വിലാപങ്ങൾ 1:1-22

വിലാപങ്ങൾ 1:1-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അയ്യോ, ജനപൂർണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ? ജാതികളിൽ മഹതിയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ? സംസ്ഥാനങ്ങളുടെ നായികയായിരുന്നവൾ ഊഴിയവേലക്കാരത്തിയായതെങ്ങനെ? രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നു. അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു; അവളുടെ സകല പ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; അവളുടെ സ്നേഹിതന്മാരൊക്കെയും അവൾക്കു ശത്രുക്കളായി ദ്രോഹം ചെയ്തിരിക്കുന്നു. കഷ്ടതയും കഠിനദാസ്യവും നിമിത്തം യെഹൂദാ പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവൾ ജാതികളുടെ ഇടയിൽ പാർക്കുന്നു; വിശ്രാമം കണ്ടെത്തുന്നതുമില്ല; അവളെ പിന്തുടരുന്നവരൊക്കെയും ഇടുക്കിടങ്ങളിൽവച്ച് അവളെ എത്തിപ്പിടിക്കുന്നു. ഉത്സവത്തിന് ആരും വരായ്കകൊണ്ട് സീയോനിലേക്കുള്ള വഴികൾ ദുഃഖിക്കുന്നു; അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാർ നെടുവീർപ്പിടുന്നു; അവളുടെ കന്യകമാർ ഖേദിക്കുന്നു; അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു. അവളുടെ അതിക്രമബാഹുല്യം നിമിത്തം യഹോവ അവൾക്കു സങ്കടം വരുത്തിയതിനാൽ അവളുടെ വൈരികൾക്കു പ്രാധാന്യം ലഭിച്ചു, അവളുടെ ശത്രുക്കൾ ശുഭമായിരിക്കുന്നു; അവളുടെ കുഞ്ഞുങ്ങൾ വൈരിയുടെ മുമ്പായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു. സീയോൻപുത്രിയുടെ മഹത്ത്വമൊക്കെയും അവളെ വിട്ടുപോയി; അവളുടെ പ്രഭുക്കന്മാർ മേച്ചൽകാണാത്ത മാനുകളെപ്പോലെ ആയി; പിന്തുടരുന്നവന്റെ മുമ്പിൽ അവർ ശക്തിയില്ലാതെ നടക്കുന്നു. കഷ്ടാരിഷ്ടതകളുടെ കാലത്ത് യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഓർക്കുന്നു; സഹായിപ്പാൻ ആരുമില്ലാതെ അവളുടെ ജനം വൈരിയുടെ കൈയിൽ അകപ്പെട്ടപ്പോൾ, വൈരികൾ അവളെ നോക്കി അവളുടെ നാശത്തെക്കുറിച്ചു ചിരിച്ചു. യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ടു മലിനയായിരിക്കുന്നു; അവളെ ബഹുമാനിച്ചവരൊക്കെയും അവളുടെ നഗ്നത കണ്ടിട്ട് അവളെ നിന്ദിക്കുന്നു; അവളോ നെടുവീർപ്പിട്ടുകൊണ്ട് പിന്നോക്കം തിരിയുന്നു. അവളുടെ മലിനത ഉടുപ്പിന്റെ വിളുമ്പിൽ കാണുന്നു; അവൾ ഭാവികാലം ഓർത്തില്ല; അവൾ അതിശയമാംവണ്ണം വീണുപോയി; അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; യഹോവേ, ശത്രു വമ്പു പറയുന്നു; എന്റെ സങ്കടം നോക്കേണമേ. അവളുടെ സകല മനോഹര വസ്തുക്കളിന്മേലും വൈരി കൈവച്ചിരിക്കുന്നു; നിന്റെ സഭയിൽ പ്രവേശിക്കരുതെന്ന് നീ കല്പിച്ച ജാതികൾ അവളുടെ വിശുദ്ധമന്ദിരത്തിൽ കടന്നത് അവൾ കണ്ടുവല്ലോ. അവളുടെ സർവജനവും നെടുവീർപ്പിട്ടുകൊണ്ട് ആഹാരം തിരയുന്നു; വിശപ്പടക്കുവാൻ ആഹാരത്തിനുവേണ്ടി അവർ തങ്ങളുടെ മനോഹരവസ്തുക്കളെ കൊടുത്തുകളയുന്നു; യഹോവേ, ഞാൻ നിന്ദിതയായിരിക്കുന്നതു കടാക്ഷിക്കേണമേ. കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇതു നിങ്ങൾക്ക് ഏതുമില്ലയോ? യഹോവ തന്റെ ഉഗ്രകോപദിവസത്തിൽ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്ക് അവൻ വരുത്തിയ വ്യസനംപോലെ ഒരു വ്യസനം ഉണ്ടോ എന്നു നോക്കുവിൻ! ഉയരത്തിൽനിന്ന് അവൻ എന്റെ അസ്ഥികളിൽ തീ അയച്ചിരിക്കുന്നു; അതു കടന്നുപിടിച്ചിരിക്കുന്നു; എന്റെ കാലിന് അവൻ വല വിരിച്ചു, എന്നെ മടക്കിക്കളഞ്ഞു; അവൻ എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു. എന്റെ അതിക്രമങ്ങളുടെ നുകം അവൻ സ്വന്തകൈയാൽ പിണച്ചിരിക്കുന്നു; അവ എന്റെ കഴുത്തിൽ പിണഞ്ഞിരിക്കുന്നു; അവൻ എന്റെ ശക്തി ക്ഷയിപ്പിച്ചു; എനിക്ക് എതിർത്തുനില്പാൻ കഴിയാത്തവരുടെ കൈയിൽ കർത്താവ് എന്നെ ഏല്പിച്ചിരിക്കുന്നു. എന്റെ നടുവിലെ സകല ബലവാന്മാരെയും കർത്താവ് നിരസിച്ചുകളഞ്ഞു; എന്റെ യൗവനക്കാരെ തകർത്തു കളയേണ്ടതിന് അവൻ എന്റെ നേരേ ഒരു ഉത്സവയോഗം വിളിച്ചുകൂട്ടി; യെഹൂദാപുത്രിയായ കന്യകയെ കർത്താവ് ചക്കിൽ ഇട്ടു ചവിട്ടിക്കളഞ്ഞിരിക്കുന്നു. ഇതുനിമിത്തം ഞാൻ കരയുന്നു; എന്റെ കണ്ണ് കണ്ണുനീരൊഴുക്കുന്നു; എന്റെ പ്രാണനെ തണുപ്പിക്കേണ്ടുന്ന ആശ്വാസപ്രദൻ എന്നോട് അകന്നിരിക്കുന്നു; ശത്രു പ്രബലനായിരിക്കയാൽ എന്റെ മക്കൾ നശിച്ചിരിക്കുന്നു. സീയോൻ കൈ മലർത്തുന്നു; അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; യഹോവ യാക്കോബിന് അവന്റെ ചുറ്റും വൈരികളെ കല്പിച്ചാക്കിയിരിക്കുന്നു; യെരൂശലേം അവരുടെ ഇടയിൽ മലിനയായിരിക്കുന്നു. യഹോവ നീതിമാൻ; ഞാൻ അവന്റെ കല്പനയോടു മത്സരിച്ചു; സകല ജാതികളുമായുള്ളോരേ, കേൾക്കേണമേ, എന്റെ വ്യസനം കാണേണമേ; എന്റെ കന്യകമാരും യൗവനക്കാരും പ്രവാസത്തിലേക്കു പോയിരിക്കുന്നു. ഞാൻ എന്റെ പ്രിയന്മാരെ വിളിച്ചു; അവരോ എന്നെ ചതിച്ചു; എന്റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന് ആഹാരം തിരഞ്ഞുനടക്കുമ്പോൾ നഗരത്തിൽവച്ച് പ്രാണനെ വിട്ടു. യഹോവേ, നോക്കേണമേ; ഞാൻ വിഷമത്തിലായി എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ കഠിനമായി മത്സരിക്കകൊണ്ട് എന്റെ ഹൃദയം എന്റെ ഉള്ളിൽ മറിഞ്ഞിരിക്കുന്നു; പുറമേ വാൾ സന്തതിനാശം വരുത്തുന്നു; വീട്ടിലോ മരണം തന്നെ. ഞാൻ നെടുവീർപ്പിടുന്നത് അവർ കേട്ടു; എന്നെ ആശ്വസിപ്പിപ്പാൻ ആരുമില്ല; എന്റെ ശത്രുക്കളൊക്കെയും എന്റെ അനർഥം കേട്ടു, നീ അതു വരുത്തിയതുകൊണ്ടു സന്തോഷിക്കുന്നു; നീ കല്പിച്ച ദിവസം നീ വരുത്തും; അന്ന് അവരും എന്നെപ്പോലെയാകും. അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പിൽ വരട്ടെ; എന്റെ സകല അതിക്രമങ്ങളും നിമിത്തം നീ എന്നോടു ചെയ്തതുപോലെ അവരോടും ചെയ്യേണമേ; എന്റെ നെടുവീർപ്പു വളരെയല്ലോ; എന്റെ ഹൃദയം രോഗാർത്തമായിരിക്കുന്നു.

വിലാപങ്ങൾ 1:1-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ജനനിബിഡമായിരുന്ന നഗരി ഇന്ന് എത്ര ഏകാന്തമായിരിക്കുന്നു! ജനതകളിൽ മഹതിയായിരുന്നവൾ ഇന്നിതാ വിധവയെപ്പോലെ ആയിരിക്കുന്നു! നഗരികളുടെ രാജ്ഞിയായിരുന്നവൾ ഇന്നിതാ അടിമയായിത്തീർന്നിരിക്കുന്നു. രാത്രിയിൽ അതിദുഃഖത്തോടെ അവൾ കരയുന്നു; അവളുടെ കവിൾത്തടത്തിലൂടെ കണ്ണീർ ഒഴുകുന്നു. അവളുടെ സ്നേഹഭാജനങ്ങളിൽ ആരും അവളെ ആശ്വസിപ്പിക്കാനില്ല; അവളുടെ സ്നേഹിതന്മാരെല്ലാം വിശ്വാസവഞ്ചന കാട്ടിയിരിക്കുന്നു. അവർ അവളുടെ ശത്രുക്കളായിത്തീർന്നിരിക്കുന്നു. യെഹൂദാ നിവാസികൾ ദുരിതത്തിനും ക്രൂരമായ അടിമത്തത്തിനും അധീനരായി പ്രവാസത്തിലേക്കു നയിക്കപ്പെട്ടു. വിജാതീയരുടെ ഇടയിൽ വിശ്രമിക്കാൻ സ്വന്തമായി ഇടമില്ലാതെ അവൾ കഴിയുന്നു. അവളെ പിന്തുടരുന്നവർ അവളുടെ കൊടിയ ദുഃഖത്തിന്റെ നടുവിൽ അവളെ പീഡിപ്പിക്കുന്നു. ഉത്സവത്തിന് ആരും വരായ്കകൊണ്ടു സീയോനിലേക്കുള്ള വഴികൾ കേഴുന്നു; അവളുടെ കവാടങ്ങളെല്ലാം ശൂന്യമായിരിക്കുന്നു. പുരോഹിതന്മാർ നെടുവീർപ്പിടുന്നു; അവളുടെ കന്യകമാർ പീഡിപ്പിക്കപ്പെടുന്നു; അവൾ മഹാദുരിതത്തിലായിരിക്കുന്നു. അവളുടെ എണ്ണമറ്റ അകൃത്യങ്ങൾക്കു സർവേശ്വരൻ അവളെ ശിക്ഷിച്ചിരിക്കുന്നു. അവളുടെ മക്കളെ ശത്രുക്കൾ അടിമകളായി കൊണ്ടുപോയിരിക്കുന്നു. ശത്രുക്കൾ അവളുടെ അധിപന്മാരും വൈരികൾ സമ്പന്നരുമായി തീർന്നിരിക്കുന്നു. യെരൂശലേമിന്റെ സകല പ്രൗഢിയും അസ്തമിച്ചു, മേച്ചിൽസ്ഥലം കണ്ടെത്താതെ വലയുന്ന മാനുകളെപ്പോലെ ആയിരിക്കുന്നു അവളുടെ പ്രഭുക്കന്മാർ. തങ്ങളെ പിന്തുടരുന്നവരുടെ മുമ്പിൽ അവർ ശക്തി ക്ഷയിച്ചവരായി ഓടുന്നു. കഷ്ടതയുടെയും കൊടുംയാതനയുടെയും ദിനങ്ങളിൽ യെരൂശലേം എല്ലാ പുരാതന മഹിമകളെയും ഓർക്കുന്നു. അവളുടെ ജനം ശത്രുക്കളുടെ കൈയിൽ അകപ്പെട്ടപ്പോൾ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല; അവളുടെ പതനം കണ്ടു ശത്രുക്കൾ പരിഹസിച്ചു. യെരൂശലേം ഗുരുതരമായ പാപം ചെയ്തു മലിനയായി തീർന്നിരിക്കുന്നു. അവളെ ബഹുമാനിച്ചിരുന്നവർ അവളുടെ നഗ്നത കണ്ട് അവളെ നിന്ദിക്കുന്നു. അവൾ അതിദുഃഖത്തോടെ മുഖം തിരിക്കുന്നു. അവളുടെ അശുദ്ധി അവളുടെ വസ്ത്രത്തിൽ തെളിഞ്ഞു കാണുന്നു. അവളുടെ വിനാശത്തെക്കുറിച്ച് അവൾ ഓർത്തതുമില്ല. അവളുടെ പതനം ഭയാനകമായി. അവളെ ആശ്വസിപ്പിക്കാൻ ആരുമില്ല. സർവേശ്വരനോട് അവൾ കരുണയ്‍ക്കായി യാചിക്കുന്നു. ശത്രു വിജയിച്ചിരിക്കുന്നുവല്ലോ. അവളുടെ അമൂല്യസമ്പത്തെല്ലാം ശത്രു കൈവശപ്പെടുത്തിയിരിക്കുന്നു. വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുതെന്ന് അവിടുന്നു വിലക്കിയിരുന്ന ജനതകൾ അവിടെ പ്രവേശിക്കുന്നത് അവൾ കണ്ടിരിക്കുന്നു. അവളുടെ ജനങ്ങൾ നെടുവീർപ്പോടെ ആഹാരത്തിനുവേണ്ടി അലയുന്നു. ജീവൻ നിലനിർത്താനുള്ള ഭക്ഷണത്തിനു വേണ്ടി അവർ അമൂല്യവസ്തുക്കൾ വിൽക്കുന്നു; സർവേശ്വരാ, തൃക്കൺ പാർത്താലും ഞാൻ നിന്ദിതയായിരിക്കുന്നുവല്ലോ എന്ന് യെരൂശലേം നിലവിളിക്കുന്നു. കടന്നുപോകുന്നവരേ, ഇതു നിങ്ങൾക്കു നിസ്സാരമെന്നോ? സർവേശ്വരൻ അവിടുത്തെ ഉഗ്രരോഷത്താൽ എനിക്കു വരുത്തിയ വ്യഥപോലെ ഒന്നു വേറെ ഉണ്ടോ? അവിടുന്ന് ഉയരത്തിൽനിന്ന് അഗ്നി വർഷിച്ചു; അത് എന്റെ അസ്ഥികളെ ഉരുക്കി. അവിടുന്ന് എന്റെ കാലിനു വലവച്ചു; അവിടുന്ന് എന്നെ നിലംപതിപ്പിച്ചു. അവിടുന്ന് എന്നെ പരിത്യജിച്ചു നിരന്തര വേദനയിലാക്കുകയും ചെയ്തിരിക്കുന്നു. അവിടുന്ന് എന്റെ അകൃത്യങ്ങൾ ചേർത്തുകെട്ടി, നുകമാക്കി എന്റെ ചുമലിൽ വച്ചു. സർവേശ്വരൻ എന്റെ ശക്തി ക്ഷയിപ്പിച്ചു. എനിക്ക് എതിർത്തു നില്‌ക്കാൻ കഴിയാത്തവരുടെ കൈയിൽ എന്നെ ഏല്പിച്ചു. ബലശാലികളായ എന്റെ എല്ലാ യോദ്ധാക്കളെയും സർവേശ്വരൻ നിന്ദിച്ചു പുറന്തള്ളി. എന്റെ യുവാക്കളെ തകർക്കാൻ ഒരു സൈന്യത്തെ വിളിച്ചു വരുത്തി. എന്റെ ജനത്തെ അവിടുന്നു മുന്തിരിച്ചക്കിലിട്ടു ഞെരിച്ചുകളഞ്ഞു. ഇതു നിമിത്തം ഞാൻ കരയുന്നു; എന്റെ കണ്ണുകളിൽനിന്നു കണ്ണുനീർ കവിഞ്ഞൊഴുകുന്നു; എന്നെ ആശ്വസിപ്പിക്കാനും ധൈര്യപ്പെടുത്താനും ആരുമില്ല. ശത്രു ജയിച്ചിരിക്കുകയാൽ എന്റെ മക്കൾ അഗതികളായിരിക്കുന്നു. സീയോൻ കൈ നീട്ടുന്നു; അവളെ സഹായിക്കാൻ ആരുമില്ല; അവളുടെ ചുറ്റും ശത്രുക്കളായ അയൽക്കാരെ സർവേശ്വരൻ നിയോഗിച്ചിരിക്കുന്നു. അവരുടെ മധ്യത്തിൽ യെരൂശലേം മലിനയായിത്തീർന്നിരിക്കുന്നു. സർവേശ്വരൻ നീതിമാനാകുന്നു. എന്നിട്ടും അവിടുത്തെ വചനം ഞാൻ ധിക്കരിച്ചു. ജനതകളേ, ശ്രദ്ധിക്കുക! എന്റെ കഷ്ടത കാണുക! എന്റെ യുവതീയുവാക്കൾ പ്രവാസികളായി തീർന്നിരിക്കുന്നു. ഞാൻ സ്നേഹിച്ചിരുന്നവരെ ഞാൻ വിളിച്ചു; എന്നാൽ അവർ എന്നെ ചതിച്ചു; എന്റെ പുരോഹിതന്മാരും ജനപ്രമാണികളും ജീവൻ നിലനിർത്താൻ ആഹാരം തേടി നടക്കുമ്പോൾ നഗരത്തിൽവച്ചു മരണമടഞ്ഞു. സർവേശ്വരാ, എന്റെ ദുരിതം കാണണമേ! എന്റെ അന്തരംഗം കലങ്ങിമറിയുന്നു. എന്റെ ഹൃദയം വേദനകൊണ്ടു പുളയുന്നു. ഞാൻ വളരെ ധിക്കാരം കാട്ടിയല്ലോ. തെരുവീഥിയിൽ കൊല നടക്കുന്നു; വീട്ടിനുള്ളിലും മരണം തന്നെ. എന്റെ നെടുവീർപ്പു കേൾക്കണമേ! എന്നെ ആശ്വസിപ്പിക്കാൻ ആരുമില്ല. അവിടുന്ന് എനിക്കു വരുത്തിയ അനർഥങ്ങൾ കണ്ട് എന്റെ ശത്രുക്കൾ സന്തോഷിക്കുന്നു. അങ്ങു പ്രഖ്യാപനം ചെയ്ത ദിവസം വരുത്തണമേ. അവരും എന്നെപ്പോലെയാകട്ടെ. അവരുടെ എല്ലാ ദുഷ്ടതയും തിരുമുമ്പിൽ വ്യക്തമാകട്ടെ. എന്റെ അകൃത്യങ്ങൾ നിമിത്തം അങ്ങ് എന്നോടു ചെയ്തതുപോലെ അവരോടും ചെയ്യണമേ; ഞാൻ വളരെ നെടുവീർപ്പിടുന്നു. എന്റെ ഹൃദയം തളർന്നിരിക്കുന്നു.

