാരെ സംഗീതത്തിനും കാണുന്നില്ല. ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി; ഞങ്ങളുടെ നൃത്തം വിലാപമായിത്തീർന്നിരിക്കുന്നു. ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങൾ പാപം ചെയ്കകൊണ്ട് ഞങ്ങൾക്ക് അയ്യോ കഷ്ടം! ഇതുകൊണ്ട് ഞങ്ങളുടെ ഹൃദയത്തിനു രോഗംപിടിച്ചിരിക്കുന്നു; ഇതുനിമിത്തം ഞങ്ങളുടെ കണ്ണ് മങ്ങിയിരിക്കുന്നു. സീയോൻപർവതം ശൂന്യമായി കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ടു തന്നെ. യഹോവേ, നീ ശാശ്വതനായും നിന്റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു. നീ സദാകാലം ഞങ്ങളെ മറക്കുന്നതും ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്ത്? യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിന് ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങൾക്കു പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ. അല്ല, നീ ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ? ഞങ്ങളോടു നീ അതികഠിനമായി കോപിച്ചിരിക്കുന്നുവോ?

വിലാപങ്ങൾ 5:1-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരാ, ഞങ്ങൾക്ക് എന്താണു സംഭവിച്ചതെന്ന് ഓർക്കണമേ; ഞങ്ങൾ എത്രമാത്രം നിന്ദിതരായിരിക്കുന്നു എന്നു കണ്ടാലും. ഞങ്ങളുടെ അവകാശം അന്യർക്കും; ഞങ്ങളുടെ ഭവനങ്ങൾ വിദേശികൾക്കും അധീനമായിരിക്കുന്നു. ഞങ്ങൾ പിതാവില്ലാതെ അനാഥരായിത്തീർന്നിരിക്കുന്നു. ഞങ്ങളുടെ മാതാക്കൾ വിധവകളും ആയി. കുടിനീരും വിറകും ഞങ്ങൾ വില കൊടുത്തു വാങ്ങണം. ഞങ്ങളുടെ കഴുത്തിൽ നുകം വച്ചിരിക്കുന്നു; ഞങ്ങളെക്കൊണ്ട് കഠിനമായി പണിയെടുപ്പിക്കുന്നു; ഞങ്ങൾ ആകെ തളർന്നു ഞങ്ങൾക്കു വിശ്രമവുമില്ല. ആഹാരത്തിനുവേണ്ടി ഞങ്ങൾ ഈജിപ്തിന്റെയും അസ്സീറിയായുടെയും മുമ്പിൽ കൈ നീട്ടേണ്ടിവന്നു. ഞങ്ങളുടെ പിതാക്കന്മാർ പാപം ചെയ്തു; അവരെല്ലാം മരിച്ചു. അവരുടെ അകൃത്യങ്ങൾ മൂലം ഞങ്ങൾ കഷ്ടത അനുഭവിക്കുന്നു. അടിമകളെപ്പോലെയുള്ളവർ ഞങ്ങളെ ഭരിക്കുന്നു; അവരിൽനിന്നു ഞങ്ങളെ മോചിപ്പിക്കാൻ ആരുമില്ല. മരുഭൂമിയിലെ പൊള്ളുന്ന ചൂടു നിമിത്തം ജീവൻ പണയം വച്ചാണ് ഞങ്ങൾ ആഹാരം