വിലാപങ്ങൾ 1:1-5
വിലാപങ്ങൾ 1:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അയ്യോ, ജനപൂർണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ? ജാതികളിൽ മഹതിയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ? സംസ്ഥാനങ്ങളുടെ നായികയായിരുന്നവൾ ഊഴിയവേലക്കാരത്തിയായതെങ്ങനെ? രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നു. അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു; അവളുടെ സകല പ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; അവളുടെ സ്നേഹിതന്മാരൊക്കെയും അവൾക്കു ശത്രുക്കളായി ദ്രോഹം ചെയ്തിരിക്കുന്നു. കഷ്ടതയും കഠിനദാസ്യവും നിമിത്തം യെഹൂദാ പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവൾ ജാതികളുടെ ഇടയിൽ പാർക്കുന്നു; വിശ്രാമം കണ്ടെത്തുന്നതുമില്ല; അവളെ പിന്തുടരുന്നവരൊക്കെയും ഇടുക്കിടങ്ങളിൽവച്ച് അവളെ എത്തിപ്പിടിക്കുന്നു. ഉത്സവത്തിന് ആരും വരായ്കകൊണ്ട് സീയോനിലേക്കുള്ള വഴികൾ ദുഃഖിക്കുന്നു; അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാർ നെടുവീർപ്പിടുന്നു; അവളുടെ കന്യകമാർ ഖേദിക്കുന്നു; അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു. അവളുടെ അതിക്രമബാഹുല്യം നിമിത്തം യഹോവ അവൾക്കു സങ്കടം വരുത്തിയതിനാൽ അവളുടെ വൈരികൾക്കു പ്രാധാന്യം ലഭിച്ചു, അവളുടെ ശത്രുക്കൾ ശുഭമായിരിക്കുന്നു; അവളുടെ കുഞ്ഞുങ്ങൾ വൈരിയുടെ മുമ്പായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു.
വിലാപങ്ങൾ 1:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജനനിബിഡമായിരുന്ന നഗരി ഇന്ന് എത്ര ഏകാന്തമായിരിക്കുന്നു! ജനതകളിൽ മഹതിയായിരുന്നവൾ ഇന്നിതാ വിധവയെപ്പോലെ ആയിരിക്കുന്നു! നഗരികളുടെ രാജ്ഞിയായിരുന്നവൾ ഇന്നിതാ അടിമയായിത്തീർന്നിരിക്കുന്നു. രാത്രിയിൽ അതിദുഃഖത്തോടെ അവൾ കരയുന്നു; അവളുടെ കവിൾത്തടത്തിലൂടെ കണ്ണീർ ഒഴുകുന്നു. അവളുടെ സ്നേഹഭാജനങ്ങളിൽ ആരും അവളെ ആശ്വസിപ്പിക്കാനില്ല; അവളുടെ സ്നേഹിതന്മാരെല്ലാം വിശ്വാസവഞ്ചന കാട്ടിയിരിക്കുന്നു. അവർ അവളുടെ ശത്രുക്കളായിത്തീർന്നിരിക്കുന്നു. യെഹൂദാ നിവാസികൾ ദുരിതത്തിനും ക്രൂരമായ അടിമത്തത്തിനും അധീനരായി പ്രവാസത്തിലേക്കു നയിക്കപ്പെട്ടു. വിജാതീയരുടെ ഇടയിൽ വിശ്രമിക്കാൻ സ്വന്തമായി ഇടമില്ലാതെ അവൾ കഴിയുന്നു. അവളെ പിന്തുടരുന്നവർ അവളുടെ കൊടിയ ദുഃഖത്തിന്റെ നടുവിൽ അവളെ പീഡിപ്പിക്കുന്നു. ഉത്സവത്തിന് ആരും വരായ്കകൊണ്ടു സീയോനിലേക്കുള്ള വഴികൾ കേഴുന്നു; അവളുടെ കവാടങ്ങളെല്ലാം ശൂന്യമായിരിക്കുന്നു. പുരോഹിതന്മാർ നെടുവീർപ്പിടുന്നു; അവളുടെ കന്യകമാർ പീഡിപ്പിക്കപ്പെടുന്നു; അവൾ മഹാദുരിതത്തിലായിരിക്കുന്നു. അവളുടെ എണ്ണമറ്റ അകൃത്യങ്ങൾക്കു സർവേശ്വരൻ അവളെ ശിക്ഷിച്ചിരിക്കുന്നു. അവളുടെ മക്കളെ ശത്രുക്കൾ അടിമകളായി കൊണ്ടുപോയിരിക്കുന്നു. ശത്രുക്കൾ അവളുടെ അധിപന്മാരും വൈരികൾ സമ്പന്നരുമായി തീർന്നിരിക്കുന്നു.
വിലാപങ്ങൾ 1:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അയ്യോ, ജനനിബിഡമായിരുന്ന നഗരം ജനരഹിതമായതെങ്ങനെ? ജനതകളിൽ ശ്രേഷ്ഠയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ? സംസ്ഥാനങ്ങളുടെ റാണിയായിരുന്നവൾ അടിമയായിപ്പോയതെങ്ങനെ? രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നു; അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു; അവളുടെ സകലപ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; അവളുടെ സ്നേഹിതന്മാരൊക്കെയും ശത്രുക്കളായി അവൾക്ക് ദ്രോഹം ചെയ്തിരിക്കുന്നു. കഷ്ടതയും കഠിനദാസ്യവും നിമിത്തം യെഹൂദാ പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവൾ ജനതകളുടെ ഇടയിൽ പാർക്കുന്നു; വിശ്രാമം കണ്ടെത്തുന്നതുമില്ല; അവളെ പിന്തുടരുന്നവരൊക്കെയും ഞെരുക്കത്തിന്‍റെ മദ്ധ്യേ അവളെ എത്തിപ്പിടിക്കുന്നു. ഉത്സവത്തിന് ആരും വരായ്കകൊണ്ട് സീയോനിലേയ്ക്കുള്ള വഴികൾ ദുഃഖിക്കുന്നു; അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാർ നെടുവീർപ്പിടുന്നു; അവളുടെ കന്യകമാർ ഖേദിക്കുന്നു; അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു. അവളുടെ അതിക്രമബാഹുല്യം നിമിത്തം യഹോവ അവൾക്ക് സങ്കടം വരുത്തിയതിനാൽ അവളുടെ ശത്രുക്കൾക്ക് ആധിപത്യം ലഭിച്ചു, അവളുടെ ശത്രുക്കൾ ശുഭമായിരിക്കുന്നു; അവളുടെ കുഞ്ഞുങ്ങൾ ശത്രുവിന്‍റെ മുമ്പിൽ പ്രവാസത്തിലേക്കു പോകേണ്ടിവന്നു.
വിലാപങ്ങൾ 1:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അയ്യോ, ജനപൂർണ്ണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ? ജാതികളിൽ മഹതിയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ? സംസ്ഥാനങ്ങളുടെ നായകിയായിരുന്നവൾ ഊഴിയവേലക്കാരത്തിയായതെങ്ങനെ? രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നു; അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു; അവളുടെ സകലപ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; അവളുടെ സ്നേഹിതന്മാരൊക്കെയും അവൾക്കു ശത്രുക്കളായി ദ്രോഹം ചെയ്തിരിക്കുന്നു. കഷ്ടതയും കഠിനദാസ്യവുംനിമിത്തം യെഹൂദാ പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവൾ ജാതികളുടെ ഇടയിൽ പാർക്കുന്നു; വിശ്രാമം കണ്ടെത്തുന്നതുമില്ല; അവളെ പിന്തുടരുന്നവരൊക്കെയും ഇടുക്കിടങ്ങളിൽവെച്ചു അവളെ എത്തിപ്പിടിക്കുന്നു. ഉത്സവത്തിന്നു ആരും വരായ്കകൊണ്ടു സീയോനിലേക്കുള്ള വഴികൾ ദുഃഖിക്കുന്നു; അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാർ നെടുവീർപ്പിടുന്നു; അവളുടെ കന്യകമാർ ഖേദിക്കുന്നു; അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു. അവളുടെ അതിക്രമബാഹുല്യംനിമിത്തം യഹോവ അവൾക്കു സങ്കടം വരുത്തിയതിനാൽ അവളുടെ വൈരികൾക്കു പ്രാധാന്യം ലഭിച്ചു, അവളുടെ ശത്രുക്കൾ ശുഭമായിരിക്കുന്നു; അവളുടെ കുഞ്ഞുങ്ങൾ വൈരിയുടെ മുമ്പായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു.
വിലാപങ്ങൾ 1:1-5 സമകാലിക മലയാളവിവർത്തനം (MCV)
ഒരിക്കൽ ജനനിബിഡമായിരുന്ന നഗരം, എങ്ങനെ വിജനമായിപ്പോയി! ഒരിക്കൽ രാഷ്ട്രങ്ങളുടെ മധ്യേ ശ്രേഷ്ഠയായിരുന്നവൾ എങ്ങനെ വിധവയായിപ്പോയി! പ്രവിശ്യകളുടെ റാണിയായിരുന്നവൾ ഇതാ അടിമയായിരിക്കുന്നു! രാത്രിയിൽ അവൾ ദുഃഖത്തോടെ കരഞ്ഞുകൊണ്ടിരുന്നു; അവളുടെ കവിൾത്തടങ്ങൾ കണ്ണുനീർ ഒഴുക്കുന്നു. അവളുടെ പ്രേമഭാജനങ്ങളിൽ അവളെ ആശ്വസിപ്പിക്കാൻ ഒരുവനുമില്ല. അവളുടെ സ്നേഹിതരെല്ലാം അവളെ തള്ളിപ്പറഞ്ഞിരിക്കുന്നു; അവരെല്ലാം അവളുടെ ശത്രുക്കളായിത്തീർന്നു. കഷ്ടതയ്ക്കും കഠിനാധ്വാനത്തിനുംശേഷം യെഹൂദാ പ്രവാസത്തിലേക്കുപോയിരിക്കുന്നു. ജനതകളുടെ മധ്യേ അവൾ വസിക്കുന്നു; വിശ്രമത്തിനിടം കണ്ടെത്തുന്നതുമില്ല. അവളുടെ പിന്നാലെ ചെന്നവർ അവളുടെ ദുരിതകാലത്തിൽത്തന്നെ അവളെ പിന്നിലാക്കിയിരിക്കുന്നു. സീയോനിലേക്കുള്ള പാതകൾ വിലപിക്കുന്നു, കാരണം ആരും അവളുടെ നിർദിഷ്ട ഉത്സവങ്ങൾക്ക് വരുന്നില്ല. അവളുടെ പ്രവേശനകവാടങ്ങളെല്ലാം ശൂന്യമാണ്, അവളുടെ പുരോഹിതന്മാർ വിലപിക്കുന്നു, അവളുടെ കന്യകമാർ നെടുവീർപ്പിടുന്നു, അവളാകട്ടെ തീവ്രവേദനയിലും ആയിരിക്കുന്നു. അവളുടെ ശത്രുക്കൾ അവളുടെ യജമാനന്മാരായിത്തീർന്നു; അവളുടെ ശത്രുക്കൾ സ്വസ്ഥതയോടെ കഴിയുന്നു. അവളുടെ അനവധി പാപങ്ങൾനിമിത്തം യഹോവ അവൾക്ക് കഷ്ടത വരുത്തിയിരിക്കുന്നു. അവളുടെ മക്കൾ പ്രവാസത്തിലേക്കുപോയിരിക്കുന്നു, ശത്രുക്കളുടെമുന്നിൽ തടവുകാരായിത്തന്നെ.