വിലാപങ്ങൾ 1:1-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അയ്യോ, ജനനിബിഡമായിരുന്ന നഗരം ജനരഹിതമായതെങ്ങനെ? ജനതകളിൽ ശ്രേഷ്ഠയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ? സംസ്ഥാനങ്ങളുടെ റാണിയായിരുന്നവൾ അടിമയായിപ്പോയതെങ്ങനെ? രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നു; അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു; അവളുടെ സകലപ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; അവളുടെ സ്നേഹിതന്മാരൊക്കെയും ശത്രുക്കളായി അവൾക്ക് ദ്രോഹം ചെയ്തിരിക്കുന്നു. കഷ്ടതയും കഠിനദാസ്യവും നിമിത്തം യെഹൂദാ പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവൾ ജനതകളുടെ ഇടയിൽ പാർക്കുന്നു; വിശ്രാമം കണ്ടെത്തുന്നതുമില്ല; അവളെ പിന്തുടരുന്നവരൊക്കെയും ഞെരുക്കത്തിന്‍റെ മദ്ധ്യേ അവളെ എത്തിപ്പിടിക്കുന്നു. ഉത്സവത്തിന് ആരും വരായ്കകൊണ്ട് സീയോനിലേയ്ക്കുള്ള വഴികൾ ദുഃഖിക്കുന്നു; അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാർ നെടുവീർപ്പിടുന്നു; അവളുടെ കന്യകമാർ ഖേദിക്കുന്നു; അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു. അവളുടെ അതിക്രമബാഹുല്യം നിമിത്തം യഹോവ അവൾക്ക് സങ്കടം വരുത്തിയതിനാൽ അവളുടെ ശത്രുക്കൾക്ക് ആധിപത്യം ലഭിച്ചു, അവളുടെ ശത്രുക്കൾ ശുഭമായിരിക്കുന്നു; അവളുടെ കുഞ്ഞുങ്ങൾ ശത്രുവിന്‍റെ മുമ്പിൽ പ്രവാസത്തിലേക്കു പോകേണ്ടിവന്നു. സീയോൻപുത്രിയുടെ മഹത്വമൊക്കെയും അവളെ വിട്ടുപോയി; അവളുടെ പ്രഭുക്കന്മാർ പുൽമേട് കാണാത്ത മാനുകളെപ്പോലെ ആയി; പിന്തുടരുന്നവന്‍റെ മുമ്പിൽ അവർ ശക്തിയില്ലാതെ നടക്കുന്നു. കഷ്ടതയുടെയും അലച്ചിലിന്‍റെയും കാലത്ത് യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഓർക്കുന്നു; സഹായിക്കുവാൻ ആരുമില്ലാതെ അവളുടെ ജനം ശത്രുവിന്‍റെ കയ്യിൽ അകപ്പെട്ടപ്പോൾ, ശത്രുക്കൾ അവളെ നോക്കി അവളുടെ നാശത്തിൽ പരിഹസിച്ചു. യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ട് മലിനയായിരിക്കുന്നു; അവളെ ബഹുമാനിച്ചവരൊക്കെയും അവളുടെ നഗ്നത കണ്ടു അവളെ നിന്ദിക്കുന്നു; അവളോ നെടുവീർപ്പിട്ട് കൊണ്ടു പിന്നോക്കം തിരിയുന്നു. അവളുടെ മലിനത ഉടുപ്പിന്‍റെ വിളുമ്പിൽ കാണുന്നു; അവൾ ഭാവികാലം ഓർത്തില്ല; അവൾ അതിശയമാംവണ്ണം വീണുപോയി; അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; “യഹോവേ, ശത്രു വമ്പു പറയുന്നു; എന്‍റെ സങ്കടം നോക്കേണമേ.” അവളുടെ സകലമനോഹരവസ്തുക്കളിന്മേലും ശത്രു കൈവെച്ചിരിക്കുന്നു; അങ്ങേയുടെ സഭയിൽ പ്രവേശിക്കരുതെന്ന് അങ്ങ് കല്പിച്ച ജനതകൾ അവളുടെ വിശുദ്ധമന്ദിരത്തിൽ കടന്നത് അവൾ കണ്ടുവല്ലോ. അവളുടെ സർവ്വജനവും നെടുവീർപ്പിട്ടുകൊണ്ട് ആഹാരം തേടുന്നു; വിശപ്പടക്കുവാൻ ആഹാരത്തിന് വേണ്ടി അവർ തങ്ങളുടെ മനോഹര വസ്തുക്കളെ കൊടുക്കുന്നു; “യഹോവേ, നോക്കേണമേ ഞാൻ നിന്ദിതയായിരിക്കുന്നത് കടാക്ഷിക്കേണമേ.” “കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇത് നിങ്ങൾക്ക് ഏതുമില്ലയോ? യഹോവ തന്‍റെ ഉഗ്രകോപദിവസത്തിൽ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്ക് അവിടുന്ന് വരുത്തിയ വ്യസനം പോലെ ഒരു വ്യസനം ഉണ്ടോ എന്നു നോക്കുവിൻ!” “ഉയരത്തിൽനിന്ന് അവിടുന്ന് എന്‍റെ അസ്ഥികളിൽ തീ അയച്ചിരിക്കുന്നു; അത് കടന്നുപിടിച്ചിരിക്കുന്നു; എന്‍റെ കാലിന് അവിടുന്ന് വല വിരിച്ച്, എന്നെ മടക്കിക്കളഞ്ഞു; അവിടുന്ന് എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു.” “എന്‍റെ അതിക്രമങ്ങളുടെ നുകം അവിടുന്ന് സ്വന്തകയ്യാൽ യോജിപ്പിച്ചിരിക്കുന്നു; അവ എന്‍റെ കഴുത്തിൽ അമർന്നിരിക്കുന്നു; അവിടുന്ന് എന്‍റെ ശക്തി ക്ഷയിപ്പിച്ചു; എനിക്ക് എതിർത്തുനില്ക്കുവാൻ കഴിയാത്തവരുടെ കയ്യിൽ കർത്താവ് എന്നെ ഏല്പിച്ചിരിക്കുന്നു.” “എന്‍റെ നടുവിലെ സകല ബലവാന്മാരെയും