സമ്പാദിക്കുന്നത്. ക്ഷാമത്തിന്റെ ഉഗ്രത നിമിത്തം ഞങ്ങളുടെ ത്വക്ക് ചുട്ടുപഴുത്ത അടുപ്പുപോലെ ആയിരിക്കുന്നു. അവർ സീയോനിൽ സ്‍ത്രീകളെയും യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും അപമാനിച്ചിരിക്കുന്നു. പ്രഭുക്കന്മാരെ അവർ തൂക്കിക്കൊന്നു; ജനപ്രമാണികളെ ആദരിച്ചതുമില്ല തിരികല്ലിൽ ധാന്യം പൊടിക്കാൻ യുവാക്കളെ അവർ നിർബന്ധിക്കുന്നു; ദുർവഹമായ വിറകുചുമട് എടുത്തു ബാലന്മാർ ഇടറിവീഴുന്നു. ജനപ്രമാണികൾ നഗരകവാടങ്ങൾ വിട്ടുപോയിരിക്കുന്നു; യുവാക്കന്മാർ ഗാനാലാപം നടത്തുന്നില്ല. ഞങ്ങളുടെ സന്തോഷം നിലച്ചിരിക്കുന്നു; ഞങ്ങളുടെ നൃത്തം വിലാപമായി തീർന്നിരിക്കുന്നു. ഞങ്ങളുടെ ശിരസ്സിൽനിന്നു കിരീടം വീണുപോയി; ഞങ്ങൾക്ക് ഹാ ദുരിതം! ഞങ്ങൾ പാപം ചെയ്തുവല്ലോ! ഇതു നിമിത്തം ഞങ്ങളുടെ ഹൃദയം വിങ്ങുന്നു. ഞങ്ങളുടെ കണ്ണുകൾ മങ്ങുന്നു. സീയോൻ പർവതം ശൂന്യമായി കുറുനരികൾ അവിടെ പതുങ്ങി നടക്കുന്നു. എന്നാൽ സർവേശ്വരാ, അവിടുന്ന് എന്നേക്കുമായി വാഴുന്നു. അവിടുത്തെ സിംഹാസനം ശാശ്വതമാകുന്നു. അവിടുന്ന് ഞങ്ങളെ എന്നേക്കുമായി വിസ്മരിക്കുന്നത് എന്ത്? ഇത്രയേറെക്കാലമായി ഞങ്ങളെ കൈവെടിഞ്ഞിരിക്കുന്നതും എന്ത്? ഞങ്ങളെ അവിടുന്നു തീർത്തും കൈവെടിഞ്ഞുവോ? ഞങ്ങളോട് അവിടുന്ന് അത്യധികം കോപിച്ചിരിക്കുന്നുവോ! സർവേശ്വരാ, ഞങ്ങളെ അങ്ങയുടെ അടുക്കലേക്കു തിരിക്കണമേ; എന്നാൽ ഞങ്ങൾ തിരുസന്നിധിയിലേക്ക് മടങ്ങിവരും. ഞങ്ങൾക്കു പണ്ടുണ്ടായിരുന്ന സൗഭാഗ്യം പുനഃസ്ഥാപിക്കണമേ!

വിലാപങ്ങൾ 5:1-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവേ, ഞങ്ങൾക്ക് എന്ത് ഭവിക്കുന്നു എന്നു ഓർക്കേണമേ; ഞങ്ങൾക്ക് നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ. ഞങ്ങളുടെ സ്വത്ത് അന്യന്മാർക്കും ഞങ്ങളുടെ വീടുകൾ അന്യജാതിക്കാർക്കും ആയിപ്പോയി. ഞങ്ങൾ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു; ഞങ്ങളുടെ അമ്മമാർ വിധവമാരായിത്തീർന്നിരിക്കുന്നു. ഞങ്ങളുടെ വെള്ളം ഞങ്ങൾ വിലകൊടുത്ത് വാങ്ങി കുടിക്കുന്നു; ഞങ്ങളുടെ വിറക് ഞങ്ങൾ വിലകൊടുത്ത് വാങ്ങുന്നു. ഞങ്ങളെ പിന്തുടരുന്നവരുടെ കാലുകൾ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു; ഞങ്ങൾ തളർന്നിരിക്കുന്നു; ഞങ്ങൾക്ക് വിശ്രാമവുമില്ല. അപ്പം തിന്ന് തൃപ്തരാകേണ്ടതിന് ഞങ്ങൾ മിസ്രയീമ്യർക്കും അശ്ശൂര്യർക്കും കീഴടങ്ങിയിരിക്കുന്നു. ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ പാപംചെയ്ത് ഇല്ലാതെയായിരിക്കുന്നു; അവരുടെ അകൃത്യങ്ങൾ ഞങ്ങൾ ചുമക്കുന്നു. ദാസന്മാർ ഞങ്ങളെ ഭരിക്കുന്നു; അവരുടെ കയ്യിൽനിന്ന് ഞങ്ങളെ വിടുവിപ്പാൻ ആരുമില്ല. മരുഭൂമിയിലെ വാൾ നിമിത്തം പ്രാണഭയത്തോടെ ഞങ്ങൾ ആഹാരം ചെന്നു കൊണ്ടുവരുന്നു. ക്ഷാമത്തിന്‍റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ കറുത്തിരിക്കുന്നു. അവർ സീയോനിൽ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും ബലാൽക്കാരം ചെയ്തിരിക്കുന്നു. അവർ സ്വന്ത കൈകൊണ്ട് പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു; വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല. യൗവനക്കാർ തിരികല്ല് ചുമക്കുന്നു; ബാലന്മാർ വിറകുചുമന്ന് ഇടറി വീഴുന്നു. വൃദ്ധന്മാരെ പട്ടണവാതില്‍ക്കലും യൗവനക്കാരെ സംഗീതത്തിനും കാണുന്നില്ല. ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി; ഞങ്ങളുടെ നൃത്തം വിലാപമായ്തീർന്നിരിക്കുന്നു. ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങൾ പാപം ചെയ്കകൊണ്ട് ഞങ്ങൾക്ക് അയ്യോ കഷ്ടം! ഇതുകൊണ്ട് ഞങ്ങളുടെ ഹൃദയത്തിന് രോഗം പിടിച്ചിരിക്കുന്നു; ഇതു നിമിത്തം ഞങ്ങളുടെ കണ്ണ് മങ്ങിയിരിക്കുന്നു. സീയോൻപർവ്വതം ശൂന്യമായി; കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ട് തന്നെ. യഹോവേ, അങ്ങ് ശാശ്വതനായും അങ്ങേയുടെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു. അങ്ങ് സദാകാലം ഞങ്ങളെ മറക്കുന്നതും ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്ത്? യഹോവേ, ഞങ്ങൾ മടങ്ങി വരേണ്ടതിന് ഞങ്ങളെ അങ്ങയിലേക്ക് മടക്കിവരുത്തേണമേ; ഞങ്ങൾക്ക് പണ്ടത്തെപ്പോലെ ഒരു നല്ലകാലം വരുത്തേണമേ; അല്ല, അങ്ങ് ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ? ഞങ്ങളോട് അങ്ങ് അതികഠിനമായി കോപിച്ചിരിക്കുന്നുവോ?