കർത്താവ് നിരസിച്ചുകളഞ്ഞു; എന്‍റെ യൗവനക്കാരെ തകർത്തുകളയേണ്ടതിന് അവൻ എന്‍റെ നേരെ ഒരു ഉത്സവയോഗം വിളിച്ചുകൂട്ടി; യെഹൂദാപുത്രിയായ കന്യകയെ കർത്താവ് ചക്കിൽ ഇട്ടു ചവിട്ടിക്കളഞ്ഞിരിക്കുന്നു.” “ഇത് നിമിത്തം ഞാൻ കരയുന്നു; എന്‍റെ കണ്ണ് കണ്ണുനീരൊഴുക്കുന്നു; എന്‍റെ പ്രാണനെ തണുപ്പിക്കേണ്ട ആശ്വാസപ്രദൻ എന്നോട് അകന്നിരിക്കുന്നു; ശത്രു പ്രബലനായിരിക്കയാൽ എന്‍റെ മക്കൾ നശിച്ചിരിക്കുന്നു.” സീയോൻ സഹായത്തിനായി കൈ നീട്ടുന്നു; അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; യഹോവ യാക്കോബിന് അവന്‍റെ ചുറ്റും വൈരികളെ കല്പിച്ചാക്കിയിരിക്കുന്നു; യെരൂശലേം അവരുടെ ഇടയിൽ മലിനയായിരിക്കുന്നു. “യഹോവ നീതിമാൻ; ഞാൻ അവിടുത്തെ കല്പനയോട് മത്സരിച്ചു; സകല ജാതികളുമായുള്ളോരേ, കേൾക്കേണമേ, എന്‍റെ വ്യസനം കാണേണമേ; എന്‍റെ കന്യകമാരും യൗവനക്കാരും പ്രവാസത്തിലേക്കു പോയിരിക്കുന്നു.” “ഞാൻ എന്‍റെ പ്രിയന്മാരെ വിളിച്ചു; അവരോ എന്നെ ചതിച്ചു; എന്‍റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന് ആഹാരം തേടിനടക്കുമ്പോൾ നഗരത്തിൽവച്ച് പ്രാണനെ വിട്ടു.” “യഹോവേ, നോക്കേണമേ; ഞാൻ വിഷമത്തിലായി, എന്‍റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ കഠിനമായി മത്സരിക്കകൊണ്ട് എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ അസ്വസ്ഥമായിരിക്കുന്നു; പുറമേ വാൾ സന്തതിനാശം വരുത്തുന്നു; വീട്ടിലോ മരണം തന്നെ.” “ഞാൻ നെടുവീർപ്പിടുന്നത് അവർ കേട്ടു; എന്നെ ആശ്വസിപ്പിപ്പാൻ ആരുമില്ല; എന്‍റെ ശത്രുക്കളൊക്കെയും എന്‍റെ അനർത്ഥം കേട്ടു, അവിടുന്ന് അത് വരുത്തിയതുകൊണ്ട് സന്തോഷിക്കുന്നു; അവിടുന്ന് കല്പിച്ച ദിവസം അങ്ങ് വരുത്തും; അന്നു അവരും എന്നെപ്പോലെയാകും.” “അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പിൽ വരട്ടെ; എന്‍റെ സകല അതിക്രമങ്ങളും നിമിത്തം അങ്ങ് എന്നോട് ചെയ്തതുപോലെ അവരോടും ചെയ്യേണമേ; എന്‍റെ നെടുവീർപ്പ് വളരെയല്ലോ; എന്‍റെ ഹൃദയം തളർന്നിരിക്കുന്നു.”

വിലാപങ്ങൾ 1:1-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അയ്യോ, ജനപൂർണ്ണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ? ജാതികളിൽ മഹതിയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ? സംസ്ഥാനങ്ങളുടെ നായകിയായിരുന്നവൾ ഊഴിയവേലക്കാരത്തിയായതെങ്ങനെ? രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നു; അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു; അവളുടെ സകലപ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; അവളുടെ സ്നേഹിതന്മാരൊക്കെയും അവൾക്കു ശത്രുക്കളായി ദ്രോഹം ചെയ്തിരിക്കുന്നു. കഷ്ടതയും കഠിനദാസ്യവുംനിമിത്തം യെഹൂദാ പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവൾ ജാതികളുടെ ഇടയിൽ പാർക്കുന്നു; വിശ്രാമം കണ്ടെത്തുന്നതുമില്ല; അവളെ പിന്തുടരുന്നവരൊക്കെയും ഇടുക്കിടങ്ങളിൽവെച്ചു അവളെ എത്തിപ്പിടിക്കുന്നു. ഉത്സവത്തിന്നു ആരും വരായ്കകൊണ്ടു സീയോനിലേക്കുള്ള വഴികൾ ദുഃഖിക്കുന്നു; അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാർ നെടുവീർപ്പിടുന്നു; അവളുടെ കന്യകമാർ ഖേദിക്കുന്നു; അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു. അവളുടെ അതിക്രമബാഹുല്യംനിമിത്തം യഹോവ അവൾക്കു സങ്കടം വരുത്തിയതിനാൽ അവളുടെ വൈരികൾക്കു പ്രാധാന്യം ലഭിച്ചു, അവളുടെ ശത്രുക്കൾ ശുഭമായിരിക്കുന്നു; അവളുടെ കുഞ്ഞുങ്ങൾ വൈരിയുടെ മുമ്പായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു. സീയോൻ പുത്രിയുടെ മഹത്വമൊക്കെയും അവളെ വിട്ടുപോയി; അവളുടെ പ്രഭുക്കന്മാർ മേച്ചൽ കാണാത്ത മാനുകളെപ്പോലെ ആയി; പിന്തുടരുന്നവന്റെ മുമ്പിൽ അവർ ശക്തിയില്ലാതെ നടക്കുന്നു. കഷ്ടാരിഷ്ടതകളുടെ കാലത്തു യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഓർക്കുന്നു; സഹായിപ്പാൻ ആരുമില്ലാതെ അവളുടെ ജനം വൈരിയുടെ കയ്യിൽ അകപ്പെട്ടപ്പോൾ, വൈരികൾ അവളെ നോക്കി അവളുടെ നാശത്തെക്കുറിച്ചു ചിരിച്ചു. യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ടു മലിനയായിരിക്കുന്നു; അവളെ ബഹുമാനിച്ചവരൊക്കെയും അവളുടെ നഗ്നത കണ്ടിട്ടു അവളെ നിന്ദിക്കുന്നു; അവളോ നെടുവീർപ്പിട്ടുകൊണ്ടു പിന്നോക്കം തിരിയുന്നു. അവളുടെ മലിനത ഉടുപ്പിന്റെ വിളുമ്പിൽ കാണുന്നു; അവൾ ഭാവികാലം ഓർത്തില്ല; അവൾ അതിശയമാംവണ്ണം വീണുപോയി; അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; യഹോവേ, ശത്രു വമ്പു പറയുന്നു; എന്റെ സങ്കടം നോക്കേണമേ. അവളുടെ സകലമനോഹരവസ്തുക്കളിന്മേലും വൈരി കൈവെച്ചിരിക്കുന്നു; നിന്റെ സഭയിൽ പ്രവേശിക്കരുതെന്നു നീ കല്പിച്ച ജാതികൾ അവളുടെ വിശുദ്ധമന്ദിരത്തിൽ കടന്നതു അവൾ കണ്ടുവല്ലോ. അവളുടെ സർവ്വജനവും നെടുവീർപ്പിട്ടുകൊണ്ടു ആഹാരം തിരയുന്നു; വിശപ്പടക്കുവാൻ ആഹാരത്തിന്നു വേണ്ടി അവർ തങ്ങളുടെ മനോഹര വസ്തുക്കളെ കൊടുത്തുകളയുന്നു; യഹോവേ, ഞാൻ നിന്ദിതയായിരിക്കുന്നതു കടാക്ഷിക്കേണമേ. കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇതു നിങ്ങൾക്കു ഏതുമില്ലയോ? യഹോവ തന്റെ ഉഗ്രകോപദിവസത്തിൽ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്കു അവൻ വരുത്തിയ വ്യസനം പോലെ ഒരു വ്യസനം ഉണ്ടോ എന്നു നോക്കുവിൻ! ഉയരത്തിൽനിന്നു അവൻ എന്റെ അസ്ഥികളിൽ തീ അയച്ചിരിക്കുന്നു; അതു കടന്നുപിടിച്ചിരിക്കുന്നു; എന്റെ കാലിന്നു അവൻ വല വിരിച്ചു, എന്നെ മടക്കിക്കളഞ്ഞു; അവൻ എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു. എന്റെ അതിക്രമങ്ങളുടെ നുകം അവൻ സ്വന്തകയ്യാൽ പിണെച്ചിരിക്കുന്നു; അവ എന്റെ കഴുത്തിൽ പിണെഞ്ഞിരിക്കുന്നു; അവൻ എന്റെ ശക്തി ക്ഷയിപ്പിച്ചു; എനിക്കു എതിർത്തുനില്പാൻ കഴിയാത്തവരുടെ കയ്യിൽ കർത്താവു എന്നെ ഏല്പിച്ചിരിക്കുന്നു. എന്റെ നടുവിലെ സകലബലവാന്മാരെയും കർത്താവു നിരസിച്ചുകളഞ്ഞു; എന്റെ യൗവനക്കാരെ തകർത്തുകളയേണ്ടതിന്നു അവൻ എന്റെ നേരെ ഒരു ഉത്സവയോഗം വിളിച്ചുകൂട്ടി; യെഹൂദാപുത്രിയായ കന്യകയെ കർത്താവു ചക്കിൽ ഇട്ടു ചിവിട്ടിക്കളഞ്ഞിരിക്കുന്നു. ഇതുനിമിത്തം ഞാൻ കരയുന്നു; എന്റെ കണ്ണു കണ്ണുനീരൊഴുക്കുന്നു; എന്റെ പ്രാണനെ തണുപ്പിക്കേണ്ടുന്ന ആശ്വാസപ്രദൻ എന്നോടു അകന്നിരിക്കുന്നു; ശത്രു പ്രബലനായിരിക്കയാൽ എന്റെ മക്കൾ നശിച്ചിരിക്കുന്നു. സീയോൻ കൈ മലർത്തുന്നു; അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; യഹോവ യാക്കോബിന്നു അവന്റെ ചുറ്റും വൈരികളെ കല്പിച്ചാക്കിയിരിക്കുന്നു; യെരൂശലേം അവരുടെ ഇടയിൽ മലിനയായിരിക്കുന്നു. യഹോവ നീതിമാൻ; ഞാൻ അവന്റെ കല്പനയോടു മത്സരിച്ചു; സകലജാതികളുമായുള്ളോരേ, കേൾക്കേണമേ, എന്റെ വ്യസനം കാണേണമേ; എന്റെ കന്യകമാരും യൗവനക്കാരും പ്രവാസത്തിലേക്കു പോയിരിക്കുന്നു. ഞാൻ എന്റെ പ്രിയന്മാരെ വിളിച്ചു; അവരോ എന്നെ ചതിച്ചു; എന്റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന്നു ആഹാരം തിരഞ്ഞുനടക്കുമ്പോൾ നഗരത്തിൽവെച്ചു പ്രാണനെ വിട്ടു. യഹോവേ, നോക്കേണമേ; ഞാൻ വിഷമത്തിലായി, എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ കഠിനമായി മത്സരിക്കകൊണ്ടു എന്റെ ഹൃദയം എന്റെ ഉള്ളിൽ മറിഞ്ഞിരിക്കുന്നു; പുറമേ വാൾ സന്തതിനാശം വരുത്തുന്നു; വീട്ടിലോ മരണം തന്നേ. ഞാൻ നെടുവീർപ്പിടുന്നതു അവർ കേട്ടു; എന്നെ ആശ്വസിപ്പിപ്പാൻ ആരുമില്ല; എന്റെ ശത്രുക്കളൊക്കെയും എന്റെ അനർത്ഥം കേട്ടു, നീ അതു വരുത്തിയതുകൊണ്ടു സന്തോഷിക്കുന്നു; നീ കല്പിച്ച ദിവസം നീ വരുത്തും; അന്നു അവരും എന്നെപ്പോലെയാകും. അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പിൽ വരട്ടെ; എന്റെ സകല അതിക്രമങ്ങളും നിമിത്തം നീ എന്നോടു ചെയ്തതുപോലെ അവരോടും ചെയ്യേണമേ; എന്റെ നെടുവീർപ്പു വളരെയല്ലോ; എന്റെ ഹൃദയം രോഗാർത്തമായിരിക്കുന്നു.