വിലാപങ്ങൾ 5:1-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവേ, ഞങ്ങൾക്കു എന്തു ഭവിക്കുന്നു എന്നു ഓർക്കേണമേ; ഞങ്ങൾക്കു നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ. ഞങ്ങളുടെ അവകാശം അന്യന്മാർക്കും ഞങ്ങളുടെ വീടുകൾ അന്യജാതിക്കാർക്കും ആയ്പോയിരിക്കുന്നു. ഞങ്ങൾ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു; ഞങ്ങളുടെ അമ്മമാർ വിധവമാരായ്തീർന്നിരിക്കുന്നു. ഞങ്ങളുടെ വെള്ളം ഞങ്ങൾ വിലെക്കു വാങ്ങി കുടിക്കുന്നു; ഞങ്ങളുടെ വിറകു ഞങ്ങൾ വിലകൊടുത്തു മേടിക്കുന്നു. ഞങ്ങളെ പിന്തുടരുന്നവർ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു; ഞങ്ങൾ തളർന്നിരിക്കുന്നു; ഞങ്ങൾക്കു വിശ്രാമവുമില്ല. അപ്പം തിന്നു തൃപ്തരാകേണ്ടതിന്നു ഞങ്ങൾ മിസ്രയീമ്യർക്കും അശ്ശൂര്യർക്കും കീഴടങ്ങിയിരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാർ പാപം ചെയ്തു ഇല്ലാതെയായിരിക്കുന്നു; അവരുടെ അകൃത്യങ്ങൾ ഞങ്ങൾ ചുമക്കുന്നു. ദാസന്മാർ ഞങ്ങളെ ഭരിക്കുന്നു; അവരുടെ കയ്യിൽനിന്നു ഞങ്ങളെ വിടുവിപ്പാൻ ആരുമില്ല. മരുഭൂമിയിലെ വാൾനിമിത്തം പ്രാണഭയത്തോടെ ഞങ്ങൾ ആഹാരം ചെന്നു കൊണ്ടുവരുന്നു. ക്ഷാമത്തിന്റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ കറുത്തിരിക്കുന്നു. അവർ സീയോനിൽ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും വഷളാക്കിയിരിക്കുന്നു. അവൻ സ്വന്തകൈകൊണ്ടു പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു; വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല. യൗവനക്കാർ തിരികല്ലു ചുമക്കുന്നു; ബാലന്മാർ വിറകുചുമടുംകൊണ്ടു വീഴുന്നു. വൃദ്ധന്മാരെ പട്ടണവാതില്ക്കലും യൗവനക്കാരെ സംഗീതത്തിന്നും കാണുന്നില്ല. ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി; ഞങ്ങളുടെ നൃത്തം വിലാപമായ്തീർന്നിരിക്കുന്നു. ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങൾ പാപം ചെയ്കകൊണ്ടു ഞങ്ങൾക്കു അയ്യോ കഷ്ടം! ഇതുകൊണ്ടു ഞങ്ങളുടെ ഹൃദയത്തിന്നു രോഗം പിടിച്ചിരിക്കുന്നു; ഇതുനിമിത്തം ഞങ്ങളുടെ കണ്ണു മങ്ങിയിരിക്കുന്നു. സീയോൻപർവ്വതം ശൂന്യമായി കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ടു തന്നേ. യഹോവേ, നീ ശാശ്വതനായും നിന്റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു. നീ സദാകാലം ഞങ്ങളെ മറക്കുന്നതും ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്തു? യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിന്നു ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങൾക്കു പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ; അല്ല, നീ ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ? ഞങ്ങളോടു നീ അതികഠിനമായി കോപിച്ചിരിക്കുന്നുവോ?

വിലാപങ്ങൾ 5:1-22 സമകാലിക മലയാളവിവർത്തനം (MCV)

യഹോവേ, ഞങ്ങൾക്ക് എന്തു സംഭവിച്ചു എന്നു നോക്കണമേ; നോക്കൂ, ഞങ്ങളുടെ നിന്ദ കാണണമേ. ഞങ്ങളുടെ ഓഹരി അപരിചിതർക്കും ഞങ്ങളുടെ ഭവനങ്ങൾ വിദേശികൾക്കും ആയിപ്പോയി. ഞങ്ങൾ അനാഥരും പിതാവില്ലാത്തവരും ആയി, ഞങ്ങളുടെ മാതാക്കൾ വിധവമാരെപ്പോലെ ആയി. ഞങ്ങൾക്കുള്ള വെള്ളം ഞങ്ങൾ വിലകൊടുത്തു വാങ്ങണം; വിലകൊടുത്താൽമാത്രമേ ഞങ്ങൾക്കു വിറകു ലഭിക്കുകയുള്ളൂ; ഞങ്ങളെ പിൻതുടരുന്നവർ ഞങ്ങളുടെ കുതികാലുകളിൽ എത്തി; ഞങ്ങൾ ക്ഷീണിച്ചു, വിശ്രമം കണ്ടെത്തുന്നതുമില്ല. മതിയാവോളം അപ്പം കിട്ടേണ്ടതിന് ഞങ്ങൾ ഈജിപ്റ്റിനും അശ്ശൂരിനും കീഴടങ്ങി. ഞങ്ങളുടെ പിതാക്കന്മാർ പാപംചെയ്ത് കടന്നുപോയി ഞങ്ങളോ അവർക്കുള്ള ശിക്ഷ അനുഭവിക്കുന്നു. അടിമകൾ ഞങ്ങളെ ഭരിക്കുന്നു അവരുടെ കൈകളിൽനിന്ന് ഞങ്ങളെ വിടുവിക്കാൻ ആരുമില്ല. മരുഭൂമിയിലെ വാൾനിമിത്തം ജീവൻ പണയംവെച്ച് ഞങ്ങൾ അപ്പം തേടുന്നു. വിശപ്പിന്റെ താപത്താൽ ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ നീറുന്നു. സ്ത്രീകൾ സീയോനിലും കന്യകമാർ യെഹൂദാപട്ടണങ്ങളിലും ബലാൽക്കാരംചെയ്യപ്പെട്ടു. പ്രഭുക്കന്മാർ അവരുടെ കരങ്ങളാൽ തൂക്കിലിടപ്പെട്ടു; ഗോത്രത്തലവന്മാരോട് യാതൊരു ആദരവും കാട്ടിയതുമില്ല. യുവാക്കൾ തിരികല്ലിൽ പണിയുന്നു, ബാലന്മാർ വിറകുകെട്ടെടുത്ത് ഇടറുന്നു ഗോത്രത്തലവന്മാർ നഗരകവാടത്തിൽനിന്ന് പൊയ്പ്പോയി, യുവാക്കൾ അവരുടെ സംഗീതാലാപനം അവസാനിപ്പിച്ചു. ഞങ്ങളുടെ ഹൃദയത്തിൽനിന്ന് ആനന്ദം പോയിരിക്കുന്നു; ഞങ്ങളുടെ നൃത്തം വിലാപമായി മാറി. ഞങ്ങളുടെ ശിരസ്സിൽനിന്ന് കിരീടം വീണിരിക്കുന്നു, ഞങ്ങൾക്ക് അയ്യോ കഷ്ടം, കാരണം ഞങ്ങൾ പാപംചെയ്തിരിക്കുന്നു! അതിനാൽ ഞങ്ങളുടെ ഹൃദയം തളർന്നിരിക്കുന്നു അതിനാൽ ഞങ്ങളുടെ കണ്ണുകൾ മങ്ങിപ്പോയി. പതുങ്ങി നടക്കുന്ന കുറുക്കന്മാരെക്കൊണ്ട് സീയോൻപർവതം ശൂന്യമായി കിടക്കുന്നു. യഹോവേ, അവിടന്ന് ശാശ്വതമായി വാഴണമേ; അങ്ങയുടെ സിംഹാസനം തലമുറതലമുറയായി നിലനിൽക്കുന്നു. എന്തുകൊണ്ട് അവിടന്ന് എപ്പോഴും ഞങ്ങളെ മറക്കുന്നു? എന്തിന് ഞങ്ങളെ ഇത്രത്തോളം ഉപേക്ഷിക്കുന്നു? അങ്ങ് ഞങ്ങളെ നിശ്ശേഷം തള്ളിക്കളഞ്ഞിട്ടില്ലായെങ്കിൽ, അളവില്ലാത്തവിധം ഞങ്ങളോട് കോപിച്ചിട്ടില്ലായെങ്കിൽ. യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിനു ഞങ്ങളെ അവിടത്തേക്കായി പുനരുദ്ധരിക്കണമേ, പണ്ടത്തെപ്പോലെ ഞങ്ങളുടെ നാളുകൾ പുതുക്കണമേ.