വിലാപങ്ങൾ 1:1-22 സമകാലിക മലയാളവിവർത്തനം (MCV)

ഒരിക്കൽ ജനനിബിഡമായിരുന്ന നഗരം, എങ്ങനെ വിജനമായിപ്പോയി! ഒരിക്കൽ രാഷ്ട്രങ്ങളുടെ മധ്യേ ശ്രേഷ്ഠയായിരുന്നവൾ എങ്ങനെ വിധവയായിപ്പോയി! പ്രവിശ്യകളുടെ റാണിയായിരുന്നവൾ ഇതാ അടിമയായിരിക്കുന്നു! രാത്രിയിൽ അവൾ ദുഃഖത്തോടെ കരഞ്ഞുകൊണ്ടിരുന്നു; അവളുടെ കവിൾത്തടങ്ങൾ കണ്ണുനീർ ഒഴുക്കുന്നു. അവളുടെ പ്രേമഭാജനങ്ങളിൽ അവളെ ആശ്വസിപ്പിക്കാൻ ഒരുവനുമില്ല. അവളുടെ സ്നേഹിതരെല്ലാം അവളെ തള്ളിപ്പറഞ്ഞിരിക്കുന്നു; അവരെല്ലാം അവളുടെ ശത്രുക്കളായിത്തീർന്നു. കഷ്ടതയ്ക്കും കഠിനാധ്വാനത്തിനുംശേഷം യെഹൂദാ പ്രവാസത്തിലേക്കുപോയിരിക്കുന്നു. ജനതകളുടെ മധ്യേ അവൾ വസിക്കുന്നു; വിശ്രമത്തിനിടം കണ്ടെത്തുന്നതുമില്ല. അവളുടെ പിന്നാലെ ചെന്നവർ അവളുടെ ദുരിതകാലത്തിൽത്തന്നെ അവളെ പിന്നിലാക്കിയിരിക്കുന്നു. സീയോനിലേക്കുള്ള പാതകൾ വിലപിക്കുന്നു, കാരണം ആരും അവളുടെ നിർദിഷ്ട ഉത്സവങ്ങൾക്ക് വരുന്നില്ല. അവളുടെ പ്രവേശനകവാടങ്ങളെല്ലാം ശൂന്യമാണ്, അവളുടെ പുരോഹിതന്മാർ വിലപിക്കുന്നു, അവളുടെ കന്യകമാർ നെടുവീർപ്പിടുന്നു, അവളാകട്ടെ തീവ്രവേദനയിലും ആയിരിക്കുന്നു. അവളുടെ ശത്രുക്കൾ അവളുടെ യജമാനന്മാരായിത്തീർന്നു; അവളുടെ ശത്രുക്കൾ സ്വസ്ഥതയോടെ കഴിയുന്നു. അവളുടെ അനവധി പാപങ്ങൾനിമിത്തം യഹോവ അവൾക്ക് കഷ്ടത വരുത്തിയിരിക്കുന്നു. അവളുടെ മക്കൾ പ്രവാസത്തിലേക്കുപോയിരിക്കുന്നു, ശത്രുക്കളുടെമുന്നിൽ തടവുകാരായിത്തന്നെ. സീയോൻപുത്രിയുടെ പ്രതാപമെല്ലാം അവളെ വിട്ടുപോയിരിക്കുന്നു. അവളുടെ പ്രഭുക്കന്മാർ പുൽമേടു കാണാത്ത മാനുകൾപോലെ; അവരെ പിൻതുടരുന്ന ശത്രുക്കളുടെമുന്നിൽ അവർ അവശരായി ഓടി. കഷ്ടതയുടെയും അലച്ചിലിന്റെയും ദിനങ്ങളിൽ ജെറുശലേം പുരാതനകാലങ്ങളിൽ തനിക്കുണ്ടായിരുന്ന എല്ലാ നിക്ഷേപങ്ങളെയുംകുറിച്ച് ഓർക്കുന്നു. അവളുടെ ജനങ്ങൾ ശത്രുകരങ്ങളിൽ വീണുപോയപ്പോൾ, അവളെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. അവളുടെ ശത്രുക്കൾ അവളെ നോക്കി, അവളുടെ നാശത്തിൽ അവളെ പരിഹസിച്ചു. ജെറുശലേം വലിയ പാപംചെയ്തു, അവൾ അങ്ങനെ മലിനയായിത്തീർന്നിരിക്കുന്നു. അവളെ ബഹുമാനിച്ചിരുന്നവരെല്ലാം അവളെ നിന്ദിക്കുന്നു, കാരണം അവരെല്ലാം അവളുടെ നഗ്നതകണ്ടല്ലോ; അവളാകട്ടെ ഞരക്കത്തോടെ മുഖംതിരിക്കുന്നു. അവളുടെ അശുദ്ധി അവളുടെ വസ്ത്രത്തിൽ പറ്റിയിരിക്കുന്നു; അവൾ അവളുടെ ഭാവിയെക്കുറിച്ചു ചിന്തിച്ചതുമില്ല. അവളുടെ പതനം ഭയങ്കരമായിരുന്നു; അവളെ ആശ്വസിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല. “യഹോവേ, എന്റെ കഷ്ടത നോക്കണമേ, കാരണം എന്റെ ശത്രു ജയിച്ചിരിക്കുന്നു.” ശത്രു അവളുടെ സകലനിക്ഷേപങ്ങളിന്മേലും കൈവെച്ചിരിക്കുന്നു; യെഹൂദേതരരായ ജനതകൾ, അങ്ങയുടെ മന്ദിരത്തിൽ പ്രവേശിക്കരുതെന്ന് അങ്ങു വിലക്കിയവർതന്നെ, അവളുടെ വിശുദ്ധസ്ഥലത്ത് പ്രവേശിക്കുന്നത് അവൾ കണ്ടു. അപ്പംതേടി അലഞ്ഞുകൊണ്ട് അവളുടെ ജനം ഞരങ്ങുന്നു; അവർ തങ്ങളുടെ ജീവൻ നിലനിർത്താനുള്ള ഭക്ഷണത്തിനായി തങ്ങളുടെ അമൂല്യ നിക്ഷേപങ്ങൾ മാറ്റക്കച്ചവടംചെയ്യുന്നു. “നോക്കണമേ, യഹോവേ, കരുതണമേ, ഞാൻ നിന്ദിതയായിരിക്കുന്നല്ലോ.” “കടന്നുപോകുന്നവരേ, ഇതു നിങ്ങൾക്ക് ഏതുമില്ലയോ? ചുറ്റുമൊന്നു നോക്കിക്കാണുക. യഹോവ തന്റെ ഉഗ്രകോപത്തിന്റെ ദിവസത്തിൽ എനിക്ക് വരുത്തിയ ദുഃഖംപോലൊരു ദുഃഖമുണ്ടോ? “ഉയരത്തിൽനിന്ന് അവിടന്ന് അഗ്നി അയച്ചു, എന്റെ അസ്ഥികളിലേക്കുതന്നെ അത് കടന്നുപിടിച്ചു. അവിടന്ന് എന്റെ കാലുകൾക്ക് ഒരു വല വിരിച്ച് എന്നെ പിന്തിരിപ്പിച്ചുകളഞ്ഞു. അവിടന്ന് എന്നെ ശൂന്യമാക്കി, ദിവസം മുഴുവൻ എന്നെ അസ്തപ്രജ്ഞയാക്കിയിരിക്കുന്നു. “എന്റെ പാപങ്ങൾ ഒരു നുകത്തോടു ബന്ധിക്കപ്പെട്ടിരിക്കുന്നു; അവിടത്തെ കരങ്ങളാൽ അവയെ ഒന്നിച്ചു പിണച്ചിരിക്കുന്നു. അവ എന്റെ കഴുത്തിന്മേൽ അമർന്നു, കർത്താവ് എന്റെ ശക്തി ക്ഷയിപ്പിച്ചിരിക്കുന്നു. എനിക്ക് എതിർത്തുനിൽക്കാൻ കഴിയാത്തവർക്ക് അവിടന്ന് എന്നെ കൈമാറിയിരിക്കുന്നു. “എന്റെ എല്ലാ പോരാളികളെയും കർത്താവ് നിരസിച്ചിരിക്കുന്നു; എന്റെ യുവവീരന്മാരെ തകർക്കുന്നതിന് അവിടന്ന് എനിക്കെതിരേ ഒരു സൈന്യത്തെ വിളിച്ചുവരുത്തി. കർത്താവ് അവിടത്തെ മുന്തിരിച്ചക്കിൽ യെഹൂദയുടെ കന്യകയായ മകളെ ചവിട്ടിമെതിക്കുന്നു. “അതുകൊണ്ടാണ് ഞാൻ കരയുന്നത്, എന്റെ കണ്ണുകളിൽ കണ്ണുനീർ കവിഞ്ഞൊഴുകുകയും ചെയ്യുന്നു. എന്നെ ആശ്വസിപ്പിക്കാൻ ആരും എനിക്കരികിലില്ല, എന്റെ പ്രാണനെ വീണ്ടെടുക്കാനും ആരുമില്ല. എന്റെ മക്കൾ അഗതികളാണ്, കാരണം ശത്രു എന്നെ കീഴടക്കിയിരിക്കുന്നു.” സീയോൻ അവളുടെ കരങ്ങൾ നീട്ടുന്നു, എങ്കിലും അവളെ ആശ്വസിപ്പിക്കാൻ ആരുമില്ല. തന്റെ അയൽവാസികൾ തനിക്ക് ശത്രുക്കളാകുമെന്ന് യഹോവ യാക്കോബിനോട് ശപഥംചെയ്തു; ജെറുശലേം അവർക്കിടയിൽ ഒരു മലിനവസ്തുവായി മാറിയിരിക്കുന്നു. “യഹോവ നീതിമാനാകുന്നു, എന്നിട്ടും അവിടത്തെ ആജ്ഞ ഞാൻ ധിക്കരിച്ചു. സർവജനതകളുമേ, നിങ്ങൾ ശ്രദ്ധിക്കുക എന്റെ കഷ്ടത നിങ്ങൾ കാണുക. എന്റെ യുവാക്കളും കന്യകമാരും പ്രവാസത്തിൽ പോയിരിക്കുന്നു. “ഞാൻ എന്റെ സഖ്യദേശങ്ങളെ വിളിച്ചു, എന്നാൽ അവർ എന്നെ ഒറ്റിക്കൊടുത്തിരിക്കുന്നു. എന്റെ പുരോഹിതന്മാരും ഗോത്രത്തലവന്മാരും ജീവൻ നിലനിർത്തുന്നതിന് ഭക്ഷണം തേടുന്നതിനിടയിൽ നഗരത്തിൽ പട്ടുപോയിരിക്കുന്നു. “യഹോവേ നോക്കണമേ, ഞാൻ വിഷമത്തിലായി! ഉള്ളിൽ എനിക്ക് അതിവേദനയാണ്, എന്റെ ഹൃദയം അസ്വസ്ഥമാണ്, ഞാൻ അത്യന്തം നിഷേധിയായിരുന്നല്ലോ. പുറമേ വാൾ വിലാപം വിതയ്ക്കുന്നു; ഉള്ളിലോ മരണംമാത്രവും. “ജനങ്ങൾ എന്റെ ഞരക്കം കേട്ടു, എങ്കിലും എന്നെ ആശ്വസിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്റെ ശത്രുക്കൾ എല്ലാം എന്റെ തീവ്രദുഃഖത്തെക്കുറിച്ച് കേട്ടിരിക്കുന്നു; അങ്ങയുടെ പ്രവൃത്തിയിൽ അവർ ഉല്ലസിക്കുന്നു. അവരും എന്നെപ്പോലെ ആകേണ്ടതിന് അങ്ങു കൽപ്പിച്ച ദിവസം അങ്ങു വരുത്തണമേ. “അവരുടെ എല്ലാ ദുഷ്ടതയും അങ്ങയുടെമുമ്പിൽ വരട്ടെ; എന്റെ പാപങ്ങൾനിമിത്തം എന്നോട് ചെയ്തതുപോലെ, അവരോടും ചെയ്യുക. എന്റെ നിശ്വാസങ്ങൾ ബഹുലവും എന്റെ ഹൃദയം തളർന്നുമിരിക്കുന്നു.”